സി ബി എസ് ഇ സ്കൂളിൽ പഠിക്കുന്ന
മകൾ എന്നോടു ചോദിച്ചു
“ആരാണു ഡാഡീ ഈ ഗാന്ധി ?
രണ്ടായിരത്തിൻ കറൻസിയിൽ
നഗ്നനായി നിൽക്കുന്ന
സ്റ്റാച്യൂ ആണോ?
സ്റ്റാഫ് റൂമിൽ ചുമരിലാടുന്ന
കലണ്ടറിൻ മുകളിൽ
മോണകാട്ടിച്ചിരിക്കുന്ന
ഗ്രാന്റ് ഗ്രാന്റ് ഫാദറാണോ?
ഗൾഫ് ഗേറ്റിൽ ചെന്ന്
മുടി വെച്ചുപിടിപ്പിക്കാൻ
അങ്ങേർക്ക് കാശില്ലായിരുന്നോ?
അങ്ങേർ പഠിച്ച സ്കൂളിലെ യൂണിഫോം
ഒരു മുണ്ടു മാത്രമായിരുന്നോ?
കാലിൽ ഷൂ ധരിക്കാത്തതിന്നായ്
ഫൈൻ അടച്ചിരുന്നോ?
പോളിയോ തുള്ളിമരുന്ന് കുടിക്കാതെ
കാലുകൾ തളർന്നിട്ടാണോ
കൂടെ ഒരു വടികുത്തിപ്പിടിക്കുന്നേ?
സൺഗ്ലാസ് കിട്ടാഞ്ഞിട്ടാണോ
വലിയൊരു സ്പെക്സ് വെച്ചത്?
കൺട്രി ഫെല്ലോ..
അല്ലേഡാഡീ…