കാശ്മീർ
എന്താ അന്ത്യേച്ഛ?
കാശ്മീർ ഒന്ന് കാണണം…ഭാരതാംബ അങ്ങനെ തലയുയർത്തി നിലകൊള്ളുന്നത് നിമിഷനേരം നിർന്നിമേഷനായി നോക്കി നിൽക്കണം…എത്ര കാലായി അത് നെരിപ്പോട് കണക്കെ എരിയാൻ തുടങ്ങീട്ട്…ലേശം സ്നേഹലേപനം പുരട്ടിക്കൊടുത്ത്… ഒരിത്തിരി ആശ്വാസവാക്ക് ആ കാതിലോതണം…
പല്ലിയോട്
പല്ലീ, പേടി വര്മ്പം ഉത്തരത്തിൽ അള്ളിപ്പിടിച്ച് മുറിച്ചു മാറ്റാൻ നിനക്കൊരു വാലെങ്കിലും ഉണ്ടല്ലോടീ…! ഒരു ജാതി വാലില്ലാത്തതാണ് എന്റെ ഏറ്റവും വലിയ പിഴ…
ജംഗിൾബുക്ക്
കൂട്ടുകാരായ രണ്ടാടുകൾ തമ്മിൽ കുറേ നാളുകൾക്ക് ശേഷം കണ്ടുമുട്ടിയപ്പോൾ :
ഒന്നാമൻ : എനിക്കിപ്പം മിക്കവാറും ബിരിയാണിയാണ് മൃഷ്ടാന്നഭോജനം…നിനക്കോ? പുറത്ത് പോയി പച്ചപ്പൊക്കെ ശേഖരിക്കാൻ ഇപ്പം ആർക്കാ നേരം…ശാപ്പാടൊക്കെ ഓൺലൈനിൽ സുലഭമല്ലെ … ?
രണ്ടാമൻ : എന്റെ കാര്യാ മഹാകഷ്ടം… ചെന്നുപെട്ടത് പണ്ടത്തെ കുലമഹിമമാത്രമുള്ള ഒരു എട്ടുകെട്ടിലാ…മാംസഭുക്കല്ലാത്ത അവർ പശി മാറ്റാൻ പ്ലാവില ഉപ്പേരിയും പച്ചിലത്തോരനുമൊക്കെയാ നിത്യവും ആഹരിക്കുന്നത്…അതൊന്ന് പച്ചയ്ക്ക് തിന്നാൻ ശ്ശി കൊതിയായെടീ…
വെളിച്ചപ്പാട്
ഭഗോതീ രക്ഷിക്കണേ…കെട്ട വർത്തമാനകാലത്ത് വേറൊരു പോംവഴിയും തെളിയാത്തത് കൊണ്ടാണേ ഈ കടുംകൈ…വിൽക്കില്ലീ പള്ളിവാള്… പണയം വെച്ച് പശിയടക്കാനാണേ…കാശ് കയ്യിൽ വര്മ്പം തിരികെയെട്ത്ത് ഈട കൊണ്ട് വെയ്ക്കാം ദേവീ…
കോഴി
പൂവാങ്കുരുന്നേ എഴുന്നേക്ക്… നാട്ടാരെ കൂവിയുണർത്താൻ നേരായി…
പിടേ, ലേശം കൂടി കിടക്കെട്ടെടീ…വല്ലാത്ത ക്ഷീണം…മനുഷ്യരെ വിളിച്ചുണർത്താൻ മൊബൈലിൽ നാനാതരം അലാറങ്ങൾ ഉണ്ടായപ്പോൾ കൂവിയുണർത്താൻ നമ്മെ വേണ്ടാതായി …