വിദ്യാഭ്യാസ നയങ്ങളും വിദ്യാർത്ഥികളുടെ മൂല്യവും മാനസിക വളർച്ചയും

 

 

യുവതലമുറയെ വാർത്തെടുക്കുന്നതിൽ വളരെയധികം പങ്കു വഹിക്കുന്ന ഒന്നാണ് വിദ്യാഭ്യാസ നയങ്ങൾ. വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഓരോ വിദ്യാർഥിയുടെയും സ്വഭാവ രൂപീകരണം നടക്കുന്നത് ശൈശവ, കൗമാര, യൗവന  കാലഘട്ടത്തിലാണ് എന്നതിനാൽ  തന്നെ വിദ്യാലയങ്ങൾക്കും അധ്യാപകർക്കും സഹപാഠികൾക്കും ഇതിൽ പ്രധാന പങ്കുണ്ട്.

പ്രാചീന കാലം മുതലേ ഭാരതം വിദ്യാഭ്യാസത്തിനും വിദ്യാഭ്യാസ സമ്പ്രദായത്തിനും പേര് കേട്ടതായിരുന്നു. വേദകാലം മുതലേ പല രാജ്യങ്ങളിൽ നിന്ന് പോലും ഭാരതീയ ആചാര്യന്മാരുടെ അടുക്കൽ വിദ്യ അഭ്യസിക്കാൻ വിദ്യാർത്ഥികൾ വന്നിരുന്നു. അന്നു കാലത്തു അവലംബിച്ചിരുന്ന രീതിയാണ്  ഗുരുകുല വിദ്യാഭ്യാസം . സമഗ്രമായ ഒരു പഠന രീതിയാണ് അന്ന് അവലംബിച്ചിരുന്നത്. കുട്ടികളുടെ ശാരീരിക, കായിക,  മാനസിക വളർച്ചയ്ക്ക് പഠന വിഷയത്തോടൊപ്പം തന്നെ തുല്യ പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസ രീതിയാണ് അന്ന് അവലംബിച്ചിരുന്നത്. മാത്രമല്ല ഗുരുകുല വിദ്യാഭ്യാസമായിരുന്നതിനാൽ തന്നെ ഗുരുവിനും ഗുരുകുടുംബത്തിനുമൊത്തുള്ള സഹവാസത്തിലൂടെയാണ് വിദ്യാഭ്യാസം അഭ്യസിച്ചിരുന്നത്. അതിനാൽ തന്നെ ഓരോ വിദ്യാർത്ഥിയുടെയും സ്വഭാവ രൂപീകരണത്തിൽ ഗുരുവിന്റെയും, വിദ്യാഭ്യാസം നടത്തപ്പെടുന്ന ഗുരുകുലത്തിന്റെയും അന്തരീക്ഷം ചെലുത്തുന്ന സ്വാധീനം ഇദം പ്രഥമമായിരുന്നു.

ഒരു ഗുരുവെന്നാൽ അദ്ധ്യാപകൻ എന്നല്ല അർത്ഥമാക്കുന്നത്. അദ്ധ്യാപകൻ അധ്യാപനമാണ് നടത്തുന്നത്, അതായത് ഒരു പ്രത്യേക വിഷയത്തിൽ തിരഞ്ഞെടുത്ത പാഠപുസ്തകങ്ങൾ; അതിൽ രേഖയാക്കി സൂക്ഷിച്ചിരിക്കുന്ന അറിവുകൾ പകർന്നു കൊടുക്കുന്ന വ്യക്തിയാണ് അദ്ധ്യാപകൻ. എന്നാൽ ഒരു ഗുരു ശിഷ്യരുടെ ജീവിതശൈലി യമനിയമപ്രകാരം ചിട്ടപ്പെടുത്തുകയും ആ ജീവിതശൈലിയിൽ ജീവിക്കാനുള്ള മുന്നൊരുക്കങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്ന ആത്മപ്രബോധനവും; ചിത്തവൃത്തിയും ജീവിതശൈലിയാക്കാൻ പ്രചോദനം നൽകുന്ന ഒരു വ്യക്തിയാണ്.

അറിവില്ലായ്മയാകുന്ന തമസ്സിൽ നിന്നും ജ്യോതിസ്സാകുന്ന അറിവിലേയ്ക്ക് ശിഷ്യന്റെ ആത്മാവിനെ കൈപിടിച്ചു നടത്താൻ കഴിയുന്ന ഒരു വ്യക്തിയാണ് ഗുരു. എന്നാൽ ഒരു അദ്ധ്യാപകൻ ഏതൊരു വിഷയമാണോ കൈകാര്യം ചെയ്യുന്നത് ആ വിഷയത്തിനെ കുറിച്ചുള്ള പുസ്തകങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന അറിവുകൾ പകർന്നു കൊടുക്കുക മാത്രമാണ് നടത്തുന്നത്. അത് തന്നെയാണ് ഗുരുവും അധ്യാപകനും തമ്മിൽ ഉള്ള വ്യത്യാസം.

ഗുരുകുല വിദ്യാഭ്യാസ രീതിയിൽ സമത്വ ഭാവനയിലാണ് പഠനം നടന്നിരുന്നത്. ഏതൊരു വിദ്യാർത്ഥിയും വിദ്യ അർത്ഥിക്കുന്നവൻ എന്നതിലുപരി അവരുടെ ഗാർഹികപശ്ചാത്തലമോ, അവരുടെ കുലമോ ജാതിയോ സാമ്പത്തികമോ ഒന്നും തന്നെ കണക്കിലെടുത്തിരുന്നില്ല  ഗുരുവിനെ സംബന്ധിച്ചിടത്തോളം എല്ലാ ശിഷ്യരും ഒരുപോലെ ആയിരുന്നു. അതിന് ഉത്തമ ഉദാഹരണമാണ് സാന്ദീപനി മഹർഷിയുടെ കീഴിൽ വിദ്യ അഭ്യസിക്കുമ്പോൾ ഉള്ള ശ്രീകൃഷ്ണ ഭഗവാന്റെ സുദാമാവായുള്ള കൂട്ട് കെട്ട്. സാന്ദീപനി മഹർഷി കൃഷ്ണനെയും സുദാമാവിനെയും ഒരുമിച്ചു വീട്ടാവശ്യങ്ങൾക്കുള്ള വിറക് പെറുക്കാൻ അനുശാസിച്ചതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് സമത്വ ഭാവന കുട്ടികളിൽ വളർത്താൻ ഉള്ള ഒരു വൈകാരിക സമീപനമാണ്.  ഗുരുവിന് മുൻപിൽ സകല വിദ്യാർത്ഥികളും സമന്മാരാണ് എന്നതാണ്  കൃഷ്ണൻ രാജകുമാരനും സുദാമാ ഒരു സാധാരണ ബ്രാഹ്മണനും ആയിരിക്കെ ഇരുവരെയും അങ്ങനെയൊരു പ്രവൃത്തിക്ക് ഒരുമിച്ചു നിയോഗിച്ചതിൽ നിന്നും ദർശനീയമാകുന്നത്. കൃഷ്ണന് രാജകീയ പദവി ഗുരുകുലത്തിൽ ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ ഒരു ഗുരുകുലത്തിന്റെ നടത്തിപ്പിന്റെ രീതി ആധുനിക വിദ്യാഭ്യാസ രീതിയിലെ പാഠശാലകളെപ്പോലെ സാമ്പത്തികം ശിഷ്യരുടെ പ്രവേശനഘടനയെ ബാധിച്ചിരുന്നില്ല.

പ്രകൃതിയുമായി ഇണങ്ങി ജീവിച്ചു പഠനം നടത്തുന്ന ഒരു സമ്പ്രദായമാണ് ഗുരുകുല വിദ്യാഭ്യാസരീതിയിൽ അവലംബിച്ചു പോന്നിരുന്നത്. എന്നാൽ അന്നും വിപുലമായ പഠനങ്ങൾക്കായി നളന്ദ, തക്ഷശില, വിക്രമശില  പോലെയുള്ള വലിയ സർവ്വകലാശകൾ നിലനിന്നിരുന്നു. അവിടെ ഗുരുക്കളും ശിഷ്യരും ഒരുമിച്ചു താമസിച്ചു വിദ്യ അഭ്യസിച്ചു വന്നിരുന്നു. ലോകത്തിലെ തന്നെ ആദ്യ സർവ കലാശാലയായ തക്ഷശില ഭാരതത്തിൽ ആണ് ഉണ്ടായിരുന്നതെന്നതും അയ്യായിരത്തിൽ പരം പഠിതാക്കളും ഗുരുവര്യന്മാരും അവിടെ താമസിച്ചു പഠിച്ചും പഠിപ്പിച്ചും വന്നിരുന്നു എന്നതും മറക്കാതിരിക്കേണ്ടതാണ്. ആധുനിക കാലഘട്ടത്തിലെ രീതിയ്ക്കനുസൃതമായി നളന്ദയാണ് ആദ്യ സർവകലാശാലയെന്ന് കരുത്തപ്പെടുന്നതെങ്കിലും ഭരത ചക്രവർത്തി സ്ഥാപിച്ചതെന്ന് കരുതപ്പെടുന്ന തക്ഷശില സർവ്വകലാശാലയെ കുറിച്ചുള്ള ആദ്യ തെളിവ് വാല്മീകി രാമായണത്തിലാണെന്നതും സർവകലാശാലയുടെ പഴക്കം നമ്മെ മനസ്സിലാക്കാൻ സഹായിക്കും.

അന്ന് ഭാരതത്തിലെ വിദ്യാഭ്യാസ രീതിയും ഗുരുകുലങ്ങളും സർവകലാശാലകളും വിദേശീയരെ നന്നായി ആകർഷിച്ചിരുന്നു പേർഷ്യയിൽനിന്നും ഗ്രീക്കിൽനിന്നും പോലും വിദ്യാർത്ഥികൾ അവിടെ വന്നു താമസിച്ചു പഠിച്ചിരുന്നു. വൈദ്യം, ജ്യോതിഷം, സാമ്പത്തിക ശാസ്ത്രം, ഗണിതം എന്ന് തുടങ്ങി വളരെ വലിയ വിഷയ നിര തന്നെ തക്ഷശിലയിൽ കൈകാര്യം ചെയ്തു വന്നിരുന്നു എന്നത് ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അത്ഭുതാവഹമാണ്. ചാണക്യനും, ചരകനും, പാണിനിയും പോലെയുള്ള ഉൽകൃഷ്ടരായ, മഹാപണ്ഡിതരായ ഗുരുക്കന്മാരുടെ ജന്മഭൂമിയാണ് ഭാരതം.

ഈവിധം വളരെ ഉന്നത നിലവാരം പുലർത്തിയിരുന്ന ഭാരതീയ വിദ്യാഭ്യാസ ഘടനയ്ക്ക് സമൂലമായ പരിവർത്തനം വരുത്തപ്പെട്ടത് ബ്രിട്ടീഷുകാരുടെ ഭരണകാലത്താണ്. വിദ്യാഭ്യാസ രീതി പാശ്ചാത്യവത്കരിക്കപ്പെട്ടപ്പോൾ ആ മാറ്റത്തിൽ നമുക്ക് നഷ്ടമായത് മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അതിനാൽ ഓരോ വിദ്യാർഥിയിലും ഉണ്ടായിരുന്ന ആത്മബോധനവുമാണ് എന്നത് നിസ്തർക്കമാണ്. ആധ്യാത്മിക പഠനവും ആത്മബോധനവും മാനസിക വളർച്ചയ്ക്കുതകുന്ന എല്ലാ വിഷയങ്ങളും അവർ ഭാരതീയ വിദ്യാഭ്യാസ രീതിയിൽ നിന്നും എടുത്തു മാറ്റി. തത്‌ഫലം ഗുരുകുല വിദ്യാഭ്യാസം ഇല്ലാതായി, മറ്റു മതസ്ഥർക്കും ഇതേ അനുഭവങ്ങൾ തന്നെയാണ് ഉണ്ടായത്. അങ്ങിനെ വലിയൊരു മാറ്റം വിദ്യാഭ്യാസരീതിയ്ക്ക് സംഭവിക്കുകയും അത് പഠിതാക്കളിൽ സ്വാധീനം ചെലുത്തുകയും ചെയ്തു.

വിദ്യാഭ്യാസ രീതിയിൽ വന്ന മാറ്റങ്ങളിലൂടെ ഗുരുവിനും ആചാര്യനും പകരം അധ്യാപനവൃത്തിയും അധ്യാപനവും ആയപ്പോൾ മൂല്യശോഷണം ഉണ്ടായിരിക്കുന്നു. ഇവിടെ ഒരു പ്രത്യേക വിഷയ നൈപുണ്യം മാത്രമാണ് അധ്യാപനത്തിനാവശ്യം അതിനാൽ തന്നെ ഒരു വിദ്യാർത്ഥിയുടെ സമഗ്ര ഉന്നമനത്തിനായുള്ള സംഭാവനകളൊന്നും അധ്യാപകനിൽ നിന്നുണ്ടാകുന്നില്ല പകരം ആ വിഷയപാണ്ഡിത്യം മാത്രം നേടുന്നു. അതിനാൽ തന്നെ ഭാവി ജീവിതത്തിൽ ഒരു ഉദ്യോഗജീവിതത്തിനല്ലാതെ മറ്റൊന്നിനും ഉതകാത്ത വിദ്യാഭ്യാസമാണ് വിദ്യാർത്ഥിക്ക് ലഭിക്കുന്നത്. ഇവിടെ നമുക്ക് വിദ്യ അർത്ഥിക്കുന്നവൻ/വൾ എന്ന നിലയിൽ വിദ്യാർത്ഥി  മാത്രമാകുന്നു ശിഷ്യനാകുന്നില്ല.

ഗുരു ശിഷ്യബന്ധത്തിൽ ശിഷ്യന്റെ ആത്മവികാസമാണ് നടക്കുന്നതെങ്കിൽ അധ്യാപന രീതിയിൽ വിദ്യാർത്ഥി അതാത് വിഷയത്തിലുള്ള പാണ്ഡിത്യം മാത്രമാണ് നേടുന്നത്. അതിനാൽ തന്നെ ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ വാർത്തെടുക്കപ്പെടുന്നത് ഒരു ജോലിയിൽ പ്രവേശിക്കാനുള്ള യോഗ്യത നേടൽ അതല്ലെങ്കിൽ മത്സരപ്പരീക്ഷാ വിജയം എന്ന ഉദ്ദേശം മാത്രമാണ്.  ആധുനിക വിദ്യാഭ്യാസ രീതിയിലൂടെ  അതിനാൽ ആത്മവികാസം സംഭവിക്കുന്നില്ല. ആത്മവികാസം ഉണ്ടാകുന്ന ഒരു മനുഷ്യന്റെ ഉപബോധ മനസ്സ് പ്രപഞ്ചത്തിലേയ്ക്ക് നീളുന്നു അഥവാ പ്രപഞ്ചത്തെ കൂടുതൽ മനസ്സിലാക്കുന്നു. എന്നാൽ ഇന്നത്തെ വിദ്യാഭ്യാസനയമനുസരിച്ച് ഇതൊന്നും തന്നെ പാഠ്യപദ്ധതിയിൽ ഉൾപ്പെട്ടവയല്ല.

മൂല്യാധിഷ്ടിതമായ വിദ്യാഭ്യാസം ലഭിക്കുന്ന ഒരു വിദ്യാർത്ഥിയിൽ കരുണ, അനുകമ്പ, വിവേകം, സഹവർത്തിത്വം എന്നീ ഗുണങ്ങൾ വർധിക്കുന്നു,  സമഗ്രവികാസം സംഭവിക്കുന്നു. മാനസിക വികാസം സംഭവിക്കാത്ത വിദ്യാർത്ഥികൾ  ജീവിത പ്രാരാബ്ധങ്ങളും പ്രതിസന്ധികളും നേരിടാൻ ആകാതെ നട്ടം തിരിയുമ്പോൾ സമഗ്ര വികാസം വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്ന ഒരു  ശിഷ്യന് അങ്ങനെയൊരു പ്രതിസന്ധി നേരിടാനും മറികടക്കാനും അത്ര ബുദ്ധിമുട്ടനുഭവിക്കില്ല. ഇന്നത്തെ വിദ്യാഭ്യാസ നയങ്ങളിലെ അപചയം മൂലമാണ് വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയാലും ജീവിതം ശെരിയായ ദിശയിലൂടെ മുന്നോട്ട് കൊണ്ട് പോകാൻ കഴിയാതിരിക്കുന്നത്. വർധിച്ചു വരുന്ന സാമൂഹ്യ അപചയങ്ങൾക്കെല്ലാം കാരണം ഇത് തന്നെയാണ്. അത് മാത്രമല്ല മാതൃകാ വ്യക്തിത്വങ്ങൾക്കും ഇന്ന് കുറവ് സംഭവിച്ചിരിക്കുന്നു. ഇതിനൊക്കെ ഒരുത്തരം വിദ്യാഭ്യാസ രീതിയിൽ നവീകരണം നടത്തേണ്ടതാണ് എന്നത് തന്നെയാണ്. മത്സരപ്പരീക്ഷാ വിജയം മാത്രം മുൻപിൽ കണ്ട് ഉള്ള നമ്മുടെ വിദ്യാഭ്യാസ നയത്തിൽ മാറ്റങ്ങൾ സംഭവിച്ചു തുടങ്ങേണ്ടതുണ്ട്. ഗുരുകുല സമ്പ്രദായത്തിലുള്ള ഗുരുക്കന്മാർ ഇന്നത്തെ വിദ്യാഭ്യാസ നയത്തിൽ  ഇന്നാവശ്യമുണ്ട്. വിദ്യാർത്ഥികളെ പുസ്തകപ്പുഴുക്കളായും മത്സരപ്പരീക്ഷാവിജയം മാത്രം മുന്നിൽ കണ്ടോടുന്ന പന്തയക്കുതിരകളായും വളർത്താതെ ലോകത്തെ അറിയാനും മനസ്സിലാക്കാനും മാനുഷിക മൂല്യങ്ങളുള്ളവരായും വളർത്താൻ ഉള്ളതാകട്ടെ വിദ്യാഭ്യാസ നയങ്ങൾ.അധ്യാപകർ വെറും അധ്യാപനം മാത്രം നടത്താതെ നല്ല ഗുരുവാകാനും കൂടി പരിശ്രമിക്കട്ടെ.

സമഗ്ര വിദ്യാഭ്യാസ നയങ്ങൾ ഇന്ന് പ്രചുര പ്രചാരത്തിലായി തുടങ്ങിയിട്ടുണ്ട് മാനസികവും ആത്മീയവും കായികവും സാമൂഹികവുമായ വിഷയങ്ങൾ മറ്റു വിഷയങ്ങൾക്കൊപ്പത്തിനൊപ്പം പഠനവിഷയങ്ങളാകുന്ന സമഗ്ര വിദ്യാഭ്യാസ നയം ഗുരുകുല സമ്പ്രദായത്തിന്റെ മറ്റൊരു പരിശ്ചേദമാണ്. അവയിൽ അധിഷ്ഠിതമാകട്ടെ നമ്മുടെ വിദ്യാഭ്യാസ രീതിയും. വരും തലമുറയെ സന്തുലിതരായി സാമൂഹിക പ്രതിബദ്ധതയുള്ള  നല്ല മനുഷ്യരായി വളർത്തിയെടുക്കാൻ കഴിയട്ടെ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഔത, നാരായണപിള്ള, കുഞ്ഞഹമ്മദൂട്ടി…
Next articleഓർമകൾ മാത്രം
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ" എന്ന കവിതാസമാഹാരത്തിൽ ഒരു കവിത, "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

2 COMMENTS

  1. മഹാകവി ടാഗോർ സ്ഥാപിച്ച വിദ്യാനികേതൻ അമൃത വിദ്യാലയങ്ങൾ സരസ്വതി വിദ്യാനികേതൻ ഗാന്ധി വിദ്യാലയങ്ങൾ തുടങ്ങി ഇന്ത്യയിലും വിദേശങ്ങളിലും മൂല്യങ്ങൾ പഠിപ്പിച്ച് വ്യക്തി വികാസം രൂപപ്പെടുത്തു ന്നതിൽ ശ്രദ്ധിക്കുന്ന വരും കൂടി ഇല്ലായിരുന്നെങ്കിൽ ഒന്നും ബാക്കി കാണുമായിരുന്നില്ല

    • അഭിപ്രായം അറിഞ്ഞതിൽ സന്തോഷം ചേട്ടാ. അതെ, സമഗ്രമായ വിദ്യാഭ്യാസപദ്ധതികൾ വരേണ്ടതാണ്. വരുമെന്ന ശുഭാപ്തി വിശ്വാസത്തോടെ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here