ഒരു ഈജിപ്ഷ്യൻ അപാരത

 

 

 

ഈജിപ്തിനെക്കുറിച്ച് കേൾക്കുമ്പോൾ മനസിൽ തെളിയുന്ന ചില ചിത്രങ്ങൾ ഉണ്ട്..

“പിരമിഡുകളുടെ” നാട്..

“നൈൽ” നദിയുടെ നാട്..

ലോകത്തിലെ തന്നെ ഏറ്റവും വലിയ സിറ്റികളിൽ ഒന്നായ “അലക്സാണ്ടർ” ചക്രവർത്തി നിർമ്മിച്ച “അലക്സാൻഡ്രിയ” സിറ്റി..

അമ്പലങ്ങൾ ഉള്ള മുസ്ലിം രാജ്യം…

അങ്ങനെ, അങ്ങനെ പലതും കൊണ്ട് സമ്പുഷ്ടമായ നാട്..

മെയ് മാസത്തിൽ ആരംഭിച്ചു ഒക്ടോബർ വരെ നീളുന്ന ചൂടുള്ള കാലവസ്ഥയും…

അതിനു ശേഷം തുടങ്ങുന്നു തണുപ്പും മഴയും മഞ്ഞും കലർന്ന കാലാവസ്ഥയും…

ഇവയൊക്കെ കൊണ്ട് മനോഹരമാക്കുന്നു..

ഈജിപ്തിനെ…!!

അവിടെ ഒരു കൊച്ചു ഗ്രാമത്തിൽ ആണ് “അമർ” ജനിച്ചത്…

കാര്യമായി ഒന്നും തന്നെ പറയാൻ ഇല്ലാത്ത കഷ്ട ബാല്യം..

ചെറുപ്പത്തിലേ ബാബ (അച്ഛൻ) നഷ്ട്ടപ്പെട്ട *മസറികുട്ടി* ..

(“മസറികൾ”… എന്നാണ് ഈജിപ്ഷ്യൻ ജനത അറിയപ്പെടുന്നത്..)

അവന്റെ കൂട്ടിനു ആകെയുള്ളത് അവന്റെ ഉമ്മി (അമ്മ) മാത്രം…

വളരെ കഷ്ടപ്പെട്ടാണ് അവനെ അവർ വളർത്തിയത്..

പ്രായമായ ഉമ്മിയ്ക്ക് ആണെങ്കിൽ തീർത്തും വയ്യാത്ത അവസ്ഥയിൽ കിടപ്പാണ്….

വിദ്യാഭ്യാസം ഒട്ടുമില്ലാത്തൊരു ചെറുപ്പക്കാരനാണു അമർ

“25” വയസ് പ്രായം….

ഉമ്മിക്ക് വയ്യാത്ത കൊണ്ട് കൂടിയാണ് അവൻ ദൂരെയെങ്ങും ജോലിക്ക് പോകാത്തതും…

ഇടയ്ക്കിടയ്ക്കു ഉമ്മിയെ വന്നു നോക്കണം..

വേറെ ആരും തന്നെയവർക്ക് സഹായത്തിന് ഇല്ല..

രാവിലെ മുതൽ തുടങ്ങുന്ന അധ്വാനത്തിലൂടെ

രണ്ട് വയറുകൾ കഴിഞ്ഞു പോണം അത്രമാത്രം…

അതാണവന്റെ ലക്ഷ്യം…

സഹായമനസ്കൻ….

എന്നും വെളുപ്പിനെ അവൻ ഇറങ്ങും…

മഞ്ഞുവീഴുന്ന വഴികളിൽ മഞ്ഞിൻ കണങ്ങളെ ലാളിച്ചു കൊണ്ടവൻ പോകുന്നത് അടുത്തുള്ള *ഇറാനിയൻ റൊട്ടി* ( മൈദ കൊണ്ടുണ്ടാക്കിയ ചുട്ടെടുക്കുന്ന റൊട്ടി ) കടയിലേക്കാണ്….

അവനുള്ള കുറച്ചു റൊട്ടികൾ എന്നും അവർ മാറ്റിവച്ചേക്കും….

രാവിലെമുതൽ അവന്റെ ദിവസം തുടങ്ങുന്നത് തെരുവുകളിൽ ആ റൊട്ടികൾ വിറ്റുകൊണ്ടാണ്

ഒരു റൊട്ടി വിറ്റാൽ *കാൽപൗണ്ട്* (ഒരു രൂപയോളം വരും) കിട്ടും.

വിൽക്കുന്നത് മുഴുവൻ രാവിലെ ജോലി അന്വേഷിച്ചു ഇറങ്ങുന്ന ഒരു കൂട്ടം മസറികൾ റോഡ്സൈഡിൽ ഉണ്ടാകും

അവർക്കാണ്..

ചൂട് റൊട്ടിയും ഒരു പച്ച തക്കാളിയും, സബോളയും വഴിസൈഡിൽ ഇരുന്നു ഈ ജോലിക്കു പോകുന്നവർ കഴിക്കുന്നത്‌ പതിവുള്ളൊരു കാഴ്ചയാണ് അവിടെ…

അങ്ങനെ ദിവസവും പതിനഞ്ചോ ഇരുപതോ റൊട്ടിയോളം അമർ വിൽക്കും..

ഏകദേശം അഞ്ചോ പത്തോ ഈജിപ്ഷ്യൻപൗണ്ട് കിട്ടും..

ചില ദിവസങ്ങളിൽ മിച്ചം വരും റൊട്ടി..

അതവൻ വീട്ടിൽ കൊണ്ടുപോകും..

കാരണം എന്നും പതിവുള്ള ആൾക്കാരെ കിട്ടണമെന്നില്ല റൊട്ടി വിൽക്കാൻ..

മിച്ചം വരുന്നത് ചിലപ്പോൾ ഉമ്മിയുടെ കൂടെ ഇരുന്നു അവർ കഴിക്കും..

അല്ലെങ്കിൽ അവർക്കുള്ള ഭക്ഷണം വാങ്ങിക്കും കിട്ടുന്ന പൗണ്ടിനു…

കുറച്ചു നേരം ഉമ്മിയുടെ കൂടെ ഇരുന്ന് അവരുടെ കാര്യങ്ങളൊക്കെ ചെയ്തശേഷമാണ് അവൻ അടുത്ത ജോലിക്കു പോകുന്നത്..

അടുത്തുള്ള ഒരു *ഹുഖ* (വെള്ളം തിളപ്പിച്ച്‌ അതിനു മുകളിൽ പുകയില ഫ്ലേവർ ഇട്ടു പുകവലിക്കുന്ന ഒരുതരം പൈപ്പ് ) കടയിലേക്കാണ് സവാരി..

അവിടെ പുകവലിക്കാൻ നിരവധി ആൾക്കാർ വരും ദിവസം തോറും..

ആണുങ്ങളും പെണ്ണുങ്ങളുമൊക്കെ ഉണ്ടാകും…

വലിയോരു ഷോപ്പാണത്…

അവിടെ നിന്നും കിട്ടുന്ന ടിപ്പാണ് അമറിന്റെ അടുത്ത വരുമാനം..

*ഹുഖ* വലിക്കാൻ വരുന്ന ആൾകാർക്ക്..

ചായ എടുത്തു കൊടുക്കുക..

അവർ ഓർഡർ ചെയ്യുന്ന ആഹാരം സപ്ലൈ ചെയ്യുക….

അങ്ങനെയൊക്കെ ഉച്ചവരെ അവിടെ ഉണ്ടാകും.. അവൻ

മണിക്കൂറുകളോളം ഇരുന്നു വലിക്കുന്ന അവർക്കു അവനൊരു സഹായം മാത്രം..

ഹുഖ വലികഴിഞ്ഞു പോകുമ്പോൾ അവർ കൊടുക്കുന്ന ചില്ലറ തുട്ടുകൾ ആണ് അവന്റെ ആശ്രയം..

അങ്ങനെ എന്നും പതിവുപോലൊരു മധ്യവയസ്കയായ സ്ത്രീ അവിടെ ഹുഖാ വലിക്കാൻ വരും..

അവർക്കായി അവിടെ ഒരു ടേബിൾ സ്ഥിരമായി ഉണ്ട്…

അതിൽ വേറെ ആരും ഇരിക്കുന്നതും അവർക്ക് ഇഷ്ടമില്ല..

പൊതുവെ ശുണ്ഠിക്കാരി ആണവർ..

പുകയിലയുടെ മത്തു പിടിച്ച് കഴിഞ്ഞാൽ എന്നും ആരോടെങ്കിലും വഴക്കിട്ടെ അവരവിടുന്ന് പോകാറുള്ളു…

അമറിനെ അവർക്കു വലിയ ഇഷ്ടമൊന്നുമില്ല…

എല്ലാ ജോലികളും അവനെ കൊണ്ട് ചെയ്യിക്കും.

പക്ഷെ,

ഒരു നാണയതുട്ട് പോലും കൊടുക്കാതെ പോകുകയും ചെയ്യും..

അതാണവരുടെ സ്വഭാവം..

വലിയ കുടുംബത്തിലെ ഒരു സ്ത്രീയാണ് അവർ…

കൂടുതലും പണക്കാരെ അവിടെ വരാറുള്ളു..

ഇടയ്ക്കൊക്കെ അവനെ അവർ വെറുതെ ഉപദ്രവിക്കാറുമുണ്ട്…

എന്തെങ്കിലും കുറ്റമാരോപിച്ചു കൊണ്ട് …

പക്ഷെ പാവമായ അവൻ ഒന്നും തന്നെ പ്രതികരിക്കാറില്ല…

കൂടുതലും അവരിരിക്കുന്ന ടേബിളിന്റടുത്തേക്കു അവൻ പോകാറേ ഇല്ല…

അങ്ങനെ ദിവസങ്ങൾ കടന്നു പോയിക്കൊണ്ടിരുന്നു..

പൊതുവെ സന്തോഷവാനാണ് “അമർ”..

അധികം ആരോടും സംസാരിക്കാറില്ലാത്ത അവൻ…

ശാന്തനും സൗമ്യനും ആണ്…

എന്നും ഹുഖ ഷോപ്പിൽ നിന്നും ഇറങ്ങിക്കഴിഞ്ഞാൽ പോകുന്ന വഴിയിൽ ഒരു സ്ഥലത്തു വലിയൊരു കെട്ടിടം പണിയുന്നുണ്ട് അങ്ങോട്ട്‌ ഓടിപ്പോകും…

എന്തിനെന്നോ..??

അവിടൊരു പെൺകുട്ടി ഉണ്ട്..

സിമെന്റ് ചട്ടി ചുമക്കാൻ വരുന്ന പെണ്ണ്…

ഒരു കൊച്ചുസുന്ദരി…

കഷ്ടപ്പാടെന്തെന്നു അറിഞ്ഞവൾ….

അവനെപ്പോലെ തന്നെ..

” ലൈല..”

അവളെ ഒളിഞ്ഞു നിന്നു നോക്കികാണുക അവന്റെ വിനോദങ്ങളിൽ ഒന്നാണ്..

വെറുതെ ഒരു രസമുള്ള കാഴ്ച..

അവൻ അതിൽ ഒരാനന്ദം കണ്ടെത്തിയിരുന്നു..

ഒരു തരം നയനസുഖം…..

ചിലപ്പോൾ അവിടുള്ള ആൾക്കാർ അവനെ കളിയാക്കുകയും ചെയ്യും..

അവന്റെ ഒളിഞ്ഞു നോട്ടം കാണുമ്പോൾ..

വെറുതെ ഒന്നു ചിരിക്കുക മാത്രേ അമർ ചെയ്യുകയുള്ളൂ…

പക്ഷേ, ഇതൊന്നും അവൾ അറിയുന്നുണ്ടായിരുന്നില്ല..

അവളെ ഒരുനോക്ക് കണ്ടശേഷം അവൻ ഓടി ഉമ്മിയുടെ അടുത്തേക്ക് പോകുകയും ചെയ്യും…

അങ്ങനെ ദിവസങ്ങൾ പൊയ്ക്കിണ്ടിരുന്നു..!!

ഒരു ദിവസം ഹുഖ ഷോപ്പിൽ

പതിവുപോലെ ആ സ്ത്രീ എത്തി..

അമറിനെ വിളിച്ചു ടേബിൾ വൃത്തിയാക്കി..

ഹുഖ വലിച്ചു തുടങ്ങി…

ഇടയ്ക്കവർ എന്തൊക്കെയോ ഭക്ഷണം ഓർഡർ ചെയ്യുകയും അവൻ അത് കൊണ്ടുപോയി കൊടുക്കുകയും ചെയ്തു..

ഏകദേശം.. കുറച്ചു സമയങ്ങൾക്കു ശേഷം അവർ പോകാനുള്ള തയാറെടുപ്പിൽ..

എന്തോ തിരയുന്ന പോലെ…

ഒരുതരം അബോധാവസ്ഥയിലാണ് ആ സ്ത്രീ…

അവരുടെ പേഴ്സ് കാണുന്നുണ്ടായിരുന്നില്ല..

അതാണ് കാരണം…

ആക്രോശിച്ചു കൊണ്ട് അവർ അമറിനെ വിളിച്ചു..

അവൻ വന്നപ്പോൾ തന്നെ അവർ അവന്റെ കാരണത്തടിച്ചു.. ശക്തമായി..!!

കരഞ്ഞുപോയി അവൻ

ഒന്നും മനസിലാകാതെ കണ്ണുകൾ തുടച്ചു കൊണ്ടവൻ കാരണം ചോദിച്ചു…

എന്റെ പേഴ്സ് എവിടെ എന്ന് ചോദിച്ചു കൊണ്ടവർ വീണ്ടും വീണ്ടും അവനെ തല്ലി..

ആളുകൾ കൂടി..

അവൻ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു..

ഞാൻ എടുത്തില്ല… എന്ന്

ആ സ്ത്രീ അതൊന്നും കേൾക്കുന്ന മട്ടില്ല

ഷോപ്പ്ഓണർ വന്നു…

അവരോടു പറഞ്ഞു..

അമർ അങ്ങനൊന്നും ചെയ്യില്ല..

നല്ലൊരു പയ്യനാ..

ആ സ്ത്രീ ദേഷ്യം അടക്കനാവാതെ..

പറഞ്ഞു..

പോലീസിനെ വിളിക്കും ഞാൻ.

എനിക്കിപ്പോ എന്റെ പേഴ്സ് കിട്ടണം..

മോഷണ കുറ്റം കൊലപാതകത്തേക്കൾ വലിയ കുറ്റമാണ് അവിടെ..

അത് മാത്രമല്ല സ്ത്രീകൾ പറഞ്ഞാൽ വേറെ

സാക്ഷിയുടെ ആവശ്യവുമില്ല…

അമർ കരഞ്ഞുകൊണ്ടേ ഇരുന്നു

ആ സ്ത്രീ എന്തോ വൈരാഗ്യം തീർക്കുന്നപോലെ അവനോടു പെരുമാറിക്കൊണ്ടിരുന്നു..

അവർ പോലീസിനെ വിളിക്കുകയും ചെയ്തു..

അല്പസമയത്തിന് ശേഷം പോലീസ് എത്തുകയും ആ സ്ത്രീയുടെ വാക്കുകൾ അവർ വിശ്വസിക്കുകയും ചെയ്തു..

മോഷണക്കുറ്റം ആരോപിക്കപ്പെട്ട അമറിന്റെ വാക്കുകൾ ആരും വിശ്വസിച്ചില്ല..

കരഞ്ഞുകൊണ്ടവൻ പറഞ്ഞു..

ഞാനല്ല….

ഞാൻ കള്ളനല്ല..

ഞാൻ എടുത്തിട്ടില്ല…

പാവപ്പെട്ടവന്റെ വാക്കുകൾ ആരു കേൾക്കാൻ…

ആൾക്കാർ നോക്കി നിന്നതല്ലാതെ അവനെ സഹായിക്കാൻ ആരും ഉണ്ടായിരുന്നില്ല..

പോലീസുകാർ അവനെ ഉപദ്രവിച്ചുകൊണ്ട് വലിച്ചിഴച്ചു വണ്ടിയിൽ കേറ്റിക്കൊണ്ട് പോയി..

ഇതെല്ലാം കഴിഞ്ഞു ആ സ്ത്രീ തന്റെ വണ്ടിയുടെ അടുത്തേക്ക് പോയി..

വണ്ടിയിൽ കേറാൻ നേരം താക്കോൽ പരതിയപ്പോൾ..

അവരുടെ ശ്രദ്ധയിൽ പെട്ടു..

താക്കോൽ വണ്ടിയിൽ തന്നെ ഉണ്ട്…

പെട്ടെന്നവർ അകത്തേക്ക് കേറി നോക്കിയപ്പോൾ..

അവരുടെ പേഴ്സും വണ്ടിയ്ക്ക് അകത്തു തന്നെ.. കിടപ്പുണ്ട്..!!

 

വണ്ടിയിലേക്ക് കേറിയിരുന്നവർ യാതൊരുവിധ ഭാവ വത്യാസവും, പശ്ചാത്താപവും ഇല്ലാതെ ആ ചെറുപ്പക്കാരന്റെ അവസ്ഥ പോലും ആലോചിക്കാതെ ആ ലഹരിയുടെ മൂഡിൽ വണ്ടിയോടിച്ചു പോയി …

 

— ശുഭം —

രചന : അനു

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here