കുതിക്കുകയാണു
ജീവന്റെ വാഹനം
ഉള്ളിലുണ്ടൊരു
കുഞ്ഞു താരകം
ഭൂവു കാണുവാന്‍
വിരുന്നു വന്നിട്ടുള്ള
പിഞ്ചു മാലാഖയപ്പുഞ്ചിരി
യാചന്ദ്രതാരം
പുലരണമതിനായി
താണ്ടുവാനുണ്ടു
കാതങ്ങളേറെ
ദൂരെയാതുരാലയം
ശരവേഗമാര്‍ജ്ജിക്കണം
പൊള്ളുന്ന വേനലില്‍,
നീളെ നന്മ മരങ്ങള്‍
പൂ പൊഴിക്കുന്നു
പേയടക്കിത്തിരക്കുകള്‍
ഓരം ചേര്‍ന്നു നിന്നു
വഴിയൊരുക്കുന്നു
കണ്ണു ചിമ്മാതെ, പാതകള്‍
സാരഥിക്കു മുമ്പില്‍ കിടക്കുന്നു
പറന്നു പോവുകയാണു വിട
വൃഥാവിലാവാതെ യതി
ശീഘ്രമെന്നു കാതില്‍
മന്ത്രിച്ചു നില്‍ക്കുന്ന
കാറ്റു പോലും
ശ്വാസം പിടിച്ചിട്ടു
കൂട്ടുപോകുന്നുവാ
യിളം പൂവിനൊപ്പം
ഇല്ല, മലയാളത്തിന്‍
മധുരമൊട്ടും വറ്റിയിട്ടില്ല
ഓമനത്തിങ്കള്‍ക്കിടാവോ
നല്ല കോമളത്താമരപ്പൂവോ
താരാട്ടുപാടിക്കുഞ്ഞേ
നിനക്കൊപ്പമുണ്ടീ
യുലകമൊക്കെയും
നിനക്കു കളിക്കുവാന്‍
മുറ്റമൊരുക്കി
കാത്തു നില്ക്കയാമീ
നാടിന്റെ പച്ചകള്‍
സസുഖം മടങ്ങി വന്നീടുക
നിന്നോടൊപ്പം
മിടിക്കുവാനുണ്ടു
ഹൃദയ കേരളം