നോട്ടു മാറാനായി ബാങ്കിലെ നീളന്‍ ക്യൂവില്‍ നിന്ന് തളര്‍ന്ന് വീട്ടിലെത്തി. വിസ്തരിച്ചൊന്നു കുളിച്ചു. അത്താഴം കഴിച്ചു. കിടക്കും മുമ്പ് ടീവിയിലെ വാര്‍ത്ത കേള്‍ക്കാനിരുന്നു.
അപ്പോഴാണ് സ്ക്രീനില്‍ പുതിയൊരു കേന്ദ്ര തീരുമാനം തെളിഞ്ഞത്!
“വൃത്തിഹീനവും സൗന്ദര്യമില്ലാത്തതുമായ മനുഷ്യത്തലകള്‍ നിയമവിരുദ്ധമായി പ്രഖ്യാപിച്ചിരിക്കുന്നു…”
ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് ആശ്വസിച്ചു. കാരണം തന്റെ തല സത്യത്തില്‍ വൃത്തിഹീനം തന്നെയല്ലേ? രാജ്യം ശുചിത്വസുന്ദരമായി സൂക്ഷിക്കാന്‍ ധൃഡപ്രതിജ്ഞ എടുത്ത സര്‍ക്കാര്‍ മനുഷ്യരേയും ശുചിയും സുന്ദരവുമാക്കാന്‍ തീരുമാനിച്ചതില്‍ എന്താ തെറ്റ്?
വീണ്ടും സ്ക്രീനില്‍: “സൗന്ദര്യമില്ലാത്ത തലയുള്ളവര്‍ ഒരു മാസത്തിനകം തല മാറ്റി എടുക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത്തരം തലയുമായി ജീവിക്കുന്നവരെ അയോഗ്യരായി പ്രഖ്യാപിക്കുകയും നാട് കടത്തുകയും ചെയ്യുന്നതാണ്…”
ഏതായാലും സര്‍ക്കാരിന്റെ ഉദ്യേശശുദ്ധി നല്ലതുതന്നെ? തന്നെപ്പോലെ വിരൂപികളായവരെ എന്തിനു കൊള്ളാം? ചട്ടിതലയും ചമ്മിയ മൂക്കും തടിച്ച ചുണ്ടുകളും പിന്നെ വികലാംഗരായ പല്ലുകളും..!!? എല്ലാവരെയും സുന്ദരന്മാരും സുന്ദരികളുമാക്കാനുള്ള ധീരമായ ഈ തീരുമാനം സ്വാഗതം ചെയ്യുന്നു.
ഏതായാലും ഈ തീരുമാനം തല്‍ക്കാലം ഭാര്യ അറിയേണ്ട? കാരണം അല്ലേലും അവള്‍ സുന്ദരിയല്ലേ..?
അന്ന് അയാള്‍ സുഖമായി ഉറങ്ങി.
നേരം വെളുത്തു.
കുളിച്ചൊരുങ്ങി നേരേ സര്‍ക്കാരാപ്പീസിലേക്ക് യാത്രയായി.
അന്തമില്ലാത്ത ക്യൂനീളം കണ്ട് ഞെട്ടി. സാരമില്ല. ഒരു സുന്ദരസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയല്ലേ? ക്യൂവിന് പിന്നില്‍ സ്ഥാനം പിടിച്ചു.
ഉച്ചയായി. നല്ല വിശപ്പായി വിശപ്പ് സഹിച്ചു നിന്നു. സന്ധ്യയായി. രാത്രി കടന്നുവന്നു. അന്ന് രാത്രി ക്യൂവില്‍ കിടന്നുറങ്ങി. നേരം വെളുത്തു. ക്യൂവിന് വീണ്ടും ജീവന്‍ വച്ചു. ഏതാണ്ട് ഉച്ചയോടെ മുന്നിലെത്തി.
കമ്പ്യൂട്ടറിന് മുന്നിലിരുത്തി. ഫോട്ടോ എടുത്തു. പിന്നെ സ്ക്രീനില്‍ മാച്ചുചെയ്യുന്ന പലപല സുന്ദര മുഖങ്ങളും കാണിച്ചു. ഇഷ്ടപ്പെട്ട ഒരെണ്ണം സെലക്ട് ചെയ്തു.
ബട്ടണമര്‍ത്തിയപ്പോള്‍ പുതിയ സുന്ദര മുഖം പുറത്തു ചാടി.
പഴയ മുഖം അഴിച്ചുമാറ്റി. ചവറ്റുകുട്ടയിലിട്ടു. പുതിയ മുഖം ഫിറ്റു ചെയ്തു!
“ഇനി മുതല്‍ ഇതാണ് നിങ്ങളുടെ നിയമവിധേയമായ മുഖം. ഇതാ പുതിയ ഐഡന്റിറ്റി കാര്‍ഡ്..”
വീട്ടിലെത്തി.
വാതില്‍ തുറന്ന ഭാര്യ: “ആരാ? എന്ത് വേണം…?”
“എടീ. ഇത് ഞാനാ. നിന്റെ സ്വന്തം ഭര്‍ത്താവ്..”
“എന്ത്!? എന്റെ ഭര്‍ത്താവോ? ഇതെന്റെ ഭര്‍ത്താവല്ല. അല്ലവളുമാരുടേയും ഭര്‍ത്താവാ. നിങ്ങള്‍ക്ക് പോകാം..”
“…പ്…ട്ടേ….” വാതില്‍ കൊട്ടി അടയ്ക്കപ്പെട്ടു!!
അയാള്‍ വീട്ടിനു മുന്നില്‍ കുത്തി കുഴഞ്ഞിരുന്നു….