അമ്മമാര്‍

 

ചിലപ്പോഴെങ്കിലും പ്രകൃതി നമ്മുടെ മനസ്സ് പോലെയാവും. ഉള്ളില്‍ ദുഖം കെട്ടിക്കിടക്കുമ്പോള്‍ പ്രകൃതി മഴയായി ചോര്‍ന്നൊലിയ്ക്കും. മനസ്സിലെ മൂടല്‍ പോലെ ഇരണ്ടടച്ചു വെളിച്ചം മറച്ചും, ഇടയ്ക്കു പ്രതീക്ഷകളെ

താലോലിക്കുമ്പോള്‍, കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും ഒളി വിതറി ചിരിക്കുന്ന സൂര്യനും. മനസ്സിന്റെ വിചാരങ്ങളെ, വികാരങ്ങളെ പിന്തുടരുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍.

അന്ന് കോരിച്ചൊരിയുന്ന മഴയായിരുന്നു. രാവിലെ തൊട്ട് മൂടി കെട്ടി, ഉച്ച തിരിഞ്ഞു ഇടിവെട്ടോടെ മഴ. ആദ്യമൊക്കെ നിന്നു പെയ്തു, പിന്നെ കനത്തു. മൂന്നു മണിയാകുമ്പോള്‍ ഒരു എട്ട് മണി പറയുന്ന കാഴ്ച. മുറ്റം വെള്ളം കൊണ്ട് നിറഞ്ഞു കഴിഞ്ഞിരുന്നു. ഇടവഴിയില്‍  നിന്നും കുത്തൊഴുക്കായാണ് വെള്ളം വരുന്നത്, മണ്ണും വെള്ളവും കൂടി കലങ്ങിയ വെള്ളം. കാലന്‍  കുടയുമായി ഞാന്‍  പുറത്തിറങ്ങി.

ഗാര്‍ഡന്‍ വാളിന്റെ ഓവ് തുറന്നു വിടണം. വെള്ളം മുറ്റത്ത് കെട്ടി കിടക്കുന്നു. ചെറിയ ഒരു കമ്പു എടുത്തു ഓവില്‍  കുത്തി നോക്കി. കാര്യമില്ല, മുറ്റത്തെ ചെറിയ വെള്ളാരം കല്ലുകള്‍  ഓവില്‍  പെട്ടിട്ടുണ്ട്. മുട്ട് കുത്തി ഇരുന്നു ശ്രമിച്ചു. എന്റെ ദേഹം കുടയുടെ പുറത്തേക്ക് മാറി. മുതുകത്ത് മഴയുടെ നനവ് പടരുന്നുണ്ട്. നല്ല തണുപ്പും. എനിക്കു കണ്ണുകള്‍  അടയ്ക്കാന്‍  തോന്നി. മഴയുടെ നനവ്, പുറത്തു കൂടി പടര്‍ന്നിറങ്ങുന്ന സുഖം. ഞാന്‍  കുട മടക്കി. ഇപ്പോള്‍  എന്റെ തലയിലൂടെ മഴ ഒലിച്ചിറങ്ങുന്നു. നേരിട്ടു തലയില്‍  വീഴുമ്പോള്‍  വേദനിക്കുന്നുണ്ട്, എന്നാലും എനിക്കു രസം തോന്നി. കാലന്‍  കുടയുടെ മൂടു കൊണ്ട് ഞാന്‍  ഓവ് ശെരിയാക്കി.

വെള്ളം ഒരു ചുഴി സൃഷ്ടിച്ചു പുറത്തേക്ക് പായുന്നു. കല്ലുകള്‍  വെള്ളപ്പാച്ചിലില്‍  പെട്ട് ഹിപ്നോടൈസ് ചെയ്യപ്പെട്ട സുന്ദരിയെ പോലെ എടുത്തെറിയപ്പെടുന്നുണ്ട്. അത്തരത്തില്‍  പെട്ട അനേകം കല്ലുകള്‍  ഒത്തു ചേര്‍ന്ന്  ഓവ് വീണ്ടും പൊത്തി പിടിച്ച്, രക്ഷ നേടി. പാര വെയ്ക്കാന്‍  മിടുക്കനായ ഒറ്റുകാരനെ പോലെ വീണ്ടും കുട പ്രയോഗം.

നനഞ്ഞു ഒട്ടിയ വസ്ത്രവുമായി ഞാന്‍  ആസ്വദിച്ചു നിന്നു. സുന്ദരിയായ പെണ്ണിന്റെ ആലിംഗനത്തില്‍  മുഴുകിയ കാമുകനെ പോലെ. കയ്യ് മാറ്റി എഴുന്നേല്‍ക്കാന്‍  വല്ലാത്ത മടി തോന്നി. കഴുത്തില്‍  നിന്നും വെള്ളം കക്ഷത്തിലേക്ക് ഒഴുകുന്നത് അറിയുന്നുണ്ട്. ഇക്കിളി തോന്നുന്ന പോലെ. ചെരുപ്പ് വെള്ളത്തില്‍ ഒഴുക്കി വിടാന്‍  തോന്നി . ഒഴുകി നടക്കുന്ന ചെരുപ്പ് നോക്കി നിന്നു. ലക്ഷ്യമില്ലാതെ ഒഴുകുന്ന വള്ളം പോലെ. മഴ എന്തോ സങ്കടം തീരാനെന്നോണം പെയ്തു തകര്‍ക്കുന്നു. അതോ ആഹ്ലാദം അടക്കാനവാത്തതാകുമോ. ചെടിച്ചട്ടിയില്‍  നിന്ന പാവം പൂവൊരെണ്ണം മഴയില്‍  നനഞ്ഞു തളര്‍ന്ന്  കിടക്കുന്നു. പാവം മഴ പെയ്തില്ലായിരുന്നെങ്കില്‍  ഒരു ദിവസം കൂടി ജീവിച്ചേനെ. ഞാന്‍ ഗേറ്റിന് അടുത്തേക്ക് നടന്നു. ഇടവഴി നിറഞ്ഞു വെള്ളമാണ്. നടക്കുമ്പോള്‍  വെള്ളം തെറിക്കുന്നുണ്ട്. മുറ്റത്തെ അശോകമരത്തില്‍  മിശറുകള്‍  എന്തു ചെയ്യുകയാവും. വെള്ളത്തില്‍  വീണാല്‍  പാവം ഉറുമ്പുകളുടെ കഥ പറയാനുണ്ടോ.

കഴിഞ്ഞ ദിവസം പൂവ് പറിക്കാന്‍  കയറിയപ്പോള്‍  എന്തായിരുന്നു ശൗര്യം. കടിച്ചു കുടഞ്ഞു എന്നെ. കയറി പിടിച്ച ഒരു കൊമ്പില്‍  കുറെ ഇലകള്‍  തമ്മില്‍  പശ വെച്ചു ഒട്ടിച്ചു കൂട് കൂട്ടിയിരുന്നു അവര്‍ . ഞാന്‍  അതില്‍  പിടിച്ചിട്ടുണ്ടാകണം. അരിശം പിടിച്ചിട്ടാവണം, ഒരു ദയയും ഇല്ലാതെ കാലിലും കയ്യിലും ഉടുപ്പിലും കൂടി പാഞ്ഞു കയറി വരുകയായിരുന്നു. യുദ്ധത്തില്‍  പങ്കെടുക്കുന്ന പടയാളികളെ പോലെ. ചിലരൊക്കെ കടിച്ചു പിടിച്ച് ഇരുപ്പുണ്ടായിരുന്നു. തട്ടി കളഞ്ഞാലൊന്നും പോകാതെ. ചിലരാവട്ടെ തല പോയാലും കടി വിടാതെ ഇരുപ്പുണ്ടായിരുന്നു. Suicide Squad പോലെ. അവസാനം വെപ്രാളപ്പെട്ടു കുറെ പൂങ്കുലകള്‍  പറിച്ചു നിലത്തെറിഞ്ഞു, എന്നിട്ട് മരത്തില്‍  നിന്നും താഴേക്കു ചാടി. കാലിലൊക്കെ ഉറുമ്പ് കടിച്ച വേദന. കുളിക്കുമ്പോള്‍  കണ്ടു, ഒരു കുഞ്ഞന്‍  മീശറ് കാലില്‍  അപ്പോഴും കടിച്ചിരിപ്പുണ്ട്. അവന്റെ വാശി തീര്ന്നിട്ടില്ല. കുളിമുറിയിലെ വെള്ളത്തില്‍  മുങ്ങിയും താണും അവന്‍  ഒഴുകി പോകുന്നത് ഞാന്‍  നോക്കി നിന്നു.
മരത്തിലേക്ക് നോക്കി ഒന്നു നിന്നു. ഇപ്പോള്‍ക്ക്  ഞാന്‍  മരത്തില്‍  കയറിയാല്‍  അവര് എന്തു ചെയ്യും. ഒരു രസമുള്ള ചിന്ത. പ്രതികാരം ആയാലോ, അല്ലെങ്കില്‍  വേണ്ട. അവസരം ഉപയോഗിച്ച് കീഴടക്കേണ്ട യുദ്ധം അല്ലല്ലോ. മുന്നോട്ട് നടന്നു. ഗെയ്റ്റില്‍ പിടിച്ച്  വണ്ടികള്‍  പോകുന്നത് നോക്കി നിന്നു.

കുടകളില്‍  ഒതുങ്ങി നടന്നു മഴയെ ശപിച്ചു നീങ്ങുന്നവരില്‍  ചിലരെങ്കിലും എന്നെ നോക്കി പോകുന്നുണ്ടായിരുന്നു. എനിക്കറിയാം, എനിക്കു വട്ടുണ്ടോ എന്നാകും ചിന്ത. എനിക്കു മഴ കൊണ്ടാലെന്താ, അതും നല്ല തണുപ്പുള്ള മഴ. പ്രണയിക്കുന്ന സമയത്ത് ഞാന്‍  ഓര്‍ക്കാറുണ്ട് മഴയും കൊണ്ട് കയ്യില്‍  കൈയും ചേര്‍ത്ത് വളരെ പതുക്കെ നടക്കാന്‍ അവസരം കിട്ടിയാലെന്ന്. കുട വേണമെന്നില്ല, ഇനി വേണമെങ്കില്‍ സമൂഹത്തിന് സമാധാനിക്കാന്‍  ഒരെണ്ണം ചൂടാം, വലുപ്പം കുറഞ്ഞ ഒരെണ്ണം.

തിരിച്ചു പോകാന്‍  സമയമായി. അമ്മ അന്വേഷിക്കുന്നുണ്ടാകും. അമ്മയ്ക്ക് അറിയാം മഴ കണ്ടാല്‍  ചെറുക്കന് ഇളകും എന്ന്. അച്ഛനോട് പറഞ്ഞിട്ടുണ്ടാകും. ഒത്തിരി നേരം കണ്ടില്ല എങ്കില്‍  അച്ഛന് റോഡിലേക്ക് നടക്കേണ്ടി വരും. നടന്നു വീടിന്റെ വാതില്‍ക്കല്‍ എത്തുമ്പോള്‍ അച്ഛന്‍  ചിരിച്ചുകൊണ്ടു നില്‍ക്കുന്നു. ഞാനും ചിരിച്ചു. അച്ഛന്‍  തോര്‍ത്ത് നീട്ടി.

നനഞ്ഞ ഉടുപ്പുകള്‍  ഊരിയെറിഞ്ഞു, കുളിരുന്നു. രോമങ്ങളൊക്കെ എഴുന്നേറ്റ് നില്‍ക്കുന്നു. രോമാഞ്ചം വന്നിട്ടാണ്. ഞാന്‍  കയ്യ് മൂക്കിന്റെ അടുത്തു പിടിച്ച് നോക്കി. തൊലിയുടെ മുകളില്‍  ഒരു ചെറിയ കുരു പോലെ അതിനു മുകളില്‍  രോമം. രോമങ്ങള്‍  തമ്മില്‍  തമ്മില്‍  തൊടാതെ, പൂച്ചകള്‍ തമ്മില്‍  വഴക്കിടുമ്പോള്‍ അവറ്റകളുടെ രോമം എഴുന്നു നില്‍ക്കും പോലെ. ഞാന്‍ ഉടുപ്പോക്കെ മാറി. തണുപ്പ് കാരണം ആയിരിക്കണം, വിശക്കുന്നുണ്ട്. അമ്മയുടെ അടുത്തേക്ക് ചെല്ലാം, അടുക്കളയില്‍  ആവും. ഇല്ലെങ്കില്‍  മഴയത്ത് നടന്നത് പറഞ്ഞു ഒന്നു വഴക്കു പറയേണ്ടതാണ്.

അമ്മ

ദോശക്കല്ലില്‍  നിന്നും ആവി പറക്കുന്നുണ്ട്.

ശീ….

മാവ് കല്ലില്‍  വീണ് കരയുന്നു. നല്ല സുന്ദരന്‍  ദോശ. കൂടെ നല്ല കാശ്മീരി മുളക് പൊടി, ഉള്ളിയും ചേര്‍ത്ത് , ഉപ്പും വെളിച്ചെണ്ണയും കൂട്ടി ഉള്ള രസികന്‍  മുളക് ചാലിച്ചത്. അമ്മ അല്ലെങ്കിലും അങ്ങനെയാണ്, വിശക്കുന്നു എന്നു കരുതുമ്പോഴേയ്ക്കും ചൂടോടെ മേശയില്‍  ഒരുക്കിനിര്‍ത്തും.

അമ്മോ !!!

ഓടി ചെന്നു പിന്നില്‍  നിന്നും കെട്ടി പിടിച്ച് പൊക്കിയെടുത്ത്  കൊണ്ട് ഞാന്‍  അലറി. അമ്മയ്ക്ക് എന്റെ നെഞ്ചൊപ്പമേ പൊക്കമുള്ളൂ, അത് കൊണ്ട് തന്നെ എടുത്തു പൊക്കുമ്പോള്‍  കാലുകള്‍  എന്റെ അരെയെക്കാള്‍  ഉയരത്തില്‍  എത്തും. അമ്മയ്ക്ക് പേടിയാണ് ഞാന്‍  ഉയര്‍ത്തുമ്പോള്‍.
”എടാ വിടെടാ… അവന്റെ കുഞ്ഞുകളി. ഞാന്‍  നിലത്തു വീഴും. വയസ്സായവര് വീണാല്‍  എല്ല് ഒക്കെ പൊട്ടും, പിന്നെ നീ എന്റെ കാര്യങ്ങള്‍  എല്ലാം നോക്കേണ്ടി വരും, തെമ്മാടി”

ദേഷ്യത്തില്‍  പറയുന്നതായി അഭിനയിക്കുന്നതാണ്, അമ്മക്ക് ഇഷ്ടമാണ് ഞാന്‍  അമ്മയെ എടുക്കുന്നതും, അമ്മയോട് കുഞ്ഞുകളിക്കുന്നതും. അതെനിക്ക് നന്നായി അറിയാം. ഇടക്കൊക്കെ ഞാന്‍  ഉമ്മ കൊടുക്കും. കൊച്ചു കുട്ടികളെ പോലെ. അമ്മയോട് കൊഞ്ചാന്‍ ഒരു രസമല്ലേ.

” എന്റെ അമ്മോ… ഞാന്‍  അങ്ങനെ താഴെ ഇടുമോ പൊന്നു ചക്കരെ”

”നീ പോടാ ചെക്കാ. അവന് മുതുക്കനായപ്പോ ഒരു പൊട്ടന്‍  കളി. വേണേല്‍  ഇരുന്നു കഴിക്ക്. നെയ്യ് റോസ്റ്റ് ആണ് വേണോ?”

ഞാന്‍ പ്ലെയിറ്റും എടുത്തു മേശപ്പുറത്തു  വച്ച്, ദോശയുടെ കാസറോള്‍ അടുത്തേക്ക് നീക്കി. കാസറോളിന്റെ മൂടി മാറ്റുമ്പോള്‍  കെട്ടി നിന്ന ആവി മുകളിലേക്കു പൊങ്ങി. നെയ്യിന്റെ മണം അടുക്കളയില്‍  നിറഞ്ഞു. നാവില്‍  വെള്ളം ഊറുന്നു. കണ്ണ് അടച്ചു പിടിച്ച് രസിച്ചിരിക്കാന്‍  തോന്നി എനിക്ക്  അമ്മയുടെ മാജിക്.

നാലഞ്ചെണ്ണം പ്ലൈയിറ്റില്‍  നിറഞ്ഞു, പത്തു മിനുറ്റ്. എല്ലാം തീര്‍ന്നു . രണ്ടെണ്ണം കൂടി അകത്താക്കാം അല്ലേ.

അമ്മയുടെ മുഖത്തേക്ക് നോക്കി. അമ്മ മുഖം ചിരിയോടെ  നോക്കി നില്ക്കുന്നുണ്ട്.

”എടുത്തോടാ…. നീ ഏതായാലും തടിയനല്ലേ. ഒരു ഇരുപത്തിയെട്ട് വയസ്സ് വരെ നല്ലവണ്ണം തിന്നാം. പിന്നെ ഞാന്‍ തരില്ല.”

”ഓഹോ അങ്ങനെ ആണോ. ”

രണ്ടെണ്ണം കൂടി അകത്താക്കി. കരിങ്ങാലി വെള്ളം ഒരു സ്റ്റീല്‍ പാത്രത്തില്‍  എപ്പോഴും മേശപ്പുറത്ത് കാണും. കിണറെന്നാണ് അതിന്റെ വിളിപ്പേര്. കിണറ്റില്‍  നിന്നും വെള്ളം കുടിച്ചു. കിണറ് കുടിച്ചു വറ്റിച്ചു എന്നു പറയാം. ശീലമാണ്.  വീണ്ടും അമ്മയെ നോക്കി ചിരിച്ചു. എഴുന്നേറ്റു. കയ്യ് കഴുകാന്‍  പുറത്തേക്കുള്ള വാതില്‍  തുറന്നു. പ്രതീക്ഷിക്കാത്ത ഒരു അതിഥി കാത്തിരിക്കേ.

അതിഥി

വാതിലിന്റെ സാക്ഷ നീക്കി. ഒരു ഞരക്കത്തോടെ വാതില്‍  തുറന്നു. പുറത്തേക്ക് കാലെടുത്തു വയ്ക്കാന്‍  പോകുമ്പോള്‍  താഴെത്തെ പടിയുടെ അരികിലായി മഴ കൊള്ളാതെ ഒതുങ്ങി അവള്‍  നില്‍ക്കുന്നു. ആദ്യം കണ്ണുകളില്‍  പതിഞ്ഞത് അവളുടെ നിറഞ്ഞ വയറാണ്. ഗര്‍ഭിണിയാണ്. മഴയില്‍  നിന്നും രക്ഷ നേടാനായി കയറി നില്ക്കുകയാണ്. കണ്ണുകളിലെ ദൈന്യത അവഗണിക്കണമോ എന്ന് ഒരു ധര്‍മ്മസങ്കടത്തില്‍  ഞാന്‍  പെട്ടു. ഞാന്‍  ആട്ടി പായിക്കുമോ എന്നവള്‍  ഭയക്കുന്നുണ്ടാവും. അവളുടെ ചാര കൃഷ്ണമണികള്‍  എന്നെ നോക്കുന്നുണ്ട്. ഞാന്‍  അവളെ നോക്കി നിന്നു. സഹായിക്കണമോ അതോ… ശല്യമാകുമോ…

മന:സാക്ഷി കൊഞ്ഞനം കുത്തുന്ന പോലെ തോന്നി. മഴ, നിറഞ്ഞ വയറോടെ നില്‍ക്കുന്ന  ഗര്‍ഭിണി. ഞാന്‍  ഒരു മനുഷ്യനല്ലേ എന്നവളുടെ കണ്ണില്‍  ചോദ്യം. അങ്ങകലെ എങ്ങോ ഒരു മിന്നല്‍  ഒളി ചിതറി പാഞ്ഞു. ഏതാനും സെക്കന്‍റ്റുകളുടെ പിന്നാലേ ഒരു ഇടി മുഴക്കവും. അടുത്ത വീട്ടിലെ നായ ഓരിയിടുന്നുണ്ട്. ഏറ്റു പിടിച്ച് വേറെയും ശ്വാനന്മാര്‍ . അപശകുനം ആണെന്ന് മഹാഭാരതത്തില്‍  ദുര്യോധനന്റെ ജനനത്തിന് മുമ്പ് വിദുരര്‍  പറഞ്ഞത് പോലെ.
മുന്നില്‍  ഗര്‍ഭിണി, മഴ, ശകുനം പറഞ്ഞുള്ള ഓരിയിടല്‍ , മിന്നല്‍.

കുറച്ചധികം നേരം ഞാന്‍  അവളെ തന്നെ നോക്കി നിന്നു. ഞങ്ങള്‍  രണ്ടും ഒന്നും മിണ്ടിയില്ല. അവള്‍  ദയ കാട്ടാന്‍  പറഞ്ഞില്ല, കണ്ണിമ വെട്ടാതെ എന്നെ നോക്കി കൊണ്ട് അവള്‍  നിന്നു. അകത്തേക്ക് ഞാന്‍  ഒന്നു തിരിഞ്ഞു നോക്കി. അമ്മ അടുപ്പത്തേക്ക്, കുക്കര്‍ വെയ്ക്കുന്നു. അച്ഛനുള്ള കഞ്ഞി ഉണ്ടാക്കുന്ന തിരക്കാണ്. ഞാന്‍  പതുക്കെ അകത്തേയ്ക്ക്  നടക്കാന്‍ ഭാവിച്ചു.

അവള്‍  എന്റെ പിന്നാലേ അടുത്ത പടിയിലേക്ക് നീങ്ങുന്നു. ഞാന്‍  നിന്നു, അവളും. ആശ്രയം ചോദിക്കാതെ, അവകാശമായി തന്നെ അവള്‍  നേടിയെടുതെന്ന ഭാവം എനിക്കു തോന്നി. എനിക്കതത്ര ഇഷ്ടമായില്ലെങ്കിലും. ഞാന്‍  അകത്തു കടന്ന്, വാതില്‍  വലിച്ചടച്ചു. എന്നിട്ട് സാക്ഷയും വലിച്ചിട്ട് നടന്നു നീങ്ങി. ദയ കാണിക്കാഞ്ഞതു എന്റെ മനസ്സിനെ മഥിച്ചില്ല, കാരണം ഞാന്‍  അവളെ കുറിച്ചു വേവലാതി പെടേണ്ട ആളല്ല.

മുറിയില്‍  ഇരുന്നു ടിവി കാണുമ്പോള്‍  അവളുടെ കണ്ണുകള്‍  മുന്നില്‍  തെളിയും പോലെ. ഒടുവില്‍  ഞാന്‍  എഴുന്നേറ്റു. അവള്‍  പോയിട്ടില്ലെങ്കിലോ. അടുക്കളയിലേക്ക് ഞാന്‍  നടന്നു. അമ്മ കണ്ടാലും കുഴപ്പമില്ല. അവളെ സഹായിച്ചേ പറ്റൂ.

ആതിഥ്യം

അടുക്കളയുടെ വാതില്‍  തുറന്നു കിടക്കുന്നുണ്ട്. അമ്മയെ കാണാനില്ല. ഓടി കാണണം, കാരണം ഞൊടിയിടയില്‍  ഞാന്‍  വാതില്‍  കടന്ന് പുറത്തെത്തി. അമ്മ നിലത്തു കുനിഞ്ഞു ഇരിക്കുന്നു. കയ്യില്‍  ഒരു പാത്രത്തില്‍  ദോശ. ചെറിയ കുഞ്ഞുങ്ങള്‍ക്ക്  കൊടുക്കും പോലെ പിച്ചി പിച്ചി ഇട്ടിരിക്കുന്നു. ഞാന്‍  കഴുത്ത് നീട്ടി നോക്കി. അതേ. അവള്‍  തറയില്‍  ഇരിക്കുന്നുണ്ട്. അമ്മയുടെ മുഖത്ത് കണ്ണുകള്‍ . അമ്മ അവള്‍ക്ക്  ദോശ കഴിക്കാന്‍  വച്ച് കൊടുത്തു. ആര്‍ത്തിയോടെ അവള്‍ കഴിക്കുന്നു. വിശപ്പ് വളരെയധികം സഹിച്ചിട്ടുണ്ടെന്ന് വ്യക്തം.
അമ്മയുടെ മുഖം കാണാന്‍  വയ്യ, ഞാന്‍  അവളെ സഹായിക്കാന്‍  കൂട്ടാക്കാഞ്ഞതു അമ്മ അറിഞ്ഞു കാണുമോ. മോശമായി പോയി എന്നറിയാം. കുറ്റബോധം നിറഞ്ഞു മനസ്സില്‍ . അമ്മ കയ്യില്‍  ഇരുന്ന ഒരു ദോശ കൂടി മുറിച്ചിട്ടു കൊടുക്കുന്നു. ഇട്ടു തീരും വരെ അവള്‍  ക്ഷമയോടെ കാത്തിരുന്നു. പിന്നെ അമ്മയുടെ കൈ പിന്നിലേക്ക് മാറിയതും ആര്‍ത്തിയോടെ തിന്നാന്‍  തുടങ്ങി.
അമ്മ പെട്ടന്നു എഴുന്നേറ്റു. ഞാന്‍  എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയി.

”എടാ, നീ കണ്ടോ.??”

ഞാന്‍  തലയാട്ടി.

”പാവം, നനഞ്ഞ് ആകെ നാശമായി. നിന്റെ സ്വഭാവമാണോടാ, ഇതിനും. മഴയും കൊണ്ട് നടക്കാന്‍”

അമ്മ കളിയാക്കി ചിരിച്ചു.

”ഞാന്‍  പാത്രം കഴുകാന്‍  ഇറങ്ങിയപ്പോ, ഇവിടെ ഇരിക്കുന്നു. മഴ കൊള്ളാതിരിക്കാന്‍  കേറി നിന്നതാവും. ഞാന്‍  ആദ്യം ഓടിച്ചു വിടാമെന്ന് വിചാരിച്ചതാ, നോക്കുമ്പോ വയറ് കണ്ടു. പാവം. വിശക്കുന്നുണ്ടാവും എന്ന് തോന്നി ദോശ കൊടുത്തതാ. കണ്ടില്ലേ, തിന്നാന്‍  ഒന്നും കിട്ടി കാണില്ല. ഇന്ന് മുഴുവന്‍  മഴ അല്ലായിരുന്നോ?”

ഞാന്‍  അപ്പോഴും ഒന്നും മിണ്ടിയില്ല, വാ തുറക്കാന്‍  തോന്നുന്നില്ല.

”നിനക്കെന്താ പറ്റിയത്. ഇഷ്ടപ്പെട്ടില്ലേ. പാവമല്ലേടാ. മിണ്ടാ പ്രാണിയല്ലെ. പിന്നെ ഒരു കുഴപ്പം ഉണ്ട്. പൂച്ച വീട്ടില്‍  കേറി വന്നു പെറ്റാല്‍  ദോഷമാണെന്നാണ് പറയുന്നത്, അതും ഇത് ആണേല്‍  ഒരു കരിമ്പൂച്ച. ഇരുട്ടത്തു ഇരുന്നാല്‍  കാണില്ല ഇതിനെ. അല്ലെടാ…..?  അതിന്റെ വാല് കണ്ടോ നീ, പകുതിയേ ഉള്ളൂ. ആരോ മുറിച്ചതാണ്. കണ്ടില്ലേ.”

ശരിയാണ്. ഞാന്‍ അത് കണ്ടിട്ടില്ലായിരുന്നു. ഒരു രണ്ടിഞ്ച് നീളമേ ഉള്ളൂ വാലിന്. കരി പോലെ നിറം. ഇരുട്ടത്തു കാണാന്‍  കഴിയാത്ത നിറം. ഈ സമയം കൊണ്ട് അവള്‍  കഴിച്ചു  കഴിഞ്ഞിരുന്നു. നാക്ക് ചുഴറ്റി മുഖം നക്കുന്നു . മുന്നിലെ കാലിന്റെ അറ്റം നക്കി തുടക്കുന്നുണ്ട്. വയറ് നിറഞ്ഞെന്ന് വ്യക്തമാണ്. അവള്‍  തറയില്‍  കിടപ്പുറപ്പിച്ചു. തല പുറത്തിടുന്ന ചെരുപ്പിന്റെ മുകളില്‍  വെച്ചിരിക്കുന്നു. താടി അല്‍പ്പം  പൊക്കി വെച്ചിരിക്കുന്നു.

”അതവിടെ കിടക്കട്ടെടാ, നീ പോരേ”

അമ്മ അകത്തേക്ക് നടന്നു കഴിഞ്ഞു. പിന്നാലേ ഞാനും നടന്നു. അവള്‍  ഉറങ്ങാനുള്ള തയ്യാറെടുപ്പോടെ കിടന്നു.ചിട്ടകള്‍
പിറ്റേന്നു ഞാന്‍  എഴുന്നേറ്റു ചെല്ലുമ്പോള്‍  അടുക്കള വാതിലിന്റെ പുറത്തു  അവള്‍  ഹാജറുണ്ട്. അകത്തേക്ക് കയറുന്നില്ല. ഞാന്‍  പല്ല് തേയ്ക്കാന്‍  പുറത്തേയ്ക്ക് ഇറങ്ങുമ്പോഴും എന്നെ mind ചെയ്യാതെ കിടക്കുന്നു. അമ്മ വരുമ്പോള്‍  മാത്രം അവള്‍  എഴുന്നേല്‍ക്കും, എന്നിട്ട് പതുക്കെ കരയും. അധികം ശബ്ദമൊന്നും ഇല്ല. രാവിലെ അമ്മ പല്ല് തേയ്ക്കുന്ന കൂട്ടത്തില്‍  ദോശ കിട്ടണം. അല്ലെങ്കില്‍  അമ്മയുടെ കാലില്‍  ഉരുമ്മി നടക്കും. അങ്ങനെ നടക്കുമ്പോള്‍  അവളുടെ വാല് നിവര്‍ന്ന്  മുകളിലേക്കു നില്‍ക്കും. ഇടയ്ക്കു വാല് വിറപ്പിക്കും. കണ്ടു നില്‍ക്കാന്‍  രസമാണ്. മുറി വാലും വിറപ്പിച്ചു അമ്മയുടെ കാലിന്റെ ചുവട്ടില്‍  നില്‍ക്കുന്ന  കരിമ്പൂച്ച.

ഉച്ചക്ക് അമ്മ ചോറില്‍  കുറച്ചു പാലൊഴിച്ച് കൊടുക്കും. അല്ലെങ്കില്‍  കഴിക്കില്ല. മൃദുവായി കരഞ്ഞവള്‍  പ്രതിഷേധം അറിയിക്കും. മീനോ ഇറച്ചിയോ ഉള്ള ദിവസങ്ങളില്‍  മാത്രം ശല്യം കൂടും. അന്ന് അടുക്കള വാതില്‍  തുറന്നാല്‍  നീട്ടിയുള്ള കരച്ചിലായിരിക്കും. എനിക്കു ഇടക്കൊക്കെ അലോസരം തോന്നും. കുശുമ്പാകാം. അമ്മയുടെ സ്നേഹം അവള്‍ക്കും  കിട്ടുന്നതിലുള്ള ഒരു അലോസരം. മീന്‍  മുള്ളൊക്കെ അവള്‍ക്ക്  മാറ്റി വയ്ക്കാന്‍  അമ്മ പറയും. അതിലെ അരിശം തീര്‍ക്കാന്‍  ഇടയ്ക്കൊക്കെ ഞാന്‍  മുള്ളും തിന്നു തീര്‍ക്കും.

രാത്രിയിലാകട്ടെ, തേങ്ങാ പാലില്‍  കുതിര്‍ത്ത  ദോശ അല്ലെങ്കില്‍  ചോറ്. ചിലപ്പോള്‍  കുറേശ്ശെ നെയ്യ് അല്ലെങ്കില്‍  മോരില്‍  കുഴച്ച ചോറ് കൊടുക്കും. ഒന്നു രണ്ടു വട്ടം അമ്മ എലിക്കെണിയില്‍  പെട്ട എലികളെ അവളുടെ മുന്നില്‍  തുറന്നു വിട്ടു, അവള്‍  ചാടി പിടിച്ച് തിന്നു. അമ്മയ്ക്ക് അതൊരു ആശ്വാസം ആയിരുന്നു കാരണം, അവള്‍  വരുന്നതിന് മുമ്പ് എലിയെ കൊല്ലണമെങ്കില്‍  കുളത്തില്‍  മുക്കി പിടിക്കണം. ഒരു കൊലപാതകത്തിന്റെ ഭീകരത അതില്‍  തോന്നിയിരുന്നു അമ്മയ്ക്ക്.

ഒരു തവണ മുറ്റത്ത് നിന്നു ഒരു നീര്‍ക്കോലിയെ നോക്കി കരഞ്ഞ് അമ്മയെ അറിയിച്ചതോട് കൂടി അവള്‍  അമ്മയുടെ അരുമയായി മാറി. അവളെ കുറച്ചു നേരം കണ്ടില്ലെങ്കില്‍  അമ്മ അവളുടെ കാര്യം നൂറു വട്ടം പറയും.

ഒരു ദിവസം ഉച്ച കഴിഞ്ഞിട്ടും അവള്‍  വരാതെ ഇരുന്നതോടെ അമ്മയുടെ പരിഭ്രമം കാണേണ്ടതായിരുന്നു. വല്ല വണ്ടിയുടെയും അടിയില്ലെങ്ങാനും പെട്ടിട്ടുണ്ടാകുമോ, എന്ന് ഒരു നൂറു വട്ടം പറയുന്നുണ്ടായിരുന്നു. രാത്രി അമ്മ പുറത്തിറങ്ങി നിന്നു അവളെ വിളിക്കുന്നത് കണ്ടപ്പോള്‍  എനിക്കു സങ്കടം തോന്നി. ഞാന്‍  റോഡിലേക്ക് നടന്നു. കൊറച്ച് ദൂരം റോഡിലൂടെ നടന്നു നോക്കി, അവിടെയെങ്ങാനും കിടപ്പുണ്ടെങ്കിലോ????

പിറ്റേന്നും അതിന്റെ പിറ്റേന്നും അവള്‍  വന്നില്ല. അമ്മയുടെ പ്രതീക്ഷ പൊഴിഞ്ഞു തുടങ്ങിയിരുന്നു. അച്ഛനോട്  പൂച്ചയുടെ കാര്യങ്ങള്‍  വീണ്ടും വീണ്ടും ആവര്‍ത്തിച്ചു പറയുന്നത് കേള്‍ക്കാമായിരുന്നു. പൂച്ചയുടെ പാത്രം, പാലില്‍  കുതിര്‍ന്ന  നെയ്ദോശയുമായി അവളെ കാത്ത് കിടന്നു.

കരച്ചില്‍

ശനിയാഴ്ച രാത്രികളില്‍ വൈകും വരെ ഉണര്‍ന്നിരുന്നു സിനിമകള്‍  കാണുന്നത് ഒരു ശീലമാണ്, അത് കൊണ്ട് തന്നെ ഞായറാഴ്ചകളില്‍  വൈകിയെ എഴുന്നേലല്‍ക്കാറുള്ളൂ. പക്ഷേ അന്ന് ഒരു ഏഴു മണി ആയപ്പോഴേക്കും എന്റെ ഉറക്കം മുടങ്ങി.

ചെവി തുളക്കുന്ന കരച്ചിലാണ്. ഒരാളല്ല കരയുന്നത്. നിര്‍ത്താതെ വാശി പിടിച്ച് കരയുന്ന കുറെ ശബ്ദങ്ങളുടെ സിംഫണി. പക്ഷേ ഇമ്പമുള്ള ഈണമില്ല, താളമില്ല, ഒരു കോറസ് ഇഫക്റ്റുമില്ല. ഒരു തരം ന്യൂയിസെൻസ്.

തലയിണ കൊണ്ട് ചെവി പൊത്തി കിടന്നു നോക്കി, രക്ഷയില്ല. തുളഞ്ഞു കയറുന്നു.
അടുക്കളയിലേക്ക് നടന്നു. അമ്മയും അച്ഛനും വാതിക്കലേക്ക് നോക്കി ചിരിച്ചു കൊണ്ട് എന്തോ പറഞ്ഞു കൊണ്ട് നില്‍ക്കുന്നു. ഞാന്‍  വരുന്നത് കണ്ടപ്പോള്‍  അമ്മയുടെ സന്തോഷം കൂടിയത് പോലെ.

”എടാ , നീ കണ്ടോടാ. കറുമ്പി വന്നത് കണ്ടോ.”

ഞാന്‍  പുറത്തേക്ക് നോക്കി, കറുമ്പി അടുക്കളയുടെ വാതിലിന്റെ ഓരം പറ്റി കിടക്കുന്നു. അവളുടെ ചുറ്റുമായി മൂന്നു പൂച്ചക്കുഞ്ഞുങ്ങള്‍ . അവറ്റയുടെ കരച്ചിലാണ് എന്റെ ഉറക്കം കളഞ്ഞത്. കരച്ചിലും, പാല് കുടിയുമായി ആകെ ഒരു മേളമാണ്. കറുമ്പിക്ക് ഒന്നെഴുന്നേല്‍ക്കാന്‍ പറ്റാത്തത്ര വെപ്രാളമാണൂ കുഞ്ഞുങ്ങള്‍ക്ക്. പാലു കുടിക്കുന്ന കുഞ്ഞുങ്ങളെ മാറി മാറി നക്കി തുടക്കുന്നുണ്ട് അവള്‍ . അവളുടെ ചുവന്ന നാക്ക് കുഞ്ഞുങ്ങളുടെ നനുത്ത രോമങ്ങളിലൂടെ നീങ്ങുന്നത് കാണാന്‍  തന്നെ ഒരു ചന്തമുണ്ട്.

അമ്മ പാലില്‍  മുക്കിയ ബ്രെഡ് ഇട്ടു കൊടുത്തു കറുമ്പിക്ക്. അവള്‍  എഴുന്നേറ്റപ്പോള്‍  കുഞ്ഞുങ്ങള്‍  അവളെ ചുറ്റി നടക്കാന്‍  സമ്മതിക്കാതെ അവളുടെ കാലുകളുടെ ഇടയില്‍  നിലയുറപ്പിച്ചു. അവളാകട്ടെ പതുക്കെ മൂരി നിവര്‍ത്തി, മുന്‍കാലുകള്‍  നിലത്തുറപ്പിച്ചു ശരീരം വില്ല് പോലെ വളച്ച് മൊത്തത്തില്‍  ഒന്നു നിവര്‍ന്നു. എന്നിട്ട് തല കുടഞ്ഞു. പിന്നെ പതുക്കെ പാത്രത്തിലേക്ക് നടന്നു. ദോശ തീറ്റി ആരംഭിച്ചു. അവള്‍  കഴിക്കുന്ന സമയമെല്ലാം കുഞ്ഞുങ്ങള്‍  നിര്‍ത്താതെ  കരഞ്ഞു.

പൂച്ച കുഞ്ഞുങ്ങള്‍

കാഴ്ചയിലും പെരുമാറ്റത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന  കുഞ്ഞുങ്ങള്‍. ഒന്നാമന്‍  നല്ല വെളുമ്പന്‍. ആളൊരു ചട്ടമ്പി ആണ്. കുഞ്ഞുങ്ങള്‍ക്ക്  അമ്മ കുറച്ചു പാലൊഴിച്ച് കൊടുക്കും. വെളുമ്പന്‍  വെപ്രാളപ്പെട്ട് കുടിക്കുന്നത് കാണേണ്ട കാഴ്ചയാണ്, കരയാന്‍  പോലും നില്‍ക്കില്ല. പാത്രം നക്കി തുടച്ചു വൃത്തിയാകി വയ്ക്കും വരെ അവന്‍  വിശ്രമം ഇല്ലാതെ പണി ചെയ്യും.

രണ്ടാമന്‍  വെള്ളയില്‍  ചാര വരകളുള്ള കുട്ടന്‍. അവന്‍  ഒരു പാവമാണ്. അമ്മയെ ചുറ്റി പറ്റി നടക്കും. കൊഞ്ചല്‍  കൂടുതലാണ്. എപ്പോഴും അമ്മേടെ മുഖത്തിന്റെ അടുത്താണ് കിടപ്പ്. ബാക്കി രണ്ടു പേരും പാല് കുടിക്കുമ്പോള്‍ അവന്‍  ശല്യപ്പെടുത്താതെ അമ്മയുടെ മുഖത്ത് മുഖം ഉരുമ്മി കിടക്കും. ചിലപ്പോള്‍  അവളുടെ കഴുത്തില്‍  കിടക്കും. അവന്റെ കളികള്‍ കണ്ടു നില്‍ക്കുമ്പോള്‍  എനിക്കും അമ്മയുടെ അടുത്തു പോയി കുഞ്ഞ് കളിയ്ക്കാന്‍  തോന്നും. കറുമ്പിക്കും വലിയ ഇഷ്ടമാണ് കുട്ടനെ. എപ്പോഴും നക്കി തുടക്കും അവനെ. ഇടയ്ക്കു നോക്കുമ്പോള്‍  അവന്റെ കാലു നാലും ആകാശത്തേക്ക് പൊങ്ങി നില്‍ക്കുന്ന  രീതിയില്‍  മലര്‍ന്നു  കിടന്നിട്ടു അവള്‍‍  അവന്റെ വയറില്‍  നക്കുന്നുണ്ടാകും. അവനാകട്ടെ പിടഞ്ഞെഴുന്നേല്‍ക്കും, അവള്‍  വീണ്ടും തട്ടിയിടും. അവന്റെ  വയറ്റത്ത്  നല്ല വെള്ള രോമം ആണ്.

മൂന്നാമന്‍  കറുപ്പും വെള്ളയും ഇട കലര്‍ന്ന  സുന്ദരനാണ്. കാഴ്ചയില്‍ അവനാണ് മിടുക്കന്, ഏറ്റവും പാവവും അവനാണ്. ശബ്ദം തീരെ കുറച്ചു വളരെ പാവം പിടിച്ച കരച്ചിലാണ് അവന്റെ. മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ട് കരയും. പാലു കുടിക്കാന്‍  കൊണ്ട് വയ്ക്കുമ്പോളും അവന്‍  വൈകിയേ  വരൂ, അവന്‍  മാറി നിന്നു കുറച്ചു നേരം നോക്കി നില്‍ക്കും  ആദ്യം. പിന്നെ പതുക്കെ നടന്നു വരും.

ഞാന്‍ ഇടയ്ക്കൊക്കെ  പൂച്ചകളുടെ കളികള്‍  കണ്ടു നില്‍ക്കും. പൂമ്പാറ്റകളുടെ പിന്നാലെയുള്ള ഓട്ടം ഒന്നു കാണണം. വെളുമ്പന്‍  ആണ് കൂടുതലും ഈ പരിപാടി. പൂമ്പാറ്റയുടെ പിന്നാലേ പായും, എന്നിട്ട് ഇടയ്ക്കു പിന്നിലെ കാലുകളില്‍  ബലം കൊടുത്തു മുന്നിലെ കാലുകള്‍  കൊണ്ട് പിടിക്കാന്‍  ശ്രമിക്കും. മനുഷ്യര്‍  കൊതുകിനെ പിടിക്കാന്‍  നോക്കും പോലെ.

കരിങ്കണ്ണ്

അടുക്കളയുടെ ചുറ്റുവട്ടം വിട്ടു പോകുന്ന പതിവ് പൂച്ചകള്‍ക്കില്ല . അടുക്കളയുടെ ഓവ് തീരുന്നിടത്ത്, കറിവേപ്പില ചെടികള്‍  നില്‍പ്പുണ്ട്. അതിനല്‍പ്പം  മാറിയാണ് പൂച്ചകളുടെ സ്ഥിരം കേന്ദ്രം. കാരണം രണ്ടാണ്. ഒന്നു അവിടെ നല്ല തണല്‍  ആണ്. മാവും പ്ലാവും നില്‍പ്പുള്ളത് കാരണം നട്ടുച്ചക്കും നല്ല തണല്‍  കിട്ടും. രണ്ടാമത്തെ കാരണം, അമ്മ ആഹാരവുമായി പുറത്തേക്ക് വന്നാല്‍  പൂച്ചകള്‍ക്ക് കാണാന്‍  എളുപ്പം കഴിയും എന്നതായിരുന്നു. അമ്മ വിളിക്കും മുമ്പ് തന്നെ അവറ്റകള്‍  ഓടി എത്തും, പിന്നെ അമ്മയുടെ കാലിന് ചുറ്റും ഉരസി നടക്കും. വാല് മുകളിലേക്കാക്കി വിറപ്പിച്ചും കൊണ്ട്.

കറിവേപ്പിന്റെ അടുത്തുള്ള കിടപ്പ് പക്ഷേ ഒരു ദുരന്തത്തിന്റെ മുന്നോടി ആയിരുന്നു എന്നതായിരുന്നു സത്യം.

അങ്ങനെ ഒരു ദിവസം അയല്‍വക്കത്തുള്ള ആന്‍റി വന്നപ്പോള്‍  പൂച്ചകള്‍ക്ക്  പാലൊഴിച്ച് കൊടുക്കുക ആയിരുന്നു എന്റെ അമ്മ. അവര്‍ക്ക് പൂച്ചകളെ ഇഷ്ടമല്ല എന്ന് തോന്നുന്നു. അവരുടെ മുഖത്ത് ഒരു അറപ്പ് കണ്ടത് പോലെ തോന്നി.

”ആഹാ, കുറെ എണ്ണമുണ്ടല്ലോ. ഇപ്പോ പൂച്ച വളര്‍ത്തലാണോ ഹോബീ…”

എനിക്കാ ചോദ്യം ഇഷ്ടപ്പെട്ടില്ല. നിങ്ങളുടെ വീട്ടില്ലല്ലോ എന്ന് ചോദിക്കാന്‍  തോന്നിയെനിക്ക്.

മൂന്നെണ്ണമേ ഉണ്ടായിരുന്നുള്ളൂ? അതോ ബാക്കിയുള്ളതിനെ കണ്ടന്‍  പിടിച്ചതാണോ?”

എനിക്കു എന്തെന്നില്ലാത്ത ഈര്‍ഷ്യ തോന്നി.

അമ്മ അവരോടു എന്തൊക്കെയോ പറയുന്നുണ്ട്. ചിരി കേള്‍ക്കാം. കുറച്ചു നേരം കഴിഞ്ഞു അവര്‍  വീട്ടിലേക്ക് പോയി.

അവര്‍ക്കെന്താ  ഈ വീട്ടില്‍  പൂച്ചകള്‍  വളര്‍ന്നാല്‍, അവരല്ലല്ലോ പാലും, ആഹാരവും ഒന്നും കൊടുക്കുന്നത്? പിന്നെന്തിനാ ആവശ്യമില്ലാത്ത വര്‍ത്തമാനം പറയുന്നത്.
ദുഷ്ട.

ദുരന്തം

ടിവിയുടെ മുന്നില്‍  ഇരുന്ന്, സിനിമ കണ്ട് അമ്മയുടെ കണ്ണു നിറയുമ്പോള്‍  കളിയാക്കുക എന്നുള്ളത് എന്റെയും അച്ഛന്റെയും സ്ഥിരം ഏര്‍പ്പാടാണ്. പക്ഷേ അന്ന് ഞങ്ങളുടെ കണ്ണുകളും ഈറനായിരുന്നു. സച്ചിന്‍ , ക്രിക്കറ്റ് ലോകത്തോട് വിട പറയുന്ന കാഴ്ചയാണ്. സച്ചിന്റെ നീണ്ട ഒരു പ്രസംഗം. സച്ചിന്‍ കൈകള്‍  വീശിക്കാണിച്ചു നടന്നകലുമ്പോള്‍, ഞങ്ങളുടെ മിഴികള്‍ കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഒരു യുഗം അവസാനിക്കുകയാണ്.

രാത്രി കഴിക്കാനിരിക്കുമ്പോള്‍ സച്ചിനെ പറ്റിയായിരുന്നു ചര്‍ച്ച.

കളിക്കളത്തിലും, ജീവിതത്തിലും ഒരേ പോലെ മാന്യത പുലര്‍ത്തിയ ഇതിഹാസം.

ചര്‍ച്ച നീണ്ടങ്ങനെ പോകുന്നതിനിടയിലാണ്, പൂച്ചകള്‍ കടി കൂടുന്ന ശബ്ദം കേട്ടത്. അമ്മ വേഗം വാതില്‍ക്കലേയ്ക്ക് പാഞ്ഞു.

വാതില്‍ തുറന്നപ്പോള്‍ പുറത്തെ ഇരുട്ടില്‍ കറുമ്പിയും ഒരു കണ്ടന്‍ പൂച്ചയുമായി പോരാണ്. ദേഹം വില്ലു പോലെ  വളച്ച് രോമമൊക്കെ പൊങ്ങി നിന്ന്, വായ തുറന്ന്, ഭീകരത തോന്നുന്ന മുരള്‍ച്ചകളോടെ.

അമ്മ വിരണ്ടു നില്‍ക്കുന്നു.

അയ്യോ, മോനേ !!!!

ഞാന്‍ അമ്മയെ നോക്കി.

നാശം പിടിച്ച പൂച്ചേ !!! അമ്മ ചൂല്‍  വലിച്ചറിഞ്ഞു  മുന്നോട്ടു പായുന്നു. കറുമ്പി ഓടി, പുറകെ കണ്ടനും.

അമ്മ നിലത്തിരുന്നു. മുന്നില്‍ കഴുത്തൊടിഞ്ഞു കിടക്കുന്നു വെളുമ്പന്‍. കണ്ടന്‍ കടിച്ചു കൊന്നതാവും.
ഞാന്‍ കറുമ്പിയെ രക്ഷിക്കാനായി പാഞ്ഞു. നിലത്തു നിന്നും കല്ലുകള്‍ പെറുക്കിയെടുത്തിരുന്നു. ഉന്നം പിടിച്ച് പല തവണ കല്ലുകള്‍ പാഞ്ഞപ്പോള്‍, കണ്ടന്‍ പിന്‍വാങ്ങി. മതിലിന്റെ മുകളിലൂടെ കുറച്ച് ഓടി, ഇരുപ്പായി.

ഞാന്‍ ദേഷ്യത്തോടെ തുറിച്ച് നോക്കി നിന്നു.

ശവമടക്ക്

കറിവേപ്പിന്‍റ്റെ അടുത്തു നിന്നും കുറച്ച് മാറി ആഴത്തിലൊരു കുഴി. വെളുമ്പന് കിടക്കാന്‍
അമ്മയുടെ കണ്ണുനീര് നില്‍ക്കുന്നില്ല.
പാവം കറുമ്പി.  അവള്‍ ആദ്യം വെളുമ്പനെ കുറച്ച് നക്കി നോക്കി. പിന്നെ, മാറി കിടന്നു. കുഞ്ഞുങ്ങളും അധികം കളികള്‍ക്ക് നിന്നില്ല.
മണ്‍വെട്ടി കൊണ്ട് വെളുമ്പനെ കോരിയെടുക്കുമ്പോള്‍ പൂച്ചകള്‍ എഴുന്നേറ്റു നോക്കി നിന്നു.
പതുക്കെ കുഴിയില്‍ കിടത്തി. പിടലി ഒടിഞ്ഞു ചത്തത് കൊണ്ട് തല പിന്നിലേക്ക് മടങ്ങി കിടന്നു. വേറെ ശരീരത്തില്‍ ഒരു മുറിവുമില്ല. മണ്ണിട്ട് മൂടി ഞാനകത്തേയ്ക്കു നടന്നു.
രാത്രി പൂച്ചകള്‍ പട്ടിണി കിടന്നു എന്നമ്മ പറഞ്ഞു.
വെളുമ്പനെ കുറിച്ചുളള സങ്കടമാവും.

പുതിയ താവളം

പിറ്റേന്നു ഉണര്‍ന്നു വരുമ്പോള്‍ അമ്മയും അച്ഛനും കൂടി നാലഞ്ചു ചാക്കുകള്‍ നന്നായി മടക്കി  ഒരു കിടക്കപോലെ ഒരുക്കുന്ന തിരക്കിലായിരുന്നു. ഞാനും കൂട്ടത്തില്‍ കൂടി.

സ്റ്റോര്‍ റൂമിന്റെ മറവില്‍ ഒരു ഒതുങ്ങിയ ഇടം. പൂച്ചകള്‍ക്ക്  കിടക്കാന്‍. അമ്മ പാത്രത്തില്‍ പാലും കൊണ്ട് നടന്ന്‍ ചെന്ന് പൂച്ചകളെ വിളിച്ചു. ആദ്യം കറുമ്പി വന്നു പുറകെ സുന്ദരനും, ഏറ്റവും പിന്നിലായി കുട്ടനും. ആദ്യം പൂച്ചകള്‍ മടിച്ച് മടിച്ച് നിന്നു. അമ്മ പൂച്ചകളുടെ മുഖം പതുക്കെ പാലിലേയ്ക്ക് നീട്ടിയപ്പോള്‍ അവറ്റകള്‍ പാല് നക്കി കുടിച്ചു. ദുഖാചരണം സമാപിച്ചു.

കുറച്ചു ദിവസത്തേക്ക് അമ്മ പൂച്ചകളെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കണ്ടന്‍ വീണ്ടും വരുമെന്ന് അമ്മ ഭയന്നിരുന്നു. ഒരു പക്ഷേ പൂച്ചകളും. ഒരു ദിവസം രാത്രി ഞാന്‍ ഇടവഴിയിലേക്ക് കയറുമ്പോള്‍ മതിലിന്റെ മുകളിലെ ഇരുട്ടില്‍ നിന്നും ഒരു രൂപം പെട്ടന്നു മുന്നോട്ട് നീങ്ങി. ഞാന്‍ വല്ലാതെ വിരണ്ട് പോയി. അത് കണ്ടനായിരുന്നു. വെളുത്ത നിറമുള്ള, ക്രൂര മുഖമുള്ള പൂച്ച. വാലിന്റെ അറ്റം മാത്രം ചാര നിറം. അവന്റെ നോട്ടത്തില്‍ ഒരു കൂസല്ലില്ലായ്മ ഉണ്ട്, ഭയമില്ലാത്ത മുഖം. ലാക്കിന് കിട്ടുമ്പോള്‍ ഞാന്‍ കല്ലെടുത്തെറിയും, കൊള്ളാറില്ലെങ്കിലും ഒരു മനസമാധാനം കിട്ടുമല്ലോ. വെളുമ്പന്റ്റെ ആത്മാവിന് ശാന്തി കിട്ടാന്‍ ഒരു നേര്‍ച്ച  പോലെ.

വളര്‍ച്ച

മൂന്നു മാസങ്ങള്‍ കടന്നു പോയിരിക്കുന്നു. പൂച്ചക്കുഞ്ഞുങ്ങള്‍ വളര്‍ന്നു വലുതായി കഴിഞ്ഞു.
ഇപ്പോള്‍ ഇടക്കൊക്കെ കറങ്ങാന്‍ പോക്കൊക്കെ ഉണ്ട്. അമ്മയുടെ തണലില്‍ നിന്നും മാറി തുടങ്ങുന്നു. കുട്ടനാണ് ഇപ്പോള്‍ മിടുക്കന്‍. അടങ്ങി ഇരുപ്പ് കുറവാണ്. എലിയെ പിടിച്ച് സുന്ദരന് തിന്നാന്‍ കൊടുക്കും അവന്‍. അത് കാണുമ്പോള്‍ എനിക്കു തോന്നും കുട്ടനാകും മൂത്തവന്‍. സുന്ദരന്‍, അനിയനാവും.

ഇപ്പോഴും രണ്ടു പേരും കളിക്കുന്നത് കാണാം. സുന്ദരന്‍ ഒരു ദിവസം ഒരു തവളയെ പിടിച്ച് കൊല്ലാതെ കളിപ്പിച്ച് കളിപ്പിച്ചിരിക്കുന്നത് കണ്ടു. കുറച്ചു കഴിഞ്ഞപ്പോള്‍ അവന്റെ താല്‍പ്പര്യം തീര്‍ന്നു, തവള അതിന്റെ പ്രാണനും കൊണ്ട് രക്ഷപ്പെടുകയും ചെയ്തു. ഇപ്പോള്‍ കറുമ്പി മാത്രമേ സ്ഥിരമായി കഴിക്കാന്‍ എത്താറുള്ളൂ. മറ്റ് രണ്ടു പേരും ഇടക്കൊക്കെ വരും. കഴിക്കാന്‍ വന്നില്ലെങ്കിലും ഉച്ചക്ക് കിടന്ന് ഉറങ്ങാന്‍ അവറ്റകള്‍ വരും. തെങ്ങിന്റെ തടത്തിലോ, കറിവേപ്പിന്റെ ഇടയിലോ മൂന്നും കൂടി കെട്ടി പിടിച്ച് കിടക്കുന്നതു കാണാന്‍ നല്ല രസമാണ്.

ഒന്നു രണ്ടു തവണ കുഞ്ഞുങ്ങള്‍ അകത്തു കേറിക്കൂടാനും ശ്രമം നടത്തിയിരുന്നു. വാതിലോ ജനലോ തുറന്നു കിടന്നാല്‍ അകത്തു കയറും. അമ്മ ചൂലിന് നല്ല വീക്ക് കൊടുത്തതോടെ അത് നിന്നു. കറുമ്പി അകത്തു കയറാന്‍ നോക്കാറില്ല, അവള്‍ പടി വരെയേ വരാറുള്ളൂ.
കുട്ടന്‍ രാത്രി സിറ്റ് ഔട്ടില്‍ ആണ് ഉറക്കം. സിറ്റ് ഔട്ടിലെ മേശയുടെ മുകളില്‍ ഒതുങ്ങി ഇരിക്കും. സുന്ദരന്‍ എന്റെ ബൈക്കിന്റെ സീറ്റ് ആണ് ഉറക്കത്തിന്റെ സ്ഥലമായി തിരഞ്ഞെടുത്തിരുന്നത്. എനിക്കു കാണുമ്പോള്‍ ദേഷ്യം വരും. ഒരു അധികാരം കാണിക്കല്‍, എന്റെ വീട്ടില്‍ അവറ്റകള്‍ക്ക്   അത്രയും സ്വാതന്ത്യം എനിക്കു ഇഷ്ടമല്ലാതെ വന്നു തുടങ്ങിയിരുന്നു. ഞാന്‍ ഓടിച്ചു വിടാന്‍ നോക്കും. അത് കൊണ്ടാവും എന്നെ കാണുമ്പോള്‍ മാത്രം പൂച്ചകള്‍ക്ക്  ഒരു പേടി കാണാറുണ്ട്. ഓടണമോ വേണ്ടേ എന്നൊരു ശങ്ക എങ്കിലും.

വീണ്ടും വില്ലന്‍

”എടാ, മോനേ,ഓടി വാടാ.”

അമ്മയുടെ ഒച്ച കേട്ടാണ് ടി‌വിയുടെ മുന്നില്‍ നിന്നും എഴുന്നേറ്റത്. ഓടി ചെന്നു. അടുക്കളയുടെ പുറത്തുള്ള ചാര്‍ത്തില്‍ കണ്ടനും കുട്ടനും തമ്മില്‍ കടിപിടിയാണ്. ഉശിരന്‍ പോര് തന്നെ. കണ്ടന്‍ അവനെ കൊന്നു തിന്നുമെന്ന് ഉറപ്പിച്ചുള്ള യുദ്ധം. അമ്മ കയ്യിലിരുന്ന കല്ല് ആഞ്ഞുഎറിഞ്ഞു. കല്ല് പോയി കണ്ടന്റെ തോളില്‍ കൊണ്ടു, പക്ഷേ അവന് കുലുക്കമില്ല. കടിപിടി തന്നെ. ഞാന്‍ ഒരു കല്ലെടുത്തെറിഞ്ഞു. പൂച്ചകള്‍ വീടിന്റെ പിന്നിലേക്ക് പാഞ്ഞു. പിന്നാലേ ഞങ്ങളും.
ഓടി പിന്നില്‍ ചെല്ലുമ്പോള്‍ ആദ്യം പൂച്ചകളെ കണ്ടില്ല, ശബ്ദം ശ്രദ്ധിച്ചപ്പോള്‍ കുളിമുറിയുടെ മുകളിലാണ് യുദ്ധരംഗം. കുട്ടന്റെ  മുന്നിലെ കാലില്‍ കണ്ടന്റെ പല്ലുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. ഞാന്‍ അരമതിലിന്റെ മുകളില്‍ കയറി നിന്നു കല്ലെറിഞ്ഞു. ഭാഗ്യം, കണ്ടന്‍ പിടി വിട്ടു പാഞ്ഞു. പിന്നാലേ ഞാനും. ഓടി ചെന്നവന്‍ അന്നത്തെ പോലെ മതിലിലൂടെ രക്ഷപെട്ടു.

അമ്മ കുട്ടന്റെ  കാലില്‍ ടര്‍പ്പന്‍റ്റെയിന്‍  ഒഴിച്ച് കൊടുത്തു. അവന് വേദന എടുത്തു കാണണം. അവന്‍ നക്കി നോക്കി, പിന്നെ അവന്റെ കരച്ചിലില്‍ എന്തോ പന്തികേട് പോലെ. ആദ്യം തുമ്മുന്ന പോലെ ഒരു ശബ്ദം. പിന്നെ തൊണ്ടയടച്ച പോലെയുള്ള കരച്ചിലും. ഞങ്ങള്‍ രണ്ടു പേരും മുഖത്തോട് മുഖം നോക്കി.

”അവന്റെ വാ പൊള്ളിയിട്ടുണ്ടാകും. അമ്മ പോയി കുറച്ചു വെള്ളം കൊണ്ടു വാ.”

അമ്മ വെള്ളം കൊണ്ടു വന്നപ്പോള്‍ അവന്‍ നക്കി നക്കി കുടിച്ചു പാവം.

കുട്ടന്‍ പിന്നെ നടക്കുമ്പോള്‍ മുന്നിലെ കാലിന് മുടന്തുണ്ടായിരുന്നു. കണ്ടനുമായുള്ള കടിപിടിയുടെ അവശേഷിപ്പ്. പൂച്ചകളില്‍ ഭയം കുടിയേറിയിരുന്നു. മരണം എന്ന ഭയം ആവാം. മനുഷ്യനെ പോലെ മൃഗങ്ങളും മരണത്തെ ഭയക്കുന്നുണ്ടാകണം. കണ്ടന്റെ നിഴല്‍ ഇടക്ക് മതിലിന്റെ മുകളില്‍ കാണാം, രാത്രിയുടെ മറവില്‍ നടക്കുന്ന ക്രൂര രൂപം.

കുട്ടന്റെ  ഒളിച്ചിരുപ്പ്

കണ്ടന്റെ കടി കൊണ്ടതില്‍ പിന്നെ കുട്ടന് അകത്തേക്ക് അനുമതി കിട്ടി. അടുപ്പിന്റെ കീഴില്‍ കിടക്കാന്‍ സമ്മതിച്ചു അമ്മ. അവിടെ തന്നെ ഭക്ഷണം ഇട്ടു കൊടുക്കും. അവന്‍ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടാല്‍ ദയ തോന്നി പോകും. റോഡ് ക്രോസ്സ് ചെയ്യുന്ന കുട്ടിയുടെ ഭാവങ്ങളാണ്. ഇരു വശവും മാറി മാറി നോക്കി, നന്നേ ബോധിച്ചാല്‍ മാത്രം.

ഞാന്‍ വരുമ്പോള്‍ പാവം കുട്ടന് ഒരു അങ്കലാപ്പാണ്. എന്നെ അവന് ഭയമാണ് പക്ഷേ കണ്ടനോളം ഇല്ല താനും. അവന്‍ പമ്മി പമ്മി നില്‍ക്കും. കാലുകള്‍ പിന്നിലേക്ക് വലിച്ച്, ചെവികള്‍ കൂര്‍പ്പിച്ച്, തല വെട്ടിച്ച് നോക്കി പേടിയോടെ നില്‍ക്കും. പാവം തോന്നും. ഞാന്‍ സ്നേഹത്തോടെ അടുത്തേക്ക് ചെല്ലാന്‍ നോക്കിയാല്‍ അവന്‍ പതുക്കെ പുറത്തേക്ക് നീങ്ങും. മനസ്സില്ലാ മനസ്സോടെ.

മുറിവുകള്‍ കരിഞ്ഞതോടെ കുട്ടന്‍ പുറത്തേക്ക് ഇറങ്ങി, പിന്നെ കുറച്ചു ദിവസത്തേക്കു അവനെ കണ്ടില്ല. പിന്നെ ഒന്നു വന്നു. വീണ്ടും കാണാതെ പോകും. കുറച്ചു ദിവസം കഴിഞ്ഞു വീണ്ടും തിരിച്ചെത്തും. പുതിയ ജോലി കണ്ടെത്തി താമസം മാറിയ മകന്റെ രീതിയില്‍. വരുന്ന ദിവസം മൂന്നു പൂച്ചകളും തെങ്ങിന്റെ  തടത്തില്‍ കെട്ടി പിടിച്ച് കിടക്കും. കറുമ്പി അവരെ രണ്ടു പേരെയും മാറി മാറി നക്കി തുടക്കും. അവര്‍  രണ്ടും തമ്മില്‍ തമ്മിലും നക്കി വൃത്തിയാക്കും. കണ്ടു നിൽക്കുമ്പോള്‍ എനിക്കു സങ്കടം തോന്നും. ആ കണ്ടന്‍ ഇല്ലായിരുന്നെങ്കില്‍. കുട്ടനും ഇവിടെ സുഖമായി നില്‍ക്കാമായിരുന്നില്ലേ.

ഒരു പക്ഷേ എന്റെ സങ്കടത്തിന്റെ കാരണം വേറെ ഒന്നായിരിക്കണം. എനിക്കു ബാംഗ്ലൂരില്‍ ജോലി കിട്ടിയിരിക്കുന്നു. പോകാനിനി ഒരു മാസം തികച്ചില്ല. പോയാല്‍ തിരിച്ചു എന്നാണാവോ. ജീവിതത്തില്‍ ഒരിയ്ക്കലും ഞാന്‍ മാറി നിന്നിട്ടില്ല. അമ്മയെ പിരിഞ്ഞു നില്‍ക്കാന്‍  എനിക്കു ഇഷ്ടമല്ല. പഠിക്കുന്ന സമയത്ത് ഞാന്‍ എന്നും പറഞ്ഞിരുന്നു, അമ്മയുടെ അടുത്തു നിന്നും പോയി വരാന്‍ പറ്റുന്ന ജോലിക്കേ പോകൂ എന്നു. പക്ഷേ ഈ ജോലി വളരെ നല്ലതാണ്. ഒരു തരം ലൈഫ് ടൈം ഓപ്പര്‍ച്യൂണിറ്റി. നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടി. ഒന്നു കേറി കഴിഞ്ഞാല്‍ പിന്നെ നോക്കണ്ട എന്നാണ് കൂട്ടുകാരുടെയും ടീച്ചര്‍മാരുടെയും എല്ലാം അഭിപ്രായം.

പോകാന്‍ തന്നെ തീരുമാനിച്ചു.

അമ്മ എന്നോടു പോകണമെന്നോ പോകണ്ട എന്നോ പറഞ്ഞില്ല  അച്ഛനും. എന്നെ കുറിച്ച് അവര്‍ എന്താവും ചിന്തിക്കുന്നത് എന്നെനിക്ക് അറിയാന്‍ സാധിക്കുന്നില്ല. നേരിട്ടു ചോദിക്കാന്‍ എനിക്കു ധൈര്യവും ഇല്ല.

യാത്രയുടെ തലേന്ന്

രതീഷിന്റെ  ബൈക്ക് വന്നു നില്‍ക്കുമ്പോള്‍  മനസ്സില്‍ മുഴുവന്‍ ടെന്‍ഷന്‍ ആയിരുന്നു. രാവിലെ മൂന്നിനാണ് ട്രെയിന്‍ വരുന്നത്. അവന്‍ കൊണ്ടാക്കാം എന്നു പറഞ്ഞത് നന്നായി. അച്ഛനും അമ്മയും ആണ് വരുന്നതെങ്കില്‍ യാത്ര പറഞ്ഞു പോകാന്‍ പാടാണ്. അമ്മ കരയും. അതും കണ്ടു പോകാന്‍ ഒരു സുഖമുണ്ടാവില്ല. മാത്രമല്ല എനിക്കും കരച്ചില്‍ വരും. വേറെയും കുട്ടികള്‍ രണ്ടു പേരുള്ളതാണ്. അവര് കളിയാക്കിയാലോ. വേണ്ട. അമ്മ വരണ്ട സ്റ്റേഷനില്‍.

അമ്മ എന്തൊക്കെയോ ആഹാര സാധനങ്ങള്‍ ഉണ്ടാക്കിയിരുന്നു. ബാഗിന്റെ വലുപ്പവും ഭാരവും കൂടി വന്നപ്പോള്‍ ഞാന്‍ ചൂടായി. ഇതൊന്നും കിട്ടാത്ത ഇടത്തൊന്നുമല്ലലോ പോകുന്നത് എന്നായി ഞാന്‍. അച്ചാര്‍ കുപ്പി എടുത്തെറിയാന്‍ വരെ ഭാവിച്ചു ഞാന്‍. അമ്മ തിരിച്ചു നടക്കുമ്പോള്‍ മിഴികളില്‍ ഒരു കണ്ണീര്‍ തുള്ളി ഉണ്ടായിരുന്നു. ഞാനത് കണ്ടില്ലെങ്കിലും.

ഒന്നരയ്ക്ക് രതീഷ് ബൈക്കില്‍ വന്നു. അവന്‍ എത്തും വരെ വെരുകിന്റെ സ്വഭാവം കാട്ടി നടക്കുകയായിരുന്നു ഞാന്‍. അവന്റെ ബൈക്കിന്റെ വെളിച്ചം കണ്ടപ്പോള്‍ എന്‍റെ കണ്ണുകള്‍ തിളങ്ങി. ബാഗ് ഒരെണ്ണം പുറത്തും ഒരെണ്ണം രണ്ടുപേരുടെ ഇടയിലുമായി വെച്ചിരുന്നു. ബൈക്ക് മുന്നോട്ട് നീങ്ങി. വളവ് കടന്ന് മുന്നോട്ട് വേഗത്തില്‍ നീങ്ങുകയാണ്. ഞാന്‍ അമ്മയോടു യാത്ര പറയാന്‍ മറന്നിരിക്കുന്നു. എന്റെ നെഞ്ച് പിടക്കുന്നു. ഞാന്‍ എന്താണ് ഇങ്ങനെ മാറിയത്. അമ്മയോട് യാത്ര പറയാന്‍ പോലും ഓര്‍ത്തിരിക്കാന്‍ കഴിയാത്ത എന്തു തിരക്കായിരുന്നു എനിക്ക്.

റോഡിന്റെ‍ അരികില്‍ ബൈക്കിന്റെ  വെളിച്ചം പാഞ്ഞു, ഇരുട്ടിനെ കൊന്നും, വീണ്ടും പുനര്‍ജ്ജീവിപ്പിച്ചും. ആ വെളിച്ചത്തില്‍ റോഡില്‍ ഒരു കറുത്ത പൂച്ച ചത്തു കിടക്കുന്നതു ഞാന്‍ കണ്ടു. വണ്ടി തട്ടി ചത്തതാവും. കറുമ്പിയാണോ എന്ന് ചിന്തിക്കുമ്പോഴേക്കും, ബൈക്ക് ഏറെ ദൂരം കടന്ന് പോയിരുന്നു. ആ പൂച്ചയുടെ ചുറ്റുമായി ചുവന്ന ചോര കുറച്ച് ഒഴുകി പടര്‍ന്നിരുന്നു.

രാവിലെ

അമ്മ രാവിലെ പാലിന്റെ കുപ്പി പുറത്തു വയ്ക്കാന്‍ വാതില്‍ തുറന്നു പുറത്തേക്ക് ഇറങ്ങി. രാത്രി ഉറങ്ങാന്‍ വൈകി. എത്ര ശ്രമിച്ചിട്ടും ഉറക്കം വന്നില്ല. മകനെ കാണാന്‍ അവര്‍ കൊതിച്ചിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവന്‍ പെട്ടന്നു മുതിര്‍ന്നതായി തോന്നിയിരുന്നു അവര്‍ക്ക്, കുറച്ച് ദിവസങ്ങള്‍ കൊണ്ട് കുറെ കൊല്ലങ്ങള്‍ വളര്‍ന്നത് പോലെ.

തറയില്‍ ഒരു ബാഗും തലയില്‍ വെച്ചു കിടക്കുന്ന എന്നെ കണ്ടപ്പോള്‍ അമ്മ ഞെട്ടി എന്നതുറപ്പാണ്.

”മോനേ !!!”

ഞാന്‍ ഉറക്കത്തില്‍ നിന്നും പിടഞ്ഞെഴുന്നേറ്റ് അമ്മയെ അമര്‍ത്തി കെട്ടി പിടിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ട്. എനിക്ക് മിണ്ടാന്‍ പറ്റുന്നില്ല. അമ്മയുടെ തോള് നനയുന്നുണ്ട്. അമ്മ പേടിച്ചിട്ടുണ്ട്. എനിക്ക് എന്തെങ്കിലും പറ്റിയോ എന്നു  ഭയക്കുന്നുണ്ടാകും.

ഞാന്‍ അമ്മയുടെ കവിളില്‍ അമര്‍ത്തി  ഉമ്മ വച്ചു.

”എന്താടാ പറ്റിയത് ? ട്രെയിന്‍ കിട്ടിയില്ല? താമസിച്ചു പോയോ?”

ഞാന്‍ ഏങ്ങലടിച്ചു കരയുന്ന കുഞ്ഞായിമാറിയിട്ടുണ്ടായിരുന്നു.

സ്റ്റേഷന്‍

പുതിയ കൂട്ടുകാരെ പരിചയപ്പെട്ടു സ്റ്റേഷനില്‍ ഇരിക്കുമ്പോള്‍  എന്റെ മനസ്സില്‍ കറുമ്പി ആയിരുന്നു. അവളെ ആദ്യം കാണുമ്പോള്‍ ഞാന്‍ ഒരു ദയയും കാട്ടാതെ, കാട്ടാളന്റെ പെരുമാറ്റതോടെ പോയി, ഇന്നിപ്പോള്‍ അവള്‍ ചത്തു കിടക്കുമ്പോള്‍ അപ്പോഴെങ്കിലും ഒരിത്തിരി ദയ. ആ റോഡില്‍ നിന്നും മാറ്റിയിടാനെങ്കിലും. ഇല്ല. ഒരു നിമിഷം കളയാനില്ലാത്ത തിടുക്കം. അമ്മയോട് ഒരു യാത്ര ചോദിക്കാന്‍ പോലും ഇല്ലാത്തത്ര തിടുക്കം.

എങ്ങോട്ടാണ് ഞാനീ പായുന്നത്?

രതീഷ് പോയിരുന്നു. ഞാന്‍ വീട്ടിലേക്ക് നടന്നു. എനിക്ക് ഈ ലോകത്തിന്റെു ഓട്ടത്തില്‍ പങ്കെടുക്കണ്ട. എനിക്ക് മനുഷ്യനായാല്‍ മതി. വെറുതെ ഒരു മനുഷ്യന്‍.
നടന്ന് കുഴഞ്ഞാണ് തിരിച്ചെത്തിയത്. റോഡില്‍ കറുമ്പി കിടപ്പില്ലായിരുന്നു, ചോര മാത്രം. ആരെങ്കിലും എടുത്തു മാറ്റിയതാവാം. വീടുത്തുമ്പോള്‍  നേരെ നില്‍ക്കാനുള്ള  കെല്‍പ്പില്ല. കിടന്നത് പോലും ഓര്‍മ്മയില്ല. അപ്പോള്‍ തന്നെ ഉറങ്ങി കാണണം. രണ്ടു മണിക്കൂറോളം നടന്നിരുന്നു.

അമ്മമാര്‍

അമ്മയോട് കാര്യം പറഞ്ഞു. കേരളത്തില്‍ തന്നെ നീ ഏതെങ്കിലും ജോലി നോക്കൂ, എന്നുള്ള അമ്മയുടെ മറുപടി കുളിര്‍മ പകര്‍ന്നു. കുളിച്ചിട്ടു കഴിക്കാന്‍ ഇരിക്കുമ്പോള്‍ പുറത്തു ഒരു കരച്ചില്‍. സുന്ദരനാണ്.

ഞാന്‍ പുറത്തേക്ക് ഓടി ചെന്നു. പടിയില്‍ കാല് വെയ്ക്കാന്‍ പോകുമ്പോള്‍ അവിടെ ഒരു കറുത്ത നിറം. കറുമ്പി പടിയില്‍ തല വെച്ചു കിടപ്പുണ്ട്. സുന്ദരന്‍ അവന്റെ അമ്മയുടെ അടുത്തു കിടപ്പുണ്ട് എന്റെ അമ്മയെ കാത്ത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here