അഴകപ്പനും കുമരേശനും

 

ഗ്രാമത്തിലെ വില്ലേജ് ഓഫീസിനടുത്തുള്ള മൈതാനത്തിൽ ചെറിയൊരാൾക്കൂട്ടം കണ്ടാണ് ഞങ്ങൾ അങ്ങോട്ടു ചെന്നത്. ഒരു വൃദ്ധൻ താടിക്കു കൈ കൊടുത്ത് വിഷാദ ഭാവത്തിൽ വിദൂരതയിലേക്ക് നോക്കി അനക്കമറ്റിരിക്കുന്നു. ഒറ്റ നോട്ടത്തിൽ, ഏതോ ശില്പി കൊത്തിവച്ച ശില്പമാണെന്നേ തോന്നു. അയാളുടെ സമീപത്ത് ഒരു തുണിക്കെട്ടും മകുടിയും തുറന്നുവച്ച വാവട്ടമുള്ള ഒരു കൂടയും കാണാം.

” എന്തു പറ്റി?”

വൃദ്ധൻ്റെ ആ ഇരിപ്പും മട്ടും കണ്ട് ഒരാൾ അടുത്തു നിന്നിരുന്ന ആളോട് ചോദിച്ചു. ആ ചോദ്യം ഞങ്ങളുടെയും കൂടി ആയിരുന്നു.

” അയാളുടെ ‘അഴകപ്പനെ ‘കാണാനില്ലത്രെ.”

അയാൾ മറുപടി പറഞ്ഞു.

“അഴകപ്പനോ? അയാളുടെ കുട്ടിയാണോ?”

“അല്ല, അതയാളുടെ മൂർഖൻ പാമ്പാണ്. ആളുകളെ വിളിച്ചു കൂട്ടി കൂടതുറന്നപ്പോഴാണ് പാമ്പ് പോയ കാര്യം അയാൾ അറിയുന്നത്. അപ്പോൾ തുടങ്ങിയ ഇരിപ്പാണിത്. ”

ഞങ്ങൾക്ക് കാര്യത്തിൻ്റെ കിടപ്പുമനസ്സിലായി.ആ വൃദ്ധൻ ഒരു പാമ്പാട്ടിയാണ്. അയാളുടെ പാമ്പിനെ കാണാനില്ല. പാമ്പിൻ്റെ
പേരാണ് അഴകപ്പൻ!

‘പാമ്പു ചത്ത പാമ്പാട്ടിയുടെ അവസ്ഥ പോലെ ‘ എന്ന് മുതിർന്നവർ പറയുന്നതു കേട്ടിട്ടുണ്ട്. ഇപ്പോഴിതാ കൺമുന്നിൽ …..

കുറച്ചു നേരം കഴിഞ്ഞപ്പോൾ വൃദ്ധൻ നിശ്ചലാവസ്ഥയിൽ നിന്നും ഉണർന്ന് നെഞ്ചത്തടിച്ച് കരയാൻ തുടങ്ങി.

“അഴകപ്പാ, നീ എങ്കെ പോച്ച് ? അഴകപ്പാ…..”

അയാളുടെ ആ കരച്ചിലും പറച്ചിലും അവിടെ നിന്നിരുന്നവരുടെ കണ്ണുനിറയിച്ചു. ഞാനും കരഞ്ഞു. ഞാൻ കരഞ്ഞപ്പോൾ രാമനും അനിതയും കരഞ്ഞു.

” കുട്ടികളേ, പാമ്പു പോയ സങ്കടം കൊണ്ടാണ് പാമ്പാട്ടി കരയുന്നത്. നിങ്ങളെന്തിനാണ് കരയുന്നത്?”

ഞങ്ങളുടെ കരച്ചിൽ കണ്ട് ആരോ ഒരാൾ ചോദിച്ചു. ഞങ്ങൾക്കതിന് മറുപടിയില്ലായിരുന്നുവെങ്കിലും കുറച്ചു നേരം കൂടി കരഞ്ഞു. (രാമൻ വീടു വരെയും കരഞ്ഞു.)

അന്നു മുഴുവൻ എൻ്റെ ചിന്ത അഴകപ്പനെക്കുറിച്ചായിരുന്നു. അഴകപ്പൻ ചെയ്തത് ഒട്ടും ശരിയായില്ല. പാവം പാമ്പാട്ടിമുത്തപ്പൻ .
അയാളിനി എന്തു ചെയ്യും?

” ചെക്കാ ,നീ ചെന്ന് പഠിക്കാൻ നോക്ക്. പാമ്പാട്ടിക്ക് ഒരു പാമ്പു പോയാൽ മറ്റൊന്നു കിട്ടും.”

എൻ്റെ ചിന്തകൾ ഊഹിച്ചെടുത്ത അമ്മ പറഞ്ഞു.

പിന്നീട് , മാസങ്ങൾക്കു ശേഷമാണ് ഞാൻ ആ പാമ്പാട്ടിമുത്തപ്പനെ കാണുന്നത്. കൂട്ടുപാതയിലെ ആലിൻ ചുവട്ടിൽ വച്ച്.
അമ്മ പറഞ്ഞത് ശരിയായിരുന്നു. അയാൾക്ക് മറ്റൊരു പാമ്പിനെ കിട്ടിയിരിക്കുന്നു. ഉലക്കപോലൊരു മൂർഖൻ പാമ്പ് !

ഈ പാമ്പിനും പേരുണ്ടായിരിക്കുമോ? ഞാൻ മനസ്സിൽ ചോദിച്ചു.

അതിനുത്തരം വൃദ്ധൻ്റെ നാവിൽ നിന്നു തന്നെ കിട്ടി.

“ആട്ടം പോതും.
കുമരേശാ, വന്ത് കൂടയിൽ പടുക്ക്.”

പാമ്പാട്ടം അവസാനിച്ചപ്പോൾ വൃദ്ധൻ പറഞ്ഞു.

കുമരേശൻ!
അതാണ് പുതിയ പാമ്പിൻ്റെ പേര്.

 

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English