അറവുശാലയ്ക്കടുത്ത്
താമസമാക്കിയതിൽപ്പിന്നെ
കുഞ്ഞിനെന്നും
കരച്ചിലാണ്.
എനിക്കും തോന്നാറുണ്ട്
ചോരയിൽ പുതഞ്ഞ
ഒരാട്ടിൻകുട്ടിയുടെ
ദയനീയനോട്ടം
പിന്തുടരുന്നുണ്ടെന്ന്.
ആടിനെ
അറുത്തദിവസങ്ങളിലൊക്കെ
‘നമുക്കിവിടെ വേണ്ടമ്മേ’ന്നുള്ള
ഒരു നിലവിളിയോടൊപ്പം
ഒരു കുഞ്ഞാടിൻ്റെ
നിലവിളിയും
കാതിൽ വന്നലയ്ക്കും
അപ്പോഴൊക്കെ അവളെ
ചേർത്തുപിടിച്ച
വിരലുകൾ ഊർന്നുപോയിട്ടുണ്ട്.
പിന്നെ ചെറിയ
മുരടനക്കങ്ങളെപ്പോലും ഭയന്നു
കുഞ്ഞു പതുങ്ങിയിരുന്നു..
പിറ്റേന്നു ചോറിനൊപ്പം
വിളമ്പുന്ന
വെന്തയിറച്ചിക്കഷണങ്ങളിൽ
ഒരു ആടിൻ്റെ നോട്ടം
വല്ലാതെ നോവിക്കും.
അറവുമൃഗങ്ങളുടെ
കണ്ണുകളിൽ
പിടയ്ക്കുന്നതെന്താണ്?
കുഞ്ഞായിരുന്നപ്പോൾ,
ശരിയേതെന്നറിയാത്തപ്പോൾ
എത്രവട്ടമാലോചിച്ചിട്ടുണ്ട് !
കരഞ്ഞുകരഞ്ഞു
തളർന്ന ഒരു ദിവസമാണ്
ഞാനുമൊരു അറവുമൃഗത്തെപ്പോലെയാണെന്ന് തിരിച്ചറിഞ്ഞത്.
മുതിർന്നപ്പോഴാണ്
എല്ലാവർക്കും ശരികൾ
വേറെവെറേയാണെന്ന്
തിരിച്ചറിയുന്നത്
ഒരു പായയിലുറങ്ങിയാലും
ഒരു പാത്രത്തിലുണ്ടാലും
മുറിച്ചുകളയാനാവും
പലതുമെന്ന് തിരിച്ചറിയുന്നത്.
വേരുകളുടെ ആഴങ്ങളോളം
പോകാൻ വയ്യ!
മുണ്ടുമുറുക്കിയുടുത്ത്
പണിയെടുത്തൊരു
സ്നേഹമുണ്ട്,
കിതച്ചുകിതച്ചു
സമയത്തെ തീർക്കുന്നതു
കണ്ടാൽ
ചങ്കിലേക്കൊരു തീക്കോൽ കയറുകയാണ്!
കണ്ടില്ലെന്ന്
കണ്ണിറുക്കിച്ചിമ്മുകമാത്രമാണ്..
സ്നേഹവും വാത്സല്യം
വച്ചുവിളമ്പിയൊരമ്മ
ഉണ്ടാക്കുന്നതിനൊന്നും
പഴയരുചിയില്ല !
പുതിയരുചിക്കൂട്ടുകൾ
അടുക്കള കീഴടക്കിക്കളഞ്ഞതല്ല!
പ്രണയിച്ചിരുന്നു.
മഴയ്ക്കും വെയിലിനുമൊപ്പം നനഞ്ഞ്…
ഇരുട്ടിനെ കീറിക്കളഞ്ഞ്
വെളിച്ചത്തെ പകുത്തുതന്നവനെ..
അതൊരു കിനാവിൻ്റെയറ്റത്തു
കെട്ടിയിട്ടപട്ടമാണെന്നും
അതൊരിക്കലും
യാഥാർത്ഥ്യമായിരുന്നില്ലെന്നും
കല്ലെറിഞ്ഞവർ തിരിച്ചറിഞ്ഞില്ല..
ഞാനും !
നിഴലിനെ പ്രണയിക്കുക,
നിഴലൊരിക്കലും
വിട്ടുപോകുന്നില്ലല്ലോ
എന്നു ചിരിച്ചുതള്ളണം …
അപ്പോഴും
ഓർമ്മപ്പെടുത്തുന്നുണ്ടാവും,
പിടിച്ചുവലിക്കുന്നുണ്ടാവും
ചില ബന്ധനങ്ങൾ..
പിടിച്ചുകെട്ടണംപോലും
ചിന്തകളേയും.!
നിറഞ്ഞുനിറഞ്ഞു
കരകവിഞ്ഞൊരു
പുഴയ്ക്കൊപ്പം ഒഴുകിമറയണം.
ഒരു പെരുമഴയത്ത്
മഴയ്ക്കൊപ്പം
അലറിക്കരയണം.
നനയണം!
നാളത്തെ അറവുമൃഗം
ഒന്നുമറിയാതെ കുഞ്ഞിനെ
നക്കിത്തുടയ്ക്കുകയാണ്!
സരിത പരിയാരം .