അന്ന് തന്നെ വായിച്ചു തീര്‍ക്കണമെന്ന ചിന്തയോടെ ആണ് അയാള്‍ പുസ്തകം നിവര്‍ത്തിയത്. പക്ഷേ അക്ഷരങ്ങളിലൂടെ മിഴികള്‍ യാന്ത്രികമായി ചലിക്കുന്നു എന്നല്ലാതെ, അക്ഷരങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന കഥ വായിച്ചെടുക്കാന്‍ അയാള്‍ക്ക് കഴിയുന്നുണ്ടായിരുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇത് തന്നെയാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഒരു രാത്രികൊണ്ട് ഒരു പുസ്തകം വായിച്ചു തീര്‍ക്കുന്നതാണ് അയാളുടെ ശീലം. പക്ഷെ ഇപ്പോള്‍ പുസ്തകമെന്നല്ല ഒന്നിലും മനസുറക്കുന്നില്ല.
“രവിയേട്ടനീയിടയായി ഒന്നിലും ഒരു ശ്രദ്ധയുമില്ല” ഭാര്യയുടെ പരിഭവം. അമ്മയും കുട്ടികളും അതുതന്നെ പലവട്ടമായി ആവര്‍ത്തിക്കുന്നു.
“ശരിയാണ് ഈയിടെയായി മനസ് അസ്വസ്ഥമാണ്. കണ്മുന്നില്‍ എപ്പോഴും ദീനതയാര്‍ന്ന ആ മുഖവും, നിരാലംബമായ ആ രണ്ടു മിഴികളും മാത്രം.”
ഒരു ഗ്രാമത്തില്‍ കുറച്ചുനാളെങ്കിലും തങ്ങണമെന്ന കുട്ടികളുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് മഞ്ചാടി എന്ന പ്രകൃതിരമണീയമായ ഈ ഗ്രാമത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലേക്ക് ട്രാന്‍സ്ഫര്‍ ചോദിച്ചു വാങ്ങിയത്. ഗ്രാമാന്തരീക്ഷം അമ്മയ്ക്കും, ഭാര്യയ്ക്കും, കുട്ടികള്‍ക്കും ഒരു നവാനുഭാവമാണ്. നഗരത്തില്‍ മാത്രം ജീവിച്ചു ശീലിച്ച അവര്‍ക്ക് ഗ്രാമവും, നാട്ടുമ്പുറത്തെ മനുഷ്യരും, കൃഷിയും എല്ലാംതന്നെ പുതുമയേറിയ കാഴ്ചകള്‍. ഗ്രമാന്തരീക്ഷവുമായി സന്തോഷകരമായി പോരുത്തപെട്ടു നീങ്ങവെയാണ്, ക്യന്‍സറിനെതിരെ ഒറ്റയാള്‍ പട്ടാളമായി പൊരുതുന്ന ആ വൈദ്യനെകുറിച്ച് കേള്‍ക്കാന്‍ ഇടയായത്. അദ്ദേഹത്തെ നേരിട്ട് കാണുവാനായാണ് ആ തിങ്കളാഴ്ച ‘ശാന്തികവാടം’ എന്ന ആ സ്ഥാപനത്തില്‍ താന്‍ എത്തുന്നത്.
“വരൂ.. ഡോക്ടര്‍ ഞാന്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.”
നിറഞ്ഞ പുഞ്ചിരിയോടെ ഹൃദ്യമായ സ്വീകരണം. ദയയും, സ്നേഹവും, ക്ഷമയും ആ മുഖത്ത് പ്രതിഫലിച്ചു കാണാം.
ചെറിയ ഒരിടവേളയിലെ കുശലാന്വേഷണത്തിനു ശേഷം, രോഗികളെയും ഒന്ന് സന്ദര്‍ശിക്കണമെന്ന ആഗ്രഹം താന്‍ വെളിപ്പെടുത്തി.
എത്രയും വൃത്തിയും ഒരു ചെറിയ പരിമളവുമുള്ള, മരുന്നിന്‍റെയോ, കഷായത്തിന്‍റെയോ നേര്‍ത്ത ഗന്ധം പോലുമില്ലാത്ത ആ വാര്‍ഡിലൂടെ വൈദ്യര്‍ക്കൊപ്പം നടക്കവേയാണ് ആ മുഖം രോഗികള്‍ക്കിടയില്‍ കണ്ടത്. തന്നെ ദര്‍ശിച്ചതും ആ മിഴികള്‍ നിറഞ്ഞോഴുകാന്‍ തുടങ്ങി. ആ നാവ് ഒരു മന്ത്രണം പോലെ അസ്പഷ്ടമായി ശബ്ദിച്ചത് “രവിയേട്ടാ..” എന്ന് തന്നെയല്ലേ?
ഒരു ശിലാപ്രതിമ പോലെ താനവിടെ നിന്ന് പോവുകയായിരുന്നു. ഗൗതമി, അതെ അത് ഗൗതമി തന്നെയാണ്. ഇടത്തെ കവിളിലെ മറുക് അതൊന്നു മാത്രമാണ് അവളെ തിരിച്ചറിയാന്‍ കഴിയുന്ന ഏക അടയാളം. ആകെ മെലിഞ്ഞ്, ഇരുണ്ട്, അസ്ഥിമാത്ര ശരീരം. ശിരസില്‍ അങ്ങിങ്ങ് ഒന്നോ രണ്ടോ മുടിയിഴകള്‍. പരസഹായമില്ലാതെ അവള്‍ക്കു എഴുന്നേല്‍ക്കാന്‍ തന്നെ കഴിയുമായിരുന്നില്ല.
“ഡോക്ടര്‍ അറിയുമോ ഈ കുട്ടിയെ?”
“അറിയും, അവളെന്നെയും….”
വൈദ്യരോട് അത്രമാത്രം പറഞ്ഞ് അവിടെനിന്നും ധൃതിയില്‍ ഇറങ്ങുമ്പോള്‍, മസില്‍ ഉത്തരം കിട്ടാത്ത സമസ്യയുമായി അദ്ദേഹം ആ ആല്‍മരചോട്ടില്‍ നില്പുണ്ടായിരുന്നു.
ഗൗതമി, ഭാര്യയുടെ അനുജത്തി. ഒരിക്കല്‍ കാണുന്ന ആരെയും തന്നോട് അടുപ്പിച്ചു നിര്‍ത്തുന്ന പ്രകൃതം. പ്രത്യേകതയുള്ള സംസാരരീതിയുമായി തന്‍റെ മനസിലും അവള്‍ കുഞ്ഞനുജത്തിയായി കയറിക്കൂടുകയായിരുന്നു. അവളെപോലെതന്നെ ഏറെ പ്രത്യേകതയുള്ള ഒരു ചെറുപ്പക്കാരനുമായി വിവാഹം. ശേഷം ഭര്‍ത്താവൊന്നിച്ച് അവള്‍ ഹൈദ്രാബാദിലേക്ക്. താനിന്നും ഓര്‍ക്കുന്നു അന്നും ഒരു തിങ്കളാഴ്ച ആയിരുന്നു.
ഏറെ നാളുകള്‍ക്കു ശേഷം ഒരു തിങ്കളാഴ്ച വന്ന ഫോണ്‍കാള്‍.
“നിങ്ങളുടെ പെങ്ങള്‍ ഭര്‍ത്താവിനെ കൊന്നിട്ട് കാമുകനൊപ്പം ഒളിച്ചോടി.”
തെളിവായി അവള്‍ തന്നെ എഴുതിയ കത്തും. അന്ന് മുതല്‍ വെറുപ്പുകൊണ്ട് ആവരണം ചെയ്തു അവള്‍ നഷ്ടപെട്ട വേദന മറക്കുകയായിരുന്നു. ചുറ്റുമുള്ള മനുഷ്യരുടെ മുനയുള്ള നോട്ടത്തിനു മുന്നില്‍ വിവസ്ത്രനാക്കപ്പെടുന്നതുപോലെ. സ്വന്തം നാടും വീടും വിട്ടു ഈ ഗ്രാമത്തില്‍ ചേക്കേറിയതും അതുകൊണ്ടുതന്നെയല്ലേ? എന്നിട്ടും അവളോടുള്ള സ്നേഹം മനസിനെ മഥിച്ചുകൊണ്ടിരിക്കുന്നു ഇന്നോളം. ഇപ്പോള്‍ ആ മിഴികള്‍ തന്‍റെ ഉറക്കം കെടുത്തുന്നു.
പിറ്റേ ദിവസം പതിവിലേറെ തിരക്കായിരുന്നു അയാള്‍ക്ക്. രോഗികള്‍ പോയശേഷം ക്ഷീണിതനായി പുറത്തിറങ്ങുമ്പോള്‍ വിസിറ്റെസ് ബെഞ്ചില്‍ അയാളെയും പ്രതീക്ഷിച്ച് വൈദ്യര്‍.
“ഗൗതമിക്ക് ഇനി ഏറെ നാളില്ല. ആ കുട്ടിക്ക് ഡോക്ടറോട് എന്തോ പറയാനുണ്ട്. ഡോക്ടര്‍ വരണം. കൂട്ടികൊണ്ടുപോകനാണ് ഞാന്‍ തന്നെ നേരിട്ട് വന്നത്.”
കൂടെ പോകാതിരിക്കാന്‍ കഴിഞ്ഞില്ല.
കണ്ട മാത്രയില്‍ അവള്‍ കൈ നീട്ടി അയാളുടെ കരം ഗ്രഹിച്ചു. ഒരു വൃദ്ധയുടെതെന്നപോലെ ചുക്കിച്ചുളിഞ്ഞ് അസ്ഥിമാത്രമായ ആ കരങ്ങള്‍ ഒരിക്കല്‍ വര്‍ണവളകള്‍ അണിഞ്ഞു മനോഹരമായിരുന്നു എന്ന ചിന്ത അയാളില്‍ ഒരു വേദനയായി പടര്‍ന്നു കയറി. അവളുടെ ഇരു ചെന്നിയില്‍ കൂടിയും മിഴിനീര്‍ ഒഴുകിയിറങ്ങി തലയിണയെ നനയിച്ചുകൊണ്ടിരുന്നു. രോഗം കാര്‍ന്നു തിന്ന ആ ശരീരത്തിന് ആയുസിനെ ഇനിയും പിടിച്ചുനിര്‍ത്താനുള്ള കഴിവില്ലെന്ന് അയാള്‍ക്ക് മനസിലായി.
മരണ കിടക്കയില്‍ കിടക്കുന്ന ഒരു രോഗിയോട് എന്ത് വിദ്വേഷം, എന്ത് വെറുപ്പ്. മരണം മനുഷ്യര്‍ ചെയ്യുന്ന പാപങ്ങളെ കൂടി സാധൂകരിക്കുന്നു. മരണത്തിലേക്കുള്ള ദൂരം അവള്‍ ഏതാണ്ട് മുഴുവനായും തന്നെ താണ്ടി കഴിഞ്ഞിരിക്കുന്നു. ജീവന്‍റെ ഒരിത്തിരി വെട്ടം മാത്രം നിലനില്‍ക്കുന്ന ആ ശരീരം അയാളുടെ നേര്‍ക്ക് യാചനയോടെ നോക്കുന്നുണ്ടായിരുന്നു.
“രവിയേട്ടാ..”
“മാപ്പ് പറയാനാവും അല്ലെ?”
“അല്ല. സത്യങ്ങള്‍ രവിയേട്ടനറിയണം. ഇത്രയും നാള്‍ ഒക്കെയും മറച്ചു. നിങ്ങള്‍ വേദനിക്കാതിരിക്കാന്‍. പക്ഷെ ഇപ്പോള്‍ തോന്നുന്നു ഒരാളെങ്കിലും അറിയണം.”
“എന്‍റെ ഭര്‍ത്താവ് മയക്കുമരുന്ന് റാക്കറ്റിന്‍റെ ഒരു ചെറിയ കണ്ണിയായിരുന്നു. മെല്ലെ മെല്ലെ ഞാനത് മനസിലാക്കാന്‍ തുടങ്ങി. അയാളുടെ പിടിയില്‍ നിന്നും രക്ഷപ്പെടാനും, കാര്യങ്ങള്‍ നിങ്ങളെ അറിയിക്കാനും ഏറെ തവണ ഞാന്‍ പരിശ്രമിച്ചു, പരാജയപ്പെട്ടു. ചിറകരിഞ്ഞ ഒരു പക്ഷിയെ പോലെ ഞാനും നിസഹായായിരുന്നു.”
“ആയിടക്കു അയാള്‍ ഗ്യാങ്ങുമായി എന്തോ കാര്യത്തിനു തെറ്റി. ഏറെ താമസിയാതെ അവര്‍ അയാളെ കൊലപ്പെടുത്തുകയും ചെയ്തു. വിവരങ്ങള്‍ പുറത്തറിയാതിരിക്കാന്‍ അവര്‍ എന്നെകൊണ്ട് ഒരു കത്തെഴുതിച്ചു വച്ചു, ശേഷം എന്നെ ഒരു വേശ്യാലയത്തിനു വിറ്റു. പിന്നങ്ങോട്ട് നരക തുല്യമായ ജീവിതം. ഒടുവില്‍ ആ രോഗവും, എയ്‌ഡ്‌സ്. അവിടെത്തന്നെ രോഗികളെ തള്ളുന്ന വൃത്തികെട്ട ഒരു മുറിയില്‍ എന്നെയും ഉപേക്ഷിച്ചു.”
“എന്‍റെ ഒരു പതിവുകാരന്‍, അയാള്‍ക്ക് എന്നോട് തോന്നിയ സഹതാപം, അത് എന്നെ ഇവിടെ എത്തിച്ചു. രോഗികളെ അവര്‍ ശ്രദ്ധിക്കാറില്ല അതുകൊണ്ടുതന്നെ എന്‍റെ തിരോധാനം അവര്‍ അറിഞ്ഞു കാണില്ല.”
കണ്ഠത്തില്‍ നിന്നും ഒരു വാക്ക് പോലും പുറത്തു വരാതെ, അവളെയൊന്നു ആശ്വസിപ്പിക്കാന്‍ പോലും കഴിയാതെ രവി നിശ്ചലം ഇരിക്കുകയായിരുന്നു. ആ നിമിഷം വേടന്‍റെ വലയില്‍ അകപ്പെട്ട ഒരു മുയല്‍കുഞ്ഞിന്‍റെ ചിത്രമായിരുന്നു അയാളുടെ മനസില്‍. പയ്യനെക്കുറിച്ച് കൂടുതാലായി അന്വേഷിക്കാതെ, ഗൗതമിയെ അയാള്‍ക്കൊപ്പം അന്യദേശത്തേക്ക് അയച്ച ഞങ്ങള്‍ തന്നെയല്ലേ ശരിക്കും അവളുടെ ഈ ദുര്‍വിധിയുടെ യദാര്‍ത്ഥ കാരണക്കാര്‍ എന്ന ചിന്ത അയാളിലെ വേദന ഇരട്ടിപ്പിച്ചു.
“എന്നുള്ളിലെ കണ്ണുനീര്‍ എന്നേ വറ്റിയതാണ്. രവിയേട്ടനെ കണ്ടപ്പോള്‍ അത് വീണ്ടും പ്രവഹിക്കാന്‍ തുടങ്ങി. മരണത്തിനു മുന്‍പ് ഇങ്ങനെ ഒരു നിയോഗം കൂടി.”
അവള്‍ക്ക് ഒരു ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. “അമ്മയും ചേച്ചിയും ഒന്നും അറിയരുത്. അവരുടെ മനസ്സില്‍ വെറുക്കപ്പെട്ടവളായി ഞാനെന്നും ജീവിക്കട്ടെ.”
ഏറെ താമസിയാതെ ഒരു തിങ്കളാഴ്ച ശാന്തികവാടത്തിന്‍റെ ഒരു മൂലയില്‍, ആളും, ആരവവും ഒന്നുമില്ലാതെ, രവിയെ സാക്ഷിയാക്കി ആ ചിതയെരിഞ്ഞു. അതില്‍ ഗൗതമിയും അവളുടെ വേദനകളും എരിഞ്ഞമര്‍ന്നു.
അന്ന് രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍…
“രവിയേട്ടാ.. ഇന്ന് തിങ്കളാഴ്ച. നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വരുന്ന ഗതമിയുടെ പിറന്നാള്‍ ദിവസം. രവിയേട്ടന്‍ ശകാരിച്ചാലും ശരി തന്നെ, ഞാന്‍ ഇന്ന് ക്ഷേത്രത്തില്‍ പോയി. ഏറെ നേരം പ്രാര്‍ഥിച്ചു. അവളുടെ പേരില്‍ പൂജകളും കഴിച്ചു. അവള്‍ എവിടെ ആയിരുന്നാലും സന്തോഷവതിയായിരിക്കട്ടെ.” അവസാന വാചകം പറയുമ്പോള്‍ അവളുടെ ശബ്ദം ഇടറിയിരുന്നു. അപ്പോള്‍ അയാള്‍ തന്‍റെ മുഖം അവള്‍ കാണാതെ ഒളിപ്പിക്കാന്‍ പാടുപെടുകയായിരുന്നു.