ആറാമൂഴത്തില്‍ ലീലാമ്മ പറഞ്ഞത്

techer

ആറാമൂഴത്തില് ലീലാമ്മ പറഞ്ഞത്

അധ്യാപക പരിശീലന സ്ഥാപനത്തിലെ ആദ്യ ദിവസം ഒരു ചോദ്യത്തോടെയാണ് ആരംഭിക്കുന്നത്. നിങ്ങള് എന്തുകൊണ്ട് ഈ പ്രൊഫഷന്‍ തിരഞ്ഞെടുത്തു ?

ഇത്തവണയും പുതിയ ബാച്ചിനെ സ്വാഗതം ചെയ്തുകൊണ്ട് പഥമാധ്യാപകന് പ്രഭാകരന്‍ മാഷ് പ്രസ്തുത ചോദ്യം അല്പ്പം മുന കൂര്‍പ്പിച്ച് തൊടുത്തു വിട്ടിരിക്കുകയാണ്.

ഒന്നാമതായുള്ള ആ ചോദ്യശരത്തെ നേരിട്ടത് മഞ്ഞ സാരിയുടുത്ത മൈഥലി മേനോന്‍ ആണ്.

” അച്ഛനും അമ്മയും അധ്യാപകരാണ് അവരെ പോലെ ഒരു ടീച്ചറാവണമെന്നത് കുഞ്ഞു നാളു മുതലേയുള്ള ആഗ്രഹമായിരുന്നു. ഈശ്വരനുഗ്രഹത്താല്‍ ഇപ്പോള്‍ അതിനുള്ള അവസരം കൈവന്നിരിക്കുകയാണ്” അവള്‍ കൂപ്പുകൈകളോടെ പറഞ്ഞു നിര്‍ത്തി.

തൊടുപുഴക്കാരി മൈഥലി മോനോന്‍ ഡോക്ടറോ എഞ്ചിനീയറോ ആവാന്‍ പന്ത്രണ്ടു തവണ പ്രവേശന പരീക്ഷയെഴുതിയിട്ടും രക്ഷയില്ലാതെയാണ് ടി. ടി. സി എന്ന അവസാനത്തെ വണ്ടിയില്‍ കയറിയിരിക്കുന്നതെന്ന കാര്യം പാവം പ്രഭാകരന്‍ മാഷിനു അറിയില്ലല്ലോ!

മലയാള ഭാഷയുടെ പിതാവായ സാക്ഷാല്‍ തുഞ്ചെത്തു രാമാനുജനെഴുത്തച്ഛന്‍ മാര്‍ച്ച് മുപ്പതാം തീയതി പുലര്‍ച്ചയോടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് ഉടനെ ടി. ടി. സിക്ക് ആപ്ലിക്കേഷന് കൊടുക്കാന്‍ ഉപദേശിച്ചുവെന്നാണ് ചിറ്റൂര്‍ക്കാരിയായ ചിന്നമണിക്ക് പറയാനുണ്ടായിരുന്നത്. തെക്കെ ഗ്രാമത്തിലെ തുഞ്ചന്‍ മഠത്തിനടുത്ത് താമസിക്കുന്ന ചിന്നമണിയെ അവിശ്വസിക്കേണ്ട കാര്യമില്ലെന്ന് ചോദ്യകര്‍ത്താവിനും തോന്നിയിരിക്കണം.

മൂന്നാമതായി എണീറ്റു നിന്നത് മൂന്നാറുകാരിയായ ഒരു മീനാക്ഷിയാണ്.

” ടീച്ചറാവുകയെന്നത് എന്റെ ജന്മാവകാശമാണ്. ഡോ. എസ് രാധാകൃഷ്ണനാണ് എന്റെ ദൈവം സെപ്തംബര്‍ അഞ്ച് സിന്ദാബാദ്” മുദ്രാവാക്യത്തിന്റെ ശൈലിയില്‍ മുഷ്ടി ചുരുട്ടിക്കൊണ്ട് മീനാക്ഷി പറഞ്ഞു.

പ്രഭാകരന്മാഷ് അടിമുടി കോരിത്തരിച്ച് അന്തം വിട്ടുനിന്നു പോയെന്നു പറഞ്ഞാല്‍ മതിയല്ലോ.

പാലക്കാട്ടുകാരി പത്മാവതിയുടെ ഊഴമായിരുന്നു അടുത്തത്. പട്ടു സാരിയുടുത്തെത്തിയ അവള്‍ എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ഒരു പ്രസംഗം തന്നെ നടത്തുകയുണ്ടായി.

” അധ്യാപനം രാഷ്ട്ര സേവനം രാഷ്ട്ര സേവനം ജീവിത ലക്ഷ്യം ”
പന്ത്രണ്ടു മിനിറ്റോളം നീണ്ടു നിന്ന പ്രസംഗത്തിനൊടുവില്‍ അവള്‍ ഉച്ചത്തില്‍ ഉദ്ഘോഷിച്ചു.

പാലക്കാട്ടുകാരിയുടെ കഥാപ്രസംഗത്തിനു ശേഷം അഞ്ചാമതായി ആടിയുലഞ്ഞ് എണീറ്റത് കടും ചുവപ്പു സാരി ചുറ്റിയ കൊടുങ്ങല്ലൂര്‍ സ്വദേശിയായ ഒരു കല്യാണിക്കുട്ടിയായിരുന്നു.

കല്യാണം എന്നൊന്ന് നടന്നു കിട്ടണമെങ്കില്‍ ടി ടി സി ഇല്ലാതെ രക്ഷയില്ലെന്നായിരുന്നു ഉറഞ്ഞു തുള്ളിക്കൊണ്ടുള്ള അവളുടെ പ്രതികരണം . എം. എ. റാങ്കുകാരിയായ അവളെ പെണ്ണു കാണാനെത്തിയ ചെറുക്കനും കൂട്ടരും ടി. ടി. സി കാരിയായ അവളുടെ അനിയത്തിയെയാണ് ആവശ്യപ്പെട്ടത്. അവസാനം ആ കല്യാണം നടന്നു. കല്യാണിക്കുട്ടിയുടെ കാര്യം കഷ്ടത്തിലുമായി .

സത്യം പറഞ്ഞതില്‍ സന്തോഷമുണ്ടെന്നറിയിച്ച് അദ്ദേഹം അവളെ ആശ്വസിപ്പിച്ചിരുത്തി. എന്നാല്‍ അതിലും ഭയങ്കരമായ സത്യമാണ് ആറാമൂഴത്തില്‍ ലീലാമ്മ പറയാനിരിക്കുന്നതെന്ന് അദ്ദേഹത്തിനറിയില്ലല്ലോ.

” എന്റെ മൂന്നു ചേച്ചിമാരും ടി. ടി. സി ക്കാരാണ്. മൂത്ത ചേച്ചിയെ ഒരു ഗള്‍ഫുകാരന്‍ നിന്ന നില്പ്പില്‍ കെട്ടിക്കൊണ്ടു പോയി ടീച്ചറാക്കി. രണ്ടാമത്തെ ചേച്ചിയെ റിസല്‍റ്റു വരും മുന്‍പു തന്നെ ഒരു പട്ടാളക്കാരന്‍ പാട്ടിലാക്കി താലികെട്ടി. മൂന്നാമത്തെ ചേച്ചിയുടേത് ഒളീച്ചോട്ടകല്യാണമായിരുന്നു. കൂടെ ഓടിയത് ഡീ ഡീ ഓഫീസിലെ ഒരു യു ഡി സി ആയിരുന്നു. എന്നാപ്പിന്നെ ഇവളും കൂടി ടി. ടി. സി. ക്കു പോകട്ടെയെന്ന് അച്ഛനും അമ്മയും കൂടി തീരുമാനിച്ചു. അവരുടെ ആഗ്രഹം പോലെ എനിക്ക് ചാട്ടത്തില്‍ കിട്ടിയ ഓട്ടു മെഡലിന്റെ അടിസ്ഥാനത്തില്‍ അഡ്മിഷനും തരപ്പെട്ടു ”
ഉള്ളൂര് സ്വദേശിയായ ലീലാമ്മ ഉള്ളത് ഉള്ളതുപോലെ തട്ടിവിട്ടിരിക്കുകയാണ്.

പ്രഭാകരന്‍ മാഷിന് തലപൊട്ടി പിളര്‍ക്കുന്നതുപോലെയും ശ്വാസം മുട്ടുന്നതുപോലെയും അനുഭവപ്പെട്ടന്നാണ് പറയുന്നത്. ഏഴാമതായി എണീറ്റ എറണാകുളംകാരി ഏലിയാമ്മക്കു ചെവി കൊടുക്കാതെ അദ്ദേഹം പുറത്തേക്കിറങ്ങി ഓടുകയായിരുന്നു.

പ്രഭാകരന്‍ മാഷ് നേരെ ചെന്നത് ഡി ഡി ഓഫീസിലേക്കാണ്. ടി ടി ഐ യില്‍ നിന്നും എവിടേക്കെങ്കിലും ഒരു സ്ഥലമാറ്റം ഉടനെ വേണമെന്നും അല്ലാത്ത പക്ഷം ഓഫീസിനു മുന്നില്‍ തല തല്ലി ചാവുമെന്നും അദ്ദേഹം ഭീഷണി മുഴക്കി . ഒടുവില്‍ ഒരാത്മഹത്യ ഒഴിവാക്കാനായി ദയാലുവായ ഓഫീസര്‍ പ്രഭാകരന്‍ മാഷെ അട്ടപ്പാടിയിലേക്കു സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവെഴുതികൊടുത്തിരിക്കുകയാണ്.

പ്രഭാകരന്മാഷിന് ഭ്രാന്തായെന്നാണ് ഡി ഡി ഓഫീസിലുള്ളവര്‍ അടക്കം പറയുന്നത്. ഭ്രാന്താവാതിരിക്കാനാണ് സ്ഥലം മാറ്റമെന്ന് പ്രഭാകരന്‍ മാഷും പറയുന്നു. അതെന്തായാലും അദ്ദേഹമിപ്പോള്‍ അട്ടപ്പാടി ട്രൈബല്‍ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here