ഞാവൽ മരങ്ങൾ കണ്ണാടി നോക്കുന്ന വനത്തിലെ പൊയ്ക.
അവിടെ ഒറ്റക്കാലിൽ നിൽക്കുന്ന വെള്ളപ്പക്ഷിയുടെ വേഷത്തിൽ
മഹാഭാരതത്തിലെ യക്ഷൻ ഒളിഞ്ഞിരുന്നു
ആഴ്ചകളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു.
ദാഹിക്കുന്നവരാരും ഒഴിഞ്ഞ ആവനാഴിയുമായി
ആ വഴി വന്നില്ല.
ജ്ഞാനിയായ യക്ഷന്റെ തൊണ്ട വരണ്ടു. അയാൾ പൊയ്കയിൽ
കൈക്കുമ്പിൾ ഇറക്കിയ നിമിഷം ഞാവലുകൾക്കിടയിലൂടെ
ഒരു അശരീരി മുഴങ്ങി :
“അരുത്. ആദ്യം എന്റെ ചോദ്യത്തിന് ശരിയായ ഉത്തരം തരൂ. തന്നില്ലെങ്കിൽ താൻ കുടിക്കാൻ പോകുന്ന ജലം വിഷമയമാകുകയും താൻ പൊയ്കയിൽ മരിച്ചു വീഴുകയും ചെയ്യും.”
“ചോദിച്ചോളൂ” അഹങ്കാരിയായ യക്ഷൻ പറഞ്ഞു : “എനിക്കറിയാത്ത ഒരു വിഷയവും ഈ ഭൂമിയിലില്ല”
“താൻ ആരാ? യക്ഷനോ കൊക്കോ യമരാജനോ അതോ വ്യാസനോ” അശരീരി ചോദിച്ചു : “സത്യത്തിൽ താൻ ആരാ?”
അപ്പോഴാണ് യക്ഷൻ കുഴങ്ങിപ്പോയത്. തനിക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ഒരാളോടും ഒരു ബന്ധവുമില്ല. വ്യാസന്റെ ഒരു പാത്രസൃഷ്ടി മാത്രമാണ് താൻ. വ്യാസന്റെ വെറുമൊരു തോന്നലായ തനിക്ക് സ്വതന്ത്രമായി വല്ലതും ചിന്തിക്കുവാനോ സംസാരിക്കുവാനോ കഴിയുമെന്നു കരുതുന്നില്ല.
“യുധിഷ്ടിരനെപ്പോലും മുട്ട് കുത്തിക്കാൻ നോക്കിയ ആളല്ലേ” അശരീരി ചൂടായി ചോദിച്ചു : “എവിടെപ്പോയി തന്റെ ബുദ്ധിവൈഭവം? വാഗ്മിത്വം?”
ബകം വാ തുറക്കാതെ എങ്ങോട്ടെന്നില്ലാതെ പറന്നു…