അങ്കപ്പുറപ്പാട്

aromal

(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ ഏഴാമത്തെ   കഥാപ്രസംഗം – )

വടക്കന് പാട്ടിലെ വീരനായകന്മാരുടെ കഥകള്‍ കേരളീയരായ നമുക്ക് എന്നും ഒരാവേശമാണ്. ജനിച്ചു വീണ തറവാടിന്റെയും കളിച്ചു വളര്ന്ന നാടിന്റെയും മാനം കാക്കാന്‍ ജീവന്‍ പോലും ബലി നല്കിയ അനേകം ചുണക്കുട്ടന്മാരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്.

വീരന്മാരുടെ ചോരയിലെഴുതിയ
കഥകളുറങ്ങും മലയാളം
പുളകം വഴിയും പോരാട്ടത്തിന്‍
കവിതകള്‍ പാടും മലയാളം ….

അഭിമാനമാണ് ഏറ്റവും വലിയ ധനമെന്ന് ഈ നാടിന്റെ മക്കള്‍ എന്നും വിശ്വസിച്ചിരുന്നു . നഷ്ടപ്പെട്ട അഭിമാനം വീണ്ടെടുക്കുവാന്‍ അങ്കക്കളരിയിലേക്കു കുതിച്ചു പാഞ്ഞ ഒരു വീരകുമാരന്റെ കഥയാണ് ഇവിടെ കഥാപ്രസംഗരൂപേണ അവതരിപ്പിക്കുന്നത്. വടക്കന്‍ പാട്ടുകളില്‍ നിന്ന് അട ര്‍ത്തിയെടുത്ത ഒരേട് അതാണ് അങ്കപ്പുറപ്പാട് .

അങ്കപ്പകകൊണ്ടലറിപ്പാഞ്ഞൊരു
വീരനെ നിങ്ങള്‍ കണ്ടോളൂ
അവനുടെ വീറും കൂറുമെഴുന്നൊരു
ചരിതം നിങ്ങള്‍ കേട്ടോളൂ

ആറ്റും മണമ്മേലെ ഉണ്ണ്യാര്‍ച്ചയുടെ അരുമ മകനും ആരോമല്‍ച്ചേകവരുടെ മരുമകനുമായ ചെറിയ ആരോമലുണ്ണിയുടെ അതിസാഹസികവും ആവേശോജ്ജ്വലവുമായ കഥയാണ് അങ്കപ്പുറപ്പാട്.

ആരോമലുണ്ണി ചെറുപ്പത്തില്‍ തന്നെ മിടുമിടുക്കനായിരുന്നു. സുന്ദരനും സുശീലനുമായ ആ ബാലന്റെ മുഖത്തും കണ്ണുകളിലും ഒരു പരാക്രമിയുടെ എല്ലാ ലക്ഷണങ്ങളും തിളങ്ങി നിന്നിരുന്നു. കുട്ടിക്കാലം മുതല്‍ക്കേ അവന്‍ കളരിയില്‍ കച്ച കെട്ടി അഭ്യാസമുറകള്‍ ശീലിക്കാന്‍ തുടങ്ങി. മുത്തച്ഛനായ പുത്തൂരം വീട്ടില്‍ കണ്ണപ്പചേകവന്‍ തന്നെയായിരുന്നു അവന്റെ ഗുരു.

പതിനെട്ടടവും നന്നായറിയാം
പയറ്റു വിദ്യയിലൊന്നാമന്‍
ഏല്പ്പിച്ചീടും ജോലികളെല്ലാം
നന്നായ് ചെയ്യും കെങ്കേമന്‍!

പക്ഷെ അമ്മയായ ഉണ്ണിയാര്‍ച്ച ഒരു കാര്യം അവനില്‍ നിന്നും മറച്ചു വെച്ചിരുന്നു. പുത്തരിയങ്കത്തില്‍ വിജയക്കൊടി പാറിച്ച സ്വന്തം അമ്മാവനായ ആരോമല്‍ ചേകവരെ നീചനായ ചന്തു കൊന്ന കഥ അവന്‍ അറിയരുതേ എന്ന് ഉണ്ണിയാര്‍ച്ച എപ്പോഴും ആഗ്രഹിച്ചിരുന്നു. അതറിഞ്ഞാല്‍ ആരോമലുണ്ണി പൊട്ടിത്തെറീക്കുമെന്ന് അവള്‍ക്കു നന്നായറിയാമായിരുന്നു .

നാളുകള്‍ പെട്ടന്നോടി മറഞ്ഞു
വാളുകള്‍ മിന്നീ പലവട്ടം
ചുണയേറുന്നൊരു സിംഹക്കുഞ്ഞായ്
ഉണ്ണി വളര്‍ന്നു പൊന്നുണ്ണി!

അന്നൊരിക്കല്‍ ആരോമലുണ്ണി കാറാപ്പറമ്പില്‍ കാറ കളിക്കാന്‍ പോയി. കളിക്കളത്തില്‍ നിരവധി കുട്ടികളുണ്ടായിരുന്നു. വാശിയേറിയ കളീക്കിടയില്‍ അവരില്‍ ചിലര്‍ ആരോമലുണ്ണിയുമായി ഇടഞ്ഞു. വഴക്കു മൂത്ത് അടിപിടിയായി. മറ്റു കുട്ടികളെല്ലാമൊരുമിച്ച് ആരോമലുണ്ണിയെ ആക്രമിക്കാനൊരുങ്ങി.

അടി പിടിയായി കടിപിടിയായി
ആര്പ്പും വിളിയും ബഹളവുമായി
ആരോമലുണ്ണിക്കരിശം മൂത്തു
അവനൊരു ചീറ്റപ്പുലിയായി.

തന്നെ ആക്രമിക്കാന്‍ മുതിര്‍ന്ന തെമ്മാടിച്ചെറുക്കന്മാരെ അവന്‍ വെറുതെ വിട്ടില്ല. നാലഞ്ചു പേരെ അവന്‍ അടിച്ചു കളിക്കളത്തിലിട്ടു.

അപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു ” എടാ ആരോമലുണ്ണീ …. നിന്റെ വീറ് ഞങ്ങളൊടല്ല കാണിക്കേണ്ടത് നിന്റെ അമ്മാവനെ കൊന്ന ചന്തുവിനോട് പകരം വീട്ടാന്‍ നോക്ക് ”!

ഇതുകേട്ടൊന്നു നടുങ്ങിപ്പോയി
വീരകുമാരന്‍ ഞൊടിയിടയില്‍
കൈയ്യിലിരുന്നൊരു കാറാമണികള്‍
പെട്ടന്നങ്ങു നിലം പൊത്തി

ആരോമലുണ്ണിയുയുടെ കയ്യിലിരുന്ന കളിക്കോപ്പ് അവനറിയാതെ കയ്യില്‍ നിന്നു വീണു. അവന്റെ ശിരസ്സ് അപമാനഭാരം കൊണ്ട് കുനിഞ്ഞു.

പാമ്പിനേപ്പോലെ പുളഞ്ഞുകൊണ്ട് അവന്‍ ആറ്റും മണമ്മേലേക്ക് പാഞ്ഞു.

തലയും താഴ്ത്തി വരുന്നൊരു മകനെ
ക്കണ്ടിട്ടമ്മ കരഞ്ഞേപോയ്!
വാടിയമുഖവും കണ്ണും കണ്ടി-
ട്ടമ്മക്കുള്ളില്‍ വെപ്രാളം

എന്റെ മകന് എന്തുപറ്റി? ആരുടെ മുന്നിലും തലയുയര്‍ത്തിപ്പിടിച്ച് നടന്ന തന്റെ പൊന്നുണ്ണിക്കെന്തു പറ്റി? ഉണ്ണിയാര്‍ച്ചക്ക് വല്ലാത്ത പരിഭ്രമമായി.

”എന്താണുണ്ണി നിനക്കെന്തു പറ്റി?”

ഉണ്ണിയാര്ച്ച ഓടിച്ചെന്ന് മകനെ കെട്ടിപ്പുണര്‍ന്നുകൊണ്ടു ചോദിച്ചു.

മകനുടെ മറുപടി കേള്‍ക്കാന്‍
വെമ്പല്‍കൊണ്ടു പ്രിയജനനി
കാരണമെന്താന്നറിയാതവളുടെ
മാതൃഹൃദയം തുടികൊട്ടി
കളിസ്ഥലത്തുണ്ടായ സംഭവങ്ങള്‍ ആരോമലുണ്ണി വള്ളീ പുള്ളീ വിടാതെ അമ്മയെ പറഞ്ഞു കേള്‍പ്പിച്ചു. അപ്പോഴേക്കും അവന്റെ മുഖം ചുവന്നു തുടുത്തു കഴിഞ്ഞിരുന്നു. അവന്‍ അമ്മയോടു ചോദിച്ചു.
” അമ്മേ എന്റെ അമ്മാവനെ കൊന്നത് ആരാണെന്നെനിക്കു അറിഞ്ഞേ തീരു ”

”ഉണ്ണീ ഇത്രയും കാലം ഞാന്‍ അക്കഥ നിന്നില്‍ നിന്നും മറച്ചു വയ്ക്കുകയായിരുന്നു ….” അമ്മ വേദനയോടെ അറിയിച്ചു.

” എനിക്കതറീയണമമ്മേ!… എന്റെ അമ്മാവനെ കൊന്നവരോട് ഞാന്‍ പ്രതികാരം ചെയ്യും …..ഇതു സത്യം…സത്യം…സത്യം .” ആരോമലുണ്ണീ അമ്മയുടെ കാല്‍ തൊട്ടു നെറുകില്‍ വച്ചു. അമ്മ അവനോടു പറഞ്ഞു.

”അക്കഥ കേട്ടാല്‍ നിന്നുടെ രക്തം
തിളച്ചു മറിയും പൊന്മകനേ
അതുകൊണ്ടാണേയക്കഥ നിന്നെ
കേള്‍പ്പിക്കാഞ്ഞു ചിരകാലം !”

” എങ്കിലും ഇനി അത് അമ്മ മൂടി വയ്ക്കണ്ട!… അതുകൊണ്ടാണ് കളീക്കളത്തില്‍ വെച്ച് തെമ്മാടിച്ചെറുക്കന്മാര്‍ എന്നെ നാണം കെടുത്തിയത്! പറയൂ അമ്മേ അമ്മാവനെന്താണു സംഭവിച്ചത്?”

ആരോമലുണ്ണി അമ്മയെ നിര്‍ബന്ധിച്ചു.

ഉണ്ണിയാര്‍ച്ചക്കു പിന്നെ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. അവള്‍ ആരോമല്‍ ചേകവരും അരിങ്ങോടരും തമ്മിലുണ്ടയ പുത്തരിയങ്കത്തിന്റെ കഥ മകനെ പറഞ്ഞു കേള്‍പ്പിച്ചു. വിജയശ്രീലാളിതനായ ആരോമല്‍ ചേകവരെ പിതാവിന്റെ മരുമകനും ദുര്‍മ്മോഹിയുമായ ചന്തു ചതിച്ചു കൊന്ന രംഗം വര്‍ണ്ണിച്ചപ്പോള്‍ ഉണ്ണിയാര്‍ച്ചയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അങ്കത്തിന്റെ ആലസ്യം കൊണ്ട് മയങ്ങിപ്പോയ അമ്മാവന്റെ വയറ്റിലേക്ക് നീചനായ ചന്തു കുത്തുവിളക്കിന്റെ തണ്ട് കുത്തിയിറക്കിയ കഥ കേട്ട് ആരോമലുണ്ണിയുടെ ശരീരം കോപം കൊണ്ട് അടിമുടി വിറച്ചു.

അങ്കപ്പകയാല്‍ നീറിയെറിഞ്ഞു
അവന്റെ മാനസമനുനിമിഷം
ചതിക്കു പകരം വീട്ടാനായി
ട്ടവന്റെയുള്ളം ദാഹിച്ചു….

ആരോമലുണ്ണി തല്ക്കാലം ആരോടും ഒന്നും മിണ്ടിയില്ല. അമ്മാവന്റെ കാരോലപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന ചെമ്പോല തപ്പിയെടുത്ത് അവന്‍ വായിച്ചു. ചന്തുവിന്റെ കുതന്ത്രങ്ങളെ പറ്റിയും അസൂയയെ പറ്റിയും അതില്‍ പലയിടത്തും സൂചിപ്പിച്ചിരുന്നു. ഇനിയും അവനെ വെറുതെ വിട്ടുകൂടെന്നു ആരോമലുണ്ണി നിശ്ചയിച്ചു.

ചതിയന്‍ കൊതിയന്‍ ചെന്നായാകും
ചന്തുവിനോടു കൈനോക്കാന്‍
ഒരുങ്ങി ഒരു നാള്‍ വീരകുമാരന്‍
മറ്റാരോടും പറയാതെ….

ഒരു ദിവസം പുലര്‍ച്ചക്ക് ആരോമലുണ്ണി ആറ്റാം ചിറയില്‍പ്പോയി മുങ്ങിക്കുളിച്ചു വന്നു. ഭയഭക്തികളോടെ അവന്‍ സൂര്യ ഭഗവാനെ വണങ്ങി. അങ്കക്കുറിയും തൊടുകുറിയും ചൂണ്ടു കുറിയും വരച്ചു. പിന്നെ സ്വര്‍ണ്ണമുരസി നെറ്റിയില്‍ പൊട്ടു തൊട്ടു.

ഉണ്ണിയാര്‍ച്ച ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു . മകന്റെ ഈ അണിഞ്ഞൊരുക്കം അമ്മയെ അമ്പരപ്പിച്ചു. അമ്മ വിടര്‍ന്ന കണ്ണൂകളോടെ അവനോടു ചോദിച്ചു.

” കണ്ണേ കരളേ ആരോമലുണ്ണീ
അണീഞ്ഞൊരുങ്ങുവതെന്തിനു നീ
ചന്തുവായിട്ടങ്കം പൊരുതാ-
നുള്ള വളര്‍ച്ച നിനക്കില്ല”

മകന്‍ അണിഞ്ഞൊരുങ്ങുന്നത് ചന്തുവിനോടു ഏറ്റുമുട്ടാനായിരിക്കുമെന്ന് ഉണ്ണിയാര്‍ച്ച സംശയിച്ചിരുന്നു. അവന്റെ മുഖത്ത് എന്തോ ഒരു നിശ്ചയദാര്‍ഢ്യം ഓളം വെട്ടുന്നത് ആ അമ്മ കണ്ടു. അമ്മ വീണ്ടും മകനെ ഓര്‍മ്മപ്പെടുത്തി.

” പെരുത്ത ചതിയുടെ പതിനെട്ടടവും
നന്നായറിയാം ചന്തുവിന്
സൂക്ഷിക്കണം പൊന്നുണ്ണീ നീ
നേരും നെറിയുമവനില്ല”

നേരും നെറിയും കെട്ടവന്‍ എന്തു വഞ്ചനയും ചെയ്യാന്‍ മടിക്കില്ല. അങ്ങനെയുള്ളവരുമായി ഏറ്റു മുട്ടുന്നത് വളരെ സൂക്ഷിച്ചു വേണമെന്ന് അമ്മ ആരോമലുണ്ണിക്ക് മുന്നറിയിപ്പു നല്കി. പക്ഷെ ഉണ്ണി യാതൊരു മറുപടിയും പറഞ്ഞില്ല.

”മെയ്യാഭരണപ്പെട്ടി തുറന്നു
പട്ടുടയാടയണിഞ്ഞുണ്ണി
വളയും തളയും പൊന്മോതിരവും
ചാര്‍ത്തിയൊരുങ്ങി പൊന്നുണ്ണീ
മിനുമിന്നെ മിന്നും തൊപ്പിയണിഞ്ഞു
തോടകള്‍ കാതിലണിഞ്ഞുണ്ണി
വാളൂം പരിചയും കയ്യിലെടുത്തു
പരദൈവങ്ങളെ ധ്യാനിച്ചു!…..”

എല്ലാം മുറപോലെ നടന്നു. ആരോമലുണ്ണിയുടെ അണിഞ്ഞൊരുക്കം പൂര്‍ത്തിയായി. അവന്റെ അങ്കക്കച്ചയുടേയും മെയ്യാഭരണങ്ങളുടേയും പ്രഭാപൂരത്തില്‍ ആ വീടു പോലും വെട്ടിത്തിളങ്ങി. എന്നാല്‍ മകന്റെ ആ എടുത്തു ചാട്ടം ആപത്തിലെത്തുമോ എന്ന് ഉണ്ണിയാര്‍ച്ച വല്ലാതെ ഭയന്നു. അവള്‍ അവനോടു കേണപേക്ഷിച്ചു.

” ആരോമലുണ്ണീ കണ്‍കുളിരേ നീ
അങ്കം വെട്ടാന്‍ പോകരുതേ!
അങ്കത്തട്ടില്‍ വീണൂ മരിച്ചാല്‍
അമ്മക്കാരുണ്ടാശ്രയമായ്?”

ഉണ്ണിയാര്‍ച്ച സങ്കടം സഹിക്കാനാകാതെ ആര്‍ത്തു കരഞ്ഞു. പക്ഷെ അതുകൊണ്ടൊന്നും ആരോമലുണ്ണിയുടെ നിശ്ചയത്തില്‍ മാറ്റമൊന്നുമുണ്ടായില്ല. അമ്മയുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് ആ കൊച്ചു മിടുക്കന്‍ പറഞ്ഞു.

” കരയരുതമ്മേ കരയരുതേ
കരഞ്ഞു സമയം കളയരുതേ
ഇത്തറവാട്ടിന്‍ മാനം കാക്കാന്‍
പോയി വരട്ടെ ഞാനിപ്പോള്‍!”

മകന്റെ ധിരതക്കു മുന്നില്‍ നല്ലവളായ ആ അമ്മ അടിയറവു പറഞ്ഞു. ഈ വീര കുമാരനെ തടഞ്ഞു നിറുത്തുന്നത് അഭിമാനിയായ അമ്മക്ക് ചേര്‍ന്നതല്ലെന്ന് അവള്‍ക്കു ബോധ്യമായി. അവള്‍ മകന്റെ യാത്രക്ക് പച്ചക്കൊടി കാണിച്ചു.

ആരോമലുണ്ണി സന്തോഷം കൊണ്ട് മതിമറന്നു. അവന്‍ അമ്മയെ കെട്ടിപ്പുണര്‍ന്നു കൊണ്ട് പറഞ്ഞു.

”യാത്രാ മംഗളമരുളൂക തായേ
ധീരത ഒട്ടും വെടിയാതെ
വഞ്ചകനവനുടെ തലയും കൊണ്ടേ
തിരികെപോരൂ ഈയുണ്ണി”

മകന്റെ വീറും കൂറും കണ്ട് ഉണ്ണിയാര്‍ച്ചയുടെ മനസ് ആവേശഭരിതമായി. അവള്‍ ആനന്ദാശ്രുക്കളോടേ മകന് യാത്രാ മംഗളമരുളി.

” പോവുക പോവുക പൊന്നുണ്ണി നീ
വീടിന്‍ മാനം കാത്തീടാന്‍
വെന്നിക്കൊടിയും പാറിച്ചെത്തുക
വിജയം നിശ്ചിതമാകട്ടെ!”

സര് വ്വാഭരണവിഭൂഷിതനായ ആരോമലുണ്ണി അങ്കപ്പുറപ്പാടിനു തയാറായി. പോകും മുമ്പ് പൂര്‍ത്തിയാക്കേണ്ട ചില ആചാരങ്ങള്‍ കൂടി അമ്മ അവനെ ഓര്‍മ്മപ്പെടുത്തി.

പോകും വഴിക്ക് പുത്തൂരം വീട്ടില്‍ കയറി മുത്തച്ഛന്റെ കൈ വണങ്ങി അനുഗ്രഹം വാങ്ങണമെന്നും സഹായത്തിനായി ആരോമല്‍ ചേകവരുടെ മകന്‍ കണ്ണപ്പനുണ്ണിയെ കൂടെ കൊണ്ടു പോകണമെന്നും അമ്മാവന്റെ നിലവറക്കകത്തിരിക്കുന്ന ചുരികയും ചോര പുരണ്ട കച്ചയും കയ്യിലെടുക്കണമെന്നും ഉണ്ണിയാര്‍ച്ച മകനെ ഉപദേശിച്ചു.

അവസാനമായി ഒരു മുന്നറിയിപ്പു കൂടി നല്‍കാന്‍ ഉണ്ണിയാര്‍ച്ച മറന്നില്ല അതെന്തായിരുന്നുവെന്നോ?

” നേരിട്ടു വെട്ടി മരിച്ചെതെങ്കില്‍
എല പുല നന്നായി കഴിപ്പിച്ചേക്കാം
ഒളീവാളൂകൊണ്ടു മരിച്ചതെങ്കില്‍
പച്ചോലേല്‍ കെട്ടി വലിപ്പിക്കേണ്ടു”

ഇത് പറഞ്ഞതോടെ ഉണ്ണിയാര്‍ച്ച പൊട്ടിക്കരഞ്ഞു പോയി. എങ്കിലും ഉണ്ണിയുടെ നെറുകില്‍ ചുംബിച്ച് വീണ്ടും ആശീര്‍വദിച്ച് അവനെ യാത്രയാക്കി.

”കാടും മലയും കുണ്ടും കുഴിയും
കേറി മറിഞ്ഞു പൊന്നുണ്ണീ
തോടും പുഴയും പാടവരമ്പും
നീന്തിക്കേറി പൊന്നുണ്ണി!”

അങ്ങനെ ആരോമലുണ്ണി പുത്തൂരം വീടിന്റെ മുറ്റത്തെത്തി. അങ്കക്കച്ചയണിഞ്ഞ് തലയെടുപ്പുള്ള ഒരു പടനായകനേപ്പോലെ അവന്‍ നടന്നു വരുന്നത് അമ്മായി അമ്മ കുഞ്ഞുണ്ണൂലി അകലെ വച്ചു തന്നെ കണ്ടിരുന്നു. അമ്മായി അവനെ വീടിന്റെ നാല്‍ക്കെട്ടിനകത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

അങ്കച്ചമയങ്ങളണിഞ്ഞു നില്‍ക്കുന്ന ആരോമലുണ്ണിയെ കണ്ട് അമ്മായി പെട്ടന്നു പൊട്ടിക്കരഞ്ഞു. ഇതുപോലെ അങ്കച്ചമയങ്ങളണിഞ്ഞ് അങ്കത്തിനു പുറപ്പെട്ട ആരോമല്‍ച്ചേകവരെ കുറിച്ചുള്ള ഓര്‍മ്മകളാണ് അവരെ കരയിച്ചത്.

” അമ്മായി കണ്ണപ്പനുണ്ണി എവിടെ ?” ആരോമലുണ്ണി അന്വേഷിച്ചു.
” അവന്‍ തേവാരക്കൊട്ടിലില്‍ പോയിരിക്കയാണ്. തേവാരം കഴിഞ്ഞ് ഇപ്പോ മടങ്ങിയെത്തും ” അമ്മായി പറഞ്ഞു.

പെട്ടന്നവിടെടൊരു മിന്നലു മാതിരി കണ്ണപ്പനുണ്ണീ പാഞ്ഞെത്തി.

”കണ്ണപ്പനുണ്ണി , നീയും അങ്കക്കച്ചയണിഞ്ഞോളു നമുക്ക് ചന്തുവിന്റെ കോട്ടയിലേക്ക് ഉടനെ പുറപ്പെടണം” ആരോമലുണ്ണി അറിയിച്ചു.

” ഞാന്‍ പുറപ്പെടാം പക്ഷെ നീ മുന്നില്‍ നിന്നോളണം ” കണ്ണപ്പനുണ്ണി ആവശ്യപ്പെട്ടു.

” ശരി അക്കാര്യം ഞാനേറ്റു !… ആരോമലുണ്ണി കണ്ണപ്പനുണ്ണിയെ ധൈര്യപ്പെടുത്തി.

അപ്പോള്‍ കുഞ്ഞുണ്ണൂലി പറഞ്ഞു.

” അങ്കത്തിനാണ് കണ്ണപ്പനുണ്ണി പോകുന്നതെങ്കില്‍ അച്ഛന്റെ ചമയങ്ങളണിഞ്ഞിട്ടേ പോകാവു ”

കണ്ണപ്പനുണ്ണീ അമ്മയുടെ വാക്കുകള്‍ അതേപടി അനുസരിച്ചു . അച്ഛന്‍ പണ്ട് അങ്കത്തിനു പോകുമ്പോള്‍ അണിഞ്ഞിരുന്ന ചമയങ്ങളെടുത്ത് അവന്‍ മോടിയില്‍ അണിഞ്ഞു.

”അങ്കച്ചമയമണിഞ്ഞവനെങ്ങനെ
അകത്തളത്തില്‍ നിന്നപ്പള്
അച്ഛന്‍ വീണ്ടും തിരിച്ചു വന്നതു
മാതിരിയമ്മക്കാനന്ദം”

കണ്ണപ്പനുണ്ണിയുടെ അണിഞ്ഞൊരുക്കം കഴിഞ്ഞപ്പോള്‍ കുഞ്ഞുണ്ണൂലി ആരോമലുണ്ണിയോടു പറഞ്ഞു.

” ഉണ്ണി അമ്മാവന്‍ മരിച്ച ശേഷം ചുരികയുടെ ശബ്ദം ഞാന്‍ കേട്ടിട്ടില്ല. എനിക്ക് അത് കേള്‍ക്കാന്‍ കൊതിയാകുന്നു”

അമ്മായി ഇങ്ങനെ പറഞ്ഞതു കേട്ട് ആരോമലുണ്ണി ചുരികയും പരിചയും കയ്യിലെടുത്തു.

”ചുരികയിളക്കിത്താരി മുഴക്കി
വീരകുമാരന്‍ പെട്ടന്ന്
കോലോം നാലും നഗരികള്‍ നാലും
അതു കേട്ടയ്യോ വിറകൊണ്ടു”

ചുരിക കൊണ്ടുള്ള താരിമുഴക്കം കേട്ട് വീടും നാടും നഗരങ്ങളും ഞെട്ടി വിറച്ചു.

ആരോമല്‍ച്ചേകവര്‍ മരിച്ചതില്‍ പിന്നെ പുത്തൂരം വീട്ടില്‍ നിന്ന് ചുരികയുടെ മുഴക്കം കേട്ടിട്ടില്ല. ഇപ്പോള്‍ ഈ ശബ്ദം കേട്ടതെന്താണ്? അതറിയാനായി നാടുവാഴിത്തമ്പുരാന്‍ ആനപ്പുറത്തേറി അവിടെക്കു വന്നു. തമ്പുരാന് അകമ്പടിയായി ആയിരത്തിലേറെ നായകന്മാരും അവിടെയെത്തി.

മുറ്റത്തു പടയും പട്ടാളവും വന്നതു കണ്ട് ആരോമലുണ്ണി അമ്പരന്നു.

” ഇടിയോ വെടിയോ പടഹധ്വനിയോ
എന്താണാവോ കേള്‍പ്പു നാം
നാടുപിടിക്കാനെതിരാളികളുടെ
പടയെങ്ങാനും വന്നെന്നോ?”

നാടുവാഴിത്തമ്പുരാന്‍ വിവരമന്വേഷിച്ചു.

അപ്പോള്‍ കുഞ്ഞുണ്ണൂലി തമ്പുരാനെ താണുവണങ്ങിയിട്ട് വിവരങ്ങളെല്ലാം ഉണര്‍ത്തിച്ചു. തമ്പുരാന് സന്തോഷമായി. ചന്തുവിനെ നേരിടാന്‍ പോകുന്ന ചുണക്കുട്ടിയായ ആരോമലുണ്ണിക്ക് തമ്പുരാന്‍ തന്റെ കയ്യില്‍ കിടന്ന ഒരു സ്വര്‍ണ്ണ വള ഊരി സമ്മാനിച്ചു. അദ്ദേഹത്തിന്റെ തലയിലിട്ടിരുന്ന പട്ടു തൂവാലയെടുത്ത് കണ്ണപ്പനുണ്ണിക്ക് സമ്മാനിച്ചു എന്നിട്ടു പറഞ്ഞു.

” ചതിക്കു പകരം വീട്ടീട്ടുടനെ
ജയിച്ചു പോരിക കുട്ടികളേ
നേരും നെറിയും വിജയിക്കട്ടെ
വഞ്ചകവീരന്‍ തുലയട്ടെ”

തമ്പുരാന്റെ അനുഗ്രഹം വാങ്ങിയ ശേഷം അവര്‍ മുത്തച്ഛന്റെ അനുഗ്രഹം വങ്ങാനായി ചെന്നു. മുത്തച്ഛന് ആരോമലുണ്ണിയുടെ വിജയത്തില്‍ അല്പ്പം സംശയം തോന്നി അദ്ദേഹം ചോദിച്ചു.

” ഉണ്ണി എന്റെ കൊച്ചു മകനായ നിന്നെയും മരുമകനായ ചന്തുവിനേയും പഠിപ്പിച്ചത് ഞാന്‍ തന്നെയല്ലേ? ഒരേ‍ വിദ്യ തന്നെയാണ് ഞാന്‍ ഇരുവര്‍ക്കും തന്നത്. അവനാണെങ്കില്‍ ചതി പ്രയോഗങ്ങളും അറിയാം. പിന്നെ നീ എങ്ങനെ ജയിക്കും ?”

” ഇല്ല മുത്തച്ഛാ ഞാന്‍ തോല്‍ക്കില്ല ആത്മധൈര്യം എനിക്കുണ്ട് ” ആരോമലുണ്ണി നെഞ്ചത്തടിച്ചു പറഞ്ഞു.

” നീ ചുരികയും പരിചയും എടുക്കു നമുക്കു തമ്മില്‍ ഒന്നു പയറ്റാം ” മുത്തച്ഛന്‍ പറഞ്ഞു.

മുത്തച്ഛനും പേരക്കുട്ടിയും തമ്മിലിടഞ്ഞു

വാളും വാളും തമ്മിലിടഞ്ഞു
അടിയും തടയും പൊടി പൂരം
പതിനെട്ടടവും തെളിച്ചു കാട്ടി
ഉണ്ണി മിടുക്കന്‍ മടിയാതെ

പതിനെട്ടടവുകളും ചന്തുവിനുമാത്രമായുണ്ട് മാത്രമോ ചതിപ്രയോഗത്തില്‍ അവന്‍ മുമ്പനുമാണ്.
എന്താ ചെയ്ക? അതിന് മുത്തച്ഛന്‍ ഒരു പോംവഴി കണ്ടു പിടിച്ചു.

മുത്തച്ഛന്‍ പറഞ്ഞു.

” ഞാന്‍ നിനക്ക് പത്തൊമ്പതാമത്തെ ഒരടവുകൂടി പഠിപ്പിച്ചു തരാം. ചതിപ്രയോഗത്തെ ജയിക്കുന്നതിനുപകരിച്ചേക്കും”

ആരോമലുണ്ണി മുത്തച്ഛന്റെ കാല്‍ക്കല്‍ വീണ് വണങ്ങിയിട്ട് പത്തമ്പൊതാമത്തെ ആ അടവ് വശമാക്കിയെടുത്തു. പിന്നെ അദ്ദേഹത്തിന്റെ അനുഗ്രഹവും വാങ്ങി യാത്രയായി.

അങ്കം പൊരുതുവാനാശിച്ചങ്ങനെ
യുണ്ണി നടന്നു വേഗത്തില്‍
അവന്റെ നിഴലായ് കണ്ണപ്പനുണ്ണിയും
പാഞ്ഞു നടന്നു പിന്നാലെ

കടത്തുവള്ളം കടന്നും മലചാടി മറഞ്ഞും ആ വീരന്മാര്‍ താമസിയാതെ ചന്തുവിന്റെ കോട്ടക്കരി‍കിലെത്തി. കോട്ടക്കു ചുറ്റുമുള്ള ചതിപ്പണികളെല്ലാം നോക്കി മനസിലാക്കി.

കോട്ടവാതിലടച്ച് അകത്തു ചന്തു ഇരിപ്പുണ്ടായിരുന്നു . ആരോമലുണ്ണി വാതിലില്‍ കൊട്ടിയിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു.

” വാതില്‍ തുറക്കിന്‍ ചന്ത്വാമ്മാവാ
വാതില്‍ തുറക്കിന്‍ വേഗത്തില്‍
പകരം വീട്ടാന്‍ വന്നവരാണെ
ഞങ്ങടെയുള്ളില്‍ പകയുണ്ടേ”

അതുകേട്ട് ചന്തു ഒന്നു ഞെട്ടി. എങ്കിലും അവന്‍ ഗമ വിടാതെ ചോദിച്ചു.
” പകരം വീടാന്‍ വന്നവരാണോ ? പുത്തൂരം വീട്ടില്‍ ഇനി എന്നോടു പകരം വീട്ടാന്‍ പറ്റിയ ആരും ജീവിച്ചിരിപ്പില്ലല്ലോ…!”

ചന്തുവിന്റെ സംസാരം ആരോമലുണ്ണിക്ക് ഒട്ടും ഇഷടമായില്ല. അവന്‍ കോപം കൊണ്ടു വിറച്ചു. തന്റെ മടിയിലിരുന്ന ഒരു പന്നിപ്പടക്കമെടുത്ത് അവന്‍ കോട്ടമതിലിലേക്കെറിഞ്ഞു. മതിലിന്റെ ഒരു ഭാഗം തകര്‍ന്നു ചിതറി !

പൊഴിവാതിലിലൂടെ പുറത്തു കടക്കാന്‍ ശ്രമിച്ച ചന്തുവിനെ കണ്ണപ്പനുണ്ണി തടഞ്ഞു നിറുത്തി. ചന്തു അവരെ നോക്കി അലറി.

” ജീവന്‍ വേണേലോടിക്കൊള്ളുക
വേഗം തെണ്ടി പരിഷകളെ
അരിഞ്ഞു കഴുകര്‍ക്കിരയാക്കും ഞാന്‍
കഴുത്തിലണിയും കുടല്‍ മാല!”

ചന്തുവിന്റെ ധിക്കാരം കേട്ട് ആരോമലുണ്ണി അവന്റെ നേര്‍ക്ക് ചാടി വീണൂ ”എടാ ചതിയന്‍ ചന്തു …. എന്റെ അമ്മാവനെ കൊന്ന വഞ്ചകാ !.. നിന്നോട് പകരം വീട്ടാനാണ് ഞങ്ങള്‍‍ വന്നിരിക്കുന്നത് നിന്നെ ഞങ്ങള്‍ ജീവനോടെ വിടില്ല ”

പിന്നെ പൊരിഞ്ഞ പോരാട്ടമാണവിടെ നടന്നത്.

ചുരികകള്‍ പരിചകള്‍ തമ്മിലിടഞ്ഞു
തണ്ഡ തണ്ഡണല്‍ നാദം കേള്‍ക്കാനായി
അടിയുടെ ഇടിയുടെ ‘ ധടപടു ‘ നാദം അവിടെ മുഴങ്ങി കേള്‍ക്കാനായി….

കൊലകൊമ്പനാനയും സിംഹക്കുട്ടിയും ഏറ്റു മുട്ടുമ്പോലെ അത്യുഗ്രമായ യുദ്ധം നടന്നു. ആരോമലുണ്ണിയും ചന്തുവും പഠിച്ച പണി പതിനെട്ടും പയറ്റി തളര്‍ന്നു. ആര്‍ക്കും ആരേയും കീഴ്പ്പെടുത്താനാവുന്നില്ല. ഒടൂവില്‍ ചന്തു ചതിപ്രയോഗത്തിനൊരുങ്ങി. പക്ഷെ അതിനു മുമ്പേ തന്നെ ആരോമലുണ്ണി തന്റെ മുത്തച്ഛന്‍ പഠിപ്പിച്ചുവിട്ട പത്തൊമ്പതാമത്തെ അടവ് പ്രയോഗിച്ചു . അതു ഫലിച്ചു. ആരോമലുണ്ണിയുടെ തിരിഞ്ഞും മറിഞ്ഞുമുള്ള ചുരികപ്പറ്റിനിടയില്‍ ചന്തുവിന്റെ കയ്യില്‍ നിന്നും ആയുധം തെറിച്ചു താഴെ വീണു!…..

എന്തിലുമവനൊരു ചീറ്റപ്പുലിയായ്
കുതിച്ചു ചാടിയടുത്തല്ലോ
വീരകുമാരന്മാരെക്കൊല്ലാന്‍
കുരച്ചു ചാടിയടുത്തല്ലോ

പക്ഷെ ചന്തുവിന് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല അതിനു മുമ്പായി അരോമലുണ്ണി ആഞ്ഞൊരു വെട്ട് വെട്ടി കൊലകൊമ്പനായ ചന്തുവിന്റെ തലയും കയ്യും ദൂരെ തെറിച്ചു വീണൂ പിടഞ്ഞു !…..

അവന്റെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് ദിഗന്തങ്ങള്‍ ഞെട്ടി വിറച്ചു.

ചോരയില്‍ മുങ്ങി നിലത്തു കിടന്നു
തലയില്ലാതെയവന്റെ ജഡം…
കഴുകന്‍ ചുറ്റിയടിച്ചു പറന്നു
വട്ടം കൂടി കാകന്മാര്‍ !…..

ആരോമലുണ്ണിയും കണ്ണപ്പനുണ്ണിയും കൂടി ചന്തുവിന്റെ ശിരസ്സ് ഒരു വീരാളിപ്പട്ടില്‍ പൊതിഞ്ഞെടുത്തു. വിജയഭേരിയും മുഴക്കിക്കൊണ്ട് ആ ചുണക്കുട്ടികള്‍ പുത്തൂരം വീട്ടിലേക്കു കുതിച്ചു. പട്ടില്‍ പൊതിഞ്ഞെടുത്ത ആ വഞ്ചകന്റെ തല ധീരനായ ആരോമലുണ്ണി തന്റെ ഗുരുനാഥനായ മുത്തച്ഛന്റെ കാല്‍ക്കല്‍ കാണിക്കയായി സമര്‍പ്പിച്ചു.

” മുത്തച്ഛാ !… എന്റെ അങ്കപ്പുറപ്പാട് പൂര്‍ത്തിയായി ഇതാ ചന്തുവിന്റെ തല!”

ചതിയന്മാരെ കൊതിയന്മാരെ
ഇക്കഥ കേട്ടു പഠിച്ചോളൂ
ചതിയും കൊതിയും കൊണ്ടു നടന്നാല്‍
തലയും പോകും സൂക്ഷിച്ചോ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English