നീ പോവുക, ദൂരേക്കു പോവുക,
എന്‍റെ പാതയില്‍ നിന്നും വഴിമാറി പോവുക
എന്നടുക്കലേക്കിഴഞ്ഞെത്താതെ പത്തിതാഴ്ത്തി പോവുക,
ഉഗ്ര വിഷ സര്‍പ്പമേ..
ഒരു ദ്രോഹവും നിന്നാലേല്‍ക്കില്ലെനിക്കു
എന്നെ ദംശിക്കുവാനോ,
എന്നടുക്കലേക്ക് ഇഴഞ്ഞെത്തുവാനോ,
എന്നെയൊന്നു പേടിപ്പെടുത്തുവാന്‍പോലും നിനക്കാവില്ല.
ഇന്നു ഞാന്‍ ഒറ്റയ്ക്കല്ല
എന്നമ്മ എന്‍ കരം പിടിച്ചുകൊണ്ട്
എന്‍റെ കൂടെതന്നെയുണ്ടാകയാല്‍….
എന്‍ പാതയില്‍ നിന്നും വഴിമാറി പോവുക
ഫണം വിടര്‍ത്തിയാടുന്ന കറുത്ത
വിഷം തുപ്പുന്ന ഉഗ്രസര്‍പ്പത്തോട്
സധൈര്യം മൊഴിഞ്ഞീടുന്നു
ഇളം തളിരിലപോലുള്ളൊരു ബാലിക
ഇന്നു ഭയമില്ലെനിക്കൊന്നിനേയും
ഇന്നെന്നമ്മ കൂടെത്തന്നെയുണ്ട്
കുഞ്ഞിനു നേരെയുള്ളയേതു
ആക്രമണവും ചെറുക്കുമായുധമമ്മ
പേടിപ്പെടുത്തുന്ന ക്ഷുദ്രജീവികളെയും,
കുത്തികയറുന്ന വിഷമുള്ളുകളെയും,
നിദ്രയില്‍ നിന്നു ഞെട്ടിച്ചുണര്‍ത്തുന്ന
ദുഃസ്വപ്നങ്ങളില്‍ നിറയും പ്രേതാത്മാക്കളെയും,
തളര്‍ത്തുന്ന രോഗങ്ങളെയും
തടുത്തുകൊള്ളുവാന്‍ അമ്മയുണ്ട്
സാരിതലപ്പിലൊളിപ്പിച്ചു ചുട്ടുപൊള്ളും
വെയിലിനെകാട്ടാതെ,
മഴയെ കാട്ടാതെ കാക്കുമമ്മ
അമ്മതന്‍ പൊന്നുമ്മ
കിട്ടിയാല്‍തീരാത്ത സങ്കടങ്ങളില്ല
അമ്മയൊന്നു തലോടിയാല്‍
മാറാത്ത രോഗങ്ങളുമില്ല.
ഒരുനാള്‍, കുഞ്ഞിനെ
കവര്‍ന്നെടുക്കുവാന്‍
അതിവേഗം പാഞ്ഞടുത്തുയത്
ചുറ്റിലും പടരുന്ന കറുത്ത
പുകച്ചുരുളുകളെ
കീറിമുറിച്ചുകൊണ്ട്
പാഞ്ഞടുത്ത മൃതിച്ചക്രങ്ങളെ
തടുക്കുവാനെന്നപോലെ
മുന്നിലായിനിന്നമ്മ
അതികായനാം അവന്‍
പ്രതികാരവാജ്ഞയാല്‍
അമ്മതന്‍നേര്‍ക്കു-
തിരിഞ്ഞുകൊണ്ടടര്‍ത്തിമാറ്റിയാ
അമ്മയെ കുഞ്ഞില്‍ നിന്നന്നേക്കുമായി
ഇരുളില്‍ തനിച്ചു കരയുന്ന
കുഞ്ഞിന്‍ കരം പിടിക്കുവാന്‍
മാറോടണയ്ക്കുവാന്‍ പൊന്നുമ്മ-
നല്കുവാന്‍ ഇന്നമ്മയില്ല
മൃത്യുവില്‍ നിന്നുപോലും
കുഞ്ഞിനെ കാക്കുമമ്മ
വിഷമുള്ളുകള്‍ നിറഞ്ഞ വീഥികളില്‍
ക്ഷുദ്രജീവികള്‍ വിഹാരിക്കും തെരുവുകളില്‍
വിഷസര്‍പ്പങ്ങള്‍ വിളയാടും ഇടവഴികളില്‍
ഭീതയായി ഒറ്റയ്ക്കു നടക്കുന്നു ഇന്നാ മകള്‍.
Click this button or press Ctrl+G to toggle between Malayalam and English