വായിച്ചു വായിച്ചു വായിച്ച്
ഞാനാരെന്ന് മറന്നുപോകണം.
പരകായപ്രവേശം നടത്തുന്ന ആത്മാക്കളെന്നെ പ്രാപിച്ചുകൊണ്ട്,
എന്നിൽ കുടികൊണ്ട്
ഇവിടെ ജീവിക്കണം.
അവർ ഞാനാകണം.
ഞാൻ ഞാനല്ലാതെയും.
യാത്ര, ഈയൊരു ലോകത്തിൽനിന്ന്
നൂറായിരം പേരുടെ
ജന്മ-മരണങ്ങളിലേക്ക്…
മൗന-സംഭാഷണങ്ങളിലേക്ക്…
പ്രണയ-വിരഹങ്ങളിലേക്ക്…
പരകായപ്രവേശം!
ഓടിയൊളിച്ചിരിക്കാൻ ഇടങ്ങൾ,
പല പേരുകളിൽ, നിറങ്ങളിൽ,
ഭാവങ്ങളിൽ, ഘനങ്ങളിൽ…
ഒരേ ഗന്ധത്തിൽ തീർത്ത നടുത്തളങ്ങളിലേക്ക് ചെല്ലുമ്പോൾ നമ്മളാരായിരുന്നു എന്ന്
മറന്നുപോകുന്ന നാലുകെട്ടുകൾ!
പഴകിയ മഷി നാറുന്ന നാലുകെട്ടകങ്ങളുടെ മുറികൾ എണ്ണത്തിൽ ഒതുങ്ങിയതെങ്കിലും ഓടിക്കളിക്കാൻ, ഒറ്റയ്ക്കിരിക്കാൻ, തേടി നടക്കാൻ, അവിടെ വലിയോരാകാശമുറ്റമുണ്ട്…
ചെന്നകപ്പെട്ടാൽ ചക്രവ്യൂഹം പോലെ വലയിലാക്കുന്ന മാന്ത്രികവിദ്യയുണ്ട്….
നാലുകെട്ടകങ്ങൾക്ക് ഉള്ളറകൾ അനേകവും രസങ്ങൾ പല വിധവും ആണെങ്കിലും ചേർത്ത് നിർത്തിയാൽ പിടി വിടില്ല അത് നൂറിൽ നൂറുറപ്പ്
വായിച്ചു വായിച്ചു വായിച്ച് അങ്ങനെ
ഞാൻ ഞാനല്ലാതെ ആകണം…
ചേർന്ന്, അലിഞ്ഞ്, നുണഞ്ഞ്, മതിമറന്ന്, കരഞ്ഞുപിണങ്ങി, ആലസ്യപ്പെട്ട്, മുഴുകിമുഴുകി…. അങ്ങനെയങ്ങനെ…