അനശ്വരനായ ഇ.വി.

 

guillen-perez_sky_zkxrsgdd

ഹാസ്യ സാഹിത്യകാരനെന്ന നിലക്കാണ് കൂടുതൽ പ്രശസ്തി നേടിയതെങ്കിലും ഇ.വി.കൃഷ്ണപിള്ള ബഹുമുഖ പ്രതിഭയായിരുന്നു.ചെറുകഥ,ഉപന്യാസം,നാടകം,ബാലസാഹിത്യം തുടങ്ങി ഇ.വിയുടെ കരസ്പർശമേൽക്കാത്ത മേഖലകൾ കുറവായിരുന്നു.പത്രാധിപരായും ഇ.വി.പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്.സേവിനി,മലയാളി,മലയാള രാജ്യം..തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു അദ്ദേഹം. മലയാള മനോരമ ആഴ്ച്ചപ്പതിപ്പ് ആരംഭിച്ചത് തന്നെ ഇ.വിയുടെ പത്രാധിപത്യത്തിലായിരുന്നല്ലോ?
അതോടൊപ്പം അഭിഭാഷകൻ,തഹസീൽദാർ,വാഗ്മി,രാഷ്ട്രീയപ്രവർത്തകൻ,തുടങ്ങി ഏതെല്ലാം മേഖലകളിലാണ് ആ അനശ്വരപ്രതിഭ തിളങ്ങിയത്.കേവലം നാൽപ്പത്തിനാല് വയസ്സു വരെ മാത്രം നീണ്ട ഹൃസ്വമായ ജീവിതത്തിനിടയിലായിരുന്നു ഇതെല്ലാം എന്നറിയുമ്പോഴാണ് ആ മഹാപ്രതിഭയ്ക്കു മുന്നിൽ നാം അത്ഭുതപരതന്ത്രരായി നിന്നു പോകുന്നത്.ശ്വശുരനായ സി.വി.രാമൻപിള്ളയുമായുള്ള സമ്പർക്കം ഇ.വിയുടെ സാഹിത്യ വാസനകളെ പ്രചോദിപ്പിച്ചു എന്നതിൽ സംശയമില്ല.സി.വിയുടെ കഥകളും ലേഖനങ്ങളും കേട്ടെഴുതുക,പ്രൂഫ് നോക്കുക തുടങ്ങിയവയിൽ ആരംഭിച്ച അവരുടെ സാഹിത്യ സഹവാസം പിന്നീട് പത്രപ്രവർത്തനം ഉൾപ്പെടെയുള്ള മേഖലകളിൽ ഇ.വിയ്ക്ക് തുണയായി.
അസിസ്റ്റന്റ് തഹസീൽദാരായി ജോലി നോക്കുന്നതിനിടയിൽ ലാന്റ് സർവേക്ക് പോകുമ്പോൾ ഇടക്കുള്ള വിശ്രമ വേളകളിൽ മരത്തണലിൽ ഇരുന്നെഴുതിയതാണ് ഇ.വിയുടെ ചെറുകഥകൾ.അൻപതോളം വരുന്ന ആ ചെറുകഥകൾ മലയാള കഥയുടെ പഴമയ്ക്കും പുതുമയ്ക്കും ഇടയിലുള്ള പാലമാണ്.പല ആധുനിക കഥാസങ്കേതങ്ങളുടെയും തുടക്കം ആ കഥകളിൽ കാണാം.’’എന്റെ ഗന്ധർവ്വ സ്നേഹിതൻ’’എന്ന കഥ അതിനുദാഹരണമാണ്.എങ്കിലും ഇതരഭാവങ്ങളെക്കാൾ ഇ.വിയുടെ പ്രാഗത്ഭ്യം ചിരകു വിരിച്ചത് ഹാസ്യഭാവനകളിലാണ്..ഇതരമേഖലകളിലും അദ്ദേഹം പിന്നിലായിരുന്നില്ലെന്ന് പ്രബന്ധങ്ങളും ചരിത്രനാടകങ്ങളും ചെറുകഥകളും സാക്ഷ്യം വഹിക്കുന്നു.
‘’കുറുപ്പിന്റെ ഡെയ്ലി’’, ‘’ബി.എ.മായാവി’’, ‘’കവിതക്കേസ്’’, ‘’കണ്ടക്ടർ കുട്ടി’’, ‘’എം.എൽ.സി.കഥകൾ’’.,തുടങ്ങി ഇ.വിയുടെ തൂലികയിൽ വിരിഞ്ഞ നർമ്മകുസുമങ്ങൾ ദശാബ്ദങ്ങൾ കഴിഞ്ഞും നിത്യ ഭാസുരമായി നിൽക്കുന്നു എന്നതു തന്നെ ആകൃതികളുടെ അനശ്വരത തെളിയിക്കുന്നു.’’ചിരിയും ചിന്തയും’’എന്ന ഉപന്യാസ സമാഹാരം ‘’ജീവിതസ്മരണകൾ’’ എന്ന ശ്രദ്ധേയമായ ആത്മ കഥ,എന്നിവയും ഇ.വിയുടെ പ്രധാന കൃതികളാണ്.മലയളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ആത്മകഥയും ഇ.വിയുടെത് തന്നെ.
മറ്റൊന്ന് ഇ.വി.തന്റെ കഥാപാത്രങ്ങളെ സൃഷ്ടിച്ച കൂട്ടത്തിൽ അവരുടെ തൊഴിൽ മേഖലയോട് ബന്ധപെട്ട ഒരു ഭാഷയും സൃഷ്ടിച്ചു എന്നതാണ്.’’കണ്ടക്ടർ കുട്ടി’’ഇതിന് മീകച്ച ഉദാഹരണമാണ്.ആ കഥയിലെ കുട്ടിയുടെ സംഭാഷണം കണ്ടക്ടർ ശൈലിയിലാണ്.വീട്ടിൽ വിരുന്നു വരുന്നവരും അയാൾക്ക് പാസഞ്ചേഴ്സ് ആണ്.ഒരു രാത്രി വീട്ടിൽ രണ്ടു മൂന്ന് അതിഥികൾ ഉണ്ടായിരുന്നതിനെപ്പറ്റി കുട്ടി കൂട്ടുകാരനോട് പറയുന്നത് ‘’ഇന്നലെ വീട്ടിൽ കുറച്ചു പാസഞ്ചേഴ്സ് കൂടുതലായിരുന്നു ‘’എന്നാണ്.കോടതിക്കാരെക്കൊണ്ട് കോടതി ഭാഷയിലും പോലീസുകാരെക്കൊണ്ട് പോലീസ് ഭാഷയിലും തന്നെ സംസാരിപ്പിക്കണമെന്നത് ഇ.വിക്ക് നിർബന്ധമുള്ള കാര്യമാണ്.
ഇ.വി.കൈകാര്യം ചെയ്ത ഏത് വിഷയമെടുത്തു നോക്കിയാലും എക്കാലത്തും അത് പ്രസക്തമാണ് എന്നു കാണാം.മീറ്റിംഗ് ചടങ്ങിനെപ്പറ്റി എഴുതിയ ഉപന്യ്യാസത്തിന്റെ തുടക്കം തന്നെകാണുക
‘’നവീനലോകത്തിൽ കടന്നു കൂടിയ ചടങ്ങുകളിൽ പരമ ദുസ്സഹം ഏതെന്ന് ചോദിച്ചാൽ ചോദ്യം അവസാനിക്കുന്നതിനു മുമ്പ് തന്നെ നിങ്ങൾ പറയുന്ന മറുപടി ‘’മീറ്റിംഗ്! മീറ്റിംഗ്! അയ്യോ,മീറ്റിംഗ്! തന്നെയാണേ എന്നായിരിക്കുമല്ലോ’’ ഇന്നും ചില മീറ്റിംഗുകളെങ്കിലും അനുഭവിക്കേണ്ടിവരുമ്പോൾ ഇ.വിയുടെ ഈ ഉപന്യാസം നമ്മളോർക്കാതിരിക്കില്ല.
മീറ്റിംഗിനു മുമ്പുള്ള ഈശ്വരപ്രാർഥനയെപ്പറ്റി ഇ.വി.പറയുന്നത് ഇങ്ങനെയാണ്. ‘’ഉണങ്ങിവരണ്ട രണ്ടുമൂന്ന് പെൺകുട്ടികൾ ആ ദിവസം മാത്രം അവർക്കു പരിചയപ്പെടുന്ന വെള്ളമുണ്ടും വല്ലവരുടെയും ജാക്കറ്റുമായി അദ്ധ്യക്ഷന്റെ മുന്നിൽ വന്നു നിന്ന് ‘’ക്ഷാമഗാനം’’ നടത്തുന്നതിനെയാണ് ഈശ്വരപ്രാർഥന എന്നു പറയുന്നത്.’’
‘’പരിഹാസപ്പുതുപ്പനീർച്ചെടിക്കെടോ
ചിരിയത്രേ പുഷ്പം ശകാരം മുള്ളുതാൻ..’’എന്നു പ്രഖ്യാപിച്ച സഞ്ജയനും ഇ.വിയും സമകാലികരായിരുന്നുവല്ലോ? എന്നാൽ ചിലപ്പോഴെങ്കിലും സഞ്ജയന്റെ പരിഹാസത്തിൽ മുള്ള് കൂതുതലായിരുന്നില്ലേ എന്ന് ആ കൃതികളിലൂടെ കടന്നു പോകുമ്പോൾ നമുക്ക് തോന്നാതിരിക്കില്ല.കോഴിക്കോട് മുനിസിപ്പാലിറ്റിയും മലയാളസാഹിത്യത്തിലെ പുതിയ പ്രവണതകളും വനിതാ വിമോചനപ്രസ്ഥാനങ്ങളുമൊക്കെ അദ്ദേഹത്തിന്റെ പരിഹാസ വിമർശങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇടപ്പള്ളിക്കവികളോടാകട്ടെ വലിയ വിരോധമുണ്ടെന്ന് തോന്നുന്ന രീതിയിലാണ് ചില ലേഖനങ്ങൾ..ഇ.വിയാകട്ടെ അൽപം കൂടി വ്യത്യസ്ഥമായ ഒരു ശൈലിയായിരുന്നു സ്വീകരിച്ചത്.വിമർശന വിധേയരാകുന്നവർക്കു കൂടി രസിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം.സഞ്ജയൻ സാമൂഹ്യസത്തയെ ശുദ്ധീകരിക്കാൻ ശ്രമിച്ചു,ഇ.വിയ്ക്കാകട്ടെ കണ്ടതെല്ലാം വിനോദമായിരുന്നു,വിനോദം മാത്രമായിരുന്നു.സഞ്ജയന്റെ കൃതികളിലെ വിഷയങ്ങൾക്ക് അവ എഴുതിയ കാലത്തെ ആനുകാലിക പ്രസക്തി ഇന്നുണ്ടായി എന്നു വരില്ല.ഇ.വിയുടെ കൃതികളാകട്ടെ ആനുകാലിക പ്രസക്തമാണെന്നു മാത്രമല്ല നിത്യ പ്രസക്തമായി നിലനിൽക്കുകയും ചെയ്യും.
മാർച്ച് മുപ്പതിന് ഇ.വിയുടെ ഒരു ചരമദിനം കൂടി കടന്നു വരുമ്പോൾ, മലയാളിക്ക് ചിരിയും ചിന്തയും സമ്മാനിച്ച് അകാലത്തിൽ കടന്നു പോയ സർഗ്ഗധനനായ ആ പ്രതിഭയുടെ ഓർമ്മകൾക്ക് മുന്നിൽ നമോവാകം.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅവൻ താനല്ലയോ ഇവൻ?
Next articleസേവപ്പു പെണ്ണ്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English