നാസികാഭംഗം വന്നൊരപ്സരശില്പം നിന്നു
പാവത്തിന് സുസ്മേരത്തിന്നില്ലല്ലൊ തെല്ലും വാട്ടം
ഭാരതചരിത്രത്തിലെങ്ങാണ്ടോ ഗ്രഹയുദ്ധ-
നേരത്തു കൊത്തിത്തീര്ത്തൊരത്ഭുത കലാശില്പം
ടെക്സാസിന് വിശാലമാം വക്ഷസ്സിലെങ്ങാണ്ടൊരു
പട്ടണഗര്വം കാക്കും മ്യൂസിയമുറിക്കുള്ളില്
പുഞ്ചിരിപ്പുഷ്പം തൂകി, ക്യാമറകളെ നോക്കി
നെഞ്ചകത്തൊരുപാട് നോവുകളൊളിപ്പിച്ച്
ദേവകന്യക നിന്നു, ഞാനവളുടെ മുന്നില്‍
കുമ്പിട്ടു, ഹൃത്തിന്നുള്ളില്‍ നോവുകളുടെ നൂറ്
പത്മകോശങ്ങള് പൊട്ടിപ്പരന്നു ശോണാഭമായ്
കരയാനല്ലെ ശാന്തി തേടുന്നോനവകാശം
മതമത്തനായാരോ നിന്നെ അടിച്ചതാവാം
ഒരു വെടിയുണ്ട നിന് നാസം ഗ്രസിച്ചതാവാം
പണ്ടെങ്ങാണ്ടേതോ രക്തകലുഷകലാപത്തെ
കണ്ടുനീ ഞെട്ടി വീണു മുറിവേറ്റതുമാവാം
കപ്പലില്‍ ദൂരപ്രയാണത്തിലശ്രദ്ധര് നിന്നെ
അറിയാതതിക്രൂരം പീഡിപ്പിച്ചതുമാകാം
ആര്‍ക്കറിയാം പക്ഷെ അറിയാമെനിക്കുനിന്റെ
ആര്ത്തലറിത്തിളക്കും ഉള്ളിലെ ഉള്‍ത്താപങ്ങള്‍
കാരണം ഞാനെന്നാളും ശാന്തിപര്വ്വങ്ങള് തേടി
ക്രൂരമാത്സര്യം കണ്ടു തളര്‍ന്ന പുരാവസ്തു
വെടിയുണ്ടകള്‍ ചീറ്റും മാരകരണഭൂവില്
മരിക്കാതരിക്കുന്ന കീടമാം ശുഭകാംക്ഷി
ഏതുസാഗരം താണ്ടിയെത്തി നീയിവിടത്തില്‍
ഏതെല്ലാം വ്യപാരത്തിന് കറുത്തവഴികളില്
വലിച്ചിഴച്ചു നിന്നെ കുത്സിതകുമാര്ഗ്ഗികള്
ദേവകന്യകേ നിനക്കായിരമഭിവാദ്യം
അടിച്ചും കലഹിച്ചും ചോരയാറൊഴുക്കിയും
അമ്മസോദരിമാരെ ചന്തയില്‍ ക്രൂരം വിറ്റും
ഭ്രാന്തവേഗത്തില്‍ ചുറ്റും ഭീഭത്സഭൂവില് നിന്റെ
നാസികാഹീനസ്മേരം എന്റെ കൈ പിടിക്കട്ടെ
നാസികാഭംഗം വന്നും ചിരിക്കാന്‍ മറക്കാത്ത
മാതൃകേ നീയാകട്ടെ ലോകത്തിന് വഴികാട്ടി
മന്ദഹാസത്താലെന്നും ലോകത്തെ രമിപ്പിക്കും
ഭാരതമഹാകന്യേ സഹസ്രം നമോവാകം