അമ്മയെന്ന വിളക്ക് അണഞ്ഞിട്ട് കുറച്ചു ദിവസം കഴിഞ്ഞ് ബന്ധുക്കളൊക്കെ വീട്ടില്‍ നിന്ന് ഇറങ്ങിക്കഴിഞ്ഞപ്പോള്‍ മനസിലായി , വീടിനകത്ത് ആകെ അവശേഷിക്കുന്നത് അമ്മയുടെ മരണം പ്രസവിച്ചിട്ട ആ ‘ ഒറ്റപ്പെടല്‍’ മാത്രമാണെന്ന് . ആര്‍ക്കു ആരോടും ഒന്നും പറയാനില്ലേ?
മുറിയുടെ മൂലയില്‍ കൂട്ടിയിട്ടിരിക്കുന്ന എന്റെ മുഷിഞ്ഞതൊക്കെ എടുത്ത് ആദ്യമായി ഞാന്‍ ഞങ്ങളുടെ അലക്കു കല്ലിന്റെ അടുത്തേക്കു നീങ്ങി. ആ കല്ല് അത്ര അടുത്ത് ഞാന്‍ കണ്ടിട്ടില്ലായിരുന്നു. കുളിമുറിക്കകത്തിരുന്ന വക്കുടഞ്ഞ ഒരു ബക്കറ്റെടുത്ത് വെള്ളമൊഴിച്ച് ഞാന്‍ തുണി മുക്കി വച്ചു. സോപ്പാണോ സോപ്പുപൊടിയാണോ ആദ്യമിടേണ്ടതെന്ന് ആലോചിട്ട് ഉത്തരം കിട്ടിയില്ല. ആവശ്യത്തിലധികം സോപ്പുപൊടി വാരി വിതറി ഞാന്‍ പണി തുടങ്ങി.
പതിവില്ലാതെ നട്ടുച്ച നേരത്ത് ആരാണ് അലക്കുന്നതെന്ന് അറിയാനാണ് അപ്പുറത്തെ ചേച്ചി മതിലിനരികില്‍ വന്നുനിന്നത്. അലക്കുകല്ലിനോട് എന്തോ പൂര്‍വ വൈരാഗ്യം ഉളളതു പോലുള്ള എന്റെ ആഞ്ഞടിക്കല്‍ കണ്ടിട്ടാകണം ” ചേച്ചി അലക്കിത്തരാം മോനേ ” എന്ന് നിറഞ്ഞ വാത്സല്യത്തോടെ അവര്‍ പറഞ്ഞത്.
” ഇനിയിപ്പോ ഇതൊക്കെ ഞങ്ങള്‍ പഠിക്കേണ്ടേ ചേച്ചി ” എന്നു പറഞ്ഞുകൊണ്ട് ഞാന്‍ ആ സ്നേഹം നിരസിച്ചു. ഒന്നു രണ്ടു വട്ടം കുമ്പിട്ടിരുന്നു തുണി മുക്കിപ്പിഴിഞ്ഞ് നേരെ നിന്നപ്പോള്‍ മനസില്‍ തോന്നിയ ആദ്യ പരാതി ഇതായിരുന്നു ” ഈ അലക്കു കല്ല് എന്തിനാ ഇത്ര താഴ്ത്തി വച്ചേക്കണത്? കുറച്ചു പൊക്കി വച്ചുകൂടെ?”
എളിക്ക് കൈ വച്ചു കൊണ്ട് ഒരായിരം വട്ടം അമ്മ മക്കളോട് ചോദിച്ചിട്ടുള്ളതാ” രണ്ടു ഇഷ്ടിക കൊണ്ടു വന്ന് ഈ അലക്കു കല്ലൊന്നു പൊക്കി വച്ചു തരോ” എന്ന് അന്നൊന്നും കേള്‍ക്കാതിരുന്ന, കേട്ടിട്ടും മനസിലാകാതിരുന്ന ആ ചോദ്യത്തിന് ഇത്രക്കു വേദനയുടെ അകമ്പടിയുണ്ടായിരുന്നുവെന്ന് അറിയില്ലായിരുന്നു.
കടലെടുത്തു കൊണ്ടു പോയ എന്റെ തിരയാണ് അമ്മ . ഒരു മേല്‍ക്കൂര പോലും ഇനി ആ തീരത്തുയരില്ല ‘ കണ്ണുള്ളപ്പോള്‍ കണ്ണീന്റെ വിലയറിയില്ല ‘ എന്ന് ആദ്യം പറഞ്ഞത് അമ്മ നഷ്ടപ്പെട്ടു പോയ ഒരാള്‍ ആയിരിക്കണം. അങ്ങനെ ഒരാള്‍ക്കേ അത്ര തീക്ഷ്ണമായി അത് പറയാനാകൂ.
ചെയ്തു നോക്കുന്നതു വരെ തിരിച്ചറിയാനാവാത്ത ക്ഷ്ടപ്പാടുള്ള വേലയാണ് ഈ അടുക്കള ജന്മങ്ങള്‍. അടുക്കളയിലും അലക്കുകല്ലിലുമായി ചെയ്തു കൂട്ടുന്നത്. അമ്മയെപ്പറ്റി ആര്‍ട്ടിക്കിള്‍ വായിക്കുന്നതിനേക്കാള്‍ ഗുണം ചെയ്യും അവരോടൊപ്പം ഒരന്തിയും പകലും മാറാതെ നടന്നാല്‍. സൂര്യന്‍ ഉദിക്കുന്നതിനു മുന്‍പേ വീട്ടില്‍ ഉദിച്ചുയരുന്ന നിലവിളക്കാണ് അമ്മ. അവര്‍ അണഞ്ഞു പോയാല്‍ ഇരുട്ടിലാകുന്നത് ആ വീട്ടിലുള്ളവര്‍ ആകമാനമാണ്.
പകല്‍ മുഴുവന്‍ കറക്കവും കൂട്ടുകാരും മൊബൈലുമൊക്കെയായി തളര്‍ന്നു വരുന്ന മക്കള്‍ ഓര്‍ക്കുന്നില്ലല്ലോ അമ്മക്ക് വേറൊരു ലോകമില്ലെന്ന്.
വീട്ടില്‍ അമ്മ എന്നൊരു ജീവി ഉണ്ടെങ്കില്‍ അതിനെ നോക്കി സ്നേഹിച്ചോളു . കാരണം അതില്ലാതായാല്‍ ഭൂമിയില്‍ വേറെ ഒരാള്‍ക്കും ആ റോള്‍ ചെയ്യാനാകില്ല. വല്ലപ്പോഴുമൊക്കെ അമ്മയെ പിന്നിലിരുത്തി ഡ്രൈവു ചെയ്തു കൂടെ?
നമ്മുടെയൊക്കെ അമ്മമാര്‍ക്ക് നമ്മളേ ഉള്ളു . ഉള്ളയിടത്തോളം കണ്ണ് നിറയാതെ നോക്കണം. നമ്മള്‍ റിലീസാകുന്നതിനിനു മുന്‍പേ നമ്മളെ പ്രതി കരച്ചില്‍ തുടങ്ങിയ ആളാണ് അമ്മ. ഇനി ആ കണ്ണ് നമ്മളായിട്ട് നിറയ്ക്കരുത്. ആ മനസ് നിറക്കാം, സ്നേഹം കൊണ്ട്.
കടപ്പാട്:- ജ്വാല മാസിക
Click this button or press Ctrl+G to toggle between Malayalam and English