മരണമെത്തുന്നു എന്നാദ്യം
അറിയുന്നത് ഉറുമ്പുകളാണത്രെ
അന്നുവരെ ദ്വേഷത്തിൽ
നോക്കി പല്ലിറുക്കി നടന്നയാ
മനുഷ്യന്റെ അവസാന മിടിപ്പ്
അവർ ചുറ്റിനും കൂടിനിന്നാസ്വദിക്കുമെന്നും
ഒരറിവുണ്ട്
കൂട്ടത്തിൽ മുതിർന്നവൻ ഏറ്റവും
ഇളയ ചോണനുറുമ്പിനോട്
ഒരു രഹസ്യം പറയുകയും ചെയ്തു
മനുഷ്യരുടെ ദേഹം പഞ്ചസാരയോ
മറ്റോ കൊണ്ട് നിർമിച്ചതാക്കണം
പളുങ്ക് കുപ്പിയിൽ കാണുന്ന
വെളുത്ത കല്ലുകളുടെ മാദക ഗന്ധം
മരിച്ചു തീർന്നാൽ ഈയുള്ളവർ
കടംചോദിക്കുമെന്ന്
കണ്ണുമിഴിച്ചു ഇക്കഥകേൾക്കുന്നതിനിടയിൽ
ചുറ്റിനും ആരോ വാവിട്ടു കരയുന്നു
അയ്യോ ഓടി മാറ്, അകന്നു മാറ്
പ്രഹസന ജോലിക്കാർ എത്തിതുടങ്ങിയിട്ടുണ്ട്
മക്കൾ എന്നോ പേരമക്കൾ എന്നോ
അഭിനേതാക്കളെ വെവ്വേറെ തിരിച്ചറിയാവുന്നതാണ്
ഹഹ ഇതെന്തൊരു തമാശ, തീർന്നു
എന്നുറപ്പിച്ചിട്ടുള്ള വരവാണ്, ഒരങ്കത്തിനു
കോപ്പു കൂട്ടി , വാക്കിനിടയിൽ പീരങ്കികൾ
നിരത്തി നിർത്തി , എല്ലാം പിച്ചി ചീന്താനും
പറ്റുമെങ്കിൽ ചാക്കിലാക്കാനുമുള്ള
തത്രപ്പാടുകൾ തുടങ്ങിക്കഴിഞ്ഞു
ഇനി നമുക്ക് രക്ഷയില്ല , ഇക്കൂട്ടരുടെ നാടക
കസർത്തു കണ്ടു നിൽക്കുന്നതിനെക്കാൾ
ഭേദം തൊടിയിൽ ചത്ത കാക്കയുടെ
അസ്ഥി ചികയുന്നതാണ്
പിൻപറ്റി നടപ്പു തുടരുക നീയെല്ലാം..!