അമ്മൂമ്മയും ആര്യക്കുട്ടിയും

aryakuttiആര്യക്കുട്ടി രണ്ടാം സ്റ്റാന്റേര്‍ഡിലാണ് പഠിക്കുന്നത്. അവളുടെ വീടിന്റെ മുറ്റം നിറയെ പൂച്ചെടികളാണ്. ഓണാവധിക്കാലത്ത് അവള്‍ മുറ്റത്ത് കളിച്ചുകൊണ്ട് നിന്നപ്പോള്‍ ഒരു പൂമ്പാറ്റ തത്തിപ്പറന്ന് ചുറ്റിക്കളിച്ച് മുറ്റത്തു നിന്ന പൂച്ചെടിയിലെ പൂവില്‍ വന്നിരുന്നു തേന്‍ നുകര്‍ന്നു.

അതിന്റെ ചിറകുകളില്‍ പുള്ളികള്‍ തിളങ്ങി. കണ്ണിമ പൂട്ടാതെ കുട്ടി പൂമ്പാറ്റയെ നോക്കിനിന്നു. അതിനെ സ്വന്തമാക്കാന്‍ അവള്‍ കൊതിച്ചു. എങ്ങനെ പിടിച്ചെടുക്കും? അവള്‍ ആലോചിച്ചു.

അവള്‍ അമ്മൂമ്മയോട് ചോദിച്ചു.

‘അമ്മൂമ്മേ, അമ്മൂമ്മേ, എനിക്ക് പൂമ്പാറ്റയെ പിടിച്ചു തരാമോ?’

‘വേണ്ട മോളേ, വേണ്ട. പൂമ്പാറ്റയെ പിടിക്കണ്ട. അതിനെ പിടിച്ചാല്‍ അതു ചത്തുപോകും. എന്തിന് വെറുതെ പാപം കൈയേല്ക്കണം? അതവിടെ പാറിപ്പറന്നു കളിക്കട്ടെ. നമുക്ക് കണ്ടു രസിക്കാം. ‘അമ്മൂമ്മ പറഞ്ഞു.

ആര്യക്കുട്ടി സമ്മതിച്ചില്ല. പൂമ്പാറ്റയെ പിടിച്ചതാ അമ്മൂമ്മേ എന്നു പറഞ്ഞു കരഞ്ഞുകൊണ്ട് അമ്മൂമ്മയെ പിടിച്ചു വലിച്ചു. നിര്‍ബന്ധം സഹിക്കവയ്യാതായപ്പോള്‍ അമ്മൂമ്മ പൂമ്പാറ്റയെ പിടിക്കാന്‍ ചെന്നു. പൂമ്പാറ്റ പറന്നു പോയി അടുത്ത പൂവിലിരുന്നു. അമ്മൂമ്മ അകത്തുപോയി അലമാരിയിലിരുന്ന പ്ലാസ്റ്റിക്ക്കൊണ്ടുള്ള കൃത്രിമപൂമ്പാറ്റയെ എടുത്തുക്കൊണ്ട്വന്ന് ആര്യക്കുട്ടിയുടെ കൈയില്‍ വച്ചു കൊടുത്തിട്ട് അകത്തു കയറിപ്പോയി അടുക്കളയില്‍ പണി ചെയ്യാന്‍ തുടങ്ങി.

ആര്യക്കുട്ടി പൂമ്പാറ്റയുടെ ചിറകുകളില്‍ തടവിനോക്കി. അത് അനങ്ങുന്നില്ല. അവള്‍ അമ്മൂമ്മയെ വിളിച്ച് പറഞ്ഞു: ‘അമ്മൂമ്മേ, പൂമ്പാറ്റ അനങ്ങുന്നില്ല. അത് ചത്തു പോയി. ഇതിനെ എനിക്കു വേണ്ട. മുറ്റത്ത് ദേ പൂമ്പാറ്റ പറന്നു നടക്കുന്നു. എനിക്കതിനെ പിടിച്ചു താ.’

അവള്‍ വാശിപിടിച്ചപ്പോള്‍ അമ്മൂമ്മ പൂമ്പാറ്റയെ പിടിച്ചു കൊടുത്തുകൊണ്ട് പറഞ്ഞു: ‘മോളേ, അതിനെ കൊല്ലാതെ കുറച്ചു കഴിയുമ്പോള്‍ വിട്ടുകളയണം കേട്ടോ.’

‘പറ്റില്ല, ഞാന്‍ വിടൂല്ല. എനിക്കിതിനെ കളിപ്പിക്കണം. അമ്മൂമ്മ ഇതിന്റെ വാലില്‍ നൂല്കെട്ടി താ.’ എന്നു പറഞ്ഞ് വാശിപിടിച്ച് കരയാന്‍ തുടങ്ങി. നിവൃത്തിയില്ലാതായപ്പോള്‍ അമ്മൂമ്മ നൂലെടുത്തുകൊണ്ടുവന്ന് കെട്ടിക്കൊടുത്തു.

ആര്യക്കുട്ടി പൂമ്പാറ്റയെ നൂലില്പിടിച്ചുകൊണ്ടു നടന്നു. അവളുടെ വീട്ടിലെ കുറിഞ്ഞിപ്പൂച്ച ഈ കാഴ്ച കണ്ടു. പൂച്ച ആര്യക്കുട്ടിയുടെ പിന്നാലെ കൂടി. പൂമ്പാറ്റ ഇടയ്ക്കു പറന്ന് താഴെ ഇരുന്നു. ഈ തക്കം നോക്കി ആര്യക്കുട്ടിയുടെ കണ്ണുവെട്ടിച്ച് കുറിഞ്ഞിപ്പൂച്ച പൂമ്പാറ്റയെ പിടിച്ചു തിന്നു. ആര്യക്കുട്ടി കരഞ്ഞ് വടിയും എടുത്തുകൊണ്ട് പൂച്ചയുടെ പിന്നാലെ ഓടി. പൂച്ച ഓടി മുറിയില്‍ കയറി. ആര്യക്കുട്ടിയും മുറിയില്‍ കയറി വാതില്‍ അടച്ചു പൂച്ചയെ പൊതിരെ തല്ലി. പൂച്ച ചാടി വീണ് ആര്യക്കുട്ടിയുടെ കാലില്‍ മാന്തി. ആര്യക്കുട്ടി കരഞ്ഞു കൊണ്ടു മുറിക്കു പുറത്തു വന്നു. കരച്ചില്‍ കേട്ട് അമ്മൂമ്മ വന്ന് കാരണം തിരക്കി. ഉണ്ടായ വിവരം അവള്‍ പറഞ്ഞു.

വിവരണം കേട്ടപ്പോള്‍ അമ്മൂമ്മ പറഞ്ഞു:

‘മോളേ, പൂച്ചയെ വാതില്‍ അടച്ചിട്ട് തല്ലരുത്. ഗതിമുട്ടിയാല്‍ പൂച്ച പുലിയായി മാറും. മോളോട് അമ്മൂമ്മ പറഞ്ഞില്ലേ പൂമ്പാറ്റയെ പിടിക്കണ്ടാന്ന്. എന്നിട്ട് മോള് കേട്ടോ? പൂമ്പാറ്റയെ കൊണ്ടുനടന്ന് പൂച്ചയ്ക്ക് തിന്നാന്‍ കൊടുത്തില്ലേ? അതിനു കിട്ടിയ ശിക്ഷയാണ്. ഇനി കരഞ്ഞിട്ട് കാര്യമല്ല. മേലില്‍ ഇതുപോലുള്ള പാപകര്‍മ്മങ്ങള്‍ ചെയ്യാതിരിക്കുക.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here