പാതിരാപുള്ളിന്റെ പാട്ടു കേട്ടിന്നെന്റെ
നാടിന്റെ സ്പന്ദനം ഞാനറിഞ്ഞു
ആലോലമാടുന്ന തെങ്ങോലത്തുമ്പുകൾ
പണ്ടത്തെ കഥകൾ മൊഴിഞ്ഞിരുന്നു
താരാട്ട് പാടുന്ന കായലോളങ്ങൾക്ക്
ചിരകാല സ്വപ്നത്തിൻ കാന്തി തന്നെ….
ഇള വെയിൽ മായാത്ത നടവരമ്പെപ്പൊഴും
പ്രദക്ഷിണ വഴികളായ് തിളങ്ങി നിന്നു….
മീൻ കുട്ട പേറുന്നൊരമ്മ മനസിലൊരമ്പത്തി
മൂന്ന്മണികളുരുണ്ടിരുന്നു
രാവ് പകലാക്കുന്ന മാന്ത്രികവിദ്യകൾ
തോണിയ്ക്കുമപ്പൻ പകർന്നിരുന്നു
തുഴ ക്കൈ തയമ്പുള്ള ചങ്കൂറ്റങ്ങളായ്
നാൽക്കവലകളിൽ നിറഞ്ഞു നിന്നു…
പെണ്ണെന്നതെപ്പൊഴും പെങ്ങളാണമ്മയാണ
ക്കായലോളമായ് കാത്തുവച്ചു…
പ്രാർത്ഥനാമന്ത്രമുതിർത്തുകൊണ്ടെന്നുമീ
പള്ളിമണികൾ നമിച്ചു നിന്നു
മത്സ്യഗന്ധമുള്ള പഠനമുറികൾ
പിന്നറിവിന്റെ പാൽനിലാശോഭയായി…
മലനിര പെൺക്കൊടിക്കരഞ്ഞാണുപോലെയീ
അഷ്ടമുടിക്കായൽ കുണുങ്ങി നിൽപൂ
പെരുമണിൽ തോരാത്ത കണ്ണീർമഴക്കുതിർന്നൊരു
വേളയവളുംതേങ്ങി നിന്നു
പുണ്യമാണീ ജന്മമൊരുവട്ടമെന്നോതി
നന്മക്കിനാവായൊഴുകി നിന്നു
കനലുരക്കങ്ങളിൽ താങ്ങായി നിന്നതാ
പവിത്ര ജലധാര തൻ നൈർമല്യമല്ലേ?
കല്പ വ്യക്ഷങ്ങളും പച്ചപ്പുമീ
മണ്ണിൽ വിളയാത്തതീഭൂവിലെന്തു വേറെ?
പുല്ലിയാകോടി മുനമ്പിലും പിന്നെയി
അഞ്ചുമൂലപൊയ്ക ചരിവിലും ഓടിക്കളിച്ചെത്ര
ബാല്യ കൗമാരങ്ങളി ജീവിതക്കായൽ കടന്നുപോയി!
അമ്മ തീർത്ഥത്തിന്റെ അടയാളമായിവൾ
ആത്മാവിനുള്ളിൽ എരിഞ്ഞു നിൽപൂ…
എന്നെ ഞാനാക്കിയതീകാറ്റുമൊരു
നീർമഴത്തുള്ളി വെയിലുമല്ലേ?
ഇനിയൊരു ജന്മപിറവിയുണ്ടെങ്കിലിവിടൊരു
പുൽക്കൊടിയായി ജനിച്ചിടേണം!
തോരാമഴ കുതിർന്നൊരു വട്ടമെങ്കിലും
അഷ്ടമുടിയിൽ ലയിച്ചിടേണം!
ഫില്ലീസ് ജോസഫ്
Aa