അവധിക്കാലം പ്രമാണിച്ച് കൊച്ചുമക്കളൊക്കെ വീട്ടിലെത്തിയപ്പോൾ അപ്പൂപ്പൻ പഴയകാലമാണോർത്തത്.കളിയും ചിരിയും മരംകേറലും മാങ്ങപറിക്കലും പന്തുതട്ടലുമൊക്കെയായി കൂട്ടുകുടുംബക്കാലത്തെ എണ്ണിയാൽ തീരാത്ത കുട്ടിക്കുറുമ്പൻമാരും കുറുമ്പികളും നിറഞ്ഞ സുവർണ്ണകാലം.കാലത്തിനപ്പുറം യാന്ത്രികത വേലികെട്ടിയപ്പോൾ കൂട്ടുകുടുംബങ്ങൾ ഓർമ്മയായി.ന്യൂക്ളിയർ കുടൂംബങ്ങൾ രംഗം കയ്യടക്കി.ഏഴു എട്ടും പത്തുമൊക്കെ കുട്ടികളുണ്ടായിരുന്ന വീടുകളിൽ ഒന്നോ രണ്ടോ കുട്ടികൾ മാത്രമായി.വീടുകളിൽ ഉയർന്നു കേട്ടിരുന്ന കുട്ടികളുടെ വഴക്കും വക്കാണവും ബഹളങ്ങളും ഫ്ളാറ്റുകളുടെ ഉയരങ്ങളിൽ മുങ്ങിപ്പോയി.
കുഞ്ഞുങ്ങൾക്ക് കഥകളും കവിതകളും ചൊല്ലിക്കൊടുത്തിരുന്ന അപ്പൂപ്പൻമാരും അമ്മൂമ്മമാരുമൊക്കെ വൃദ്ധസദനങ്ങളിലെ മുറികളിലിരുന്ന് നെടു വീർപ്പിട്ടു.കുട്ടികൾക്ക് പറഞ്ഞുകൊടുക്കാനുള്ള കഥകൾ അവിടങ്ങളിൽ ഗതി കിട്ടാതെ അലഞ്ഞുനടന്നു.
‘’ഹായ്,അപ്പൂപ്പാ..’’ അതിനിടയിൽ ചെറുമക്കളിലൊരാൾ അപ്പുപ്പന്റെ തോളിൽ കയറി.മകന്റെ മകനാണ്,മഹാകുസൃതിയാണ്.അപ്പോഴേക്കും മറ്റുള്ള മക്കളുടെ മക്കളും എത്തി.
‘’അപ്പുപ്പാ,ഈ അപ്പൂപ്പനെന്ന് വെച്ചാൽ എന്താ അപ്പൂപ്പാ..’’
ഇളയമകന്റെ സംശയം അതായിരുന്നു.അതുകേട്ടുകൊണ്ടാണ് അവന്റെ അമ്മ അങ്ങോട്ട് വന്നത് .’’എന്താ എല്ലാരും കൂടി അപ്പൂപ്പനെയിട്ട് വിഷമിപ്പിക്കുകയാണോ?എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതി.അച്ഛന്റെ അച്ചനെയാണ് അപ്പൂപ്പനെന്ന് പറയുന്നത്.മനസ്സിലായോ..’’
ന്യൂജെൻ കുട്ടികൾ അത്ഭുതത്തോടെ തലയാട്ടി.’’അച്ഛന്റെ അമ്മയെ അപ്പോൾ എന്താ വിളിക്കുക?’’ അപ്പുപ്പൻ ഒരു ചെറുമകനോട് ചോദിച്ചു.അവൻ അറിയില്ലെന്ന മട്ടിൽ തലയാട്ടി.വേറൊരു ചെറുമകൻ പറഞ്ഞു.’’എനിക്കറിയാം,.മിസിസ് അപ്പുപ്പൻ എന്നല്ലേ’’ അപ്പൂപ്പന് ചിരി വരാതിരുന്നില്ല. ‘’അല്ല,അമ്മൂമ്മ..’’ അപ്പുപ്പൻ പറഞ്ഞു കൊടുത്തു.
’’അപ്പോൾ ശരി ബ്രോ,ഞങ്ങളിനി അപ്പുപ്പനെ അപ്പൂപ്പൻ ബ്രോ എന്നേ വിളിക്കൂ..’’
ഒരുചെറുമകൻ പറഞ്ഞു.അതിനിടയിൽ ചെറുമക്കളെല്ലാം കൂടി ‘’അപ്പൂപ്പൻ ബ്രോ,ചങ്കു ബ്രോ..’’ എന്ന് വിളിച്ചു കൊണ്ട് ഓടിപ്പോയി.ന്യൂജെൻ കുഞ്ഞുങ്ങളുടെ അപ്പൂപ്പൻ ബ്രോയും ചങ്ക് ബ്രോയും എന്തെന്ന് മനസ്സിലാകാതെ ഓൾഡ് ജെൻ അപ്പുപ്പൻ വാ പൊളിച്ചിരുന്നു.