കേരളദിനപ്പിറവി ദിനത്തോടനുബന്ധിച്ച് ഗ്രാമീണവായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പഞ്ചായത്ത് റോഡിലേയുള്ള കൂട്ടയോട്ടത്തില്‍ പങ്കെടുത്ത് മുട്ടിക്കുളങ്ങര വൈദ്യരുടെ ചികിത്സയില്‍ കഴിയുമ്പോഴാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെയെത്തി ഒരു പ്രസംഗത്തിനു ക്ഷണിച്ചു. വിഷയം മലയാളിയും മലയാളവും.
ഈ അവസ്ഥയില്‍ എന്തു പ്രസംഗം എന്നു പറഞ്ഞു നോക്കി.
പയ്യന്മാര്‍ വഴങ്ങിയില്ല. പകരക്കാരനെ ചൂണ്ടിക്കാണിച്ച് തടിതപ്പാന്‍ നോക്കി
ഏറ്റില്ല.
” ഇത് മലയാളിയുടെയും മലയാളത്തിന്റെയും കാര്യമാണ്. മാഷ് വന്നേ പറ്റൂ . മറിച്ചൊന്നും ഞങ്ങള്‍ക്ക് സ്വീകാര്യമല്ല”
തലമുതിര്‍ന്ന ഒരു പൂര്‍വ വിദ്യാര്‍ത്ഥി തറപ്പിച്ചു പറഞ്ഞു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അവന്‍ നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഉച്ചാരണപ്പിശകിന്റെ പേരില്‍ ഒന്നരമണിക്കൂര്‍ നേരം അവനെ ഒറ്റക്കാലില്‍ നിര്‍ത്തി ശിക്ഷിച്ച കാര്യം ഒരു ഞടുക്കത്തോടെ ഞാനോര്‍ത്തു.
പയ്യന്‍ എന്നെയും കൊണ്ടേ പോവൂ . ഞാന്‍ അടവൊന്നു മാറ്റിച്ചവുട്ടി .
” ഞാനിപ്പോള്‍ വൈദ്യരുടെ ചികിത്സയിലാണല്ലോ അതുകൊണ്ട് അദ്ദേഹം സമ്മതിച്ചാല്‍ വരാം. നിങ്ങള്‍ വൈദ്യരുമായി ഒന്നു സംസാരിക്കു. ”
വൈദ്യര്‍ കൈവിടില്ലെന്ന പ്രതീക്ഷയില്‍ ഞാന്‍ പറഞ്ഞു.
രോഗിയിച്ഛിച്ചതും വൈദ്യര്‍ കല്പ്പിച്ചതും വേറെ വേറെ.
രക്ഷപ്പെടാന്‍ ഒരു വഴിയുമില്ലല്ലോ ഈശ്വരാ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിച്ചപ്പോഴാണ് ഒരു ഉപായം മനസില്‍ തെളിഞ്ഞത്.
അതെ പയ്യന്മാര്‍ക്ക് ഇനി രക്ഷയില്ല.
” ശരി ഞാന്‍ വരാം പക്ഷെ ഒരു നിബന്ധനയുണ്ട് ” ഒന്നു നിവര്‍ന്നിരുന്നുകൊണ്ടു ഞാന്‍ പറഞ്ഞു.
” പറയൂ സാര്‍ ഞങ്ങള്‍ എന്തിനും തയാറാണ്”
” എന്റെ ഒരു ചോദ്യത്തിനു നിങ്ങള്‍ തൃപ്തികരമായ ഒരു മറുപടി നല്‍കണം ”
” ഒന്നല്ല ഒമ്പതണ്ണം ചോദിക്കു സാര്‍” പയ്യന്‍മാര്‍ ആവേശത്തോടെ മുഷ്ടി ചുരുട്ടി.
” തല്‍ക്കാലം ഒന്നു മതി. ചോദ്യം വളരെ ലളിതമാണ്. മലയാള ഭാഷയില്‍ എത്ര അക്ഷരങ്ങളുണ്ട്?”
” ഞാന്‍ പഠിക്കാന്‍ തുടങ്ങുമ്പോള്‍ അമ്പത്തൊന്നുണ്ടായിരുന്നു” തലമുതിര്‍ന്നവന്‍ തുടങ്ങി വച്ചു.
” അമ്പത്തൊന്നക്ഷരാളി” എന്നാരോ പറഞ്ഞിട്ടുണ്ടെന്ന് കൂടെയുള്ളവര്‍ കുട്ടിച്ചേര്‍ക്കുകയും ചെയ്തു .
” അമ്മും (അം) ഇരട്ടക്കുത്ത് അ – യും (അ:) കൂട്ടാമോ സര്‍ ?”
കൂട്ടത്തില്‍ കുറിയവന്‍ അടുത്തു വന്നു ചോദിച്ചു.
അവന്റെ പുറത്തിട്ട് ഒരു കുത്തുകൊടുക്കാന്‍ കൈ ഉയര്‍ന്നതാണ് . അപ്പോഴേക്കും അവനെ പുറകോട്ടു വലിച്ചുകൊണ്ട് വേറൊരുത്തന്‍ തൊണ്ട ശരിയാക്കി മുന്നോട്ടു വന്നു.
” അമ്പത്തി മൂന്നാണു സര്‍”
ഉത്തരങ്ങള്‍ പിന്നെയും വന്നുകൊണ്ടിരുന്നു വന്നു വന്ന് മുപ്പത്തിയാറിലെത്തിയപ്പോള്‍ എന്റെ ക്ഷമ കെട്ടു.
” നിങ്ങള്‍ക്ക് ഇരുപത്തിനാലു മണിക്കൂര്‍ സമയം തരാം പോയി വരൂ”
പയ്യന്മാര്‍ ഓരോരുത്തരുമായി മുറി വിട്ടിറങ്ങി . എല്ലാവരും പോയപ്പോള്‍ വൈദ്യര്‍ പതുക്കെ അടുത്തു വന്നിരുന്നു.
” മാഷെ ഇതുവരെ ചികിത്സിച്ചതിന് ഒരു ചില്ലിക്കാശു പോലും പ്രതിഫലം വേണ്ട . ആ ചോദ്യത്തിനുള്ള ഉത്തരം ഈ ചെവിയില്‍ ഒന്നു മൊഴിഞ്ഞാല്‍ മാത്രം മതി”
” എന്റെ വൈദ്യരെ അതൊന്നറിഞ്ഞിട്ട് മരിക്കണമെന്നാണ് എന്റെയും ആഗ്രഹം”
കിടന്ന കിടപ്പില്‍ ഒന്നു നെടുവീര്‍പ്പിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English