രൂപക്കൂട്ടിന് മുന്നില്‍
കരിന്തിരി പുകയുകയാണ്
കുമ്പസാരക്കൂട്ടില്‍
ഒരു കുറുക്കന്‍
ആട്ടിന്‍കുട്ടിയെ രുചി വേദം
മൂളിക്കേള്‍പ്പിക്കുന്നു
പൊള്ളിയ ആത്മാവുമായി
ഒരു പച്ചില പോലുമില്ലാത്ത
വെയില്‍ത്തണലിലേക്ക്
ആട്ടിന്‍കുട്ടി ഇറങ്ങിയോടുന്നു
കൂട്ടം വിട്ട ആടിനും
ചാട്ടം പിഴച്ച കുരങ്ങനും
പുകഞ്ഞ കൊള്ളിക്കും
വറചട്ടിയില്‍ നിന്ന്
എരിതീയിലേക്കാണ്
സ്വര്‍ഗമെന്ന്
അജപാലകനും
അറവുകാരനും തമ്മില്‍
ഒപ്പിട്ട കരാര്‍
അരമനയില്‍ ചില്ലിട്ടു തൂക്കിയിട്ടുണ്ട്
നീതിയുടെ വാ മൂടിക്കെട്ടിയ
ചക്രവര്‍ത്തിമാര്‍
ചെന്നായ്ക്കള്‍ക്കുടുക്കാന്‍
ആട്ടിന്‍തോലിനായി
കാത്തു നില്‍ക്കുന്നുണ്ട്
മുള്ളുകളില്‍നിന്നു
മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു
അത്തിപ്പഴവും പറിച്ചുതിന്ന്
അത്യുന്നതങ്ങളിലിരിക്കുന്നവര്‍ക്ക്
നിത്യവും സ്തുതി പാടുന്നതിനാല്‍
അജപാലകന്റെ വിശപ്പിന്
മറുചോദ്യമില്ല
എല്ലാ വചനങ്ങളും
ജഡ ലിപികളായിത്തീരുമ്പോള്‍
കണ്ണിരിന്റെ പുഴകള്‍
ഇനി കാല്‍വരിയിലേക്ക് തിരിച്ചൊഴുകും
പാപത്തിന്റെ ശമ്പളം മരണമാകയാല്‍
അതില്‍
നമ്മളെല്ലാരും
ഒന്നിച്ച് ഒലിച്ചു പോവും