ആർക്കും വേണ്ടാതനാഥമായി വീണതോ
ആരും കൊതിക്കുന്നൊരാഞ്ഞിലിപ്പഴങ്ങളും
രക്തം ചിന്തി പിടയുന്നുവോ നീ
രക്തം ഇല്ലാത്തൊരീ ലോകർക്കു മുന്നിൽ
മധുരം നുണയുന്ന നാവുകളില്ല
മധുരപ്പഴത്തിനെ കല്ലെറിയും ബാല്യംങ്ങളില്ല
മധുരിക്കും ഓർമ്മതൻ സ്പന്ദനമില്ല
മണ്ണിൽ നിറം മങ്ങുന്നുവോ ഈ നാട്ടറിവുകളും
തൊടികളിൽ മണ്ണിലീത്തോട്ടിറമ്പിൽ
തോറ്റു പോകാത്ത കൗമാരമാനസത്തിൽ
തൊട്ടുണർത്തുന്നൊരീ വേറിട്ട കാഴ്ചകൾ
തോറ്റു പോകുന്നുവോയീ കൃത്രിമത്തിൽ
ആഞ്ഞിലീമേലെ നിറയുന്ന മധുവും
ആഞ്ഞടിച്ചീടുന്ന ബാല്യകേളികളും
മധുരം നുണഞ്ഞുകൂട്ടായി വിരിയുന്ന
മനതാരിനേകത്വഭാവവും അന്യമാകുന്നുവോ
അല്ലിയായി വിരിയുന്ന സ്നേഹവാത്സല്യമായി
അല്ലലകറ്റുന്ന കാരുണ്യദീപമായി
വല്ലം നിറച്ചൊരീപ്പഴത്തെ, ഇന്ന്
വടുവായി കാണുന്നിന്നീ നീച്ചർ
കാലവും കാലചക്രവും നീങ്ങുമ്പോൾ
കാലാന്തരത്തിൽ നീ പുണ്യമായി തുടിക്കുന്നു
യുഗങ്ങളിലീലോകനന്മയ്ക്കായി വല്ലം
നിറച്ചൊരു സ്നേഹദീപമായിയുണരുന്നു നീയും
കാലക്കണക്കുകൾ തെറ്റിയിട്ടീ മർത്ത്യർ
കാലന്റെ വായിലായെത്തിടും
കാഴ്ചകൾ മങ്ങാത്ത ബാല്യങ്ങൾ
കാറ്റായി നാട്ടിൻപുറത്തന്നോടി കളിച്ചിടും
അന്നു നീ വിശപ്പടക്കുന്ന ഒരു,
അർഥദാഹിയല്ലാത്ത ദൈവമായി മാറിടും
ആരും കൊതിക്കുന്ന ഫലമായി തീർന്നിടും
ആയിരമല്ലികളിൽ അന്നു നീ ഫണം വിടർത്തിയാടിടും