നവനീതും വിനീതും ജേഷ്ഠാനുജന്മാരുടെ മക്കളാണ്. അവര് ഇരുവരും കളിച്ചു വളര്ന്നു. വാശി പിടിച്ചും തല്ലുകൂടിയും നടന്നപ്പോള് ഒരു ദിവസം അവരുടെ അമ്മൂമ്മ പേരക്കുട്ടികളെ വിളിച്ചു പറഞ്ഞു.
” മക്കളേ നിങ്ങളുടെ വാശിയും കുറുമ്പും എല്ലാം കുറയും. നിങ്ങളെ അടുത്തമാസം അംഗന് വാടിയില് കൊണ്ടു പോയി ചേര്ക്കാന് പോകുകയാണ്”
” അംഗന് വാടിയോ അതെന്താ?” രണ്ടു പേരും ഒരുമിച്ചു ചോദിച്ചു.
‘ സ്കൂളില് ചേര്ക്കുന്നതിനു മുന്പ് നിങ്ങളേപ്പോലെയുള്ള കുട്ടികളെ അയക്കുന്ന സ്ഥാപനമാണ്. അവിടെ കുട്ടികള്ക്ക് കളിക്കാനും കഥകളും പാട്ടുകളും പഠിക്കാനും ഉള്ള അവസരം ലഭിക്കും. കൂട്ടുകാരികളും കൂട്ടുകാരന്മാരും അവിടെയുണാകും. കാര്യങ്ങള് പറഞ്ഞു തരാന് അദ്ധ്യാപികയും ചോറും ഉപ്പുമാവും ഉണ്ടാക്കിത്തരാന് ആയയും ഉണ്ട്. ‘ അമ്മൂമ്മ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു കൊടുത്തു.
” എനിക്ക് എങ്ങും പോകണ്ട ഞാന് ഇവിടേയിരുന്ന് കളീച്ചോളാം” നവനീത് പറഞ്ഞു.
‘ ഞാന് എങ്ങും പോകുന്നില്ല ഞാന് നവനീതിന്റെ കൂടെ കളിച്ചോളാം ” വിനീതും പറഞ്ഞു.
‘ അങ്ങനെ പറഞ്ഞാല് പറ്റില്ല അംഗന് വാടിയില് പോയാലേ കളികളും പാട്ടുമെല്ലാം പഠിക്കാന് കഴിയൂ വടക്കേലേ ആര്യക്കുട്ടി കുടുംബയോഗങ്ങളില് വന്ന് പാട്ടു പാടുന്നത് നിങ്ങള്‍ കേള്‍ക്കാറില്ലേ അംഗന് വാടിയിലെ അദ്ധ്യാപിക പഠിപ്പിച്ചതാണ് അവളെ ആ പാട്ടുകളെല്ലാം. നിങ്ങള്ക്കും അതുപോലെ പാട്ടുകള് പഠിച്ച് കുടുംബയോഗങ്ങളില് വന്ന് പാടാം അടുത്ത മാസത്തില്‍ നിങ്ങളെ രണ്ടു പേരേയും അംഗന് വാടിയില് ആക്കും’
അടുത്ത മാസം ഒന്നാം തീയതി അമ്മമ്മയും വിനീതിന്റെ അമ്മയും കൂടി രണ്ടു പേരേയും എടുത്തുകൊണ്ട് അംഗന് വാടിയിലേക്കു പുറപ്പെട്ടു. ഇരുവര്ക്കും പോകാന് ഒരു താത്പര്യമുണ്ടായി വഴി നീളെ കരഞ്ഞു.
അംഗന് വാടി അധ്യാപിക രാധിക കുട്ടികളെ സ്നേഹപൂര് വം വരവേറ്റു. അവിടെയുള്ള മറ്റു കുട്ടികളെ വിളിച്ചു അവരെ പരിചയപ്പെടുത്തിക്കൊടുത്തു. അവര് കളിക്കുന്നതും പാട്ടുപാടുന്നതും അവര് കണ്ടു. എന്നിട്ടും നവനീത് അവരോടൊപ്പം ചേര്ന്നില്ല.
‘ അമ്മൂമ്മേ നമുക്ക് വീട്ടില് പോകാം ‘ എന്നു പറഞ്ഞ് അവന് കരഞ്ഞുകൊണ്ടിരുന്നു.
അമ്മൂമ്മ പലതും പറഞ്ഞ് അവനെ സമാധാനിപ്പിക്കാന് നോക്കി എന്നിട്ടും നവനീതിന്റെ കരച്ചില് നിന്നില്ല. ഉച്ചയായപ്പോള്‍ അവര് കുട്ടികളെ തിരിച്ചു കൊണ്ടു വന്നു.
പിറ്റെ ദിവസവും ഇരുവരേയും അംഗന് വാടിയില് കൊണ്ടുപോയി. ഇത്തവണ നവനീതിനെ അച്ഛനാണ് കൊണ്ടു പോയത് അച്ഛന് മകനോടു പറഞ്ഞു.
” ഇന്ന് മോന് കരയാതെ അവിടെ ഇരുന്നു കൊള്ളണം. അവിടെ കളിക്കാന് ഇഷ്ടം പോലെ കളിപ്പാട്ടങ്ങളും വേണ്ട കളിക്കൂട്ടുകാരുമുണ്ട്. ഉച്ചക്ക് ചോറും ചെറുപയറും വൈകീട്ട് ഉപ്പുമാവും തരും അതു കഴിച്ച് കൂട്ടുകാരുടെ കൂടെ കളിച്ചോ അച്ഛന് മൂന്നരക്ക് കൂട്ടിക്കൊണ്ടു പോകാം’
അംഗന് വാടി അദ്ധ്യാപിക രാധിക കുട്ടികള്ക്ക് കളിക്കാന് കളിപ്പാട്ടങ്ങളുള്ള മുറിയില് കൊണ്ടു പോയി. അവിടെ എണ്ണമറ്റ കളിപ്പാട്ടള്‍ ഉണ്ടായിരുന്നു. പാവക്കുട്ടികള്, കരടിക്കുട്ടികള്, മുയലുകള് ,ചക്രവണ്ടികള്, കുതിര, പലതരം പന്തുകള്. നവനീതിനെ കുതിരപ്പുറത്തു കയറ്റി ആടാന് പഠിപ്പിച്ചു.
കളിച്ചു ക്ഷീണിച്ചപ്പോള്‍ ചോറും ചെറുപയറും കഴിക്കാന് കൊടുത്തു. അതു കഴിഞ്ഞപ്പോള് കുട്ടികള് ഉറങ്ങാന് കിടന്നു ചിലര് ഉറങ്ങി ചിലര് പാവക്കുട്ടിയെ പാടി ഉറക്കി.
ഉറക്കം കഴിഞ്ഞ് വന്ന കുട്ടികള്ക്ക് അദ്ധ്യാപിക കഥകള് പറഞ്ഞു കൊടുത്തു. കഥ കേട്ടു രസിച്ചിരുന്ന കുട്ടികളോട് അദ്ധ്യാപിക ചോദിച്ചു.
”വലുതാകുമ്പോള് ആരാകണമെന്നാണ് നിങ്ങളുടെ ആഗ്രഹം ?”
‘ ഡോക്ടര്’
‘എഞ്ചിനീയര്’
‘അദ്ധ്യാപകന്’
‘പാട്ടുകാരന്’
ഇങ്ങനെ ഓരോരുത്തരും അവരവരുടെ ആഗ്രഹം അറിയിച്ചു. അവരെ അദ്ധ്യാപിക സ്നേഹവാത്സല്യങ്ങള് നല്കി ആഹ്ലാദിപ്പിച്ചു. അദ്ധ്യാപികയുടെ കഥകളും പാട്ടുകളും അവര്ക്ക് വലിയ ഇഷ്ടമായി. കഥകളിലൂടെ സ്നേഹം, ദയ, കാരുണ്യം, സത്യസന്ധത എന്നീ സ്വഭാവ ഗുണങ്ങള് പഠിച്ചു.
അംഗന് വാടി ഇന്ന് അവര്ക്ക് സ്വര്ഗമാണ് അവിടത്തെ കളിപ്പാട്ടങ്ങളും അദ്ധ്യാപികയുടെ കഥകളൂം പാട്ടുകളും അവര്ക്ക് വലിയ ഇഷ്ടമാണ്. അംഗന്‍ വാടിയില് പോകാതിരിക്കാന് ഇന്നവര്‍ക്ക് കഴിയില്ല. അത്രക്ക് ഇഷ്ടമാണ് ഇന്നവര്ക്ക് അംഗന് വാടി.