അനിമൽ ഫാം: വെളിപാടുകളുടെ പുസ്തകം

28277266_510896279307732_4319650976001074716_n

പ്രവചന സ്വാഭാവമുള്ള നോവലുകൾ ലോക സാഹിത്യത്തിൽ തന്നെ അധികമില്ല. നടന്നു കഴിഞ്ഞതും നടക്കനിരിക്കുന്നതുമായ ഭരണകൂടങ്ങളുടെ ഭീകരതകളെ അനാവരണം ചെയ്യുന്ന നോവലാണ് ജോർജ് ഓർവെലിന്റെ അനിമൽ ഫാം. അലിഗറിയുടെ സഹായത്തോടെ സാധാരണ ഭാഷയിൽ അധികാരത്തിന്റെ അസാധാരണമായ ജീവിതം അത് വരച്ചിടുന്നു. ലോഗോസ് പ്രസിദ്ധീകരിക്കുന്ന അനിമൽ ഫാമിന്റെ പരിഭാഷകൻ എൽ.അശോകന്റെ പുസ്തകത്തെക്കുറിച്ചുള്ള മുന്കുറിപ്പ് വായിക്കാം

 

വെളിപാടുകളുടെ പുസ്തകം

‘അബോധത്തിൽ അധികാരദാഹമുള്ളവർ ഗൂഢലക്ഷ്യത്തോടെ നയിച്ച കലാപം.’ റഷ്യൻ വിപ്ലവത്തെ ജോർജ്ജ് ഓർവൽ നിർവ്വചിച്ചതിങ്ങനെയാണ്. അത് നയിച്ചവരുടെ ജീവിതത്തിൽമാത്രം മാറ്റംവരുത്തി. കുരിശുമല ചുമക്കാൻ വിധിക്കപ്പെട്ട സാധാരണ മനുഷ്യരുടെ ജീവിതം മാറ്റമില്ലാതെ തുടർന്നു. ‘അനിമൽ ഫാം’ പ്രാഥമികമായി റഷ്യൻ വിപ്ലവത്തെ അധികരിച്ചെഴുതിയ രാഷ്ട്രീയ ആക്ഷേപഹാസ്യനോവലാണ്. അതേസമയം അത് തെറ്റിപ്പോയ എല്ലാ വിപ്ലവങ്ങളുടെയും ചരിത്രവും വർത്തമാനവുമാണ്.
ഈ നോവലിലെ കഥാപാത്രങ്ങളോട് സാദൃശ്യമുള്ള വ്യക്തികളെയും സംഭവങ്ങളെയും പ്രത്യക്ഷത്തിൽത്തന്നെ റഷ്യൻ ചരിത്രത്തിൽനിന്ന് കണ്ടെടുക്കാം. ജോൺ വെയിൻ പറയുംപോലെ ആത്മസമർപ്പണത്തിന്റെ അനന്വയരൂപമായ ബോക്സർ എന്ന കുതിര ഒരു കഥാപാത്രമല്ല മറിച്ച് എല്ലാദേശത്തേയും അദ്ധ്വാനിക്കുന്ന ജനവർഗ്ഗത്തിന്റെ പ്രതിനിധിയാണ്. മേജർ എന്ന കിഴവൻ പന്നി ലെനിനാണ്. നെപ്പോളിയൻ സ്റ്റാലിനും സ്നോബാൾ ട്രോട്സ്കിയുമാണ്. മേജറുടെ പ്രഭാഷണം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനപ്രമാണങ്ങളെ ഓർമ്മപ്പെടുത്തുന്നു.
കാർഷിക-വ്യാവസായിക മുൻഗണനാക്രമങ്ങളെക്കുറിച്ച് സ്റ്റാലിനും,ട്രോട്സ്കിയും തമ്മിൽ റഷ്യയിൽ നിലനിന്ന തർക്കങ്ങളെ ഓർമ്മിപ്പിക്കുന്നതാണ് നെപ്പോളിയനും സ്നോബാളും തമ്മിലുള്ള തർക്കങ്ങളും വിയോജിപ്പും.

നെപ്പോളിയൻ അധികാരത്തിലെത്തി ഉടൻതന്നെ സ്നോബാളിന്റെ പദ്ധതികൾ നടപ്പാക്കുന്നു. അതിനെ അടവുനയങ്ങൾ എന്ന ചരിത്രത്തിൽ കുപ്രസിദ്ധിനേടിയ പ്രയോഗത്തിലൂടെ സ്ക്വീലർ സാധൂകരിക്കുന്നു. ജോൺ പിൽക്കിങ്ടനും ഫ്രെഡറിക്കും കമ്മ്യൂണിസ്റ്റ് വിരുദ്ധരാണ്. കമ്മ്യൂണിസത്തെ തൂത്തെറിയാൻ ആഗ്രഹിക്കുന്ന മുതലാളിത്തത്തിന്റെ പ്രതിനിധികൾ. എന്നാൽ അതത്ര നിസ്സാരമല്ലെന്ന് മനസ്സിലാകുമ്പോൾ അവിശുദ്ധ വ്യാപാരബന്ധത്തിലേർപ്പെട്ട് അനിമൽ ഫാമിൽ നുഴഞ്ഞുകയറി അതിനെ തകർക്കുന്നു.‘അധികാരം മനുഷ്യനെ ദുഷിപ്പിക്കും. പരമാധികാരം പരമമായി ദുഷിപ്പിക്കും’ എന്നുപറഞ്ഞത് ആക്ടൻ പ്രഭുവാണ്. ‘അധികാരം അഴിമതിക്ക് പ്രേരിപ്പിക്കുന്നു’ എന്നത് അദ്ദേഹത്തിന്റെ പ്രസിദ്ധമായ പ്രമാണവാക്യമാണ്. അനിമൽ ഫാമിൽ അരങ്ങേറുന്ന സംഭവപരമ്പരകൾ ഈ നിരീക്ഷണങ്ങളെ ദൃഢമായി ഓർമ്മിപ്പിക്കുന്നതാണ്. ഉത്തരാധുനിക സാമൂഹ്യശാസ്ത്രജ്ഞൻ മിഷേൽ ഫൂക്കോ അധികാരത്തേയും ഭരണകൂടങ്ങളേയും വിശകലനംചെയ്യുന്ന സന്ദർഭത്തിൽ ഇങ്ങനെ എഴുതുന്നുണ്ട്; ‘അറിവ് അധികാരമാണ്. അധികാരത്തോടൊപ്പം ഹിംസയുമുണ്ട്.’ മൃഗങ്ങളെ കൊന്നൊടുക്കിക്കൊണ്ട് നെപ്പോളിയൻ എന്ന പന്നി നടത്തുന്ന അധികാരസ്ഥാപനം ചരിത്രത്തിൽ എല്ലാ ഭരണകൂടങ്ങളിലും ആവർത്തിച്ചിട്ടുണ്ട്. എന്നാൽ അധികാരസ്ഥാപനം എല്ലായ്പ്പോഴും ഹിംസയിലൂടെ ആകണമെന്നില്ല.
നിരക്ഷരരും അറിവില്ലായ്മയിൽ ജീവിക്കുന്നവരുമായ മൃഗങ്ങളുടെ ഓർമ്മകളെ കഠിനമായി പരീക്ഷിച്ചുകൊണ്ടാണ് നെപ്പോളിയൻ അധികാരത്തെ മറ്റൊരുതരത്തിൽ പ്രയോഗിക്കുന്നത്. മൃഗങ്ങളെ അവരുടെ ഭൂതകാലത്തിൽനിന്ന് ഏതാണ്ട് പൂർണ്ണമായിത്തന്നെ വേർപെടുത്തുന്നു. വർത്തമാനകാല ജീവിതാനുഭവങ്ങളുമായി താരതമ്യംചെയ്യാൻ അവർക്കൊരു ഭൂതകാലമുണ്ടാവരുത്. ആരാണോ ഭൂതകാലത്തെ നിയന്ത്രിക്കുന്നത് അവരാണ് വർത്തമാനകാലത്തെയും ഒപ്പം ഭാവിയെയും നിർണ്ണയിക്കുന്നതെന്ന് ജോർജ്ജ് ഓർവൽ 1984 എന്ന നോവലിൽ എഴുതുന്നുണ്ട്. രണ്ടും രണ്ടും ചേരുമ്പോൾ അഞ്ചാവുന്ന വിദ്യയാണ് ഇതിനായി പന്നികൾ നിരന്തരം പയറ്റുന്നത്. അവിടെ ചരിത്രയാഥാർത്ഥ്യം നുണകളും നുണകൾ ചരിത്രയാഥാർത്ഥ്യവുമാകുന്നു. എല്ലാത്തരം സമഗ്രാധിപത്യങ്ങളോടും കുരിശുയുദ്ധം പ്രഖ്യാപിച്ച എഴുത്തുകാരനാണ് ഓർവൽ. നാസിസ്റ്റ്, ഫാസിസ്റ്റ്, മാർക്സിസ്റ്റ് സമഗ്രാധിപത്യങ്ങളാണ് ലോകം നേരിടുന്ന വൻ രാഷ്ട്രീയ വെല്ലുവിളികളെന്നദ്ദേഹം നിരന്തരം ഓർമ്മപ്പെടുത്തിക്കൊണ്ടിരുന്നു.

സമത്വസുന്ദരമായൊരു ലോകം നിർമ്മിക്കാനല്ല മറിച്ച് സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾ സ്ഥാപിക്കാനാണ് വിപ്ലവം നടത്തുന്നതെന്നദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. അനിമൽ ഫാമിന്റെ രൂപീകരണകാലത്ത് നിലവിൽ വന്ന ഏഴുകല്പനകൾ ഓരോന്നായി മാറ്റിയെഴുതിക്കൊണ്ടും എതിർത്ത മൃഗങ്ങളെ കൊന്നുകൂട്ടിക്കൊണ്ടും നെപ്പോളിയൻ നടത്തുന്ന സമഗ്രാധിപത്യവാഴ്ച സാക്ഷ്യപ്പെടുത്തുന്നത് അതാണ്.താനൊരു സോഷ്യലിസ്റ്റാണെന്ന് ലോകത്തോട് ഉറക്കെ വിളിച്ചുപറഞ്ഞ എഴുത്തുകാരനാണ് ജോർജ്ജ് ഓർവൽ. മനുഷ്യവിമോചനത്തിലൂന്നിയ പുതിയൊരു ലോകനിർമ്മിതിക്ക് സോഷ്യലിസം മാത്രമാണ് ഒരേയൊരു ഉപാധിയെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. എന്നാൽ സോവിയറ്റ് യൂണിയൻ എന്ന വിപ്ലവത്തിന്റെ വ്യാജമിത്തിനെ തകർക്കാതെ മുന്നോട്ടുപോകാനാവില്ലെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. മുതലാളിത്തലോകത്ത് മാത്രമല്ല കമ്മ്യൂണിസ്റ്റ് ഭരണകൂടം നിലനില്ക്കുന്ന രാജ്യത്തും മനുഷ്യനു നേരെയുള്ള മനുഷ്യന്റെ ചൂഷണം അവസാനിക്കുന്നില്ലായെന്ന ചരിത്രയാഥാർത്ഥ്യം ഓർവലിനെ നിരന്തരം അസ്വസ്ഥപ്പെടുത്തി. ഈ അസ്വസ്ഥതകളുടെ ആവിഷ്കാരമായിരുന്നു കലാലക്ഷ്യവും രാഷ്ട്രീയലക്ഷ്യവും ഒരുപോലെ സമന്വയിപ്പിച്ചെഴുതിയ നോവലെന്ന് ഓർവൽതന്നെ സാക്ഷ്യപ്പെടുത്തിയ ‘അനിമൽ ഫാം.’സോവിയറ്റ് യൂണിയന്റെ പതനത്തിന് അരനൂറ്റാണ്ടുമുമ്പ് ഓർവൽ അത് പ്രവചിച്ചിരുന്നു.

സ്റ്റാലിന് ഭരണകൂടം ഒരു യഥാർത്ഥ സോഷ്യലിസ്റ്റ് ഭരണകൂടമായിരുന്നില്ലെന്നും സ്റ്റേറ്റ് ക്യാപ്പിറ്റലിസത്തിന്റെ അധാർമ്മികരൂപം മാത്രമായിരുന്നെന്നും ഓർവൽ നിരീക്ഷിച്ചു. അധികാരം നിലനിർത്താനുള്ള വ്യഗ്രതയിൽ ഭരണകൂടങ്ങൾ നടത്തിയ കൊലപാതകങ്ങളും കൊടിയ പീഡനങ്ങളും ചരിത്രത്തിന്റെമാത്രം ഭാഗമല്ല, നാം ജീവിക്കുന്ന ലോകത്തും നിരന്തരം സംഭവിക്കുന്നതാണ്.നാസിസ്റ്റോ ഫാസിസ്റ്റോ മാർക്സിസ്റ്റോ, ഭരണകൂടങ്ങൾ ഏതുമാകട്ടെ അതിനുള്ളിലെ മനുഷ്യവിരുദ്ധതയ്ക്ക് മാറ്റമില്ല. ചരിത്രം കൊണ്ടാടിയ വിപ്ലവങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം ആരായുന്ന ഈ നോവൽ ഭാവിയിൽ ഭരണകൂടങ്ങൾക്ക് സംഭവിക്കാൻ പോകുന്ന വിപര്യയങ്ങളെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന വെളിപാടുകൾ കൂടിയാണ്.‘അനിമൽ ഫാം എന്ന വിശ്വപ്രസിദ്ധമായ ഈ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവലിന്റെ പരിഭാഷ പ്രകോപനപരമായ പുതിയൊരു വായനയ്ക്കായി സമർപ്പിക്കുന്നു.’

എൽ.അശോകൻ

വില 100 രൂപ
പ്രസാധകർ ലോഗോസ്

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here