അമ്മേ, നിന്‍ ഗര്‍ഭപാത്രത്തിനുള്ളില്‍
നിന്നില്‍നിന്നുയിരാര്‍ന്നൊരു ഭ്രൂണമായി
നിന്ന നാള്‍ തൊട്ടേ, നിന്നുടെ
സ്നേഹലാളനകളേറ്റു വാങ്ങിയവര്‍ ഞങ്ങള്‍
ഒരു പരാദമെന്നപോല്‍ നിന്നിലെ
വെള്ളവും വളവുമൂറ്റിക്കുടിച്ച്
കൈകാല്‍ കുരുത്ത് നരരൂപം പൂണ്ടീ
ലോകത്തേക്ക് കടന്നുവന്നവര്‍ ഞങ്ങള്‍
ഞങ്ങളെ നടക്കാന്‍ പഠിപ്പിച്ചതും നീ
ഉള്ളില്‍ നന്മ നിറച്ചതും നീ
ഞങ്ങള്‍തന്‍ വിസര്‍ജ്ജ്യങ്ങള്‍ ഒര-
റുപ്പുമില്ലാതെ എടുത്തതും നീ
ഞങ്ങളാദ്യം കേട്ട പാട്ട് നിന്‍റെ താരാട്ട്
ആദ്യമുരുവിട്ട വാക്ക് നീയോതിതന്നത്
ഞങ്ങളാദ്യം വിളിച്ചതും നിന്നെ
ആദ്യഗുരുവും നീതന്നെ
ശൈശവത്തിന്‍ നിഷ്കളങ്കതയില്‍ നീ
ഞങ്ങള്‍ക്കെല്ലാമെല്ലാമായിരുന്നു
ബാല്യത്തിന്‍ നൈര്‍മ്മല്യത്തില്‍ നീ
ഞങ്ങള്‍ക്കേറെ പ്രിയമുള്ള കളിതോഴി
കൗമാരത്തിന്‍ ചോരതിളപ്പില്‍ നീ
ഞങ്ങള്‍ക്കു ശത്രുവായി മാറി
യൗവനത്തിന്‍ തിരക്കില്‍ നിന്നെ
ഞങ്ങള്‍ ബോധപൂര്‍വ്വം തഴഞ്ഞു
ഒടുവില്‍ഞങ്ങളും വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍
അന്ന്‍ നിന്നെ ഞങ്ങളറിയുന്നു
അപ്പോള്‍ നീ ഉയിരോടെയിരി-
ക്കുന്നുണ്ടാകുമോയീ ഉലകത്തില്‍
ഒരുക്കാലത്ത്ഞങ്ങള്‍ രോഗങ്ങളാല-
വശരായി തീരുമ്പോളേത്
ഔഷധത്തെക്കാളുമുത്തമം
നിന്‍റെ സാന്നിധ്യമായിരുന്നു
മുത്തശ്ശിക്കഥയിലെ പ്രേതഭൂതങ്ങള്‍
ദുഃസ്വപ്നങ്ങളായി ഞെട്ടിയുണര്‍ത്തുമ്പോഴും
ക്ഷുദ്രകീടങ്ങള്‍ പേടിപ്പെടുത്തുമ്പോഴും
നിന്‍ ചിറകിനുള്ളിലൊളിച്ചിരുന്നു
അന്ന്‍ നീയരികിലുണ്ടെങ്കില്‍
ആക്രമിക്കാന്‍ വരുന്ന എന്തിനേയും
ഞങ്ങളഹങ്കാരത്തോടെ തട്ടിമാറ്റിയിരുന്നു
ഞങ്ങളാമക്കള്‍ ഇന്ന്‍
നടന്നുനടന്നു കാതങ്ങള്‍ പിന്നിട്ടപ്പോള്‍
ഉള്ളില്‍ നീ തെളിയിച്ച നന്മതന്‍
തിരിപാടേയണഞ്ഞുപോയി
അമ്മയെ മറന്നുപോയി
വാക്കുകളും വാക്യങ്ങളും വിദ്യകളു-
മനേകം പഠിച്ചുകഴിഞ്ഞപ്പോള്‍
ഞങ്ങളാമക്കള്‍ ഇന്നമ്മയെ
തഴയുന്നു തള്ളിപറയുന്നു
തകരുന്നുവാ അമ്മമനം
പൊട്ടിക്കരയണമെന്നുണ്ടാ പാവത്തിന്
പക്ഷേ സങ്കടപ്പെട്ട് കരഞ്ഞൊരു
മിഴിനീര്‍ത്തുള്ളിയെങ്ങാന്‍ നിലത്തുവീണാലത്
തന്‍കിടാങ്ങള്‍ക്കു ശാപമായി
തീരുമോയെന്നു ഭയന്നു
കദനങ്ങളൊക്കെയും കരളിലൊളിപ്പിച്ച്
വിഷാദസ്മിതം തൂകി
തളര്‍ന്നുവിറയാര്‍ന്ന കൈകള്‍ കൂപ്പി
തന്‍സന്തതികളുടെ സൗഖ്യത്തിനായി
പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കുന്നിപ്പൊഴും
അതാണ് അമ്മ.