വെളിച്ചം തേടിയ വള്ളികൾ
വീടാകെ പടർന്ന് പന്തലിച്ച്
പിന്നെ കാടുപിടിച്ചവ –
‘പൂക്കളുണ്ടോ പൂക്കളുണ്ടോ’
എന്നൊക്കെ നിലവിളിച്ച്
അയല്പക്കങ്ങളൊക്കെ
തിരഞ്ഞോടുന്നുണ്ട്.
നിരയായിരിപ്പുണ്ട്
കളിപ്പാട്ടങ്ങൾ
വായില്ലാത്തവ
വാലില്ലാത്തവ
പൊട്ടാത്തവ
ഉടയാത്തവ.
പൊട്ടിച്ചാൽ വഴക്ക് കേൾക്കാൻ
അവക്ക് ചെവികളില്ലാത്തതിനാൽ
പൊട്ടാറില്ലവ.
ഉടയാറില്ലവ.
ഇടക്ക് കരഞ്ഞിരുന്നു
ചുണ്ടുകൾ ചൂണ്ടുവിരലാൽ
അമർത്തപ്പെട്ടിപ്പോൾ
മിണ്ടാറുപോലുമില്ലവ
നാലുപാടും മറച്ചൊരു
ആകാശ കളിമുറ്റക്കോണിൽ
ആ ‘ഒളിച്ചേ-കണ്ടേ’ പോലും
ഇപ്പോൾ എല്ലാർക്കും കാണാം.
തൊടീലെ മരങ്ങളെല്ലാം
കയറ്റം മറന്ന് വളർന്ന് നിന്നു.
കുളങ്ങളന്നേ വറ്റിപ്പോയി.
അയൽക്കാർ പറഞ്ഞു.
കുട്ടികൾക്കിപ്പോ
‘എന്താ കുഴപ്പം’ എന്ന്
വീടുമൂടി മഴപെയ്യുന്നുണ്ട്
മരങ്ങളെ, ചെടികളെ
പാടങ്ങളെ ആടിയുലക്കാറുണ്ടവ.
അതിന്റെ നിലക്കാത്ത കരച്ചിലും
അതിന്റെ നിഴലിന്റ അലച്ചിലും
ജനലടച്ചാലും വാതിലടച്ചാലും
അവർക്ക് കാണാൻ പറ്റുന്നുണ്ട്.
അപ്പൻ പറയുന്നു
കുട്ടികൾക്ക് നല്ല ‘ഒതുക്കം’ വന്നെന്ന്
അലാറത്തോടൊപ്പം
പകലും സന്ധ്യയും
രാത്രിയും കൃത്യമായിട്ടുണ്ട്.
താഴെയൊരു വറ്റും ചോരാതെ
മൂന്ന് നേരവും
ആഹാരമുണ്ണുന്നുണ്ട്.
താരാട്ട് വേണ്ടാത്ത
അമ്പിളിപോലും
അനുസരണകാട്ടുന്നുണ്ട്.
കുട്ടികൾ ‘കുറച്ചൊക്കെ’
നന്നായിട്ടുണ്ടെന്ന്
അമ്മമ്മ
അടക്കം പറയുന്നുണ്ട്.
പതുക്കെ ചിരിച്ച്,
ഉള്ളിൽ കരഞ്ഞ്
എത്ര പെട്ടെന്നാണ്
നമ്മൾ വളർന്നതെന്ന്,
വളരാൻ പഠിച്ചതെന്ന്.
അവർക്ക് തന്നെ തോന്നി.
കിളികൾ പാടാത്ത,
കഥകൾ ചൊല്ലാത്ത-
അമ്മയുറങ്ങിയ വീട്ടിൽ
എത്ര പെട്ടെന്നാണ് കുട്ടികൾ – കുട്ടികളല്ലാതെയാവുന്നത്