ഭാരതസ്ത്രീകള്‍ ഇന്നും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കറുത്ത യാഥാര്‍ത്ഥ്യങ്ങളുടെ ഒരു നേര് പതിപ്പാണ് ഈ പുസ്തകം. ശിഥിലവും അതിനിന്ദ്യവുമായ ജീവിതാവസ്ഥകളും ദാരിദ്ര്യവും അപമാനങ്ങളും നേരിട്ടാണ് ഭൂരിഭാഗം ഭാരത സ്ത്രീകളും ഇന്നും ജീവിക്കുന്നതെന്നതാണ് പരമാര്‍ത്ഥം. ഒരു ഞെട്ടലോടെയല്ലാതെ ഈ പുസ്തകം വായിച്ചുതീര്‍ക്കുവാന്‍ വായനക്കാരന് സാധിക്കില്ല. ഒരു നോവലിന്റെ മാന്ത്രികമായ ചട്ടക്കൂടിലൂടെ മേല്‍പ്പറഞ്ഞ അവസ്ഥാവിശേഷങ്ങളെ തുറന്നു കാണിക്കുന്നു ഈ രചന.
സ്ത്രീകളെ സമൂഹത്തിന്റെയും ജീവിതത്തിന്റെയും മുഖ്യധാരയില്‍ നിന്നും വിദ്യാഭ്യാസത്തില്‍ നിന്നും തൊഴിലവസരങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തുകയും ശാരീരികവും മാനസികവുമായ നിരന്തര പീഡനങ്ങള്‍ക്കു വിധേയരാക്കി ലൈംഗികമായ അടിമത്വത്തില്‍ ചവിട്ടിമെതിക്കുകയും ചെയ്യുന്ന അവസ്ഥകള്‍ക്ക് കാര്യമായ മാറ്റമൊന്നും ഇന്നും സംഭവിച്ചിട്ടില്ല. ദേശീയ അന്താരാഷ്ട്രതലങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നോവലിസ്റ്റും കവയിത്രിയുമായ ഫിസ പഠാന്, തന്റെ ഏറ്റവും പുതിയ ഈ പുസ്തകത്തിലൂടെ ആ ദുരവസ്ഥകളുടെ ദാരുണമായ ഒരു നേര്‍ചിത്രം വായനക്കാരനുമുന്നില്‍ അനാവൃതമാക്കുന്നു.
ആമിന, ഒന്നും മിണ്ടാത്തവള്‍ എന്ന ഈ രചന നമ്മുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന മൂര്‍ച്ചയേറിയ അനുഭവസ്മൃതികളുടെ ഒരു കലവറയാണ്!
ആമിനയും അവളുടെ ജീവിതവും സംഗീതവും അനുഭവങ്ങളും വായനക്കാരുടെ മനസ്സില്‍ നാളുകളോളം തങ്ങി നില്ക്കും.
ആമിന-ഒന്നും മിണ്ടാത്തവൾ.
(പതിനഞ്ചോളം അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയ കൃതിയുടെ മലയാള പരിഭാഷ.)
നോവലിസ്റ്റ് : ഫിസ പഠാൺ, പരിഭാഷ : മീര രമേഷ്
നോവൽ, പേജ് 168, വില 150