അൻവർ അലിയുടെ മൂന്നാമത്തെ സമാഹാരം മെഹബൂബ് എക്സ്പ്രസ് പുറത്തിറങ്ങി.അനവറിന്റെ
മൂന്നാമത്തെ കവിതാ സമാഹാരമാണിത്. മഴക്കാലം 1999 ലും ആടിയാടി അലഞ്ഞ മരങ്ങളേ… പത്തുകൊല്ലം കഴിഞ്ഞ് 2009 ലുമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. വീണ്ടും പത്തു കൊല്ലത്തിലേറെ കഴിഞ്ഞാണ് ഈ പുസ്തകം. ഡി.സി ബുക്സിൻ്റെയും കറൻ്റ് ബുക്സിൻ്റെയും ഔട്ട്ലെറ്റുകളിൽ നിന്ന് നേരിട്ടും ഡി. സിയുടെ വെബ്സൈൈറ്റ് മുഖേന ഓൺലൈൻ ആയും പുസ്തകം വാങ്ങാവുന്നതാണ്.
പുസ്തകത്തിന് കവി എഴുതിയ ഹ്രസ്വാമുഖം വായിക്കാം
എന്റെ കവിതയിലെ ശബ്ദവും അർത്ഥവും സഞ്ചരിക്കുന്നത് വഴുക്കുള്ള ചില അതിരുവഴികളിലുടെയാണെന്നു തോന്നുന്നു. ആ യാത്രയിൽ ഒരു തുള്ളി വെള്ളം കാണാത്ത വറുതിക്കാലമുണ്ട്.
ഇറ്റുതുള്ളിയിൽ ദാഹം കെട്ട പഞ്ഞകാലമുണ്ട്. നിഴൽ കൂടിയും മറഞ്ഞ മഞ്ഞുകാലങ്ങളുണ്ട്.
പെട്ടെന്നൊരു തിരിവിൽ ഉറവകൾ പൊട്ടിച്ചിതറി തഴച്ച അപൂർവ്വം നീർമറിനേരങ്ങളുമുണ്ട്. അവയുടെയെല്ലാം
തുടർച്ചയെന്നു തോന്നിയ കവിതകളാണ് ഈ പുസ്തകത്തിന്റെ ആദ്യഭാഗം. രണ്ടാം ഭാഗം, വഴിതെറ്റിനടപ്പുകൾ നൽകിയ ചില ഇശൽപ്പാടുകൾ. അറിയാതെത്തിപ്പെട്ട അതിരില്ലാപ്പച്ചകളുടെ ഓപ്പെറ. ഈണമൂശയിൽ തിളച്ചാറിയ പൊരുൾമിന്നിച്ച. കാക്കക്കൂട്ടിൽ വിരിഞ്ഞ കുയിലത്തം….
അവയവം അറ്റുപോകും പോലെ കൂട്ടുകാർ പോയ നാളുകളാണ്. നാടാകെ, മണ്ണാകെ, മുടിയുന്നതിന്റെ മൂളക്കം അടുത്തടുത്തുവരുന്നു. ഇരുട്ടു കനക്കുന്നു. ഇത്തിരി കൂടി വെട്ടമുള്ള വരികൾ എഴുതാനാവുന്നില്ലല്ലോ എന്ന സങ്കടമുണ്ട്. വേറൊന്നുമില്ല.
അൻവർ അലി