അനന്തരം

 

ആകാശത്തിലെ നക്ഷത്രമാകാൻ പുറപ്പെടു-
മ്പോൾ, അയാൾ വെച്ചുമാറിയത് ഒരുത്തരേന്ത്യൻ പോത്തിന്റെ മുഖംമൂടിയായിരുന്നു.
അല്പം നാഗരികതയും, നാടകീയതയും കലർന്നത്.
അനന്തരം തൊഴുത്തില്ലെങ്കിലും, തീറ്റിയില്ലെങ്കിലും
തറവാട് ഗ്രൂപ്പിന്റെ ഡിപിയിലങ്ങനെ വിരിഞ്ഞുനിന്നു.
ചടങ്ങിന് കിടാങ്ങളും പേരക്കിടാങ്ങളും വന്നു,
നല്ല പകുതിയെന്ന് ഒപ്പിട്ടു കിട്ടിയ വ്യാജ രേഖയുമായി മച്ചി നേരത്തേയുണ്ട്.
ഉലക്കമേലുള്ള അവരുടെ കിടപ്പുകണ്ട്
ബന്ധം പറഞ്ഞെത്തിയവരുടെ കണ്ണുകളകത്ത
ളങ്ങൾക്കലങ്കാരമായ്.
അളവറ്റ സ്നേഹംകൊണ്ട് വീർപ്പുമുട്ടിയയാൾ
വീണ്ടും ചത്തു.
മുഖംമൂടിയിറുകിയാണെന്നടക്കം പറച്ചിലുണ്ട്.
ഇഡ്ഡലി കമ്മ്യൂണിസത്തിന്റെ വക്താക്കളൊക്കെ അകലം പാലിച്ചു, ഉള്ളിൽ ചിരിച്ചു.
ഭക്തിമൂത്തവരിടയ്ക്കിടെ കരഞ്ഞ് കരഞ്ഞ്
മെത്തേഡ് ആക്ടിംഗിന്റെ പാഠങ്ങളെടുത്തു.
ഒസ്യത്തിന്റെ ചിന്തകളവരുടെ നഖങ്ങൾക്ക് മൂർച്ചയേറ്റി.
കിടാങ്ങളൊക്കെ വരുംകാലം സ്വപ്നം കണ്ടു,
പേരക്കിടാങ്ങളവരെയനുഗമിച്ചു.
മച്ചി മാത്രം നിലനില്പ്പിനെ ഭയന്നു.
മുപ്പത്തിമുക്കോടി നക്ഷത്രങ്ങളിലയാളെ കണ്ടെത്തുക അത്രയെളുപ്പമല്ല
അയാൾക്കെന്നാലെല്ലാവരും തനിമയോടെ
വെളിപ്പെട്ടു.
പുതിയൊരു ലോകം,
പുത്തനൊരു ജീവിതം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English