ഒരു ചിരപുരാതനസ്ത്രീ

 

 

 

അവൾക്ക് മാൻകുഞ്ഞുങ്ങളെ
ഇഷ്ടമായിരുന്നു.
കൊമ്പ് കുലുക്കി ചാട്ടങ്ങളെ
ഓടിയും കിതച്ചും നിന്നും ഇരുന്നണച്ചും
ഇമചിമ്മിക്കൊണ്ടുമുള്ള ‘വാ വാ’ വിളികളെ.
അനന്തമാർന്ന വിപത്തിലേക്ക്
കണ്ണഞ്ചിപ്പിച്ച് ഉറക്കം കെടുത്തുന്ന
സ്വർണ്ണവർണ്ണത്തെ.

അവൾ അടുപ്പിന്റെ പെരുന്തീനാക്കിലേക്ക്
നോക്കിക്കൊണ്ടിരിക്കുമ്പോൾ
കരിഞ്ഞ കനലുകളിൽ സൂര്യനെക്കണ്ടു.
അതിലൂടവൾ നടന്നുനടന്നൊരുവനിൽ നിന്ന്
അവനവനിലേക്ക് സ്വയം നാടുകടത്തി.
അവൾ പെണ്ണുങ്ങൾക്ക്
അതിർത്തി വിലക്കപ്പെട്ട രാജ്യത്തെ
കപ്പലിന്റെ അണിയത്തുകീറി
തലകുനിഞ്ഞ കൊടിക്കൂറയിലിരുന്നു.

അവൾ ചുവന്ന ദുപ്പട്ട കാറ്റിൽ പറത്തി.
മുറിച്ചിട്ട മാതളയല്ലികൾ പോലെ
വഴിനീളെ പുല്ലുകളുടെ ചുണ്ടുകൾ
ചോപ്പിച്ചു കൊടുത്തു.
അവളുടെ മാൻകുഞ്ഞുങ്ങളുടെ ശൂന്യതയിൽ
ഓർമ്മകളുടെ പർണ്ണശാല വാണു,
ഭൂമിയുടെ വരണ്ട പൊക്കിൾക്കൊടിയിൽ
ഏറ്റവും സമയം കുരുങ്ങിപ്പോയ
രാജ്യത്തെ ചുരുങ്ങിയ
ശ്വാസനാളത്തിന്റെ ഇടനാഴിയിലിരുന്ന്.

ഉഴവുനിലങ്ങളിലെ പരേതരുടെ
സ്വർഗ്ഗത്തിലേക്കുള്ള പടുകുഴികൾ
അദൃശ്യമാണ്.
അവൾക്കിപ്പോൾ മാൻകുഞ്ഞുങ്ങളെ
കാണുവാൻ കഴിയുന്നേയില്ല.
നിലതെറ്റിവീഴാൻ മാത്രമായി പിറക്കുന്ന
പ്രാണികൾക്കു വേണ്ടി തീർത്ത
കുഴിയാനക്കുഴിയോ പുഴച്ചുഴിയോ പോലെയൊന്ന്.
അവൾ ഭൂമിയുടെ പൊക്കിൾച്ചുഴിയിലേക്ക്
പിന്നെയും വീണുപോകണമെന്ന് നിനച്ചു.

പല്ലുകൾ അണച്ചുകൊണ്ട്
സന്ധ്യനേരം ഇരുട്ടിനാൽ തുന്നിയ
തിരശീലകൊണ്ട് ജനാല മറയ്ക്കുമ്പോൾ
അലഞ്ഞുതിരിഞ്ഞൊരു
പുരാതനവസന്തത്തിന്റെ
മുഷിഞ്ഞ വാട
അവളുടെ നെഞ്ചിലേക്ക് ചായുന്നു.
അവൾക്കിപ്പോൾ കാണാവുന്നത്
അവളുയിർത്തെഴുന്നേറ്റ ഉഴവുഭൂമിയുടെ
ചതുപ്പാർന്ന ആഴം മാത്രമാണ്.
ഇടനാഴിയിലെ ജനാലയ്ക്കരികിൽ
കൺതിരശീലയ്ക്കിപ്പുറം
അവളിപ്പോൾ നിൽക്കുന്നു.
രാത്രിയിൽ കുതിരാനിട്ട കടലമണികൾ
വയറു വീർത്ത് പൊട്ടി മരിക്കുന്ന ഒച്ചയെ
കേട്ടുകേട്ട് ഇലപ്പുല്ലു പായയിൽ
കിടന്നുറങ്ങിപ്പോകുന്നു.

അവൾ വീണ്ടും വീണ്ടും അപരിചിതയായ
പുരാതനസ്ത്രീയെ സ്വപ്നം കാണുന്നു.
സ്വപ്‍നത്തിൽ ഒരാളപ്പോൾ വന്നും
പോയിക്കൊണ്ടുമിരിക്കുന്നു
പിന്നെയും വന്നും വന്ന്
പോകാനായുന്നു.
അവളപ്പോൾ സ്വപ്നത്തിലിരുന്ന് കൊണ്ട്
മറ്റൊരു സ്വപ്നത്തിൽ കണ്ട
പത്തുതലയുള്ളൊരുവന്റെ
ചിത്രം വരയ്ക്കുന്നു.
ഉണർന്നപ്പോൾ
ചാണകം മെഴുകിയ തറയിലാകെ
ഒരു മാൻപേട വീണ്ടും വന്നുപോയതിന്റെ
പാടുകളായിരുന്നു.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here