വിശാലമായി കിടക്കുന്ന പാടങ്ങള്‍ക്ക് നടുവിലൂടെ കെ.എസ്. ആര്‍.ടി സി ബസ് പതുക്കെ ഓടിക്കൊണ്ടിരുന്നു. അപ്പോള്‍ ആ ബസില്‍ ഡ്രൈവറെയും കണ്ടക്ടറെയും, കൂടാതെ രണ്ടു പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.വര്‍ക്കിച്ചനും, വര്‍ക്കിച്ചന്റെ ജമുനപ്യാരി ആടും.
ബസിന്‍റെ അകത്തേക്ക് ഒരു തണുത്ത കാറ്റ് കയറി വന്നു. കാറ്റിന്റെ സ്പര്‍ശനം അറിഞ്ഞപ്പോള്‍ അതുവരെ മിണ്ടാതെ കിടന്നിരുന്ന ജമുനപ്യാരി ”മേ…….” എന്ന് നീട്ടി കരഞ്ഞു.
സമയം അപ്പോള്‍ വൈകുന്നേരം എട്ടുമണി ആവാറായിരുന്നു . അവസാനത്തെ ട്രിപ്പ് പോകുന്നതിന്‍റെ ആശ്വാസത്തില്‍ ഡ്രൈവര്‍ ഒരു മൂളിപ്പാട്ട് പാടുന്നുണ്ടായിരുന്നു.
വര്‍ക്കിച്ചന്‍ ഹാന്‍ഡ് ബാഗില്‍ നിന്നും സാനിട്ടൈസര്‍ എടുത്ത് രണ്ടു കയ്യിലും നന്നായി അടിച്ചു. തൊട്ടു അടുത്തിരുന്നു ആരോ ചെവിയില്‍ പിറുപിറുക്കുന്നത് പോലെ അയാള്‍ക്ക് തോന്നി…
” സാറേ …വര്‍ക്കി സാറേ…എന്നെ മറന്നോ…ഇത് ഞാനാ….സാജന്‍…..”
ഇനി ഞാന്‍ നിങ്ങള്‍ക്ക് വര്‍ക്കിച്ചനെ ചെറുതായി ഒന്ന് പരിചയപ്പെടുത്താം.
അദ്ധ്യാപകന്‍ ആയിരുന്നു. ഇപ്പോള്‍ വീട്ടില്‍ പ്രത്യേകിച്ച് പണിയൊന്നും ഇല്ലാതെ യൂ ട്യൂബ് വീഡിയോകളും കണ്ടു സമയം കളയുന്നു. മക്കളൊക്കെ വിദേശത്ത് ജോലി ചെയ്യുന്നു. വീട്ടില്‍ അയാളും ഭാര്യ അന്നമ്മയും മാത്രം. യൂടുബില്‍ ഓരോ വീഡിയോകള്‍ കണ്ടു കൊണ്ടിരിക്കുന്നതാണു വിനോദം .വിവിധ തരത്തിലുള്ള കൃഷിപണികള്‍, അലങ്കാര പക്ഷികളെയും, മീനുകളെയും ,നായ്ക്കളെയും വളര്‍ത്തുന്ന വീഡിയോകള്‍. എസ് ജാനകിയുടെയും, ഇളയ രാജയുടെയും പാട്ടുകള്‍ , കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ അണ്‍ ബോക്സിംഗ് വീഡിയോകള്‍…….അങ്ങനെ അങ്ങനെ ആ ലിസ്റ്റ് വളരെ വളരെ വൈവിധ്യം നിറഞ്ഞത് ആയിരുന്നു.
അങ്ങനെ ഏതോ നിമിഷം അയാള്‍ യൂ ടുബില്‍ നിന്നും കോട്ടയത്ത് കാഞ്ഞിരപ്പള്ളിക്ക് അടുത്ത് ഒരു സണ്ണി തോമസിന്‍റെ വീട്ടില്‍ വില്‍ക്കാന്‍ നിര്‍ത്തിയിരിക്കുന്ന ഒരു ജമുന പ്യാരി ആടിനെ പറ്റി അറിയാന്‍ ഇടയാകുന്നു. ഒരു കാര്യം ഇഷ്ടപ്പെട്ടാല്‍ വര്‍ക്കിച്ചന് പിന്നെ മുന്‍ പിന്‍ നോട്ടം ഇല്ല. അടുത്ത ദിവസം രാവിലെ തന്നെ എവിടേക്ക് ആണ് പോകുന്നതെന്ന് അന്നമ്മയോട് പോലും പറയാതെ അയാള്‍ ഇറങ്ങി തിരിച്ചു. കാഞ്ഞിരപള്ളിയില്‍ എത്തി സണ്ണി തോമസ് ചോദിക്കുന്ന വിലക്ക് ജമുനാ പ്യാരിയെയും വാങ്ങി വരുമ്പോള്‍ ആണ് അയാളുടെ മനസിനെ തകര്‍ത്തു കളഞ്ഞ സംഭവങ്ങള്‍ നടന്നത്.
ആന വണ്ടിയുടെ ഏറ്റവും പിറകിലത്തെ സീറ്റില്‍ ജമുന പ്യാരിയെയും കൊണ്ട് വന്നിരിക്കുന്ന വര്‍ക്കിച്ചനെ എല്ലാവരും കൌതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. എന്നാല്‍ അയാള്‍ ആരെയും മൈന്‍ഡ് ചെയ്യാതെ ഒരു ഒറ്റയാന്‍റെ ഗാംഭീര്യത്തോടെ ഇരുന്നു. ആടിനെ കെട്ടിയിരുന്ന കയര്‍ കയ്യില്‍ മുറുക്കെ പിടിച്ചു. ഇടയ്ക്കിടെ ജമുനപ്യാരിയെ ഒന്ന് നോക്കി. അവളുടെ നീണ്ടു കിടക്കുന്ന ചെവികളില്‍ അരുമയോടെ തലോടി. ജമുന പ്യാരി പുതിയ ഉടമസ്ഥനോട് ഇണക്കത്തില്‍ ആയി കഴിഞ്ഞിരുന്നു.
വണ്ടി കുറച്ചു ദൂരം മുന്നോട്ടു ഓടിക്കഴിഞ്ഞപ്പോള്‍ വര്‍ക്കിച്ചന്റെ സമീപത്തായി ഒരു ചെറുപ്പക്കാരനും കുട്ടിയും വന്നിരുന്നു. പെണ്‍കുട്ടിയുടെ മുഖം കറുത്ത ഒരു തുണി വച്ചു മറച്ചതു കൂടാതെ , കറുത്ത ഒരു കൂളിംഗ് ഗ്ലാസും വച്ചിരുന്നു. ഫലത്തില്‍ മുഖം മുഴുവന്‍ തന്നെ മറഞ്ഞിരിക്കുന്ന അവസ്ഥ. ആ കുട്ടി ആ ചെറുപ്പക്കാരന്റെ കൈ വിരലുകളില്‍ മുറുക്കെ പിടിച്ചിരുന്നു. ആ ചെറുപ്പക്കാരന്‍ ആരുടേയും മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല. വിദൂരതയില്‍ ഏതോ ഒരു ബിന്ദുവില്‍ ആയിരുന്നു അയാളുടെ നോട്ടം. തൊട്ടു മുന്നില്‍ നില്‍ക്കുന്ന ആരോടോ എന്തോ രഹസ്യം പറയുന്നത് പോലെ അയാള്‍ നിരന്തരം പിറു പിറുത്തു കൊണ്ടിരുന്നു.
ബസിലിരുന്ന പലരും അത്ഭുത ജീവികള്‍ എന്ന പോലെ അവരെ നോക്കുകയും ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
കണ്ടക്ടര്‍ അടുത്ത് വന്നു എവിടെ ആണ് പോകേണ്ടത് എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഒന്നും മിണ്ടിയില്ല .കയ്യിലിരുന്ന കുറച്ചു മുഷിഞ്ഞ നോട്ടുകള്‍ എടുത്തു കണ്ടക്ടറുടെ കയ്യില്‍ പിടിപ്പിക്കുകയും വിരലുകള്‍ കൊണ്ട് രണ്ടു എന്ന ആംഗ്യം കാണിക്കുകയും ചെയ്തു.
കണ്ടക്ടര്‍ പോയപ്പോള്‍ അയാള്‍ വീണ്ടും പിറു പിറുക്കലുകള്‍ ആരംഭിച്ചു. ദൂരെയെങ്ങോ ഉള്ള ഒരു ഗ്രഹത്തില്‍ നിന്നും ഭൂമിയില്‍ അപ്പോള്‍ വന്നിറങ്ങിയ അന്യഗ്രഹ ജീവികളെ പോലെ ആണ് അവര്‍ വര്‍ക്കിച്ചന് അനുഭവപ്പെട്ടത്. തന്‍റെ ജമുന പ്യാരിയുടെ തലയില്‍ തടവിക്കൊണ്ട് ആ ചെറുപ്പക്കാരന്റെ മുഖത്തേക്ക് നോക്കവെ ആ മുഖം എവിടെയോ കണ്ടു മറഞ്ഞത് പോലെ അയാള്‍ക്ക് തോന്നി.
ഇത്തരത്തില്‍ ഉള്ള ധാരാളം അനുഭവങ്ങള്‍ അയാള്‍ക്ക് നേരത്തെ ഉണ്ടായിട്ടുണ്ട്. നീണ്ട മുപ്പതു വര്‍ഷത്തെ അധ്യാപന ജീവിതത്തിനു ഇടയില്‍ പഠിപ്പിക്കേണ്ടി വന്ന കുട്ടികള്‍ ആരെങ്കിലും ആവാം. അയാള്‍ക്ക് അവരെ കാണുമ്പോള്‍ എവിടെയോ കണ്ടത് പോലെ ഒരു തോന്നല്‍ വരും. എന്നാല്‍ അവരെ ഒക്കെ ഓര്‍ത്തെടുക്കുന്ന കാര്യത്തില്‍ വര്‍ക്കിച്ചന്‍ മിക്കപ്പോഴും ഒരു പരാജയം ആയി തീരുകയും, നോക്കി പകച്ചു ഇരിക്കുമ്പോള്‍ അവര്‍ തന്നെ മുന്നോട്ട് വന്നു പരിചയപ്പെടുത്തുകയും ആണ് പതിവ്.
” സാര്‍ ഞാന്‍………….സാര്‍ എന്നെ…………..സ്കൂളില്‍ വച്ചു പഠിപ്പിച്ചിട്ടുണ്ട്.”
ജാള്യത മറച്ചു വച്ചു കൊണ്ട് ഇത്തരം സാഹചര്യങ്ങളില്‍ അയാള്‍ സ്ഥിരം പറയുന്ന ഒരു മറുപടി ഉണ്ട്….
” അതെ ഞാനും അതു തന്നെ ആലോചിക്കുക ആയിരുന്നു. നല്ല മുഖ പരിചയം. പെട്ടെന്ന് ഓര്‍മ്മ വന്നില്ല. ആ എന്തായാലും നിങ്ങള്‍ക്ക് എങ്കിലും മനസിലായല്ലോ. ഒരു കഥകളിക്കാരന്‍ മുന്നില്‍ ഇരിക്കുന്ന കാണികളെ മറന്നാലും കാണികള്‍ കഥകളിക്കാരനെ മറക്കണം എന്നില്ലല്ലോ…”
പക്ഷെ അന്ന് ആ ചെറുപ്പക്കാരനോട് അങ്ങോട്ട് കേറി സംസാരിച്ചാലോ എന്ന് വര്‍ക്കിച്ചന്‍ ആലോചിച്ചു. പക്ഷെ അയാളുടെ മുഖഭാവങ്ങളും, ചേഷ്ടകളും ഒക്കെ കണ്ടപ്പോള്‍ അത് അത്ര നല്ല ഒരു തീരുമാനം ആയി അയാള്‍ക്ക് തോന്നിയില്ല. രണ്ടു മൂന്നു തവണ ഉള്ളില്‍ നിന്നും പെട്ടെന്ന് വന്ന ഒരു തോന്നലില്‍ അയാള്‍ അവനോടു സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ചുറ്റും ഇരുന്നു നോക്കുന്ന ആളുകള്‍ അയാളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. പിന്നെ അയാള്‍ അതങ്ങ് വിട്ടു. എന്തെങ്കിലും ആവട്ടെ എന്ന് തീരുമാനിച്ചു പുറത്തേക്ക് നോക്കി ചിന്തകളില്‍ മുഴുകി ഇരുന്നു.
പിന്നെ കുറെ നേരം കഴിഞ്ഞപ്പോള്‍
” വണ്ടി നിര്‍ത്ത് ,വണ്ടി നിര്‍ത്ത്, ആള് ഇറങ്ങാന്‍ ഉണ്ട് ” എന്നുള്ള ആ ചെറുപ്പക്കാരന്റെ ശബ്ദം കേട്ടപ്പോള്‍ ആണ് അയാള്‍ ചിന്തകളില്‍ നിന്നും തിരികെ വന്നത്.
ആ ചെറുപ്പക്കാരന്‍ ആ പെണ്‍കുട്ടിയുടെ കയ്യുകള്‍ ചേര്‍ത്തു പിടിച്ചു കൊണ്ട് സീറ്റില്‍ നിന്നും എണീറ്റു . പുറത്തേക്ക് ഇറങ്ങുന്നതിനു മുന്‍പ് അവന്‍ വര്‍ക്കിച്ചന്റെ അടുത്തേക്ക് ചെന്ന് മുഖം അടുപ്പിച്ചു വളരെ ബഹുമാനത്തോടെ വിളിച്ചു
” വര്‍ക്കി സാറേ ….? ”
വര്‍ക്കിച്ചന്‍ ഞെട്ടിപ്പോയി . ആ ഞെട്ടലിന്‍റെ ആഴങ്ങളില്‍ നിന്ന് തിരികെ വരുന്നതിനു മുന്‍പ് അവന്‍ വീണ്ടും സംസാരിച്ചു തുടങ്ങി ..
“സാര്‍ ഞാന്‍ ബെന്നി തോമസ്, സാര്‍ എന്നെ ഇടക്ക് ഇടക്ക് നോക്കുന്നത് ഞാന്‍ കണ്ടായിരുന്നു. സംശയിച്ചത് ശരിയാ സാര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്. സെമിനാരീടെ സ്കൂളില്‍ വച്ചു ”
വര്‍ക്കിച്ചന്റെ ബോധത്തിന്റെ ആഴങ്ങളില്‍ എവിടെയോ ഒരു കുഞ്ഞു മുഖം തെളിഞ്ഞു വന്നു. ആ മുഖം അത്ര വ്യക്തം അല്ലായിരുന്നു.
എങ്കിലും ആ കുഞ്ഞു മുഖത്തിന് തൊട്ടു മുന്നില്‍ നില്‍ക്കുന്ന ഈ മുഖവുമായുള്ള വിദൂര സാമ്യം അയാളുടെ മനസ്സ് തിരിച്ചറിഞ്ഞിരുന്നു . ഒരു സെമിനാരി വിദ്യാലയവും , അതിന്‍റെ ഉള്ളില്‍ യൂണിഫോമിട്ട കുറെ കുട്ടികളുടെ കല പിലകളും അയാളുടെ ഉള്ളില്‍ തെളിഞ്ഞു വന്നു. ആ കുട്ടിയുടെ ഇന്നത്തെ ഈ ആ രൂപത്തിലേക്കുള്ള ഭാവപ്പകര്‍ച്ച അയാളെ ഭയപ്പെടുത്തി. അതു മുഖത്ത് പ്രകടം ആവാതെ ,പൊള്ളയായ ഒരു ചിരി കൊണ്ട് മറച്ചു വര്‍ക്കിച്ചന്‍ ബെന്നിയുടെ കൂടെ നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കി…..
ആ പെണ്‍കുട്ടിയുടെ കൈ വിരലുകളില്‍ ബെന്നിയുടെ കയ്യിന്‍റെ പിടിത്തം ഒന്ന് കൂടി മുറുകി.
” മോളാണ്….”
” എല്ലാം എന്‍റെ തെറ്റാ സാറേ . സ്വന്തം രക്ത ബന്ധത്തില്‍ നിന്നും കല്യാണം വേണ്ട വേണ്ട . ജനിക്കുന്ന കുട്ടികള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും ഉണ്ടാകും എന്ന് എല്ലാരും പല ആവര്‍ത്തി പറഞ്ഞതാ. പക്ഷെ ഞാനും അവളും കേട്ടില്ല .ഞങ്ങള്‍ക്ക് ഒരേ വാശി ആയിരുന്നു. അതു പറഞ്ഞു കൊണ്ട് അവന്‍ ആ പെണ്‍കുട്ടിയുടെ മുഖത്ത് നിന്നും കൂളിംഗ് ഗ്ലാസ് മാറ്റി. വര്‍ക്കിച്ചന്‍ ഞെട്ടി . ആ പെണ്‍കുട്ടിക്ക് ഒരു കണ്ണ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. രണ്ടാമത്തെ കണ്ണിന്‍റെ സ്ഥാനത്ത് ഒരു കുഴി മാത്രം. കണ്‍പോളകള്‍ ആ കുഴിയെ വന്നു മൂടി നിരപ്പായി ഇരിക്കുന്നു. ആ പെണ്‍കുട്ടി വര്‍ക്കിച്ചനെ നിര്‍വികാരയായി നോക്കി. ബെന്നി പെട്ടെന്ന് തന്നെ അവളുടെ മുഖത്ത് കൂളിംഗ് ഗ്ലാസ് തിരികെ വച്ചു .
” എന്‍റെ മനസ്സ് അന്ന് എന്‍റെ കയ്യില്‍ നിന്നും പോയി സാറേ…” അവന്‍ അര്‍ത്ഥമില്ലാത്ത ഒരു ചിരി ചിരിച്ചു.
‘ ആള്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പെട്ടെന്ന് ഇറങ്ങണം ഹേ “. കണ്ടക്ടര്‍ അരിശം പൂണ്ടു….
ബെന്നി അവളുടെ കൈകളില്‍ പിടിച്ചു . വീണ്ടും പിറുപിറുക്കലുകള്‍ ആരംഭിച്ചു. ബസില്‍ നിന്നും ഇറങ്ങി . ബസ് മുന്നോട്ടു നീങ്ങിയപ്പോള്‍ പുറകിലത്തെ ഗ്ലാസില്‍ കൂടി ബെന്നിയും ആ പെണ്‍കുട്ടിയും ദൂരേക്ക് ദുരെക്ക് മറഞ്ഞു ഇല്ലാതായി തീരുന്നത് വര്‍ക്കിച്ചന്‍ നോക്കി ഇരുന്നു. ഒരു അന്യഗ്രഹ പേടകം അപ്പോള്‍ അവിടെ വന്നിറങ്ങുമെന്നും അവര്‍ അതില്‍ കയറി അപ്രത്യക്ഷമാവുമെന്നും അയാള്‍ ചുമ്മാ പ്രതീക്ഷിച്ചു.
vallare nanayitt ezhuthi