വാർഷികമഹാമഹം..

cracker-clipart-diwali-firework-1

മോന്റെ വെൽക്കം സ്പീച്ച് ഉള്ളതു കൊണ്ട് മാത്രമല്ല പ്രമുഖ സാഹിത്യ നായകൻ വരുന്നു എന്നറിഞ്ഞതു കൊണ്ടു കൂടിയാണ് സ്ക്കൂൾ വാർഷികത്തിന് പൊയ്ക്കളയാമെന്ന് വിചാരിച്ചത്.വെൽക്കം സ്പീച്ച് എന്നതിന് പകരം സ്വാഗത പ്രസംഗം എന്നു പോരെ എന്നു മോനോട് ചോദിച്ചപ്പോൾ ‘’അങ്ങനെ പറയാൻ പാടില്ല,കഴിയുന്നതും മലയാളം യൂസ് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം എന്നാണ് ടീച്ചർ പറഞ്ഞിരിക്കുന്നതെന്ന് മോന്റെ മറുപടി.അറിയാതെങ്ങാനും മലയാളം പറഞ്ഞു പോയാൽ ഫൈൻ ഈടാക്കാൻ ക്ളാസ് ലീഡർമാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രേ! വളരെ നല്ലത്! സ്ക്കൂളിലേക്ക് പോകുന്നതിനുള്ള അവസാന തയ്യാറെടുപ്പിലാണ് മകൻ..അതിനിടയിൽ ഡിയർ പാരന്റ്സ് എന്ന അഭിസംബോധന കേട്ട് ചോദിച്ചു പോയി ‘’മോനേ,പേരന്റ്സ് എനാല്ലേ ശരിക്കും പറയേണ്ടത്?
‘’അല്ല ഡാഡീ,പാരന്റ്സ് എന്നാ ടീച്ചർ പഠിപ്പിച്ചത്.’’ ഇനി നമ്മളെന്തു പറഞ്ഞിട്ടും കാര്യമില്ല,പാരന്റ്സ് അഥവാ പേരന്റ്സ് എന്ന ഹതഭാഗ്യർ എന്തു പറഞ്ഞാലും ടീച്ചർമാർ പറയുന്നത് തന്നെ കുട്ടികൾക്ക് വേദ വാക്യം.
സ്ക്കൂളിൽ ചെല്ലുമ്പോൾ വിശിഷ്ടാതിഥികളൊക്കെ കാലേ കൂട്ടി എത്തി കാത്തിരിപ്പാണ്..ഒരാൾ കൂടി വരാനുണ്ടത്രേ,മറ്റാരുമല്ല ഒരു സീരിയൽ താരമാണ്..കാത്തിരിപ്പിനൊടുവിൽ അവരുമെത്തി,പരിപാടി തുടങ്ങി. മറ്റുള്ളവരെല്ലാമുണ്ടെങ്കിലും സീരിയൽ സിനിമാ താരങ്ങളില്ലാതെ എന്ത് ആഘോഷം? വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ വെൽക്കം സ്പീച്ച് നടന്നു. ഓരോർത്തർക്കും സ്വാഗതം പറയുമ്പോൾ ബൊക്കെ കൊടുക്കുന്നത് കൂടാതെ ഒരു പടക്കവും പൊട്ടി.പ്രതീക്ഷയില്ലാതിരുന്നതിനാൽ എല്ലാവരുമൊന്ന് ഞെട്ടി.വെടിക്കെട്ടിനായി സ്കൂളിന്റെ മുകളിൽ ആളെ ഏർപ്പാട് ചെയ്തിരിക്കുകയാണ്
.എങ്ങനെയുണ്ട് വെടിക്കെട്ടെന്ന മട്ടിൽ പ്രൻസിപ്പൽ മാത്രം ഞെട്ടാതിരിക്കുന്നു. ഉൽഘാടനം,സമ്മാന ദാനം എല്ലാം കഴിഞ്ഞായിരുന്നു സുവനീർ പ്രകാശനം.സീരിയൽ താരത്തിന്റെയും മറ്റു താരങ്ങളുടെയുമൊക്കെ പ്രകടനം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഞാനെന്തു പ്രകടനം നടത്താൻ എന്ന മട്ടിൽ വന്ദ്യവയോധികനായ സാഹിത്യ നായകൻ എഴുന്നേറ്റു.വർണ്ണക്കടലാസിൽ റിബൺ കെട്ടിയ പൊതിയഴിച്ചപ്പോൾ മാന്ത്രികന്റെ പ്രകടനം പോലെ പൊതിയിൽ ഒരു കവർ പേജ് മാത്രം! സാംസ്കാരിക നായകൻ അന്തം വിട്ടു.ഇതെന്ത് മായാജാലം..പെട്ടെന്നാണ് ഒരു വെടി പൊട്ടിയത്.അന്തം വിട്ടതിനു പുറമെ അദ്ദേഹം ഒന്നു ഞെട്ടുകയും ചെയ്തു. സ്റ്റേജിൽ നിന്ന് താഴെ വീഴാതിരുന്നത് എന്തോ ഭാഗ്യം.
’സാറേ,കവർ മാത്രമേ റെഡിയായിട്ടുള്ളു. ബാക്കി പ്രസ്സിലാ.. പ്രകാശനം എന്തായാലും ഇതിന്റെ കൂടെത്തന്നെ നടത്തിയേക്കാമെന്ന് വിചാരിച്ചു.’’ പ്രിൻസിപ്പൽ സാഹിത്യ നായകന്റെ ചെവിയിൽ മന്ത്രിച്ചു.അങ്ങനെ പ്രസ്സിലിരിക്കുന്ന സുവനീറിന്റെ പ്രകാശനവും സമംഗളം നടന്നു.സാഹിത്യനായകൻ പ്രസംഗം ഏതാനും വാക്കുകളിലൊതുക്കി.വെടിക്കെട്ടിനും സീരിയൽ താരങ്ങൾക്കുമിടയിൽ എന്ത് സാഹിത്യം?വെൽക്കം സ്പീച്ചും കേൾക്കാൻ വന്ന സ്പീച്ചും കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനി ഇരിക്കേണ്ട കാര്യമില്ല.അല്ലെങ്കിൽ തന്നെ താരങ്ങളുടെയൊക്കെ പ്രകടനം കഴിഞ്ഞതിനാൽ ഇപ്പോൾ പ്രേക്ഷകരുടെ എണ്ണത്തേക്കാൾ കൂടുതൽ കസേരയുടെ എണ്ണമാണ്.ഇറങ്ങാൻ നേരം വീണ്ടുമൊരു വെടി..കലാപരിപാടികൾ തുടങ്ങാൻ പോകുന്നു എന്ന മുന്നറിയിപ്പാണ്. പണ്ട് ഉൽസവങ്ങളിൽ മാത്രം കണ്ടിരുന്ന വെടിക്കെട്ടും ആനയുമൊക്കെ വിദ്യാലയങ്ങളിലും പാർട്ടി സമ്മേളനങ്ങളിലേക്കും കടന്നു വന്നിരിക്കുന്നു.വെറും പ്രസംഗങ്ങളും കലാപരിപാടികളും മാത്രമായിട്ട് എന്ത് സ്ക്കൂൾ വാർഷികം?കാലം മാറുമ്പോൾ കോലവും മാറണം.നാടോടുമ്പോൾ നടുവെ ഓടണം,ആന ഓടുമ്പോൾ പുറകെയും..

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഒരു കുട്ടിക്ക് ഒരു പുസ്തകം
Next articleമായ വി ആർ സുധീഷ്
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here