അരക്ഷിതത്വം

11350661_1439733043014120_824433903_nഉമയുടെ കൂടെയുള്ള ഫോൺ സംഭാഷണം സ്വപ്നയെ ഓർമകളുടെ ആഴങ്ങളിലേക്ക് വീണ്ടും കൂട്ടികൊണ്ടു പോയി. “നിൻറെ മോഹനും മോളുടെ കല്യാണത്തിന് വരാമെന്നു പറഞ്ഞിട്ട്ണ്ട്’. നിന്റെ മോഹൻ ? മോഹൻ എന്റേതല്ലാതെ ആയിട്ടു കൊല്ലം ഇരുപ്പത്തിയെട്ടു കഴിഞ്ഞു എന്ന് സ്വപ്ന ഓർത്തു. സ്നേഹമാണെന്നോ, കല്യാണം കഴിക്കാമെന്നോ മോഹൻ ഒരിക്കൽ കൂടി സ്വപ്നയുടെ അടുത്ത് പറഞ്ഞിട്ടില്ല എന്ന് സ്വപ്ന വീണ്ടും ഓർത്തു.. എന്നാൽ വാര്യന്തങ്ങളിൽ കോളേജ് ക്യാമ്പസ്സിന്റെ അരികിലുള്ള ശ്രീകൃഷ്ണ ക്ഷേത്രത്തിൽ മോഹന്റെ കൂടെ തൊഴാൻ പോകുമ്പോഴും, അതിനു ശേഷം കോളേജ് കുട്ടികളുടെ പ്രിയപ്പെട്ട സമയം കൊല്ലി ഇടമായ സന്തോഷ താഴ്വരയിലേക്ക് മുട്ടിയുരുമ്മി നടക്കുമ്പോഴും താഴ്വരയിലെ അരുവിയിൽ കാലുകൾ മുക്കി കൈകൾ കോർത്ത് ഇരിക്കുമ്പോഴും, വെള്ളിലകൾ നിറഞ്ഞ കുറ്റികാടുകളുടെ മറവിൽ ചുടു ചുംബനങ്ങൾ പരസ്പരം കൈമാറിയപ്പോഴും സ്വപ്ന, മോഹൻ തന്റെതന്നെന്നു പൂർണമായും വിശ്വസിച്ചു. മോഹന്റെ കണ്ണുകളിൽ സ്വപ്നയെ നോക്കുമ്പോളുണ്ടായിരുന്ന വികാരം കറ ഇല്ലാത്ത സ്നേഹമായിരുന്നു എന്നും സ്വപ്നക്കറിയാമായിരുന്നു. മോഹനുമായുള്ള ബന്ധം നിരവധി കോളജ് പ്രണയങ്ങൾ പോലെ ചവറ്റുകൊട്ടയിൽ ആയതു സ്വപ്നക്കു താങ്ങാവുന്നതിലും അധികം ആയിരുന്നു. വർഷങ്ങൾക്കു  ശേഷം ഉമയിലൂടെ ആണ് മോഹന്റെ കല്യാണ കഥകൾ സ്വപ്നയുടെ ചെവിയിൽ എത്തിയത്. മോഹനെ പഠിപ്പിച്ച അമ്മാവൻ, അമ്മാവന്റെ പെട്ടെന്നുള്ള അസുഖം, മകളുടെ കല്യാണം കാണാനുള്ള അമ്മാവന്റെ അവസാന ആഗ്രഹം, കടപ്പാടുകളുടെ മുന്നിൽ ബലികൊടുക്കേണ്ടി വന്ന കോളേജ് പ്രണയം… എഴുപതുകളിൽ കണ്ടിട്ടുള്ള ഒരു ശരാശരി മലയാളം സിനിമയുടെ എല്ലാ ചേരുവകളും നിറഞ്ഞ കഥ ! ഊതി കെടുത്താൻ ശ്രമിച്ചിരുന്ന കഴിഞ്ഞ കാലത്തിന്റെ കനലുകൾ സ്വപ്നയുടെ മനസ്സിൽ വീണ്ടും ആളി കത്താൻ ഈ വിവരങ്ങൾ മതിയായിരുന്നു. ഉറപ്പിച്ചു വെച്ച കല്യാണം വേണ്ടെന്നു വെച്ച് സ്വപ്ന ഔദ്യോഗിക  ജീവിതത്തിൽ ശ്രദ്ധ പതിപ്പിച്ചു. ആ ചാനലൈസേഷൻ വെറുതെ ആയില്ല. ഇന്ന് വളരെ നല്ല ഒരു സ്ഥാനത്താണ് സ്വപ്നയുടെ  ഔദ്യോഗിക നില.
മോഹൻ ഇപ്പോൾ കാണാൻ എങ്ങിനെ ഉണ്ടാകും? പ്രായം അവനെ എങ്ങനെയൊക്കെ മാറ്റിയിട്ടുണ്ടാകും? സ്വപ്നയുടെ ചിന്തകൾ ആ വഴിക്കു കാടു കയറി.
വളരെ ആർഭാടമായിട്ടായിരുന്നു ഉമയുടെ മകളുടെ വിവാഹ ക്രമീകരണകൾ. ചാലിയാർ പുഴയുടെ തീരത്തുള്ള ഒരു ഫൈവ് സ്റ്റാർ റിസോർട് മൂന്ന് ദിവസത്തേക്ക് കല്യാണത്തിനും അതിനോടനുബന്ധിച്ച ചടങ്ങുകൾക്കുമായി ബുക്ക് ചെയ്തിരുന്നു. ഇന്ത്യക്കു അകത്തും പുറത്തും വലിയ സൗഹൃദ ബന്ധങ്ങളുള്ള ദമ്പതിമാരായിരുന്നു ഉമയും ഉണ്ണിയും. കൂടാത്തതിന് അഭിമാനകരമായി നല്ല രീതിയിൽ നടക്കുന്ന ബിസിനസ് ശൃംഖലയുടെ ഉടമകളും. കല്യാണ തലേന്ന് നടന്ന പാർട്ടിയിലാണ് സ്വപ്ന മോഹനെ കണ്ടത്. കോളേജ് നാളുകളിൽ നേർത്ത പ്രകൃതകാരനായിരുന്നു മോഹൻ. കുറച്ചു തടിച്ചിരിക്കുന്നു. മുടി ഉപ്പും കുരുമുളകും തൂവിയ പോലെ . വേറെ മാറ്റങ്ങൾ ഒന്നും ഇല്ല. കൂട്ടുകാരുടെ നടുവിൽ , ചാര നിറമുള്ള ഷർട്ടും നീല ജീൻസും, കൈയിൽ ഒരു സ്കോച്ച് ഗ്ലാസും. അത്താഴത്തിനുള്ള പ്ലേറ്റ് എടുത്തു നടക്കുമ്പോഴാണ് മോഹന്റെ കണ്ണുകൾ സ്വപ്നയുടെ കണ്ണുകളിൽ കുടുങ്ങിയത്.. ഒരു ശബ്‌ദമില്ലാത്ത ഹലോയിൽ നിന്നു, ആ തിരിച്ചറിയൽ. സ്വപ്നയുടെ ഹൃദയത്തിൽ ഒരു വിങ്ങൽ. പിന്നെ അധികം അവിടെ നില്ക്കാൻ സ്വപ്നക്കായില്ല. വിശാലമായ പുൽത്തകിടിയിൽ കൂടി ലക്ഷ്യമില്ലാതെ നടന്നു. ചെന്നെത്തിയത് നഗ്നമായി ഒഴുകുന്ന ചാലിയാറിന്റെ തീരത്തു. അമ്മയുടെ നെഞ്ചിൽ കിടന്നു ശാന്തമായി ഉറങ്ങുന്ന കുഞ്ഞു പോലെ പൂർണ ചന്ദ്രന്റെ പ്രതിഫലനം ചാലിയാറിന്റെ മാറത്തു നിറഞ്ഞു നിന്നു…..നല്ല സുഖമുള്ള കാറ്റ്….മനസ്സു കുറച്ചു ശാന്തമായതു പോലെ…പാർട്ടി ഹാളിലെ ബഹളങ്ങൾ കെട്ടഴിഞ്ഞു എന്ന് തോന്നുന്നു. മെല്ലെ മുറിയിലേക്ക് നടന്നു. ഉറക്കമില്ലാത്ത രാത്രി. പുലർകാലത്തെപ്പോഴോ ഒന്ന് മയങ്ങി.
വിവാഹ മുഹൂർത്തം പതിനൊന്നരക്കായതു നന്നായി എന്ന് സ്വപ്നക്കു തോന്നി. സ്വപ്ന മെല്ലെ എഴുനേറ്റു ഒരുങ്ങാൻ തുടങ്ങി . പെട്ടിയിൽ നിന്നു കസവു സെറ്റ് എടുത്തതും വീണ്ടും പഴയ ഓർമ്മകൾ വേട്ടയാടി. മോഹനാണ് ആദ്യം ജോലി കിട്ടിയത്. ബോംബയിൽ. ആദ്യത്തെ ശമ്പളത്തിൽ നിന്നും മോഹൻ സ്വപ്നക്കു വാങ്ങിയത് ഒരു കസവു സെറ്റാണ്‌. സ്വപ്ന ആ സമയത്തു ട്രൈനിങ്ങിൽ ബാംഗ്ലൂറിലും. മോഹൻ കൊടുത്ത പാക്കറ്റ് തുറന്നു നോക്കിയ സ്വപ്ന, മലയാളി പെൺകുട്ടികൾ അന്യ പുരുഷന്മാരിൽ നിന്നും പുടവ വാങ്ങാറില്ല എന്ന് കളി പറഞ്ഞു. ആയിക്കോട്ടെ എന്ന് ഒഴുക്കൻ മട്ടിൽ മോഹൻ മറുപടി പറഞ്ഞുവെങ്കിലും മോഹന്റെ കണ്ണുകളിൽ അപ്പോൾ കണ്ട തിളക്കം സ്വപ്നയുടെ മനം കുളിർപ്പിച്ചു.
ആഴ്ചയിൽ ഒരിക്കൽ കത്തുകൾ എഴുതുക പതിവായിരുന്നു, ജോലി സ്ഥലത്തെ വിശേഷങ്ങളും ബോംബേ നഗര കഥകളും, ബോംബേ സുന്ദരിമാരെ പറ്റിയും ചോറും കറിയും ഉണ്ടാക്കുന്നതും എല്ലാം വിശദമായി മോഹന്റെ കത്തിൽ ഉണ്ടാകും. സ്വപ്നയുടെ ട്രെയിനിങ് കഴിഞ്ഞ ഉടനെ ബോംബെയ്ക്കു പോസ്റ്റിങ്ങ് ചോദിക്കണം എന്നും ഇടയ്ക്കു ഇടയ്ക്കു മോഹൻ ഓർമിപ്പിച്ചിരുന്നു. ഓണത്തിന് നാട്ടിൽ പോകുന്നു എന്നായിരുന്നു സ്വപ്നക്കു കിട്ടിയ അവസാന കത്ത്. പിന്നെ അധികം വൈകാതെ സ്വപ്നയെ തേടിയെത്തിയത് മോഹന്റെ വിവാഹ അറിയിപ്പാണ്… മോഹൻ വിത്ത് സീത!
സ്വപ്‍ന വേഗം ഒരുങ്ങി. കണ്ണാടിയുടെ മുന്നിൽ രണ്ടു നിമിഷം അധികം സ്വപ്ന ചിലവിട്ടു . എന്തിനു? മോഹന് വേണ്ടിയോ? ആവശ്യമില്ലാത്ത മനസിന്റെ ചപലത. സ്വപ്ന സ്വയം ശാസിച്ചു. സ്വപ്ന എത്തിയപ്പോഴേക്കും ഹാൾ അതിഥികളെ കൊണ്ട് നിറഞ്ഞിരുന്നു. ആ തിരക്കിലും സ്വപ്നയുടെ കണ്ണുകൾ മോഹനെ തേടി. ആ തിരയൽ ചെന്ന് നിന്നതു സ്വപ്നയെ തന്നെ നോക്കി നിന്നിരുന്ന മോഹന്റെ കണ്ണുകളിൽ. ചന്ദന നിറത്തിലുള്ള ഷർട്ടും സ്വർണ കരയുള്ള മുണ്ടും ചന്ദന കുറിയും. മോഹന്റെ വസ്ത്രധാരണത്തിലും വലിയ മാറ്റം ഉണ്ടായിട്ടില്ല. നാല്പത്തിഒൻപതു വയസിലും സുന്ദരൻ തന്നെ. സ്വപ്ന തന്റെ കണ്ണുകൾ പിൻവലിച്ചു. ഹാളിൽ ഇരുന്ന സമയം മുഴുവനും മോഹന്റെ കണ്ണുകൾ തന്നെ പിന്തുടരുന്നത് സ്വപ്ന അറിഞ്ഞു. മോഹന്റെ സാമിപ്യം സ്വപ്നയെ അലട്ടാൻ തുടങ്ങി. കാലിടറുന്നുവോ എന്ന ഭയം സ്വപ്നയെ ഗ്രസിക്കാൻ തുടങ്ങി. വധൂവരന്മാരേ ആശംസകളറിയിച്ചു റൂമിലേക്ക് സ്വപ്ന മടങ്ങി.
ഇനി ഒരു രാത്രി കൂടി തള്ളി നീക്കാൻ ഉണ്ട്. ഈ രാത്രിയിലെ വിരുന്നും ഒഴിവാക്കാൻ ആകില്ല. മോഹനിഷ്ടപ്പെട്ട കറുപ്പ് ഷിഫോൺ സാരിയും ചുവപ്പും കറുപ്പും നെറ്റ് ബ്ലൗസും എന്തുകൊണ്ട് സ്വപ്ന ധരിക്കാൻ തിരഞ്ഞെടുത്തു? മോഹന് വേണ്ടി അല്ലെ? അസ്വസ്ഥമായ മനസോടെ സ്വപ്ന മുറിയിൽ തന്നെ ഒരുങ്ങി ഇരുന്നു. റൂം ബെൽ അടിക്കുന്നത് കേട്ട് സ്വപ്ന ഞെട്ടി. വാതിലിൽ മോഹൻ! അനുവാദത്തിനു കാത്തു നില്കാതെ അകത്തേക്ക് കടന്നു മോഹൻ വാതിൽ കുറ്റി ഇട്ടു. പിന്നെ നടന്നത് സ്വപ്നക്കു ഒരു ജന്മം മുഴുവനും ഓർത്തിരിക്കാനുള്ളതായിരുന്നു. ഇരുപത്തിയെട്ടു വർഷം അടക്കി നിർത്തിയിരുന്ന സ്നേഹവും കണ്ണുനീരും ഒരു പോലെ ഒഴുകി. ആ രാത്രി മോഹന്റെ നെഞ്ചിൽ സ്വപ്ന സുഖമായി ഉറങ്ങി.
ശബ്ദമുണ്ടാക്കാതെ കതകു ചാരി സ്വപ്ന റിസോർട്ടിൽ നിന്നും ഇറങ്ങി. രാവിലത്തെ ഫ്ലൈറ്റ് ആണ്. ടാക്സിയിൽ ഇരിക്കുമ്പോൾ സ്വപ്നയുടെ മനസ്സിൽ മുൻപെങ്ങും ഇല്ലാത്ത സമാധാനം. ഇരുപ്പത്തിഎട്ടു വർഷമായി കൂടെ സന്തതസഹചാരി ആയിരുന്ന അരക്ഷിതത്വ തോന്നൽ ഒരു രാത്രി കൊണ്ട് ഇല്ലാതായത് പോലെ. മോഹനുമായുള്ള ബന്ധത്തിന് ഒരു അവസാനമായി. അവൻ എന്റേതല്ല എന്ന ചിന്ത സ്വപ്നയുടെ മനസ് അംഗീകരിച്ചത് പോലെ!
വാട്ട്’സ് ആപ്പ് മെസ്സേജുകൾ കുറെ വന്നു കിടക്കുന്നുണ്ട്. ടോമിന്റെ മെസ്സേജും അതിന്റെ കൂടെ ഉണ്ടായിരുന്നു. അഞ്ചു വർഷമായി സ്വപ്നയുടെ പിന്നാലെ ആണ് അമേരിക്കക്കാരനായ ടോം. കഴിഞ്ഞ കുറച്ചു മാസങ്ങളായി കല്യാണം കഴിക്കാൻ വളരെ സമ്മർദം ചെലുത്തിയിരുന്നു. മോഹനുമായുള്ള ബന്ധത്തിന് ഒരു ക്ലോഷുർ ഇല്ലാത്തതിനാൽ ടോമിന്റെ അഭ്യർത്ഥന നിരസിച്ചു കൊണ്ടിരുന്നു. ടോമിന്റെ മെസ്സേജ് തുറന്നു നോക്കി… സ്ഥിരം മെസ്സേജ് –
Will You Marry me ?
സ്ഥിരം മറുപടിക്കു പകരം
” YES ” എന്ന് മറുപടി അയച്ചു സ്വപ്ന ഫോൺ അടച്ചു …….

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here