‘പാത്തുമ്മയുടെ ആടി’ന് ഒരാമുഖം

 

 

 

 

ബഷീർ ‘പാത്തുമ്മയുടെ ആടിന്’ എഴുതിയ ആമുഖം വായിക്കാം :

 

 

 

“ആയിരത്തിതൊള്ളായിരത്തി അമ്പത്തിനാല്‌ ഏപ്രിൽ ഇരുപത്തിയേഴാം തിയതി എഴുതി തീർത്തതാണ്‌ ‘പാത്തുമ്മയുടെ ആട്‌’ എന്ന ഈ കഥ. ഇതൊന്നു പകർത്തി എഴുതി കൂടുതൽ ഭംഗിയാക്കി, ഒരു മുഖവുരയോടുകൂടി പ്രസിദ്ധപ്പെടുത്താമെന്നു വിചാരിച്ചു. നാളെ, നാളെ – എന്നിങ്ങനെ ദിവസങ്ങൾ കഴിഞ്ഞു കഴിഞ്ഞു പോയി.

അഞ്ചുവർഷം!

ഇതുവരെ, ഈ കഥ പകർത്തിയെഴുതിയില്ല. ഇതിനു മുമ്പ്‌ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതെല്ലാം തന്നെ ഒന്നിലധികം തവണ തിരുത്തുകയും പകർത്തിയെഴുതുകയും ഭംഗിയാക്കുകയു ചെയ്‌തിട്ടുള്ളതാണ്‌. ഇതു പകർത്തിയെഴുതാതെ, തിരുത്താതെ ആദ്യം എഴുതിയപടി തന്നെയാണ്‌ വരുന്നത്‌. ഞാൻ വായിച്ചുനോക്കി. പകർത്തിയെഴുതണമെന്നു തോന്നുന്നില്ല – തിരുത്തണമെന്നും. ഇതൊരു തമാശക്കഥയാണ്‌. എങ്കിലും എഴുതുമ്പോൾ, ഞാനാകെ വെന്തു നീറുകയായിരുന്നു. വേദന മറക്കണം. എഴുതുക! മനസ്സിനെ…..

അതെ….. അപ്പോളെന്റെ മനസ്സ്‌….. നിലയില്ലാത്ത വൻകടലിൽ താണുപോകാൻ തുടങ്ങുന്ന ചെറിയ ഒരു തുരുത്തുപോലെ…… എന്നു പറഞ്ഞാൽ ശരിയാകുമോ എന്തോ? ഏതായാലും ഇരുളിൽ, പേടിസ്വപ്‌നങ്ങൾ നിറഞ്ഞ ഇരുളിൽ, മനസ്സ്‌ മുങ്ങിപ്പോയിരുന്നു. ഞാൻ തന്നെയാണു മനസ്സ്‌. നോക്കുമ്പോൾ വെളിച്ചം കുറച്ചുമാത്രം. ഇരുളിലും വെളിച്ചത്തിലും – ദൈവമേ! ഞാനെവിടെ? സത്യമേത്‌? പൊയ്‌ ഏത്‌ വെളിച്ചം!………..വെളിച്ചം………..വെളിച്ചം മാത്രം മതി. പക്ഷേ, ഭീകരസ്വപ്‌നങ്ങൾ നിറഞ്ഞ ഘോരമായ കൂരിരുട്ട്‌. ദാ എട്ടു ദിക്കിൽ നിന്നും ആർത്തിരമ്പി അടുക്കുന്നു.

എന്നെന്നേക്കുമയി ഞാനിതിൽ മുങ്ങിപ്പോകുമോ? ഇല്ല! ജീവിതം താറുമാറായിപ്പോകാൻ ഞാൻ സമ്മതിക്കുകയില്ല. ഏകാഗ്രതയോടെ……ജീവിക്കണം……എനിക്കു എന്നാവണം. എല്ലാ ശക്തിയും സംഭരിച്ച്‌ ഗംഭീരമായ ഒരു ശ്രമം നടത്തുക.!

നന്മ. അതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. ഏകാഗ്രത!………ആ ….. ആ സൂചിമുനയിൽ തന്നെ നില്‌ക്കട്ടെ. മനസ്സ്‌…..മനസ്സ്‌……നൂറുനൂറായിരം ഇരുളിന്റെ കഷ്‌ണങ്ങളാവുകയാണ്‌. ആ കഷണങ്ങളോരോന്നിലും ……. എന്തൊക്കെയാണീ ഞാൻ കാണുന്നതും കേൾക്കുന്നതും?

യുക്തി കൈവിടല്ലേ, കാരണം കണ്ടുപിടിക്കുക. ഓരോന്നിനും ഓരോ കാരണമില്ലേ? ധൈര്യം……ധൈര്യത്തോടെ അറിയാൻ ശ്രമിക്കുക. അന്ധവിശ്വാസം ഒരു പട്ടുമെത്തയാണ്‌. അതിൽ അഭയം തേടിപ്പോയാൽ…..! ഇത്‌ അതൊന്നുമല്ല. ചെറുപ്പകാലത്തെ …. പണ്ടത്തെ….. ചരിത്രാതീതമായ കാലത്തെ….. വിശ്വാസങ്ങൾ വല്ലതുമിപ്പോൾ കൈവശമുണ്ടെങ്കിൽ അതിനെയെല്ലാമൊന്നു വിശകലനം ചെയ്യുക. നന്മയെ മാത്രം സ്വീകരിക്കുക. തിന്മ വിഷമാണ്‌; ഒരു രോഗമാണ്‌. ചികിത്സിച്ചാൽ മാറും. മാറാത്ത രോഗങ്ങളില്ല. ഉണ്ടെന്നു പറയുന്നത്‌ അജ്‌ഞ്ഞതകൊണ്ടാണ്‌. അജ്ഞതയെ ഒരു ശാശ്വതവിശ്രമസ്‌ഥാനമാക്കരുത്‌. രോഗങ്ങൾക്കെല്ലാം ഈ ഭൂമിയിൽ മരുന്നുകളുമുണ്ട്‌. കണ്ടുപിടിക്കുക.

ശരിക്കാലോചിച്ചു നോക്കുമ്പോൾ ഇവിടെ എന്താണുതകരാറ്‌?

ഒന്നുമില്ല. കുഴഞ്ഞു മറിഞ്ഞ ചിന്തകൾ. ഉറക്കമില്ലാത്ത രാത്രികൾ. ഭാരിച്ച ജോലിയുള്ള പകലുകൾ. രാത്രിയെ വെറുത്തു. പകലിനെ വെറുത്തുഃ ജോലിയെ വെറുത്തു; സ്‌ഥലത്തെ വെറുത്തു. ആകെയൊരു വെറുപ്പ്‌. ഊണില്ല, ഉറക്കമില്ല; കിനാവുകൾ, ആകെ സംഭ്രമം! ശുദ്ധസുന്ദരമായ ഭ്രാന്ത്‌!

എന്തു പിണഞ്ഞു! വല്ലാത്ത മനോവേദന. പിച്ചും പേയും പറച്ചിൽ. ആകെയൊരു പന്തിയില്ലായ്‌മ. എന്തും ചെയ്‌തേക്കാം! ഇങ്ങനെയാണ്‌ ഞാൻ വല്ലപ്പുഴ പി.സി. ഗോവിന്ദൻ നായർ അവർകളുടെ ചികിത്സയിലായത്‌. എറണാകുളത്തുള്ള കൃഷ്‌ണൻനായർ വാച്ചു കമ്പനിയുടമസ്‌ഥൻ കുട്ടപ്പൻനായരുടെ കാറിലായിരുന്നു തൃശൂർ ചെന്നത്‌. കാർ ഡ്രൈവു ചെയ്‌തിരുന്നത്‌ കുട്ടപ്പൻ നായരാണ്‌. കാറിൽ നർമ്മദ പത്രാധിപർ, ആർട്ടിസ്‌റ്റ്‌ രാഘവൻനായർ, എം.പി. സ്‌റ്റുഡിയോ ഉടമസ്‌ഥൻ ശ്രീ.എം.പി. കൃഷ്‌ണൻപിള്ള, ശ്രീ. പെരുന്ന തോമസ്‌ എന്നിവരുണ്ടായിരുന്നു. വൈദ്യരത്നം പി.സി. ഗോവിന്ദൻനായർ അവർകൾ ഭ്രാന്തു മുതലായവയുടെ സ്‌പെഷ്യലിസ്‌റ്റാണെന്ന്‌ ഓർക്കണം. ഞാൻ ചെല്ലുമ്പോൾ അവിടെ പത്തുമുപ്പതു ഭ്രാന്തന്മാരുണ്ടായിരുന്നു. കൂച്ചു ചങ്ങലയിട്ടവരും കൈയാമം വെച്ചവരും, ഇങ്ങനെ പല നിലയിൽ കിടക്കുന്നവർ. എല്ലാവർക്കും ഒരേ ചികിത്സയായിരുന്നെന്ന്‌ എനിക്ക്‌ തോന്നുന്നു. എന്റേതു പറയാം.

ബെഡ്‌കാഫിയും കഴിച്ച്‌ കക്കൂസിൽ പോകുന്നു. അതെല്ലാം കഴിഞ്ഞ്‌ കൈകാൽമുഖം ഒക്കെ കഴുകി വന്നാലുടനെ തലയിൽ എണ്ണപൊത്തും, നല്ല തണുപ്പുള്ളതാണ്‌. (ഒരിക്കൽ ശ്രീ പെരുന്ന തോമസ്‌ ഈ എണ്ണ ഒരു ദിവസം തേച്ചിട്ട്‌ മൂപ്പർ മൂന്നു ദിവസത്തേക്ക്‌ ഉറങ്ങിഃപ്പോയി എന്നോ മറ്റോ കേട്ടിട്ടുണ്ട്‌) എന്നെ ശുശ്രൂഷിക്കാനായിട്ട്‌ മൂപ്പർ കൂടെ താമസിക്കുകയായിരുന്നു. ശുശ്രൂഷകന്മാരായി വേറെയും ആളുകൾ ഉണ്ടായിരുന്നു. ശ്രീ.കെ. പരമേശ്വരൻനായർ (ശോഭനാപരമേശ്വരൻ നായർ), എം.എ.ഖാദർ, പാറേമ്മൽ വാസുദേവൻ. തൃശൂരെ ശോഭനാ സ്‌റ്റുഡിയോ നടത്തിക്കൊണ്ടിരിക്കുകയാണ്‌ പരമേശ്വരൻ നായർ. ഇദ്ദേഹം നല്ലൊരു ഫോട്ടോഗ്രാഫറാണ്‌. നടനും ആർട്ട്‌ ഡയറക്‌ടറുമാണ്‌. ഞാൻ പരമു എന്നാണു വിളിക്കുന്നത്‌. ഇതിന്റെ കൈയെഴുത്തു കോപ്പി വായിച്ചു കേട്ട ഒരേ ഒരാൾ പരമു മാത്രമാണ്‌. എന്റെ ഭ്രാന്തുകാലങ്ങളിൽ പരമുവിന്റെ പ്രധാന ജോലി എഴുത്തെഴുതലായിരുന്നു. ഞാൻ പറഞ്ഞുകൊടുക്കും; പരമു എഴുതും. ഒരുമാതിരി പരിചയമുള്ള എല്ലാവർക്കും അന്ന്‌ എഴുത്ത്‌ അയച്ചിരുന്നു. മനോവേദന മറക്കാൻ വേണ്ടിയാണ്‌ ആ എഴുത്തുകളെല്ലാം പറഞ്ഞുകൊടുത്തത്‌. പിന്നീടു മുഖവുരകളായി. ‘വിശപ്പ്‌’ ‘ജീവിതനിഴൽപ്പാടുകൾ’ എന്നീ രണ്ടു പുസ്‌തകങ്ങൾക്ക്‌ മുഖവുരകളുണ്ടായത്‌ ഇങ്ങനെയാണ്‌. അക്കാലത്തു രസകരമായ പല സംഭവങ്ങളുണ്ടായിട്ടുണ്ട്‌. ഉണർന്നാൽ ഉറങ്ങുന്നതുവരെ ഞാൻ പറയുന്നതും ചെയ്യുന്നതുമെല്ലാം കുറിക്കാൻ ശ്രീ പെരുന്ന തോമസ്സിനെ ഏർപ്പാടുചെയ്‌തിരുന്നു. ആയതിലേക്ക്‌ ഒരു തടിയൻ നോട്ടുപുസ്‌തകം വാങ്ങികൊടുത്തിരിരുന്നു. പത്തു പന്ത്രണ്ടു ദിവസത്തേത്‌ ഞാൻ വായിച്ചുനോക്കി. എന്നിട്ട്‌ അതെല്ലാം ചെറിയ കഷണങ്ങളാക്കി വലിചു കീറി കത്തിച്ചു കളയുകയും ചെയ്‌തു. പല രസങ്ങളും ഞാൻ പരമുവിനോട്‌ പറഞ്ഞിട്ടുണ്ടായിരുന്നു. അതെല്ലാം ഇപ്പോഴും എനിക്കു നല്ല ഓർമ്മയുണ്ട്‌. എല്ലാം കൂടി ഈ മുഖവുരയിൽ കാച്ചാമെന്നു വിചാരിച്ചിരുന്നു. ഇടയക്കൊരു കാര്യം പറഞ്ഞോട്ടെ. ഏതു സുഖക്കേടും ഭേദമാകും. മരുന്നുമാത്രം പോരാ; രോഗിക്ക്‌ ആഗ്രഹവും വേണം. എനിക്കു നൂറുശതമാനം ആഗ്രഹമുണ്ടായിരുന്നു. വിവരങ്ങളെല്ലാം ഈ മുഖവുരയിൽ എഴുതാനിപ്പോൾ സമയമില്ല. (ഞാൻ പറഞ്ഞി​‍േല്ലേ, ഞാനൊരു വീടുണ്ടാക്കുന്ന ബഹളത്തിലാണ്‌. പിന്നെ ഒരു ഭർത്താവായി ഉയർന്നുവെന്നും പറഞ്ഞിട്ടുണ്ടല്ലോ. എന്റെ ഭാര്യയുടെ പേര്‌ ഫാത്തിമാബി. കോഴിക്കോട്ട്‌ ചെറുവണ്ണൂരുള്ള കോയാക്കുട്ടി മാസ്‌റ്ററുടെ സീമന്തപുത്രിയാകുന്നു. ഫാബിയെന്നാണ്‌ ഞാൻ വിളിക്കുന്നത്‌. സുഖക്കേടിന്റെ രസകരമായ സംഭവങ്ങൾ മുഴുവൻ ഞാൻ ഫാബിയെ പറഞ്ഞു കേൾപ്പിച്ചിട്ടുണ്ട്‌. അതെല്ലാം സമയമുള്ളപ്പോൾ വേറെ എഴുതിക്കൊള്ളാം.) അപ്പോൾ നമ്മൾ പറഞ്ഞുവന്നത്‌ എണ്ണയുടെ കാര്യമാണ്‌. എണ്ണ ഉശിരൻ തണുപ്പൻ തന്നെ. ഒരു പന്ത്രണ്ടാനയ്‌ക്കു ഭ്രാന്തിളകിയെന്നു വിചാരിക്കുക. ഒരാനയുടെ തലയിൽ അല്‌പം എണ്ണ പൊത്തിയാൽ പന്ത്രണ്ടും ഉറങ്ങിപ്പോകുമെന്നാണു പറയുന്നത്‌. അവനെ എന്റെ തലയിൽ പൊത്തുന്നു. ചില്ലറ കഷായം വായിൽ ഒഴിച്ചു തരുന്നു. എണ്ണ ശരിക്കു പിടിക്കുന്നതിനായി അരമണിക്കൂർ അങ്ങനെ കഴിക്കുന്നു. അതു കഴിഞ്ഞു പിന്നെ കഷായധാരയാണ്‌. അവനും തണുപ്പൻ തന്നെ. ഞാൻ ഒരു ബഞ്ചിൽ മലർന്നു കിടക്കുകയാണ്‌. കഷായധാര കുറഞ്ഞത്‌ ഒരു മണിക്കൂർ ഉണ്ടെന്നു വിചാരിക്കുക. അതു കഴിഞ്ഞാണ്‌ പ്രസിദ്ധമായ രണ്ടു ചികിത്സകൾ വരുന്നത്‌.

കിടപ്പു മലർന്നു തന്നെ

മനുഷ്യരുടെ ശബ്‌ദം കേൾക്കുന്നുണ്ട്‌. പക്ഷികൾ ചിലയ്‌ക്കുന്നുണ്ട്‌. കാറുകളുടെ ഹോൺ കേൾക്കുന്നുണ്ട്‌. (നാഷണൽ ഹൈവേക്ക്‌ അടുത്തായതുകൊണ്ടാണ്‌). പിന്നെ ആ സൂര്യൻ നല്ലവണ്ണം പ്രകാശിക്കുന്നുമുണ്ട്‌. ഇങ്ങനെയിരിക്കുമ്പോൾ എന്റെ വലത്തെ മൂക്കിൽ പ്ലാവിലയുടെ ഒരു കുമ്പിൾ ഇറക്കുന്നു. എന്നിട്ട്‌ മുളകുകളായ മുളകുകളും, സർവ്വമാന ഇഞ്ചിയും തുളസിനീരും ചുവന്നുള്ളിയും മരുന്നുകളും അരച്ചു കുഴമ്പാക്കി ഒരു തുടം ദ്രാവകം അതിൽ ഒഴിക്കുന്നു. ഉഗ്രവും രൂക്ഷവുമായ എരിവിന്റെ ഉദയം. ഫൂ! എന്നു ശക്തിയായി ഒരൂത്ത്‌! വലത്തെ മൂക്കിലെ ദ്രാവകം മുഴുവനും ആറ്റംബോംബു പൊട്ടി പൊട്ടിത്തെറിക്കുന്നപോലെ എന്നു പറഞ്ഞാൽ ബ്ലൂങ്കോസ്‌ ഡും! എന്ന്‌ ഇടത്തേ മൂക്കിലൂടെ പുറത്തേക്ക്‌ ഒരു ചാട്ടം! അപ്പോഴേക്കും സൂര്യൻ കത്തിക്കരിഞ്ഞുപോയിരിക്കുന്നു. മനുഷ്യരുടേയും പക്ഷികളുടേയും കാറുകളുടേയും ഒന്നിന്റേയും ശബ്‌ദങ്ങളില്ല. ലോകം നിശ്ശബ്‌ദം. ഭൂമി മാത്രം അവശേഷിച്ചിട്ടുണ്ട്‌. അപ്പോഴത്തേക്കും ഇടത്തെ മൂക്കിൽ കുമ്പിൾ ഇറക്കി കഴിഞ്ഞു മരുന്ന്‌. ഒഴിച്ചും കഴിഞ്ഞു. ഫൂ! എന്ന സുപ്രസിദ്ധമായ ഊത്തും. ബ്ലൂങ്കോസ്‌ ഡും! എന്ന ശബ്‌ദത്തോടെ ഭൂമി തകർന്നു തരിപ്പണമായിപ്പോയിരിക്കുന്നു. എല്ലാം അവസാനിച്ചു. ആദിമമായ അനന്തമായ കൂരിരുൾ!

പരമസത്യം പറയുകയാണെങ്കിൽ ലോകത്തിൽ യാതൊന്നും സംഭവിച്ചിട്ടില്ല. എല്ലാം പതിവിൻപടി. എന്റെ തലയ്‌ക്കകത്താണ്‌ ഈ കോലാഹലങ്ങളെല്ലാമുണ്ടായിട്ടുള്ളത്‌. കണ്ണൊക്കെ ശരിക്കു കാണാമല്ലോ. അതുകൊണ്ടു പിന്നെ കണ്ണെഴുത്താണ്‌! മൂക്കിലൊഴിച്ചതിനേക്കാളും ആയിരമായിരം മുളകുലോകങ്ങളെ അരച്ചുചേർത്തിട്ടുള്ളതും എരിവുകളുടെ മഹാസമുദ്രം ഒരു തുടമാക്കിയതും രൂക്ഷരൂക്ഷമായ, ഒരു കുഴമ്പ്‌ രണ്ടു കണ്ണിലും എഴുതിക്കഴിഞ്ഞു. ഡിം! കണ്ണുകളില്ല! ഏതോ ഒരു ദയാലു എന്റെ കൈയ്‌ക്കു പിടിച്ചുകൊണ്ടു പോയി ഒരു വലിയ ചെമ്പുകലത്തിന്റെ മുമ്പിൽ ഇരുത്തുന്നു. പിന്നെയങ്ങോട്ടു കുളിയാണ്‌; വരട്ടെ! അവന്റെ പേരു കുളി എന്നല്ല. ജലധാര! എന്നുവെച്ചാൽ മഞ്ഞുപോലെതണുത്ത വെള്ളം സാവധാനം കോരി ഒരാൾ തലയിൽ ഒഴിക്കുന്നു. ഒരു പത്തു മിനിട്ടുകൊണ്ട്‌ ഏവനും വിറയ്‌ക്കും.. എന്നാൽ, ഇതു തീരെ കുറഞ്ഞത്‌ ഒരു മണിക്കൂറാകുന്നു. ഭാഗ്യമെന്നേ പറയേണ്ടു, അപ്പോഴേക്കും നമുക്ക്‌ കണ്ണു തുറക്കാറാകുന്നു. എന്നാലും എരിവും പുകച്ചിലും അസ്‌തമിച്ചിട്ടില്ല. പുകച്ചിലോടെ പ്രപഞ്ചത്തെ നോക്കാം.!

ഈ പറഞ്ഞതെല്ലാം നാലു മണിക്കു പിന്നേയും ആവർത്തിക്കും. ഇതിനിടയിൽ കഷായവും ഗുളികയും നെയ്യുമെല്ലാമുണ്ടെന്നു വെച്ചോളു. ചികിത്സയിലേറ്റവും സ്‌റ്റൈലായിട്ടുള്ളതു നസ്യവും കണ്ണെഴുത്തുമാകുന്നു. ഈ കണ്ണെഴുത്തിന്റെ രൂക്ഷത കുറഞ്ഞൊരുദിവസം കൊണ്ട്‌ ഞാൻ കുറച്ചുകളഞ്ഞു. എങ്ങനെയെന്നുവെച്ചാൽ കണ്ണെഴുത്തു കഴിഞ്ഞാൽ ഞാൻ ഉടനെ ഉഗ്രധൈര്യത്തോടെ കണ്ണു രണ്ടുമങ്ങു തുറക്കും. പറഞ്ഞില്ലേ. നല്ല ധൈര്യത്തോടെ, ശക്തിയോടെ, ‘എന്നാലൊന്നു കാണട്ടെടാ!’ എന്ന മട്ടിലാണ്‌. കണ്ണുകൾ തുറന്നു തന്നെ വെക്കും. കാറ്റുകൊണ്ട്‌ ഒരു മിനിട്ടു കഴിഞ്ഞാൽ പിന്നെ വലിയ കുഴപ്പമൊന്നുമില്ല. ആ ഒരു മിനിട്ടുനേരത്തേക്കു കുറെ ശക്തിയും ധൈര്യവുമൊക്കെ വേണമെന്നു മാത്രം. ആ കാലത്തും അതിനുശേഷവും എന്റെ അടുത്തു വന്നുട്ടുള്ള എല്ലാ ദാർശനികന്മാരുടേയും കണ്ണുകൾ ഞാൻ ബലാല്‌ക്കാരമായി എഴുതിയിട്ടുണ്ട്‌. അതിൽ ഓർമ്മയുള്ളവരുടെ പേരുവിവരം താഴെ ചേർക്കുന്നു. എഴുതിയോ എന്നു സംശയമുള്ളവരുടെ പേരിന്റെ നേരെ ‘സംശയം’ എന്നു ബ്രാക്കറ്റിൽ ചേർക്കുന്നതാകുന്നു. അവർ വിവരമറിയിച്ചാൽ അടുത്ത പതിപ്പിൽ ബ്രാക്കറ്റും സംശയവും വേണമെങ്കിൽ പേരും മാറ്റുന്നതാകുന്നു.

കെ. പരമേശ്വരൻ നായർ, പാറേമ്മൽ വാസുദേവൻ, പെരുന്ന തോമസ്‌, എം.എ. ഖാദർ, ഗോപിനാഥപ്പണിക്കർ, ആർ.എസ്‌. പ്രഭു, കെ. ശങ്കരൻ (അയ്യർ) സത്യൻ (എക്‌സ്‌ പോലീസ്‌ ഇൻസ്‌പെക്‌ടർ ആൻഡ്‌ ഫിലിംസ്‌റ്റാർ), രാമു കാര്യാട്ട്‌ (ഫിലിം ഡയറക്‌ടർ), എ.സി. ജോർജ്ജ്‌, കെ.എ. ജബ്ബാർ, എസ്‌.കെ. പൊറ്റെക്കാട്ട്‌, തിക്കോടിയൻ, പി. ഭാസ്‌കരൻ, എൻ.വി.കൃഷ്‌ണവാര്യർ (സംശയം) വി. അബ്‌ദുല്ലാ എം. അബ്‌ദുറഹിമാൻ, എം.വി.ദേവൻ (സംശയം) എം.പി. കൃഷ്‌ണപിള്ള, പി.കെ. ബാലകൃഷ്‌ണൻ, ഡി.എം. പൊറ്റക്കാട്ട്‌, കെ.എ.രാജൻ, കൊച്ചപ്പൻ, ജോസഫ്‌ മുണ്ടശ്ശേരി (സംശയം) പോഞ്ഞിക്കര റാഫി, വയലാർ രാമവർമ്മ, എം. ഗോവിന്ദൻ (സംശയം) ഭാസ്‌കരൻനായർ എൻ.കെ., കെ.കെ.തോമസ്‌, ബി.എ., ബി.എൽ. പൊൻകുന്നം വർക്കി (സംശയം) ഫാബി ബഷീർ (സംശയം) കൂടാതെ ഞാൻ വേറെ കുറെ സ്‌ത്രീകളുടെ കണ്ണുകളും എഴുതിയിട്ടുണ്ട്‌. ഇപ്പോൾ ഞാൻ കല്യാണം കഴിച്ചിരിക്കുന്നതുകൊണ്ട്‌ അവരുടെയൊക്കെ പേരു ഞാൻ മറന്നുപോയിരിക്കുന്നു. ക്ഷമിക്കണം. എത്ര ഓർക്കാൻ ശ്രമിച്ചിട്ടും കഴിയുന്നില്ല! കിം ബഹുനാ!

ഇങ്ങനെ ഘോരമായ ചികിത്സയുടെ ഇടയ്‌ക്കാണ്‌ ‘പാത്തുമ്മായുടെ ആട്‌’ എന്ന ഈ തമാശക്കഥ ഞാൻ എഴുതുന്നത്‌. ഒരു മണിക്കൂർ എഴുതി മുഷിയുമ്പോൾ ഭ്രാന്തന്മാരുടെ അടുത്തു ചെന്നു ചില ഇന്റർവ്യൂ ഒക്കെ നടത്തുക പതിവായിരുന്നു. പത്‌മനാഭൻ നായർ എന്നു പേരായ ഒരു ഭ്രാന്തൻ എന്റെ അരുമശിഷ്യനായി എന്റെ കൂടെ നടക്കുമായിരുന്നു. മൂപ്പർ എന്നെ സ്വാമിജി എന്നാണു വിളിച്ചിരുന്നത്‌. ഞാനൊരു ബ്രാഹ്‌മണനാണെന്നാണു മൂപ്പരുടെ വിശ്വാസം. ഒരു ലോട്ടയിൽ ശുദ്ധജലം കൊണ്ടു വന്ന്‌ എന്റെ മുറിയിൽ തളിച്ചു ശുദ്ധമാക്കുമായിരുന്നു. ഞാൻ നടക്കുന്ന വഴിയും മൂപ്പർ ശുദ്ധമാക്കുമായിരുന്നു. മൂപ്പർ ഒരു സംസ്‌കൃത പണ്ഡിതനാണ്‌. സംസ്‌കൃതശ്ലോകങ്ങൾ കുറെ ചൊല്ലി എന്നെ കേൾപ്പിച്ചിട്ടുണ്ട്‌. അതിനിടയിൽ ഞാൻ കുടിച്ചു വെച്ചിരുന്ന ചായ എടുത്തു കുടിക്കും. ഞാൻ വലിച്ചുകൊണ്ടിരിക്കുന്ന ബീഡിയും മൂപ്പർ വാങ്ങി വലിക്കും. രണ്ടു ശങ്ക്‌രാചാര്യന്മാർ ഉണ്ടായിരുന്നു. അവരെ രണ്ടുപേരെയും പറ്റി എന്നോടു സംസാരിക്കും. എന്നിട്ടു ചോദിക്കും ഇതിൽ ഏതു ശങ്കരനാണു സ്വാമിജി? ​‍്‌ഞ്ഞാൻ പറയും. ‘എന്റെ പേര്‌ വൈക്കം മുഹമ്മദ്‌ ബഷീർ എന്നാകുന്നു. ഞാനൊരു അജ്‌ഞ്ഞാനിയാണ്‌!’ മൂപ്പർ ചോദിക്കും, ‘സ്വാമിജി എന്തിനു മറഞ്ഞു നില്‌ക്കുന്നു? മൂപ്പർക്കു കണ്ണെഴുത്ത്‌ അല്‌പം പേടിയായതു കൊണ്ടു ഞാൻ പറയും. ’നമുക്കല്‌പം കണ്ണെഴുതാം. മൂപ്പർ ഉടനെതന്നെ വേറെ ഏതോ മുറി ശുദ്ധമാക്കാനായിട്ടു പൊയ്‌ക്കളയും.

വേറൊരാൾ ശുദ്ധമൗനിയാണ്‌. ജാതിയിൽ ക്രിസ്‌ത്യൻ കത്തോലിക്കനാണെന്നു തോന്നുന്നു. വളരെ ദിവസത്തെ പരിശ്രമത്തിനു ശേഷമാണു മൂപ്പർ എന്നോടു വർത്തമാനം പറഞ്ഞത്‌. സാധാരണയായി നാലുമണിക്കു ശേഷമുള്ള ചികിത്സയൊക്കെ കഴിഞ്ഞ്‌ കിഴക്കുവശത്തെ കെട്ടിടത്തിന്റെ വരാന്തയിൽ പോയി പടിഞ്ഞാറോട്ടു തിരിഞ്ഞിരുന്നു രണ്ടു ചിരിചിരിക്കും! എന്നിട്ട്‌ ഒരു ബീഡി കത്തിച്ചു വലിച്ച്‌ പുക വിട്ടുകൊണ്ട്‌ ഇങ്ങോട്ടു പോരും. ഞങ്ങൾ ഇഷ്‌ടമായപ്പോൾ മൂപ്പരുടെ ജീവിതരഹസ്യം എന്നോടു പറഞ്ഞു. ഞാൻ ചോദിച്ചു. ‘എന്തായിരുന്നു ജോലി?’

മൂപ്പർഃ ‘പട്ടാളക്കാരൻ. അഞ്ചുകൊല്ലം മുമ്പ്‌ അങ്ങു സിറിയയിൽ വെച്ചു മരിച്ചു മണ്ണടിഞ്ഞു.’

ഞാൻ ചോദിച്ചുഃ ‘എന്നിട്ട്‌?’

മൂപ്പർ ഃ ‘ഇപ്പോൾ ദൈവം ഭൂമിയിലേക്കെന്നെ അയച്ചിരിക്കയാണ്‌.’

എന്തു പ്രത്യേകാവശ്യത്തിനാണെന്നു ഞാൻ ചോദിച്ചില്ല. വേറൊരു തടിയൻ ഭ്രാന്തനു ജീവിതത്തിൽ ആകെക്കൂടി ഒരൊറ്റ ആഗ്രഹമേയുള്ളു. ഒരാനയെ തിന്നണം!

ഞാൻ പറഞ്ഞുഃ

‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌!

’എന്നിട്ടതിനെ തിന്നോ?‘

ഞാൻ പറഞ്ഞുഃ ’തിന്നില്ല, വെളിയിലെല്ലാമവനങ്ങനെ നടക്കുകയാണ്‌.‘

’പിടി കിട്ടുമോ?

ഞാൻ പറഞ്ഞു ‘ അറിഞ്ഞുകൂടാ!’

ഇങ്ങനെ പല തമാശകളും എഴുതാനുണ്ട്‌. ‘ബഷീറിനു ഭ്രാന്തു വന്നു! ഞങ്ങൾക്കെന്താണു വരാത്തത്‌?’ ചില സാഹിത്യകാരന്മാർ വിലപിക്കുന്നതായി കേട്ടു. ദുഃഖിച്ചതുകൊണ്ടു വല്ല ഫലവുമുണ്ടോ? യോഗ്യന്മാർക്കു ചിലതൊക്കെ വരും! ഒരുപാടു പറയാനുണ്ട്‌. സമയമില്ല. ‘പാത്തുമ്മായുടെ ആടി’നെ കൂടുതുറന്നുവിടുന്നതിനു മുമ്പ്‌ ഒരു സംഗതി പറയാനുണ്ട്‌. കഴിഞ്ഞ നവംബർ മാസത്തിൽ കോഴിക്കോട്ടു നിന്ന്‌ വി. അബ്‌ദുല്ല, എം. അബ്‌ദുറഹ്‌മാൻ, തിക്കോടിയൻ എന്നീ മൂന്നു മാന്യന്മാർ തലയോലപ്പറമ്പിൽ വന്നിരുന്നു. ‘ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്‌’ എന്ന നോവൽ നാടകമാക്കണം. കേരള കലോത്സവത്തിന്‌ അവതരിപ്പിക്കുകയും വേണം. ഇനി താമസിപ്പിക്കാൻ പാടില്ല. പുറപ്പെടാം?

ശരി

ഞാൻ അവരുടെകൂടെ കോഴിക്കോട്ടേക്കു പോയി. നാടകമാക്കി അവരതു ഭംഗിയായി അവതരിപ്പിച്ചു. നാടകം വിജയമായിരുന്നു. ഞാൻ കാണാൻ പോയില്ല കാരണം. ഞാൻ ഫാബിയെ കല്യാണം കഴിച്ച്‌ ശ്രീ എസ്‌.കെ.പൊറ്റെക്കാട്ടിന്റെ പുതിയറയിലുള്ള ‘ചന്ദ്രകാന്തം’ എന്ന വീട്ടിൽ ബലാൽക്കാരമായി കയറിത്താമസിച്ച്‌ മധുവിധു കൊണ്ടാടുകയായിരുന്നു. ഈ മുഖവുര പതുക്കെ അവസാനിപ്പിക്കുകയാണ്‌. ‘പാത്തുമ്മായുടെ ആട്‌’ ചുമ്മാ ഒരു കഥയല്ല. ഇതിലെ കഥാപാത്രങ്ങളെല്ലാം ഈശ്വരാനുഗ്രഹത്താൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു. ഇതെഴുതിയിട്ട്‌ അഞ്ചു വർഷമായെന്നു ഞാൻ മുമ്പു പറഞ്ഞിട്ടുണ്ടല്ലോ. പുത്തൻ കഥാപാത്രങ്ങൾ പലതും ഉണ്ടായിട്ടുണ്ട്‌. ഇതെന്റെ വീട്ടിലെ സത്യമായ കഥയാണെന്നോർക്കണം. കഥയെഴുതുമ്പോൾ ഈ മുഖവുരയിലുള്ള ചില സംഗതികൾ ഞാൻ കരുതിക്കൂട്ടി വിട്ടുകളയുകയാണു ചെയ്‌തത്‌. അതോർമ്മിച്ചുകൊണ്ട്‌ ‘പാത്തുമ്മായുടെ ആടി’നെ കൂടുതുറന്നു നിങ്ങളുടെ അടുത്തേക്കു വിടുകയാണ്‌.

മംഗളാശംസകളോടെ സകലമാനപേർക്കും സുഖവും സന്തോഷവും നേർന്നുകൊണ്ട്‌,”

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here