ശിഖരത്തിൽ നാട്ടും കൊടികൾ
കൊടുമുടിയെത്തോൽപ്പിക്കുന്നോർ :
നീലക്കൊടി മഞ്ഞക്കൊടി
വെള്ളക്കൊടി ചോപ്പൻ കൊടി
പച്ച-വിശ്വാസക്കൊടിയല്ലൊയത്
അടിവാരത്തുള്ളോർക്കപ്പാ!
അതിനായി തല്ലും കൊല്ലും
തമ്മിലടിക്കും ചില ചേകോന്മാർ
അതിനായി ഭണ്ഡാരപ്പുരകൾ
പടുക്കും ചില വിദ്വാന്മാർ
നിരപ്പേറും പാടത്ത്
ആടിയുംപാടിയുമടിമുടി
കോരിത്തരിക്കുന്നോർക്ക്
കൊടുമുടിയെന്തപ്പാ
അടിവാരമെന്തപ്പാ
വിപരീതങ്ങളൊക്കെ
വരമൊഴിയിൽ മാത്രം
പ്രകൃതിപാഠങ്ങളിലവ-
പരസ്പര പൂരകങ്ങൾ
ഇരുളിലും പ്രകാശപ്പൊലിമയുണ്ടപ്പാ
പ്രകാശത്തിലും ഇരുളിന്റെ
തരികാണുമപ്പാ
കൊടുമുടിയെത്താനുണ്ടത്രെ
നിരവധിയൊറ്റയടിപ്പാതകൾ
അടി തെറ്റി വീണാൽപ്പിന്നെ
അടിവാരം തന്നെ ശരണം
മൃത്യുവിൻ മുന്നെ ശൃംഗം കാലടിച്ചോട്ടിലാക്കുന്നോർക്ക്
കിട്ടും കട്ടായം കലശം
നല്ലോരമൃതിൻ കലശം!
സത്യം ആരറിയുന്നു!
അമ്മോപ്പ അമ്മോപ്പാ!!
ചന്തത്തിൽ ജ്ഞാനികൾ
തുടി കൊട്ടിപ്പാടുന്നു:
അമ്മോപ്പ അമ്മോപ്പാ!!
*അമ്മയാണെ അപ്പനാണെ എനിക്കറീല്ല
എന്ന അർത്ഥം കിട്ടുന്ന ഒരു കണ്ണൂർ നാടൻ ഭാഷാ പ്രയോഗം