അപ്പൻ ; കറുത്ത ഹാസ്യത്തിന്റെ കരുത്ത്

 

 

ഉറക്കം വരാതിരുന്നപ്പോൾ ഒരു സിനിമ കാണാമെന്ന് കരുതി,
എന്നാൽ പിന്നെ ” അപ്പൻ ”  എന്നുകരുതിയാണ് കഴിഞ്ഞ ദിവസം കണ്ടത്,

ഓരോ സീനിലും പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഗംഭീര സിനിമ.
കണ്ടു കഴിഞ്ഞതിനു ശേഷം ഓരോ കഥാപാത്രവും മനസ്സിൽ തങ്ങി നിൽക്കുന്നു. എല്ലാം കൊണ്ടും മികച്ചു നിൽക്കുന്ന സിനിമ
ഒരപ്പൻ എങ്ങിനെ ആകരുത് എന്ന് കാണിച്ചു തരുന്ന സിനിമ. ഓരോ കഥാപാത്രവും പ്രേക്ഷകന്റെ മനസ്സിനെ അത്രമേൽ സ്പർശിക്കും.

ഇട്ടിച്ചൻ “എന്ന കഥാപാത്രം അലൻസിയറുടെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നായി അടയാളപ്പെടുത്തും , സണ്ണി വെയ്‌നിന്റെ ” ഞ്ഞൂഞ് ” ഇട്ടിച്ചനൊപ്പം തന്നെ മികവുറ്റതാക്കി. പലപ്പോഴും അയാളുടെ നൊമ്പരങ്ങൾ നമ്മുടേത് കൂടിയായി, ഞ്ഞൂഞ്ഞിനെ പോലെ ഇട്ടിച്ചന്റെ മരണം ഓരോ പ്രേക്ഷകനും ആഗ്രഹിച്ചിട്ടുണ്ടാകും, അപ്പന്റെ പൈതൃകം ഞ്ഞൂഞ്ഞിന് പേറേണ്ടി വന്ന ഏറ്റവും വലിയ ദുരിതമാണ്, ആ പൈതൃകം തന്റെ മകനെ കൂടി വേട്ടയാടപ്പെടുമെന്ന ആധിയാണ് ഞ്ഞൂഞ്ഞിലെ അപ്പന്.

അപ്പന്റെയും മകന്റെയും കഥകൾ ഒരുപാട് സിനിമകളിൽ നമ്മൾ കണ്ടിട്ടുണ്ട്, പക്ഷെ ഇതുപോലൊരു അപ്പനെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം.

അപ്പൻെറയും മകന്റെയും കൊച്ചുമകന്റെയും കഥ നമ്മുടെ ഉള്ളു തൊടുന്നുണ്ട്, അതിനപ്പുറം നാലു സ്ത്രീകൾ, അവരുടെ നിസ്സഹായാവസ്ഥ ,വല്ലാതെ പൊള്ളിക്കുന്ന ഒത്തിരി കഥാ സന്ദർഭങ്ങൾ .

ഇട്ടിച്ചന്റെ ഭാര്യ കുട്ടിയമ്മ, മരുമകൾ റോസി, മകൾ മോളി, പിന്നെ ഷീല എത്രമാത്രം സങ്കീർണ്ണമായ കഥാപാത്രങ്ങൾ, ഇട്ടിച്ചനെ പോലൊരു ക്രൂരനായ, തെമ്മാടിയായ ഒരാളുടെ ഒപ്പം ജീവിച്ചു തീർക്കേണ്ടി വന്ന കുട്ടിയമ്മ സഹനത്തിന്റെ ആൾ രൂപമാണ്, നിസ്സഹായായ ഒരു സ്ത്രീ, അവിടെ നിന്നിറങ്ങിയാൽ എങ്ങോട്ടും പോകാൻ കഴിയില്ലെന്നതു കൊണ്ട് മാത്രം സങ്കടക്കടൽ കുടിച്ചു വറ്റിച്ച അമ്മ, ഒടുവിൽ ഇട്ടിക്ക് വേണ്ടി ഷീലയെ വിളിക്കാൻ പോകേണ്ടി വന്ന ഗതികേട് പേറേണ്ടി വന്ന ഭാര്യ, പോളി വത്സൻ കുട്ടിയമ്മയെ മികവുറ്റതാക്കി, ഗംഭീര പ്രകടനം കാഴ്ചവെച്ചു. റോസി ആയി അനന്യയും തിളങ്ങി. കുട്ടിയമ്മയോടും ഭർത്താവ് ഞ്ഞൂഞ്ഞിനോടും ഒപ്പം ചേർന്ന് നിൽക്കുമ്പോൾ തന്നെ എല്ലാം സഹിച്ചു നിൽക്കേണ്ടവളല്ല സ്ത്രീ എന്ന് റോസി അടയാളപ്പെടുത്തുന്നുണ്ട്. അപ്പന്റെ ക്രൂരതക്ക് ബാല്യത്തിൽ താൻ ഏൽക്കേണ്ടി വന്ന ഭീതിതമായ അനുഭവങ്ങളെ കുറിച്ച് റോസിയെ കെട്ടിപിടിച്ചു ഞ്ഞൂഞ്ഞു പറയുമ്പോൾ റോസിയോടൊപ്പം പ്രേക്ഷകരുടെ കണ്ണും നനയുന്നുണ്ട്.

ഇത്തിരി കുശുമ്പും കുന്നായ്മകളും ഒക്കെ ഉള്ള മോളിയായി ഗ്രേസ് ആൻറണിയും മികച്ച പ്രകടനം ആണ് കാഴ്ച വെച്ചത്.
ഈ മൂന്ന് സ്ത്രീ കഥാപാത്രങ്ങളെക്കാളും സങ്കീർണ്ണമാണ് ഷീല എന്നാണ് എനിക്ക് തോന്നിയത്. ഇട്ടിച്ചനോടുള്ള എല്ലാ പ്രതികാരവും മനസ്സിലൊതുക്കി ഇട്ടിയെ സന്തോഷിപ്പിക്കേണ്ട ദൗത്യം ഏറ്റടുത്തവൾ, അരക്ക് കീഴെ തളർന്നിട്ടും ആഗ്രഹങ്ങൾ ഒടുങ്ങാത്ത ഇട്ടിക്കു അയാളുടെ എല്ലാ ക്രൂരതകളെയും സഹിച്ചു വഴങ്ങികൊടുക്കേണ്ടി വന്ന നിസ്സഹായായ ഷീല രാധിക രാധാകൃഷ്‌ണൻ എന്ന പുതുമുഖ നടിയിൽ ഭദ്രമായിരുന്നു. ഞ്ഞൂഞ്ഞിനെ കൊന്നിട്ട് മൂന്നു പെണ്ണുങ്ങളെയും നീ എടുത്തോ എന്ന് ഇട്ടി കുരിയാക്കോയോട് പറയുമ്പോൾ ഇട്ടിയുടെ മരണം തന്നെ ആണ് പ്രേക്ഷകരും ആഗ്രഹിക്കുന്നത്, അത് ഷീലയുടെ കൈകൊണ്ട് തന്നെ ആയത് ഒന്നൂടെ മികവുറ്റതായി.

“ഓരോ മനുഷ്യനിലും ഓരോ ഇതിഹാസമുറങ്ങി കിടക്കുന്നുണ്ട് ” എന്ന് എഴുതിയത് കോവിലനാണ്, അത് അക്ഷരാർത്ഥത്തിൽ ശരിവെക്കുകയാണ് അപ്പനിലെ ഓരോ കഥാപാത്രങ്ങളും. വളരെ കുറവ് സീനിൽ മാത്രം വന്നുപോകുന്ന കഥാപാത്രങ്ങളും നമ്മുടെ മനസ്സിൽ ഇടം നേടുന്നുണ്ട്, ഇട്ടിയുടെ വിസിലടിക്കാരൻ സുഹൃത്ത് വർഗീസ് , ജോൺസൺ , ബാലൻ മാഷ്, കുരിയാക്കോ അവരൊക്കെ ഇപ്പോഴും മനസ്സിൽ നിറഞ്ഞു നിൽക്കുന്നുണ്ട്.
ക്രൂരനായ , തെമ്മാടിയായ അപ്പന്റെയും നല്ലവനായ മകന്റെയും കഥ പറഞ്ഞ മജു കെബി നല്ലൊരു സവിധായകനാണെന്ന് അടയാളപ്പെടുത്തുന്നുണ്ട് ഈ സിനിമ. മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here