തോമസ് ജോസഫിനു വേണ്ടി ഒരു കുറിപ്പ്- അൻവർ അലി

രണ്ടു കൊല്ലം മുമ്പ് ഒരു സെപ്തംബർ സായാഹ്നത്തിൽ  തോമാച്ചൻ ഫോണിൽ വിളിച്ചു. “അൽപ്പം വയ്യായ്കയുണ്ടെടാ. എല്ലാരും കൂടി നിർബന്ധിച്ചിട്ട് ആശുപത്രിയിൽ പോയി. ചെറിയൊരു സ്ട്രോക്കിൻ്റെ ലക്ഷണമാണത്രേ. അഡ്മിറ്റാവാൻ അസൗകര്യം പറഞ്ഞപ്പോൾ മരുന്നു തന്നുവിട്ടു. വിശ്രമമാണ്. തൽക്കാലം കുഴപ്പമില്ല.”

സ്ട്രോക്കാണെങ്കിൽ ശ്രദ്ധിക്കണമെന്നും വിശദമായി നോക്കണമെന്നുമൊക്കെ ഞാൻ കടുപ്പിച്ചു നോക്കി. പൊതുവേ സൗമ്യനായ തോമാച്ചൻ ചിരിച്ചെങ്കിലും ശബ്ദത്തിൽ ആധിയുണ്ടായിരുന്നു. മകളുടെ കല്യാണത്തിനെടുത്ത ലോൺ തിരിച്ചടവിൻ്റെ നല്ല ആധി കുറേ നാളായി ഉണ്ടെന്ന് എനിക്കറിയാം. അതാവും എന്ന് ആശ്വസിച്ചു. എങ്കിലും രാത്രി ഞാൻ തോമസിൻ്റെ മകൻ ജെസെയെ വിളിച്ചു. വീട്ടിനടുത്തായതു കൊണ്ട് രാജഗിരി ഹോസ്പിറ്റലിലാണ് ആദ്യം പോയത്. ഡോക്ടർ അഡ്മിറ്റാവാൻ നിർബന്ധിച്ചുവത്രേ. അവിടെ ഒരുപാടു കാശാവുമെന്നു വിചാരിച്ച് പപ്പ സമ്മതിച്ചില്ല. നാളെ തോമാച്ചനെ ഒന്നുകൂടി വിളിച്ച് കർശനമായി സംസാരിക്കാമെന്നു വിചാരിച്ചാണ്  ഞാനന്നു കിടന്നത്. പിറ്റേന്നു പക്ഷേ, കോൾ ഇങ്ങോട്ടു വന്നു.  തോമസിൻ്റേതല്ലെന്നു മാത്രം. ഹസ്സൻകോയയായിരുന്നു: തോമസ്സിനെ അതീവഗുരുതരാവസ്ഥയിൽ രാജഗിരി ഹോസ്പിറ്റലിലാക്കിയിരിക്കുന്നു.

അന്നു കിടന്ന കിടപ്പാണ്. അന്നു പുറപ്പെട്ടു പോയ ഓർമ്മയാണ്. രണ്ടു കൊല്ലമാവുന്നു. തുടക്കത്തിലെ കുറേ ലക്ഷങ്ങളുടെ ആശുപത്രി ബില്ല് ഇ.എസ്സ്. ഐ മുഖേന അടച്ചു. തുടർചികിത്സയ്ക്ക് സംസ്ഥാന സാംസ്കാരിക വകുപ്പ് , സാഹിത്യ അക്കാദമി, റാസ ഫൗണ്ടേഷൻ, മറ്റു ചില പൊതുവിടങ്ങൾ, സുഹൃത്തുക്കളുടെ കൂട്ടായ്യ എന്നിവയുടെ സഹായവുമുണ്ടായി.

പക്ഷേ ഒന്നും തികയുന്നില്ല. ഇപ്പോൾ മാസത്തിൽ ഒന്നും രണ്ടും തവണ ആശുപത്രിയിൽ കിടത്തുകയും സങ്കീർണ്ണപരിശോധനകൾ നടത്തുകയും ചെയ്യേണ്ടി വരുന്നു. ഒരോ തവണയും 75000 ത്തിനും ലക്ഷത്തിനുമിടയിൽ ബില്ലു വരും.  ഇക്കഴിഞ്ഞ ആഴ്ച 80000 ത്തിൽപ്പരം രൂപയ്ക്കുള്ള ചെക്ക് കൊടുത്തതോടെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ ചേർന്ന് സ്വരൂപിച്ച ചികിത്സാഫണ്ട് കാലിയായി. ഏതാണ്ട് പൂർണ്ണമായും കോമയിൽ കിടക്കുന്ന ഒരുടലാണിന്ന് തോമസ് ജോസഫ്. ജീവൻരക്ഷാ ഉപകരണങ്ങൾക്കും ഹോം നഴ്സിങ്ങിനും നിരവധി ഓഷധങ്ങൾക്കും ക്കൈയായി ദിനംപ്രതി ഗണ്യമായ തുക വേണം. അവയവങ്ങളും ബോധവും ആസകലം തകരാറിലായ തോമസിനെ  അതീവ ജാഗ്രതയോടെ അടുത്തിരുന്നു ശുശ്രൂഷിക്കണ്ടതിനാൽ ഭാര്യയ്ക്ക് ഉണ്ടായിരുന്ന ചെറിയൊരു ജോലി ഉപേക്ഷിക്കേണ്ടി വന്നു. മികച്ച അഭിനേതാവു കൂടിയായ മകൻ തൻ്റെ നാടക – സിനിമാ മോഹങ്ങളൊക്കെ മാറ്റിവച്ച് ഒരു സ്വകാര്യ സ്ഥാപനത്തിൽ പണിയെടുക്കുകയും ബാക്കി സമയം പപ്പയെ ശുശ്രൂഷിക്കുകയും ചെയ്യുന്നു. ചികിത്സ തുടരാൻ എന്താണിനി വഴിയെന്ന് അവർ രണ്ടു പേർക്കും ഒരെത്തും പിടിയുമില്ല. ഇടയ്ക്കിടെ കണ്ണുതുറന്നു നോക്കുകയും മൂളുകയും മാത്രം ചെയ്യുന്ന തോമസ്, തനിക്കു സംഭവിച്ചുകൊണ്ടിരിക്കുന്നത് യഥാർത്ഥത്തിൽ അറിയുന്നുണ്ടോ എന്തോ? ആർക്കും ഉറപ്പില്ല. ഡോക്ടർമാർ പ്രതീക്ഷകളൊന്നും നൽകുന്നില്ലെങ്കിലും ഓരോ കേടുപാടുമായി ഓരോ തവണ ആശുപത്രിയിൽ കൊണ്ടുചെല്ലുമ്പോഴും ആ പാവം ഉടലിൻ്റെ പല ഭാഗങ്ങളെയും ആവർത്തിച്ചുള്ള സ്കാനിങ്ങുകൾക്കും സ്കോപ്പികൾക്കും വിധേയമാക്കുകയും കനത്ത ഒരു ബില്ല് അടപ്പിക്കുകയും ചെയ്തുപോരുന്നുണ്ട്. ചികിത്സ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റാം അവിടെ ചെലവു കുറയുമല്ലോ എന്ന വിചാരത്തിലിരിക്കുമ്പോഴാണ്, കൊച്ചിയിലെങ്ങും കോവിഡ് വ്യാപനമുണ്ടായത്. അതോടെ മെഡിക്കൽ കോളേജ് കൊറോണ ആശുപത്രിയായി. അതിനു ശേഷം മാത്രം രണ്ടു തവണ രാജഗിരിയിൽ അഡ്മിറ്റാവേണ്ടി വന്നു. മൂന്നു ലക്ഷത്തോളം ചിലവുമായി.

‘പനിക്കിടക്ക’ എന്നൊരു
തോമസ്ജോസഫ്ക്കഥയുണ്ട്. പനിമൃഗത്തിന് കുരുതിയാവാൻ കാത്തു കിടക്കുന്ന ഒരാളുടെ ഭ്രമലോകമാണത്. അക്ഷരാർത്ഥത്തിൽ അറം പറ്റിയ കഥ. തനിക്കു മാത്രമല്ല, ലോകത്തിനു മുഴുവൻ ബാധിക്കാനിരിക്കുന്ന മാറാജ്വരം പ്രവചിച്ച കഥ.

“പനിമൃഗത്തിന്റെ ആഗമനത്തിന് ….ഞാൻ കാത്തുകിടക്കുകയാണ്. അവന്റെ തീതുപ്പുന്ന മുഖം ദർശിക്കുന്ന ആദ്യമാത്രയിൽ തന്നെ പനിക്കിടക്ക എല്ലാ സൌഭാഗ്യങ്ങളുംകൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുമെന്നാണ് ശാന്തമ്മ പറയുന്നത്. പക്ഷേ അവൻ എപ്പോൾ വരുമെന്ന് യാതൊരു തിട്ടവുമുണ്ടായില്ല…… അവൻ വിദൂരരാഷ്ട്രങ്ങളിൽ പകർച്ചപ്പനിയുടെ അഗ്നിവിത്തുകളെ ഉദരത്തിൽ ഗർഭം ധരിച്ചുകൊണ്ട് കുഞ്ഞുങ്ങൾക്കിടയിൽ അലസഗമനം നടത്തുകയായിരുന്നു. ആ സന്ദർശങ്ങൾ അവസാനിക്കാൻ വർഷങ്ങൾ വേണ്ടിവരുമെന്നതിനാൽ അവൻ എന്റെ അരികിലെത്താൻ ഇനിയും വൈകുമെന്നറിഞ്ഞ് ഞാൻ ഗൂഢമായ ഒരാശ്വാസത്തിൽ അഭയം തേടി. ചിലപ്പോൾ ശാസ്ത്രജ്ഞന്മാരുടെ നീണ്ട പരീക്ഷണങ്ങൾക്കും നിതാന്ത ജാഗ്രതയ്ക്കും ശേഷം കണ്ടുപിടിച്ചേക്കാവുന്ന ഒരു മാരകമായ മരുന്ന് അവനെയും അവന്റെ വംശത്തെയും ഈ ഭൂമിയിൽ നിന്ന് പാടേ ഇല്ലാതാക്കിയേക്കാനും ഇടയുണ്ടായിരുന്നു.”

ഈ കഥയുൾപ്പെട്ട പുസ്തകത്തിന് ഞാൻ ആമുഖമെഴുതിയിട്ടുണ്ട്. പക്ഷേ, ‘ഭാവനയാൽ സൃഷ്ടിക്കപ്പെട്ടതാണ് പനി മിത്ത് ‘ എന്നു ഞാനെഴുതിയത് തെറ്റിപ്പോയി. അത് യാഥാർത്ഥ്യമായിരുന്നു. അല്ല, അതായിരുന്നു യാഥാർത്ഥ്യം.

തോമസ് ജോസഫിൻ്റെ കഥകൾ ഭാവിതലമുറകൾ അത്ഭുതത്തോടെ വായിച്ചേക്കാം. പക്ഷേ, ഇപ്പോൾ, ഈ നിമിഷത്തിൽ, ആ ജീവിതം ദുരന്തങ്ങൾ മരച്ചുറഞ്ഞ ഒരുടൽ മാത്രം. അതിലേക്ക് ഉണർവ്വും ഓർമ്മയും ഊതിയൂതിത്തളർന്ന പ്രിയപ്പെട്ടോരുടെ നിസ്സഹായത മാത്രം.

സാമ്പത്തികമായ നിസ്സഹായാവസ്ഥയാണ് ഇപ്പോൾ മുഖ്യം. ശുശ്രുഷയും ചികിത്സയും മുന്നോട്ടു കൊണ്ടുപോകാൻ പണം വേണം. ഒരു ക്രൗഡ് ഫണ്ടിങ്ങ് മാത്രമാണ് ഇനി വഴി എന്നു തോന്നുന്നു. അതുകൊണ്ടാണ് ഇവിടെ എഴുതുന്നത്. എഴുത്തിൻ്റെയും വായനയുടെയും സ്നേഹം പങ്കിടുന്നവർ തോമസിൻ്റെ കുടുംബത്തെ തങ്ങളാലാവും വിധം സഹായിക്കണമെന്ന് അപേക്ഷിക്കുന്നു. തോമസ് ജോസഫിൻ്റെ മകൻ ജെസ്സേയുടെ അക്കൗണ്ട് നമ്പർ ചുവടെ:

Account Number: 2921101008349
IFSC: CNRB0005653
Account Name: Jesse
Bank Name: Canara Bank,chunagamveli branch

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here