ശാസ്ത്ര പുസ്തകത്തിന് അവതാരികയുമായി ഒരു വിദ്യാർത്ഥി

28378387_512453809151979_5776189046344107849_n
അമ്മൂമ്മത്താടി എന്ന പുസ്തകത്തിന് പത്താംക്ലാസ്സുകാരൻ എഴുതിയ അവതാരിക ശ്രദ്ധേയമാകുന്നു.ലോഗോസ് പുറത്തിറക്കുന്ന പ്രദീപ് കണ്ണങ്കോടിന്റെ അമ്മൂമ്മത്തടി എന്ന പുസ്തകത്തിനാണ് കൊല്ലം ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂളിലെ പത്താംതരം വിദ്യാർത്ഥിയായ ഭൌമിക്.എസ് അവതാരിക എഴുതിയിരിക്കുന്നത്. പുസ്തകത്തിനു വരച്ചിരിക്കുന്നതും ഒരു വിദ്യാർത്ഥിയാണ് പുന്നല ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിലെ അനന്തു. ശാസ്ത്രത്തെ ലളിതമായി വായനക്കാരിലേക്ക് പകരുന്ന കൃതിയാണ് അമ്മൂമ്മത്താടി. ആലോചിക്കാൻ പോലും കഴിയാത്ത ഉയരങ്ങളിലേക്കുള്ള ശാസ്ത്രത്തിന്റെ വളർച്ചയാണ് ഇതിലെ പ്രതിപാദ്യം,

ഭൌമിക്.എസിന്റെ അവതാരിക വായിക്കാം:

 

ശാസ്ത്രാന്വേഷണവും ജീവിതാന്വേഷണവും
കൈകോർക്കുന്ന അമ്മൂമ്മക്കഥകൾ

നാം ലോകത്തെ എവിടെനിന്ന് നോക്കിക്കാണുന്നു എന്നത് നമ്മുടെ കാഴ്ചപ്പാടുകളുടെ രൂപഭാവങ്ങളെ നിർണ്ണയിക്കുന്ന ഘടകമാണല്ലോ. അണുസിദ്ധാന്തം അവതരിപ്പിച്ച ഐൻസ്റ്റീൻ, വൻശക്തികൾ അത് ലോകത്തെ നശിപ്പിക്കുന്നതിന് ഉപയോഗിക്കുന്നു എന്നുകണ്ടപ്പോൾ ആഴത്തിൽ കുറ്റബോധമനുഭവിച്ച അനുഭവം നമ്മുടെ മുൻപിൽ ഉണ്ട്. ശാസ്ത്രം ലോകത്തിന്റെ രക്ഷകനാകേണ്ടതുണ്ട് ശിക്ഷകനാകാനുള്ളതല്ല എന്ന ആശയം എല്ലാവരും അംഗീകരിക്കേണ്ടതുമാണ്.പ്രതീപ് സാർ തന്റെ എട്ടാമത്തെ പുസ്തകമായ അമ്മൂമ്മത്താടികൾ എന്റെ കൈയിലേക്ക് തന്നിട്ട് നിനക്കിഷ്ടമുള്ളത് എഴുതൂ എന്ന് എനിക്ക് ആത്മവിശ്വാസം പകർന്നുതന്നെങ്കിലും അവതാരിക എന്നപേരിൽ ഇത് എഴുതാനിരിക്കുമ്പോഴും എന്റെ കൈവിറയ്ക്കുന്നുണ്ട്. ഈ പുസ്തകത്തിലൂടെ പലതവണ ഞാൻ കടന്നുപോയി. ആദ്യം ഇത് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുമ്പോൾ, പിന്നെ പുസ്തകത്തിലെ അറിവിലൂടെ ആഴത്തിൽ സഞ്ചരിക്കാൻ, പിന്നെ ഇത് എഴുതാൻ വേണ്ടിയിട്ട്.സാറിന്റെ കഴിഞ്ഞ പുസ്തകത്തിലൂടെയും ഇതുപോലെ ഞാൻ യാത്രചെയ്തിരുന്നു. പതിനാറ്റാണ്ടുകൾ ശാസ്ത്രാദ്ധ്യാപകനായി തിളങ്ങുകയും ദേശീയതലത്തിലും സംസ്ഥാനതലത്തിലും ഏറ്റവും നല്ല അദ്ധ്യാപകനുള്ള പുരസ്കാരങ്ങൾ നേടുകയും ചെയ്ത സാർ തന്റെ വിദ്യാലയാനുഭവങ്ങളെ തന്റെ അറിവനുഭവങ്ങളുമായും സാമൂഹ്യാനുഭവങ്ങളുമായും ചേർത്ത് വയ്ക്കുന്ന പുസ്തകമായിരുന്നു അത്.

‘ എന്റെ പാഠപുസ്തകം’. സാധാരണഗതിയിൽ അദ്ധ്യാപകൻ കുട്ടികളെക്കാൾ ഉയരത്തിൽ നിന്നിട്ട് കുട്ടികൾക്ക് നേർവഴികാട്ടിയതിന്റെ ചരിത്രവും മഹത്വവും വിളിച്ചുപറയുന്നതിൽനിന്ന് വ്യത്യസ്തമായി കുട്ടികളിൽനിന്നും ക്ലാസ്മുറികളിൽനിന്നും താൻ എന്ത് ജീവിതപാഠമാണ് പഠിച്ചത് എന്നാണ് ആ പുസ്തകത്തിൽ സാർ പറയുന്നത്. “വെറുമൊരു അദ്ധ്യാപകനായിരുന്ന എന്നെ ഒരു നല്ല വിദ്യാർത്ഥിയാക്കി വളർത്തിയ എന്റെ കുട്ടികൾക്ക്” ആണ് ആ പുസ്തകം സാർ സമർപ്പിച്ചത്. വെറുമൊരു അദ്ധ്യാപകൻ എന്നതിലപ്പുറം സാർ ഇടപെടുന്ന എത്രയോ മേഖലകൾ ഉണ്ട്. പ്രതീപ് സർ എഴുതിയ ചില ശാസ്ത്രനാടകങ്ങൾ കാണാൻ അവസരം കിട്ടിയിട്ടുണ്ട്. ലോകത്ത് ഏറ്റവും പുതുതായുണ്ടാകുന്ന ശാസ്തസത്യങ്ങളെ അത് ലോകത്തുണ്ടാക്കാൻ പോകുന്ന ഗുണദോഷങ്ങളെക്കൂടി പരിഗണിച്ച് ആണ് അതീവലളിതമായി സർ നാടകമെഴുതിയിരിക്കുന്നത്. വർത്തമാനകാലജീവിതത്തോടൊപ്പം ലോകത്തിന്റെ ഭാവിയും പ്രതീപ് സാറിന്റെ വിഷയമാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. സാറിനോട് നേരിട്ട് സംസാരിച്ച പല അവസരങ്ങളിലും ഈ കാര്യങ്ങൾ എനിക്ക് മനസ്സിലാവുന്ന ഭാഷയിൽ സർ വിശദീകരിച്ചിട്ടുണ്ട്.പുതിയ പുസ്തകം അമ്മൂമ്മത്താടികളും പല പ്രത്യേകതകളുമുള്ള പുസ്തകമാണ്. ലോകത്തെ നേർവഴിക്ക് നയിച്ചവരിൽ അമ്മൂമ്മമാർക്ക് ചെറുതല്ലാത്ത പങ്കുണ്ട്.

നന്മയും സ്നേഹവും മൂല്യങ്ങളും നാം ഇപ്പോഴും കരുതിവയ്ക്കുന്നത് അമ്മൂമ്മക്കഥകളിലാണ്. കുട്ടികളെ രൂപപ്പെടുത്തുന്നതിൽ അവരുടെ സ്വഭാവത്തെ വഴിതിരിച്ചുവിടുന്നതിൽ ആ കഥകൾക്ക് വലിയ പങ്കുണ്ട്. ശാസ്ത്രത്തിന്റെ പുതുവഴികൾ തുറന്നുകാട്ടുകയാണ് അമ്മൂമ്മത്താടികളിൽ പ്രതീപ്സർ. വിഞ്ജാനത്തിന്റെ പുതിയ രൂപഭാവങ്ങളാണിതിന്റെ ഉള്ളടക്കം. അതേസമയം മനുഷ്യന്റെ സാമൂഹികവും സാംസ്കാരികവും കുടുംബപരവുമായ ജീവിതത്തെ എങ്ങനെയാണ് ശാസ്ത്രത്തിന്റെ അറിവുകളുമായി കൂട്ടിയോജിപ്പിക്കേണ്ടതെന്ന് സർ ഈ പുസ്തകത്തിൽ ചൂണ്ടിക്കാട്ടുന്നു.ഹൈടെക് വൃദ്ധസദനത്തിൽ കഴിയുന്ന രേവതി മുത്തശ്ശി, തന്റെ കൊച്ചുകകന്റെ മകനായ കരുൺ പ്രഭാകറിനയച്ചുകൊടുത്ത കത്തുകളാണ് ഈ പുസ്തകത്തിന്റെ ഓരോ അദ്ധ്യായങ്ങളും. തികച്ചും യാഥാസ്ഥിതികമായ ജീവിതസാഹചര്യങ്ങളിൽ വളർന്ന രേവതി മുത്തശ്ശി ശാസ്ത്രസത്യങ്ങളെ അന്വേഷിച്ചുപോയതിന്റെ കഥകളാണിതിൽ പറയുന്നത്. അച്ഛമ്മയുടെ അന്ധവും നിഷ്കളങ്കവുമായ വിശ്വാസങ്ങൾ, രേവതിമുത്തശ്ശിയെ ഒരു ശാസ്ത്രകുതുകിയാക്കി മാറ്റുന്നതും അന്വേഷണങ്ങൾക്ക് പ്രചോദനമാവുന്നതും നാം കാണുന്നു. അറിവുകൾ തേടിപ്പിടിക്കുന്നതും അത് കുട്ടികൾക്ക് പകർന്നുകൊടുക്കുന്നതും ജീവിതവ്രതമാക്കുന്നതിന്റെ കൌതുകമുണർത്തുന്ന കാഴ്ചകൾ കാണേണ്ടതുതന്നെ. മനുഷ്യന്റെ ജീവിതവും സംസ്കാരവും ധാർമ്മികമൂല്യങ്ങളും ശാസ്ത്രവുമായി എങ്ങനെയാണ് ഇഴപിരിയാതെ ബന്ധപ്പെട്ടിരിക്കുന്നത് എന്ന് വായിച്ച് നാം കുട്ടികൾ അത്ഭുതപ്പെടും തീർച്ച.പണ്ടെന്നോ കണ്ട രേവതിമുത്തശ്ശിയുടെ ചിത്രംപോലും മനസ്സിലില്ലെങ്കിലും, മുത്തശ്ശിയുടെ വാക്കുകളിലൂടെ ആളെ തിരിച്ചറിയുന്ന കരുൺ, മനുഷ്യബന്ധങ്ങളുടെ തീവ്രത ആ വാക്കുകളിൽ തിരിച്ചറിയുന്നു. മനുഷ്യനൊരു സാമൂഹ്യജീവിയാണെന്നും, പ്രകൃതി അവനെന്നുമൊരു പാഠപുസ്തകമാണെന്നും, പ്രകൃതിയെ നശിപ്പിക്കാൻ ശ്രമിക്കുന്ന മനുഷ്യന് ഇനിയും പ്രാപ്തമാകേണ്ട ഗുണങ്ങളെന്തൊക്കെയാണെന്നും രേവതി മുത്തശ്ശിയുടെ കത്തുകളിൽനിന്നും അവൻ ഞെട്ടലോടെ മനസ്സിലാക്കുന്നു.

ആ തിരിച്ചറിവ് ഈ അമ്മൂമ്മത്താടികൾ കൈയിലെടുക്കുമ്പോൾ നമ്മളിലുമുണ്ടാകും.കഥകളും ശാസ്ത്രസത്യങ്ങളും ഇടകലർത്തി കത്തെഴുതി രേവതിമുത്തശ്ശി കരുണിനെ ഒരു നല്ല വ്യക്തിയായി രൂപപ്പെടുത്തുകയാണ്. കഥകൾ കേൾക്കാതെ, സ്നേഹം പകർന്നുകിട്ടാതെ അച്ഛനും അമ്മയും തമ്മിലുള്ള ‘ഈഗോ ക്ലാഷിൽ’ സ്വന്തം ബാല്യം തകർന്നുപോയ, എന്നും ഹോസ്റ്റലുകളിൽ ഒറ്റയ്ക്ക് താമസിക്കേണ്ടിവന്ന കരുൺ ഒരു കഥാപാത്രം മാത്രമല്ല, ഇന്നത്തെ തിരക്കുപിടിച്ച, ആർത്തിപെരുത്ത ലോകത്തിൽ കുട്ടികൾ വഴിതെറ്റി വേറാരൊക്കെയോ ആയിമാറുന്നതിന്റെ കാരണങ്ങൾ കാണിച്ചുതരുന്ന പ്രതിനിധികൂടിയാണ്. വേണ്ടകാലത്ത് ശരിയായ അറിവും സ്നേഹവും കരുതലും കുട്ടികൾക്ക് കിട്ടേണ്ടതുണ്ട് എന്ന വലിയ തിരിച്ചറിവും അമ്മൂമ്മത്താടികൾ പകർന്നുതരുന്നു. മുത്തശ്ശിയുടെ ഭർത്താവ് കരുണനും മകൾ ശ്യാമയും കൊച്ചുമകൻ പ്രഭാകരനും ഒക്കെ ഇതിൽ കഥാപാത്രങ്ങളായി വന്ന് ഒട്ടേറെ കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ‘ ആദ്യത്തെ അപ്പൂപ്പൻ’ എന്ന് അദ്ധ്യായത്തിലൂടെ ലോകജനതയെല്ലാവരും ഒന്നാണെന്ന് സന്ദേശം കൂടി മുത്തശ്ശി പറഞ്ഞുതരുന്നു. മാത്രമല്ല ലോകം ഇത്രയേറെ പുരോഗമിച്ചിട്ടും അറിവുകൾ നമ്മുടെ മുമ്പിൽ തെളിവുകളുമായി കൂമ്പാരം കൂടിയിട്ടും നമ്മൾ ഇന്നും പഴഞ്ചൻ വിശ്വാസങ്ങളുടെയും യാതൊരു അടിത്തറയുമില്ലാത്ത അറിവില്ലായ്മകളുടെയും പിന്നാലെതന്നെ നടക്കുന്നതിന്റെ യുക്തിയില്ലായ്മയും മുത്തശ്ശി ചോദ്യം ചെയ്യുന്നുണ്ട്.
മനുഷ്യസംസ്കാരത്തിന്റെ വളർച്ചയും മുന്നേറ്റങ്ങളും നോക്കിക്കണ്ട മുത്തശ്ശി രണ്ട് കാലഘട്ടങ്ങളുടെ താരതമ്യത്തിലൂടെ ഇന്ന് ശാസ്ത്രം എവിടെ എത്തിനിൽക്കുന്നു എന്നും ശാസ്തീയമായ അടിത്തറ ഓരോരുത്തരുടെയും വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും എത്രമാത്രം പ്രാധാന്യമർഹിക്കുന്നതാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഇതെല്ലാം സ്വന്തം ജീവിതാനുഭങ്ങളെ ഉദാഹരിച്ചുകൊണ്ടാണ് മുത്തശ്ശി തെളിയിക്കുന്നത്.

ശാസ്ത്രത്തിന്റെ വളർച്ച മനുഷ്യനന്മയ്ക്കും പ്രകൃതിനന്മയ്ക്കും വേണ്ടിയാവണം എന്നും മുത്തശ്ശി പറയുന്നു.ഈ അമ്മൂമ്മക്കഥകൾ കരുൺ പ്രഭാകറിനെപ്പോലെ കേട്ടപ്പോൾ എനിക്ക് തോന്നിയ ചില കാര്യങ്ങൾ ഇങ്ങനെ ചുരുക്കിപ്പറായാം. മനുഷ്യന്റെ സാമൂഹ്യജീവിതവും കുടുംബജീവിതവും ചില മൂല്യങ്ങളുടെയും കെട്ടുപാടുകളുടെയും അതിലുപരി യഥാർത്ഥവിശ്വാസങ്ങളുടേതുമാവണം. മനുഷ്യന്റെ പ്രകൃതിജീവിതവും സാമൂഹ്യജീവിതവും തകരാതെ സൂക്ഷിക്കേണ്ടതുണ്ട്. ഇരുണ്ടയുഗത്തിന്റെ ആവർത്തനമെന്നപോലെ അന്ധവിശ്വാസങ്ങളും അവ ഉപയോഗിച്ചുള്ള മുതലെടുപ്പുകളും പെരുകുന്ന കാലത്ത് ശാസ്ത്രീയവിദ്യഭ്യാസവും അതിന്റെ പ്രചാരണവും ഏറെ പ്രാധാന്യമർഹിക്കുന്നു. ഈ പുസ്തകത്തിന്റെ ഇരുപത് അദ്ധ്യായങ്ങളിലായി പ്രതീപ്സർ പറയുന്നത് ശാസ്ത്രമെത്തിനിൽക്കുന്ന പുതിയ അറിവുകളെക്കുറിച്ചാണ്. ആ അറിവുകൾ നമ്മെ കീഴടക്കാൻ വരുന്ന ഇരുണ്ട ശക്തികളെ പ്രതിരോധിക്കാനുള്ള രാഷ്ട്രീയ ആയുധങ്ങൾ കൂടിയാണെന്നും തെളിയുന്നു. മയിൽ കണ്ണീരുകുടിച്ചുപ്രസവിക്കുമെന്നും പശു ഓക്സിജൻ ശ്വസിച്ച് ഓക്സിജൻ പുറത്തുവിടുമെന്നും ചൊവ്വ ഇപ്പോഴും നമ്മുടെ നാട്ടിലെ സ്ത്രീകളുടെ കല്യാണം മുടക്കുമെന്നുമുള്ള മൂഢവിശ്വാസങ്ങളെ ഏറ്റവും പുതിയ അറിവുകളുടെ അടിത്തറയിൽ തറപറ്റിക്കുന്ന കാഴ്ച രസകരമാണ്.

യന്ത്രം മനുഷ്യനെ കല്യാണം കഴിക്കുന്നതിന്റെയും ചൊവ്വയിലേക്ക് താമസം മാറ്റാൻ തുടങ്ങുന്ന മനുഷ്യപരീക്ഷണങ്ങളുടെയും മനുഷ്യന് മരണത്തിൽനിന്ന് പുനർജ്ജന്മം നൽകാൻ നടക്കുന്ന പരീക്ഷണങ്ങളുടെയും ശാസ്ത്രരഹസ്യങ്ങൾ ഈ പുസ്തകത്തിൽ വെളിപ്പെടുന്നു. അത്തരം ഒട്ടേറെ നമുക്കറിയാത്ത മേഖലകളുടെ അമ്പരപ്പിക്കുന്ന ലോകകഥകൾ ആണ് അമ്മൂമ്മത്താടികൾ. പാരമ്പര്യമായി പകർന്നുവന്ന നാട്ടുനന്മകളെ അംഗീകരിച്ചുകൊണ്ടുതന്നെ അന്ധവിശ്വാസങ്ങൾ ശാസ്ത്രയുക്തികൊണ്ട് പ്രതിരോധിക്കുന്നു എന്നതാണ് പത്താംക്ലാസ്സ് വിദ്യാർത്ഥിയായ എന്നെ ആഹ്ലാദിപ്പിച്ച ഒരു കാര്യം.അതിലൊക്കെയുപരി ഈ പുസ്തകം എനിക്ക് മനസ്സിലാക്കിത്തന്ന വലിയ കാര്യം നമ്മുടെ മാതൃഭാഷയെക്കുറിച്ച് നിലനിൽക്കുന്ന ഒരു പരാതിയുടെ പരിഹാരമാണ്.

മികച്ച ശാസ്ത്രവിദ്യഭ്യാസത്തിന് മലയാളഭാഷ പ്രയോജനപ്പെടില്ല എന്ന് ആക്ഷേപം ശക്തമായി പറഞ്ഞുനടക്കുന്നവരുണ്ട്. അതിനൊരു ബദലാണ് അമ്മൂമ്മത്താടികൾ മാത്രമല്ല പ്രതീപ് സാറിന്റെ ഓരോ പുസ്തകവും നാടകങ്ങളും. ഇത്ര ലളിതമായി ഇത്രവലിയ ശാസ്ത്രസത്യങ്ങൾ പറയാൻ കഴിയുമെന്നത് അനുഭവിച്ചുതന്നെ അറിയണം. നമ്മുടെ ശാസ്ത്രവിദ്യഭ്യാസം നേരിടുന്ന വലിയ വെല്ലുവിളി നമ്മുടെ ഭാഷയുടെ പരിമിതിയല്ല നമ്മുടെ ശാസ്ത്രാദ്ധ്യാപകർക്ക് നമ്മുടെ മലയാളം ശരിയായി കൈകാര്യംചെയ്യാൻ അറിയില്ല എന്നതാണെന്ന് അമ്മൂമ്മത്താടികൾ തെളിവുനൽകും. ശാസ്ത്രവിദ്യാഭ്യാസം ജീവിതവുമായി ബന്ധപ്പെടുത്തി എങ്ങനെയാണ് കൂടുതൽ ആകർഷകമാക്കേണ്ടതെന്നും ഈ പുസ്തകം പറഞ്ഞുതരും.
എന്റെ അറിവും അറിവില്ലായ്കമളുമാണ് ഇവിടെ എഴുതിയത്. എന്റെ കൂട്ടുകാരോട് ഈ പുസ്തകം വായിക്കണമെന്ന് ഞാൻ നെഞ്ചിൽ കൈവച്ച് ശുപാർശ ചെയ്യുന്നു. ഈ വലിയ പുസ്തകത്തിന് അവതാരികയെഴുതാൻ തീരെ ചെറിയ എന്നെ തെരഞ്ഞെടുത്ത പ്രതീപ് സാറിന്റെ അസാമാന്യധൈര്യത്തിന് മുന്നിൽ കൈകൂപ്പിക്കൊണ്ട് നിർത്തട്ടെ.

ഭൌമിക്.എസ്
10 എ
ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്കൂൾ, അഞ്ചൽ വെസ്റ്റ്, കൊല്ലം.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English