കവിതയുടെ മഴക്കാലം

തൊണ്ണൂറുകളിൽ കവിത എഴുതിയവരിൽ എന്തുകൊണ്ടും വ്യത്യസ്തനായിരുന്നു അൻവർ അലി.കവിതയെ നിരന്തരം പുതുക്കുക എന്ന ലക്ഷ്യത്തിൽ മാത്രം കവിതകൾ എഴുതിയ അൻവർ അതുകൊണ്ടു തന്നെ തീരെ കുറച്ചു കവിതകൾ മാത്രമാണ് ഇതുവരെ എഴുതിയിട്ടുള്ളത്. മഴക്കാലം എന്ന ആദ്യകാല സമാഹാരത്തിൽ എഴുത്തിന്റെ തുടക്കത്തിലെ കവിതകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്

അന്‍വര്‍ അലി മഴക്കാലത്തിന് എഴുതിയ ആമുഖം വായിക്കാം:

“പതിറ്റാണ്ടുകള്‍ക്കുശേഷം ഈ പുസ്തകത്തിലൂടെ കടന്നു പോകുമ്പോള്‍ മറവിയുടെ അടിയടരിലെവിടെയോ ഉള്ള മറ്റൊരാള്‍ മൊഴിപ്പെടുത്തിയവ പോലെ; ഏതോ തിരിവില്‍ വെച്ച്, ഓര്‍മ്മയുടെ മിന്നായത്തില്‍ പാതവിളക്കുകളെല്ലാം ഒന്നിച്ച് തെളിയുന്നതുപോലെ.

പത്തൊമ്പതു കൊല്ലത്തിനു ശേഷമാണ് മഴക്കാലത്തിന്റെ ഈ രണ്ടാം പതിപ്പ്. മുമ്പേ ആകാമായിരുന്നു. പറ്റിയില്ല. 1983-98 കാലയളവിലെ കവിതാ പരിശ്രമങ്ങളില്‍ മുക്കാല്‍ പങ്കും ഉപേക്ഷിച്ചതിനു ശേഷം ബാക്കിയായവയാണ് 1999-ല്‍ സമാഹരിച്ചത്. ഇപ്പോഴും ചില ഒഴിവാക്കലുകള്‍ നടത്തിയിട്ടുണ്ട്. ഒരു കവിതാ ഖണ്ഡവും ചില വരികളും വേണ്ടെന്നുവച്ചു. അപൂര്‍വ്വം ചില തിരുത്തലുകളും വരുത്തി. ആദ്യ പതിപ്പ് പുറത്തിറങ്ങിയ കാലത്തേ മനസ്സിലുണ്ടായിരുന്നവയാണ് മിക്ക തിരുത്തുകളും.

ഒരു കൂട്ടിച്ചേര്‍ക്കലുമുണ്ട്. ‘ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷന്‍’ എന്ന കവിതയെപ്പറ്റി ആര്‍.നരേന്ദ്രപ്രസാദ് എഴുതിയ ആസ്വാദനം. ആധുനികതാ പ്രസ്ഥാനകാലത്തെ മികച്ച കാവ്യനിരൂപകനും ഞങ്ങളുടെ പ്രിയ അദ്ധ്യാപകനുമെന്നതിലുപരി എഴുത്തുജീവിതത്തിലേക്കുള്ള എന്റെ കൗമാരനടപ്പിലെ ഇടര്‍ച്ചകള്‍ നിശിതമായി തിരുത്തിക്കൊണ്ടിരുന്ന ഭാവുകത്വശക്തി കൂടിയായിരുന്നു പ്രസാദ് സാര്‍. പിന്നീട് സിനിമാവിനോദത്തില്‍ ആസകലം മുഴുകിയ നാളുകളിലും അദ്ദേഹം കവിതകള്‍ ജാഗ്രതയോടെ വായിക്കുകയും കാവ്യ നിരൂപണത്തിലേക്ക് മടങ്ങിവരണമെന്ന്ആഗ്രഹിക്കുകയും ചെയ്തിരുന്നു. ഇനി എഴുത്തൊന്നും നടക്കില്ലെന്ന ഞങ്ങളുടെ പൊതുവായ തോന്നലിനെ അട്ടിമറിച്ചുകൊണ്ട്, മരണത്തിന് ഏതാനും ദിവസം മുമ്പ് സാര്‍ മൂന്നു ലേഖനങ്ങള്‍ എഴുതി. അതിലൊന്ന് ‘ആര്യാവര്‍ത്തത്തില്‍ ഒരു യക്ഷ’നെപ്പറ്റി. എഴുതാനുള്ള ഉല്‍ക്കടമായ ആഗ്രഹത്തെക്കുറിച്ചും ഒറ്റയിരിപ്പിന് എഴുതിത്തീര്‍ത്ത ആ ലേഖനത്തെക്കുറിച്ചും അദ്ദേഹം തന്റെ അവസാനകാല ഡയറിയില്‍ കുറിച്ചിരുന്നു.

മഴക്കാലത്തിലെ കവിതകളെ സാധ്യമാക്കിയ അനുഭവ ലോകത്തിനും ഭാഷയിലും നരേന്ദ്രപ്രസാദ് സാറിന്റെ ഉപ്പും ചോരയുമുണ്ട്. ഉത്തരവാദിത്വവുമുണ്ട്. സാര്‍ പോയി. ആ ലോകവും ഭാഷയും പല തവണ പടമുരിഞ്ഞു.

മരുതുംകുഴിയിലെ ഗീതച്ചേച്ചിയുടെ വീട്ടുവരാന്തയിലിരുന്ന് ‘മുസ്തഫാ’യുടെ കയ്യെഴുത്തുപ്രതി വായിച്ചശേഷം പതിവു നാടകീയതയൊന്നുമില്ലാതെ ശബ്ദം താഴ്ത്തി സാറു പറഞ്ഞു: മുസ്‌ലിം ഐഡന്റിറ്റിയുള്ളവര്‍ക്ക് ഇന്ത്യയില്‍ സ്വസ്ഥമായി ജീവിക്കാന്‍ അധികകാലം സാധ്യമല്ലെടാ.’

ആര്‍ക്കും സ്വസ്ഥമായി ജീവിക്കാന്‍ പറ്റാത്ത കാലമായി സാര്‍, നിഴലുപോലെ അങ്ങയുടെ പിന്നാലെ നടന്നിരുന്ന ആ കവിപ്പയ്യനും ഇന്നില്ല. അവന്റെ പഴയ മഴക്കാലമൊഴിയുടെ മിച്ചമാണിത്. ആത്മാവായി ഇവിടെയെവിടെയെങ്കിലും ഉണ്ടെങ്കില്‍ പിണ്ഡമായി എടുത്തുകൊള്ളുക.”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English