ജീവിതത്തിലെ ഒരവിസ്മരണീയ മുഹൂർത്തത്തെക്കുറിച്ച് സുഭാഷ് ചന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്:
ഞായറാഴ്ചയാണ് മൺറോ തുരുത്തിലേക്ക് ശ്യാമ വന്നത്. ദൈവം വിശ്രമിച്ച ദിവസം. സംസ്ഥാനത്തുനിന്ന് തെരഞ്ഞെടുക്കപ്പെട്ട 60 പെൺകുട്ടികളും 23 ആൺകുട്ടികളും പങ്കെടുക്കുന്ന മാതൃഭൂമിയുടെ സാഹിത്യക്യാമ്പിൽ സാഹിത്യത്തെക്കുറിച്ച് ക്ലാസെടുക്കാനാണ് ഞാൻ ശ്യാമ എസ്. പ്രഭ എന്ന ട്രാൻസ്ജെൻഡറിനെ ക്ഷണിച്ചത്. സാക്ഷാൽ അടൂർ ഗോപാലകൃഷ്ണനാൽ കൊടിയേറ്റം നടത്തപ്പെട്ട ക്യാമ്പിൽ, ബാലചന്ദ്രൻ ചുള്ളിക്കാടും പെരുമ്പടവം ശ്രീധരനും പ്രഭാവർമ്മയും റഫീക്ക് അഹമ്മദും കുരീപ്പുഴയും മധുസൂദനൻ നായരുമടക്കം പത്തുമുപ്പതു മഹാപ്രതിഭന്മാർ കുട്ടികൾക്കു ക്ലാസെടുക്കുന്ന ക്യാമ്പിൽ ഒപ്പം വന്നു കുട്ടികളെ പഠിപ്പിക്കുവാൻ ആരാണീ ശ്യാമ എന്ന് എന്നോടുചോദിക്കൂ.
ആരാണീ ശ്യാമ?
പണ്ടുപണ്ട്, കുഞ്ഞുങ്ങളുടെ മൊബയിൽഫോൺ മാനിയയ്ക്കും അച്ഛനമ്മമാരുടെ എൻട്രൻസ് കോച്ചിംഗ് കോച്ചിപ്പിടുത്തങ്ങൾക്കും മുൻപ്, തിരുവനന്തപുരത്ത് ശ്യാം എന്നു പേരുള്ള ഒരു പതിനാലുകാരൻ ഉണ്ടായിരുന്നു. സ്കൂളിൽ ഒന്നാമനായിരുന്ന, കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ രണ്ടു മക്കളിൽ മൂത്തവനായ ഒരു പത്താം ക്ലാസുകാരൻ. നേരത്തേ പിടികൂടിയിരുന്ന രോഗം അച്ഛന്റെ ജീവനെടുത്തപ്പോൾ, അമ്മയേയും അനുജനേയും സംരക്ഷിക്കാനുള്ള ബാധ്യത ആ പ്രായത്തിലാണ് അവന്റെ കഴുത്തിൽ നുകം കെട്ടിയത്. പഠിപ്പില്ലാത്ത അമ്മ അയൽപക്കങ്ങളിൽ വിടുവേല ചെയ്തുകിട്ടിയ കാശുകൊണ്ട് അവൻ പത്തു പൂർത്തിയാക്കി- സ്കൂളിൽ ഒന്നാമനായിത്തന്നെ.
ഓ, അങ്ങനെയൊരു മകൻ നമുക്കും ഉണ്ടായിരുന്നെങ്കിൽ!
വേണ്ടവിധം ചികിൽസ കിട്ടാതെ മരിച്ച അച്ഛനെക്കുറിച്ചുള്ള ഖേദം ഒരു ഡോക്ടറായിത്തീരാനുള്ള മോഹമായി മകനിൽ നിറയുന്നത് കണ്ട് ആ പാവം അമ്മ സന്തോഷിച്ചു. എൻട്രൻസ് കോച്ചിങ്ങിനെക്കുറിച്ച് അവർ കേട്ടിട്ടില്ല, കേട്ടാലും നമ്മുടെ മക്കളെ വിടുന്ന കണക്ക് തന്റെ മകനെ അതിനയക്കാൻ അവൾക്ക് പാങ്ങില്ല. മകനും അതറിയാമായിരുന്നു. തന്റെ ബുദ്ധിയെ മാത്രം കൂട്ടുപിടിച്ച്, അച്ഛനെ ധ്യാനിച്ച് അക്കുറി അവനും മെഡിക്കൽ എൻട്രൻസ് എഴുതി. സംസ്ഥാനത്ത് മുന്നൂറ്റിയെട്ടാം റാങ്കിൽ തന്റെ മികവ് അടയാളപ്പെടുത്തി.
ഓ, ഇങ്ങനെയൊരു മകൻ നമുക്ക് ഉണ്ടായിരുന്നെങ്കിൽ!
പക്ഷെ നമ്മളറിയാത്ത ചിലത് അക്കാലങ്ങളിൽ അവനിൽ സംഭവിക്കുന്നുണ്ടായിരുന്നു. മുന്നൂറ്റിയെട്ടാമനായായാലെന്താ, അവൻ ഒരു ആണും പെണ്ണും കെട്ടവനാണല്ലൊ എന്ന് തോറ്റമ്പിയ ചങ്ങാതിമാർക്ക് പരിഹാസമെയ്ത് മുറിപ്പെടുത്താൻ കഴിയുമാറുള്ള എന്തോ ഒന്ന്! അവന്റെ സ്വരത്തിൽ, നടത്തയിൽ, ഇഷ്ടങ്ങളിൽ ആളിപ്പിടിക്കുന്ന ഒരു സ്ത്രീത്വത്തെ കൂട്ടുകാർ തിരിച്ചറിഞ്ഞു. ആണും പെണ്ണും ‘ആളു’ന്നത് എന്നല്ല, ആണും പെണ്ണും ‘കെട്ട’ത് എന്നവർ അതിനെ മാറ്റിവ്യാഖ്യാനിച്ചു. മറ്റെല്ലാത്തിലും തങ്ങളേക്കാൾ മിടുക്കുള്ള ഒരു മനുഷ്യജന്മത്തെ എക്കാലത്തേക്കുമായി ഇകഴ്ത്തി നശിപ്പിക്കാൻ അവർക്ക് അതു ധാരാളമായിരുന്നു- ആണിന്റെ പെണ്ണത്തം!
കൂട്ടുകാരും നാട്ടുകാരും പിന്നെപ്പിന്നെ വീട്ടുകാരും അവനെ പരിഹസിച്ചു. ശകാരിച്ചു. അധിഷേപിച്ചു. നിന്നെ പെറ്റ ദിനം മുടിഞ്ഞുപോകട്ടെ എന്ന് പെറ്റമ്മ പോലും ശപിച്ചു. ശ്യാം എന്ന ആൺകുട്ടി അങ്ങനെ മരിച്ചു. പകരം ശ്യാമ എന്ന പെൺകുട്ടി പതിനഞ്ചാംവയസ്സുകാരിയായി ജനിച്ചു.
കഥയേക്കാൾ വിചിത്രമായ ഒരു മനുഷ്യജീവിതകഥ ഞാൻ ചുരുക്കുകയാണ്. ശ്യാമ എന്ന പെൺകുട്ടി യുവതിയായി. പകൽ അറച്ചുനിന്നവർ രാത്രി തന്നെ സ്നേഹിക്കാൻ എത്തുന്നതു കണ്ട് അവൾ അറച്ചു. ഡോക്ടർ പഠനത്തിനു യോഗ്യത നേടിയിട്ടും അതിൽ തുടരാൻ ഭാഗ്യമില്ലാതെ പോയ ആ പഴയ കുട്ടിയുടെ ജീവിതം പുതിയ വഴികളിലൂടെ ഒഴുകി. ആരുടെയൊക്കെയോ വ്യാജവും നിർവ്വ്യാജവുമായ കരുണകളിൽ അവൾ ബീ ഏയും ബി എഡും എമ്മെഡും നേടി. മലയാള സാഹിത്യം ഐച്ഛികമാക്കി എം എ എടുത്തു. കേൾക്കൂ, കേരള സർവകലാശാലയിൽ നിന്ന് മൂന്നാം റാങ്കോടെ!
ഓ, ഇങ്ങനെയൊരു മകൾ നമുക്ക് ഉണ്ടായിരുന്നെങ്കിൽ!
ആണും പെണ്ണുമായി മുന്നിൽ നിരന്നിരിക്കുന്ന 83 യുവ പ്രതിഭകളോട് ഞാൻ ചോദിച്ചു: പറയൂ , ഇത്രയും മികവുള്ള ഒരാൾക്ക് കൊടുക്കാൻ നമ്മുടെ സമൂഹത്തിന്റെ കയ്യിൽ എന്തുണ്ട്?
ഒരു മണിക്കൂർ നീണ്ട മനോഹരമായ പ്രസംഗം കഴിഞ്ഞ് ശ്യാമ ഇരിക്കാൻ തുടങ്ങുകയായിരുന്നു. കേരളത്തിൽ ആദ്യമായി ഒരു സാഹിത്യ ശിൽപശാലയിൽ അത്തരമൊരാൾ ക്ലാസെടുക്കുകയായിരുന്നു- അഭിമാനത്തോടെ. അതിനവർ എനിക്കു നന്ദി പറഞ്ഞപ്പോൾ ആ ചരിത്ര സന്ദർഭത്തിന്റെ ഡയറക്ടറാകാൻ നിയോഗമുണ്ടാക്കിയ കാലത്തിനു മുന്നിൽ ഞാൻ മനസ്സാ പ്രണമിച്ചു. മുന്നിലിരുന്ന പുതിയ കാലത്തിന്റെ കുഞ്ഞുങ്ങളുടെ നിഷ്കളങ്ക മനസ്സിനു ആ പ്രണാമം പിടികിട്ടിയിരുന്നു.
സാഹിത്യത്തേക്കാളേറെ ജീവിതത്തെക്കുറിച്ച് മനസ്സിലാക്കുകയാണു തങ്ങൾ എന്ന തിരിച്ചറിവ് സ്വന്തം ഇരിപ്പിടങ്ങളിൽ നിന്ന് അവരെ പൊന്തിച്ചു. അതു വരെ തങ്ങൾ ശ്രവിച്ച ഏതെഴുത്തുകാരനു നൽകിയതിനേക്കാളും വലിയ കരഘോഷത്തോടെ, കണ്ണീരോടെ അവർ മലയാള മണ്ണിൽ ആദ്യമായി ഒരു ട്രാൻസ് ജെൻഡർ വ്യക്തിക്ക് ഇംഗ്ലീഷിൽ പറയാറുള്ള സ്റ്റാൻഡിങ് ഓവേഷൻ അർപ്പിച്ചു.
ആരും കാണാതെ ഞാൻ കണ്ണീർ തുടച്ചു.