പതിവു പോലെ പാതിരാ കൂവലും കഴിഞ്ഞാണ് ചെമ്പന്‍ കോഴി ഉറങ്ങാന്‍ കിടന്നത്. വിളഞ്ഞ നെല്‍ പ്പാടങ്ങളും ഗോതമ്പു വയലുകളും സ്വപ്നം കണ്ട് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോഴാണ് മൊബൈല്‍ ഫോണിന്റെ നിര്‍ത്താതെയുളള അലര്‍ച്ച. ചെമ്പന്‍, ഈ സമയത്ത് ഉറക്കം കളഞ്ഞവനെ മനസാ ശപിച്ചു കൊണ്ട് ഫോണിന്റെ പച്ച ബട്ടണില്‍ വിരലമര്‍ത്തി.
” ഹലോ, ആരാണ്?”
” ഹലോ, ചെമ്പന്‍ കോഴിയല്ലേ?”
ചെമ്പനാണോ എന്ന് അറിയാന്‍ വേണ്ടിയാണോ ഈ മുതുപാതിരാക്കു വിളിക്കുന്നത് എന്ന് മനസില്‍ പിറു പിറുത്തു കൊണ്ട് ചെമ്പന്‍ പറഞ്ഞു.
” അതെ ചെമ്പന്‍ കോഴിയാണ് ആരാണാവോ?”
” ഞാന്‍ യേശുവാണ് ”
അറിയാതെ ചെമ്പന്റെ കയ്യില്‍ നിന്നും ഫോണ്‍ വഴുതി താഴെ വീണു. ഭാഗ്യം പഴയ നോക്കിയ സെറ്റ് ആയതുകൊണ്ട് ഒന്നും പറ്റിയില്ല. പുതിയ ഐ ഫോണ്‍ വല്ലതുമായിരുന്നേല്‍ പണി പാളിയേനേ……. ദൈവമേ എന്തിനാണോ യേശു ഇപ്പോള്‍ എന്നെ വിളിക്കുന്നത്, അതും ഈ പാതിരായ്ക്ക്…. വേഗം ഫോണെടുത്ത് ചെവിയില്‍ ചേര്‍ത്തു.
” ഗുരോ അരുള്‍ ചെയ്താലും എന്തായാലും അങ്ങയുടെ ഒരു കോള്‍ ഞാന്‍ പ്രതീക്ഷിച്ചില്ല ”
” പ്രതീക്ഷിക്കാത്ത പലതുമല്ലേ ചെമ്പാ ഈ ലോകത്തു നടക്കുന്നത് ….. ങാ … ഞാന്‍ വിളിച്ചത് നിന്നോട് ഒരു കാര്യം പറയാനാണ്”
” ഗുരോ….. അടിയന്…”
” എനിക്ക് ഈ ലോകത്തില്‍ നിന്നും പോകാന്‍ ഏകദേശം സമയമായിരിക്കുന്നു. എന്റെ ശിഷ്യന് മാരെല്ലാം എന്നോടു കൂടെ മരിക്കാന്‍ റെഡിയാണ്. പക്ഷെ ഇവരെല്ലാം എന്റെ സമയത്തിനു മുന്നേ ഓടിപ്പോകുമെന്ന് എനിക്കറിയാം. അതില്‍ പത്രോസിനു കുറച്ചു വാശി കൂടുതലാണോ എന്ന് ഒരു ഡൗട്ട്… എന്റെ കൂടെ മരണം വരെ ഉണ്ടാകുമെന്ന് വാശി പിടിക്കുന്നത് അവനാണ്. ഞാന്‍ അവനോടു പറഞ്ഞു, ചുമ്മാ വിഡ്ഡിത്തരം പറയാതെ. എന്റെ അവസാന സമയത്ത് നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്ന്. അപ്പോള്‍ പത്രോസ് പറയാണ് അതൊന്നും നടക്കില്ല ഗുരു എവിടെയോ അവിടെ ഞാനും എന്ന്. പീലാത്തോസിന്റെ അരമനയില്‍ എന്നെ വിധിക്കാന്‍ കൊണ്ടു വരുമ്പോള്‍ കോഴി കൂവുന്നതിനു മുന്‍പ് മൂന്നു പ്രാവശ്യം നീയെന്നെ തള്ളി പറയുമെന്ന് അവനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. എന്നെ അരമനയില്‍ കൊണ്ടു വരുമ്പോള്‍ നീ അവിടെ ഉണ്ടാകണം. പത്രോസ് എന്നെ തള്ളി പറയുമ്പോള്‍ നീ കൂവണം അതാണ് നിന്നെ ഞാന്‍ ഏല്‍പ്പിക്കുന്ന ജോലി….. ഓകെ……?”
യേശുവിന്റെ ആവശ്യം കേട്ട് ചെമ്പന്‍ കോഴിയുടെ ഉടല് ഒരു ഭയങ്കര ഞെട്ടലില്‍ ഒന്നുലഞ്ഞു. ഈശ്വരാ നല്ലവനായ യേശുവിനെ കൊല്ലാന്‍ പോകുന്നോ……ദൈവമേ അതില്‍ ഞാനും ഒരു പങ്കാളിയാകുന്നോ….. പറ്റില്ല എന്ന് യേശുവിനോട് എങ്ങിനെ പറയും? ചെകുത്താനും കടലിനുമിടയിലായല്ലോ ഞാന്‍. ചെമ്പന്‍ ഇടര്‍ച്ചയോടെ വിളിച്ചു.
” ഗുരോ…..”
” യെസ്… പറയു ചെമ്പാ..”
” ഞാന്‍ തന്നെ ഇതു ചെയ്യണോ…?…. വേറെ ആരെയെങ്കിലും…?”
” നോ…. നോ… ഇമ്പോസബിള്… നിനക്കു പകരം കാക്കയോ പൂച്ചയോ ഒന്നും കരഞ്ഞാല്‍ ശരിയാകില്ല. നീ തന്നെ കൂവിയാലേ നിയമം പൂര്‍ത്തിയാകൂ. അതുകൊണ്ട് തടസമൊന്നും പറയണ്ട അനുസരിക്കുക….. ഓകെ…?”
ചെമ്പന്റെ രണ്ടു കണ്ണുകളും നിറഞ്ഞൊഴുകി. അവന് ഒരു വിധം പറഞ്ഞൊപ്പിച്ചു.
” ശരി ഗുരോ…”
” ശരി അപ്പോള്‍ നമുക്ക് വിധി ദിവസം അരമനയില്‍ വച്ചു കാണാം. ഇപ്പോള്‍ പോയി ഉറങ്ങു. ഗുഡ് നൈറ്റ്”
” ഗുഡ് നൈറ്റ് നാഥാ….”
ചെമ്പന്‍ യാന്ത്രികമായി ഫോണ്‍ ഓഫ് ചെയ്ത് കിടക്കയിലേക്കു വീണു. തിരിഞ്ഞും മറിഞ്ഞും കിടന്നു, ഉറക്കം ഏഴയലക്കത്തു പോലും വരുന്നില്ല. ദൈവമേ എന്തിനാണ് എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്? നല്ലവനായ യേശുവിനെ വിധിക്കുന്ന കാഴ്ച കാണാനുള്ള മനക്കട്ടി എനിക്കില്ലല്ലോ… ഞാന്‍ പാവം ഒരു കോഴി… മനുഷ്യന് ചെയ്യുന്ന ദുഷ്കര്‍മ്മത്തിനു ഞാനും കൂടി പങ്കാളി ആകുന്നല്ലോ… ദൈവമേ കഴിയുമെങ്കില്‍ ആ മണിക്കൂര്‍ എന്നില്‍ നിന്നും അകറ്റണമേ……. കോഴി ഹൃദയം നൊന്തു പ്രാര്‍ത്ഥിച്ചു.
പുലര്‍ച്ചെ ചെമ്പന്റെ കൂവല്‍ കേള്‍ക്കാതെയാണ് വീട്ടുകാര്‍ ഉണര്‍ന്നത്. വീട്ടുകാരന് ഭാര്യയോടു പറഞ്ഞു എന്താണാവോ ഇന്നു കോഴി കൂവിയില്ല എഴുന്നേല്‍ക്കാനും വൈകി. അപ്പോഴാണ് വീട്ടുകാരിയും ഓര്‍ത്തത് ശരിയാണല്ലോ…..
ചെമ്പന്‍ കണ്ണു തുറന്നപ്പോള്‍ നേരം എട്ടുമണിയോടടുത്തു. ദൈവമേ ഇന്ന് ഉണരാനും വൈകിയല്ലോ… ഒരിക്കലും തന്റെ പതിവ് കൂവല്‍ തെറ്റിയിട്ടില്ല. ഇന്ന്……. ഇന്ന് വൈകിട്ടാണ് ആ ദിവസം കാരുണ്യവാനായ തന്റെ ഗുരുവിനെ യൂദാസ് ഒറ്റിക്കൊടുക്കുന്ന ദിവസം ….. പത്രോസ് തളിപ്പറയുന്ന ദിവസം….. താന്‍ കൂവേണ്ട ദിവസം…… ദൈവമേ……!
നേരം സന്ധ്യയോടടുത്തു. ചെമ്പന്‍ സാവധാനം അരമന ലഷ്യമാക്കി നടന്നു. വഴിയില്‍ നിന്നും ഒച്ചയും കൂക്കു വിളികളും. യേശുവിനെ പീലാത്തോസിന്റെ അരമനയിലേക്കു കൊണ്ടു വരികയാണ്. കൂടെ പത്രോസും. ഇടക്ക് ആരോ പത്രോസിനോട് എന്തോ ചോദിക്കുന്നു. പത്രോസ് നിഷേധ ഭാവത്തില്‍ തലയിളക്കുന്നു. ചെമ്പനു മനസിലായി ഇതാ പത്രോസ് യേശുവിനെ ആദ്യപ്രാവശ്യം തള്ളിപ്പറയുന്നു. ഇനി എപ്പോഴാണു അടുത്തത്? ചെമ്പന്‍ കുറച്ചു ദൂരെ ആരുടേയും ശ്രദ്ധയില്‍ പെടാതെ നടന്നു. ഇടക്ക് ര ണ്ടു സ്ത്രീകള്‍ ഇരിക്കുന്നിടത്തേക്ക് പത്രോസ് ചെന്നു. അവര്‍ തീ കായാന്‍ ഇരിക്കുകയാണ്. അപ്പോള്‍ അതില്‍ ഒരു സ്ത്രീ പത്രോസിനോട് എന്തോ ചോദിക്കുന്നു. പത്രോസ് അപ്പോഴും തല നിഷേധഭാവത്തില്‍ തിരിച്ചു.. ചെമ്പനു മനസിലായി ഇവന് പാവം തന്റെ ഗുരുവിനെ രണ്ടാമതും തള്ളിപ്പറയുന്നു. മിടുക്കന് ശിഷ്യനായാല്‍ ഇങ്ങനെ തന്നെ വേണം…. പാവം തന്റെ ഗുരു സമയം കുറച്ചു കൂടി കടന്നു പോയി. വേറൊരാള് അതാ പത്രോസിനോട് എന്തോ ചോദിക്കുന്നു. അപ്പോഴും പത്രോസ് നിഷേധഭാവത്തില്‍ കൈയുയര്‍ത്തി കാണിക്കുന്നു. ആ നിമിഷം തനിക്കു കൂവാനുള്ള സമയമായെന്നു ഓര്‍ത്തതും തന്റെ സകല ശക്തിയും ഉപയോഗിച്ചു ചെമ്പന്‍ നീട്ടി കൂവി………….
യേശു തിരിഞ്ഞ് പത്രോസിനെ നോക്കി. കോഴി കൂവുന്നതിനു മുമ്പ് മൂന്നു പ്രാവശ്യം നീ എന്നെ തള്ളി പറയും, പത്രോസ് യേശു പറഞ്ഞതോര്‍ത്ത് ഹൃദയം പിളര്‍ന്നു കരഞ്ഞു. ചെമ്പന്‍ തന്റെ ഗുരുവിന്റെ മുഖത്തേക്കു നോക്കി … നീ എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി, ഞാനിതാ ബാക്കി ഒന്നും കാണാന്‍ ശക്തിയില്ലാതെ മടങ്ങുന്നു എന്നു മൗനമായി പറഞ്ഞു കൊണ്ട് സാവധാനം തിരിഞ്ഞു തന്റെ വീടു ലഷ്യമാക്കി നടന്നു.
Short and funny story