എൻ്റെ അയൽപക്കത്തെ അമ്മാളു മുത്തശ്ശി മരിച്ചു. തിങ്കളാഴ്ച രാവിലെ എണീറ്റതും കേട്ടത് മുത്തശ്ശിയുടെ മരണവാർത്തയും അതുശരിവയ്ക്കുന്ന കൂട്ടക്കരച്ചിലുമായിരുന്നു.
” സങ്കടപ്പെടാൻ ഒന്നുമില്ല. വയസ്സ് തൊണ്ണൂറായി. കിടന്നു നരകിക്കുന്നതിലും നല്ലത് ഇതു തന്നെ….. ” അമ്മ അഭിപ്രായപ്പെട്ടു.
അമ്മാളു മുത്തശ്ശിയെ എനിക്ക് വളരെ ഇഷ്ടമായിരുന്നു. സമയം കിട്ടുമ്പോഴൊക്കെ മുത്തശ്ശി കഥ പറഞ്ഞു തരും. പാക്കനാരുടെയും നാറാണത്തു ഭ്രാന്തൻ്റെയുമൊക്കെ കഥകൾ അമ്മാളുമുത്തശ്ശിയിൽ നിന്നാണ് ഞാൻ കേൾക്കുന്നത്. മാത്രമല്ല, മുത്തശ്ശിയെനിക്ക് കൊഴക്കട്ടയും മധുരക്കിഴങ്ങ് പുഴുങ്ങിയതുമൊക്കെ എടുത്തു വച്ച് തരുമായിരുന്നു. ആ മുത്തശ്ശിയാണ് മരിച്ചിരിക്കുന്നത്.
എനിക്ക് കരച്ചിൽ വന്നു. പിന്നെ, ചെറിയൊരു ആശ്വാസം അന്ന് സ്കൂളിൽ പോകാതെ കഴിഞ്ഞല്ലോ എന്നോർത്തായിരുന്നു. (തിങ്കളാഴ്ച കേട്ടെഴുത്തിടുന്ന ദിവസമാണ്.) ഇന്നലെ ഞായറാഴ്ചയാണ് മരിച്ചതെങ്കിലോ? അതേ, മുത്തശ്ശിയുടെ മരണം പോലും എന്നെ സഹായിച്ചിരിക്കുന്നു.
പല്ലുതേപ്പു കഴിഞ്ഞ ശേഷമാണ് അമ്മ എന്നെ മുത്തശ്ശിയുടെ അടുത്തേയ്ക്കു വിട്ടത്.
” ഒരു പാട് കഥകളൊക്കെ പറഞ്ഞു തന്ന മുത്തശ്ശിയല്ലേ. ചെന്ന് കാലു തൊട്ട് നമസ്കരിക്ക്. മുത്തശ്ശിക്ക് സ്വർഗം കിട്ടാൻ പ്രാർഥിക്ക് .”
അമ്മ ചെവിയിൽ ഉപദേശിക്കുകയുണ്ടായി.
എന്നെ കണ്ടതും മുത്തശ്ശിയുടെ ചുറ്റുമിരുന്ന അമ്മിണി ചേച്ചിയും മറ്റും കരച്ചിൽ ഉച്ചത്തിലാക്കി.
” ഉണ്ണിയേ, നമ്മടെ മുത്തി പോയടാ. നെനക്കിനി ആരു കത പറഞ്ഞു തരും. മിനിഞ്ഞാന്നു കൂടി ഒരു കൊരങ്ങൻ്റെ കത പറഞ്ഞു തന്നത് ഓർക്കുന്നില്ലേ….. “
അമ്മിണി ചേച്ചി കരച്ചിലിനിടയിൽ ഒരു ഗദ്യകവിത ചൊല്ലുന്ന മട്ടിൽ പറഞ്ഞു.
ഞാൻ മുത്തശ്ശിയുടെ പാദം തൊട്ട് വന്ദിച്ചു. സ്വർഗം കിട്ടാൻ പ്രാർഥിച്ചു.അനന്തരം അമ്മിണി ചേച്ചിയുടെ അരികിൽ ചെന്നിരുന്നു. ചേച്ചിയും കൂട്ടരും കരച്ചിൽ ഉച്ചത്തിലാക്കി.
അപ്പോൾ,എന്നോടൊപ്പ
മുണ്ടായിരന്ന അമ്മയ്ക്ക് ഒരു സംശയം. അമ്മ, മുത്തശ്ശിയുടെ മൂത്തമകളു ടെ ചെവിയിൽ എന്തോ മന്ത്രിച്ചു. കേട്ട പാടെ ആ ചേച്ചി (മീനാക്ഷി ) ധൃതിയിൽ എണീറ്റ് മുത്തശ്ശിയുടെ മുഖത്തേക്ക് കുനിഞ്ഞ് സൂക്ഷിച്ച് നോക്കി.
” ഏട്ടോ, നമ്മടെ അമ്മ മരിച്ചിട്ടില്ല!”
പിന്നവിടെ നടന്നത് വിവരിക്കാൻ പ്രയാസമാണ്.മൂക്കിൽ വിരൽ വച്ചു നോക്കുന്നു. കൈ പിടിച്ചു നോക്കുന്നു. ആകപ്പാടെ ബഹളം.കൃഷ്ണേട്ടൻ ഡോക്ടറെ വിളിക്കാൻ ഓടി.
ഇതിനിടയിൽ മുത്തശ്ശി ഒന്നു ഛർദ്ദിച്ചു. പച്ച നിറത്തിലുള്ള കൊഴുത്ത ദ്രാവകം .
അരമണിക്കൂറിനുള്ളിൽ ഡോക്ടറെത്തി പരിശോധിച്ചു.
” തൽക്കാലം ഒന്നും പേടിക്കാനില്ല. ക്ഷീണമുണ്ട്. ഭക്ഷണം കഴിക്കാത്തതിൻ്റെയാണ്.കഞ്ഞി കൊടുത്താൽ മതി….. “
ഡോക്ടർ എല്ലാവരോടുമായി പറഞ്ഞു.
വന്നവരൊക്കെ പിരിഞ്ഞു തുടങ്ങി. തൊടിയിലെ മാവു മുറിക്കാൻ വന്നവർക്ക് ചായക്കാശു നൽകി പറഞ്ഞു വിട്ടു. പാതിയിട്ട പന്തൽപണിയും ചോദ്യചിഹ്നമായി. ബന്ധുവീടുകളിൽ മരണ വാർത്ത അറിയിക്കാൻ ചെന്നവരെ തിരിച്ചുവിളിക്കാൻ ആളെ വിട്ടു.
ഈ ബഹളത്തിനിടയിൽ അമ്മ എന്നെ പതുക്കെ വീട്ടിലേയ്ക്കു പിടിച്ചു കൊണ്ടുപോയി .
“വേഗം കുളിച്ച് സ്കൂളിൽ പോകാൻ നോക്ക്. സമയം എട്ടരയാകുന്നേയുള്ളൂ.”
ഞാനാകെ തകർന്നു പോയി.
എന്നാലും എൻ്റെ മുത്തശ്ശീ ……
അതിനു ശേഷം, മൂന്നാലു ദിവസം കഴിഞ്ഞാണ് ഞാൻ അമ്മാളു മുത്തശ്ശിയെ കണ്ടത്. ‘ചത്തുപോയ അമ്മാളു ‘എന്നാണ് മുത്തശ്ശിയിപ്പോൾ അറിയപ്പെടുന്നത്.
ഞാൻ അടുത്തു ചെന്നതും മുത്തശ്ശിയൊന്നു പുഞ്ചിരിച്ചു.
“മുത്തശ്ശി മരിച്ചൂന്നറിഞ്ഞപ്പോൾ ഉണ്ണിക്ക് സങ്കടായീലേ.”
എന്നെ ചേർത്തു പിടിച്ചു കൊണ്ട് മുത്തശ്ശി ചോദിച്ചു.
“എന്നാൽ കേട്ടോ, മുത്തശ്ശി മരിച്ചതു നേരാ. വിഷുവേലയ്ക്ക് കരിവേഷം കെട്ടിയെത്തുന്ന കുടവയറൻ കുട്ടപ്പനെ പോലെ എരുമക്കൊമ്പുള്ള ഒരാൾ വന്ന് എന്നെ പിടിച്ച പിടിയാലെ കൊണ്ടുപോയത് ഓർക്കുന്നു. ഉണ്ണിക്ക് ആളെ പിടി കിട്ടിയോ? സാക്ഷാൽ യമധർമൻ !പരലോകത്ത് എത്തിയ ശേഷം ചിത്രഗുപ്തൻ എൻ്റെ കണക്കുനോക്കി. എനിക്ക് മൂന്നു മാസംകൂടി ഇരിപ്പുണ്ടല്ലോ എന്നു പറഞ്ഞ് കാലനുമായി തർക്കിച്ചു.കാലൻ ആദ്യമൊന്നും സമ്മതിച്ചില്ല. ചിത്രഗുപ്തൻ ഉറച്ചു നിന്നപ്പോൾ എന്നെ തിരിച്ചു കൊണ്ടാക്കാൻ ദൂതൻമാരോട് പറഞ്ഞു. പരലോകത്ത് നടന്ന കാര്യങ്ങളൊന്നും ഓർക്കാതിരിക്കാൻ പച്ച നിറത്തിലുള്ള ഒരു ചാറ് എന്നെക്കൊണ്ടു കുടിപ്പിച്ചു.ആ ചാറാണ് ചർദ്ദിച്ചു പോയത്. അതു കൊണ്ടാണ് ഇതെല്ലാം ഓർക്കാൻ കഴിഞ്ഞത്. “
ഇത്രയും പറഞ്ഞ് മുത്തശ്ശി ഒന്ന് നെടുവീർപ്പിട്ടു.
” ഉണ്ണിയേ, കഴിഞ്ഞ കൊല്ലം ഞാൻ ജീവിച്ചിരിപ്പിച്ചെന്നു പറഞ്ഞ് റേഷൻ കാർഡിൽ എൻ്റെ പേരിനു ചുറ്റും ചോപ്പു മഷി കൊണ്ട് ആ മൊട്ടത്തലയൻ (റേഷൻ കടക്കാരനെ ഉദ്ദേശിച്ച്) വട്ടം വരച്ചിട്ടു. ഇപ്പോഴിതാ, കാലനും…. ഇത്തിരി വയസ്സായീന്നു വച്ച് ആർക്കും എന്തും ആവാന്നായിരിക്കുന്നു. റേഷൻ കടക്കാരനും കണക്കന്നെ, കാലനും കണക്കന്നെ. എന്തോ, ആ കണക്കുപ്പിള്ള (ചിത്രഗുപ്തൻ ) അവിടെയുള്ളതുകൊണ്ട് രക്ഷപ്പെട്ടു.”
മുത്തശ്ശി പിന്നെയും പലതും പറഞ്ഞു. അതൊന്നും പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല.(ഞാനും വിശ്വസിക്കുന്നില്ല.
ചിലപ്പോൾ മുത്തശ്ശിയുടെ തോന്നലാവാം. മുത്തശ്ശിയുടെ പറയാനുള്ള അവകാശത്തെ ആർക്കും തടയാനാവില്ലല്ലോ.)
പക്ഷേ, ഒരു കാര്യം വിശ്വസിക്കാതെ വയ്യ. മുത്തശ്ശി ഛർദ്ദിച്ചത് പച്ച നിറത്തിലുള്ള ദ്രാവകമാണ്.( തലേന്നു കഴിച്ച മുരിങ്ങയിലക്കറിയാണ് പച്ച നിറത്തിനു പിന്നിലെന്ന് പാഠഭേദമുണ്ട്)
മറ്റൊരു കാര്യം മൂന്നുമാസവും മൂന്നു ദിവസവും കഴിഞ്ഞപ്പോൾ മുത്തശ്ശി ശരിക്കും മരിച്ചു എന്ന സത്യമാണ്.(മൂന്ന് ദിവസം എന്നത് വിട്ടു കളയാം.)
അതെന്തായാലും അമ്മാളു മുത്തശ്ശി എനിക്കിന്നും വലിയൊരു കഥയാണ്; എല്ലാ അർഥത്തിലും.
*
Click this button or press Ctrl+G to toggle between Malayalam and English