അമ്മ

(കേരളത്തെ ഗ്രസിച്ച മഹാപ്രളയം ഒരു താക്കീതും ഒപ്പം മനുഷ്യ നന്മയുടെ തിരിച്ചറിവും ആയിരുന്നു. ഈ പ്രളയം ഒട്ടേറെ പാഠങ്ങള്‍ നമ്മെ പഠിപ്പിച്ചു. അവയിലേക്കുള്ള ഒരെത്തി നോട്ടമാണ് കെ കെ പല്ലശ്ശനയുടെ ‘പൂജ്യം കൊണ്ടുള്ള ഗുണനം’ എന്ന ഇരുപത്തിയഞ്ചു ചെറുകഥകളുടെ സമാഹാരം)

വൃദ്ധസദനം ദുരിതാശ്വാസ ക്യാമ്പായി മാറിയപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചവരില്‍ അന്തവാസിയായ വൃദ്ധയുടെ മകനുമുണ്ടായിരുന്നു.

” ഓ, നീയും വന്നോ ! നന്നായി.”

മകന്റെ അടുത്തു ചെന്നിരുന്നുകൊണ്ട് വൃദ്ധ പറഞ്ഞു .

മകന്‍ മുഖം കുനിച്ചതല്ലാതെ ഒന്നും മിണ്ടിയില്ല

” നിന്റെ ഭാര്യ എവിടെ?”

അല്പ്പ നേരത്തെ മൗനത്തിനൊടുവില്‍ വൃദ്ധ ചോദിച്ചു.

” അവള്‍ ആദ്യം എത്തിയ വള്ളത്തില്‍ കയറി സ്കൂള്‍ ക്യാമ്പിലാണ്”

” നിന്റെ മകളോ?”

” അവളെ നേവിയുടെ ഹെലികോപ്ടര്‍ വന്നു കൊണ്ടു പോയി. ദൂരെ ഒരു ക്യാമ്പിലാണ് എത്തിച്ചിരിക്കുന്നത്”

” വിമാനത്തില്‍ കേറി പറക്കണമെന്നത് അവളുടെ ഒരു മോഹമായിരുന്നു അതു നടന്നല്ലോ” വൃദ്ധ ഒന്നു നെടുവീര്‍പ്പിട്ടു.

” ശരി , നീ ഉറങ്ങീട്ട് രണ്ടു മൂന്നു ദിവസമായല്ലോ എന്റെ കട്ടിലില്‍ കിടന്നോ. ഞാന്‍ നിലത്തു കിടന്നോളാം ”

മകന്റെ ശിരസില്‍ തലോടിക്കൊണ്ട് വൃദ്ധ പറഞ്ഞു.

അനന്തരം മുറിയില്‍ ചെന്ന് കട്ടില്‍ വൃത്തിയാക്കാന്‍ തുടങ്ങി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here