അംഗുലീമാലന്‍

amguli0(സിപ്പി പള്ളിപ്പുറത്തിന്റെ അങ്കപ്പുറപ്പാട് എന്ന പുസ്തകത്തിലെ പന്ത്രണ്ട് കഥാപ്രസംഗങ്ങളിലെ പതിനൊന്നാമത്തെ കഥാപ്രസംഗം)

ലോകം കണ്ടിട്ടുള്ളതില്‍ ഏറ്റവും വലിയ പുണ്യാത്മാക്കളില്‍ ഒരാളാണ് ശ്രീബുദ്ധന്‍. ” ഏഷ്യയുടെ പ്രകാശം” എന്ന പേരിലറിയപ്പെടുന്ന അദ്ദേഹം കാരുണ്യത്തിന്റെ ഒരു മഹാസാഗരമായിരുന്നു.

അഹിംസയെന്നതു ജീവിതമാക്കി
പുണ്യാത്മാവാം ശ്രീബുദ്ധന്‍
കാരുണ്യത്തിന്‍‍ മുത്തുകള്‍ വിതറി
ലോകം മുഴുവന്‍ ശ്രീബുദ്ധന്‍

സ്വന്തം രാജകിരീടവും സ്വര്‍ണ്ണ സിംഹാസനവും വലിച്ചെറിഞ്ഞ് കഷ്ടപ്പെടുന്നവരെയും കണ്ണീരൊഴുക്കുന്നവരെയും സമാശ്വാസിപ്പിക്കുന്നതിനായി ഇറങ്ങിത്തിരിച്ച ആ മഹാനുഭാവനെ നമുക്കെങ്ങിനെ മറക്കാന്‍ കഴിയും?

ഭാരതനാടിന്‍ കെടാവിളക്കായ്
വിളങ്ങീടട്ടെ ശ്രീബുദ്ധന്‍
നന്മ നിറഞ്ഞൊരു വാടാമലരായ്
തിളങ്ങീടട്ടെ ശ്രീബുദ്ധന്‍

ശ്രീബുദ്ധന്റെ ജീവിതവുമായി ബന്ധപ്പെട്ട് നിരവധി കഥകള്‍ പ്രചാരത്തിലുണ്ട്. ജാതകഥകള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ കഥകളിലോരോന്നും അഹിംസയുടെയും സ്നേഹത്തിന്റെയും തേന്‍ തുള്ളികള്‍ നിറഞ്ഞു നില്‍ക്കുന്നു. അത്തരമൊരു കഥയാണ് ഇവിടെ കഥാപ്രസംഗരുപേണ അവതരിപ്പിക്കുന്നത്. ‘അംഗുലീമാലന്‍’.

നമ്മുടെ ഹൃത്തിനു പ്രകാശം ഏറും
നമ്മളെയെന്നും ചിന്തിപ്പിക്കും
ഇക്കഥ സല്‍ക്കഥ കേട്ടോളൂ
രസകരമാം കഥ കേട്ടോളൂ

ബുദ്ധദേവന്‍ ഒരിക്കല്‍ ശാലിയാ നദീതീരത്തു കൂടി സഞ്ചരിക്കുകയായിരുന്നു. പച്ചപന്തലിട്ടതു പോലുള്ള കാട്ടുവൃക്ഷങ്ങള്‍, കളകളം പാടിപ്പോകുന്ന ശാലിയ നദി, പക്ഷികളുടെ കേട്ടാലും കേട്ടാലും മതി വരാത്ത കള കൂജനങ്ങള്‍. പ്രകൃതിയുടെ ഈ മനോഹാരിത ആസ്വദിച്ചുകൊണ്ട് ബുദ്ധ ദേവന്‍ മെല്ലെ മുന്നോട്ടു നീങ്ങി.

സുഗന്ധമോലും പൂക്കളെയെല്ലാം
തഴുകീയമരും മുനിവര്യന്‍‍
ചുറ്റും കണ്ട മൃഗങ്ങളെയെല്ലാം
താലോലിച്ചു മുനിവര്യന്‍!

അങ്ങനെ നടന്നു നടന്ന് അദ്ദേഹം വിജനവും മനോഹരവുമായ ഒരു പ്രദേശത്തെത്തി. അവിടെ കണ്ട ഒരു കടമ്പു മരത്തിന്റെ ചുവട്ടില്‍ അല്പ്പനേരമിരുന്നു.

ചുറ്റും മാനുകളുല്ലാസത്തോടു
കളിയാടുന്നതു കാണായി
ഇലയും പുല്ലും തിന്നവരങ്ങനെ
ചുറ്റി നടപ്പതു കാണായി

മാന്‍കിടാങ്ങളുടെ കുസൃതിത്തരങ്ങളും തമാശകളും കണ്ടപ്പോള്‍‍ ബുദ്ധദേവന് എന്തെന്നില്ലാത്ത കൗതുകം തോന്നി. അദ്ദേഹം കണ്ണെടുക്കാതെ കുറെ നേരം ആ മിണ്ടാപ്രാണികളെ തന്നെ നോക്കിയിരുന്നു.

പെട്ടന്ന് ഒരു വെടിയൊച്ച കേട്ടന്നപോലെ മാനുകള്‍ പേടിച്ചു നാലുപാടും പാഞ്ഞു തുടങ്ങി. എന്താണിത്? എന്തു പറ്റി? വല്ല സിംഹമോ കടുവയോ കാട്ടു പോത്തോ കടന്നു വരുന്നുണ്ടോ? ശ്രീബുദ്ധന്‍ എഴുന്നേറ്റു നാലുപാടും ഒന്നു കണോടിച്ചു. അപ്പോഴാണ് ആ കാഴ്ച കണ്ടത്.

അകലേ നിന്നൊരു ഭീകര രൂപം
അടിവച്ചടി വച്ചണയുന്നു
ഭൂതത്തനോ പ്രേതത്താനോ
ആളെത്തിന്നും ഭീകരനോ

ശ്രീബുദ്ധന്‍ ആ ഭീകര രൂപത്തെ കണ്ണെടുക്കാതെ ശ്രദ്ധിച്ചു നോക്കി
കറുത്തു തടിച്ച് കാട്ടാളനേപ്പോലെയിരിക്കുന്ന ഒരു മനുഷ്യന്‍. തടിക്കൊത്ത ഉയരം ചപ്രത്തലമുടി ചുവന്നു തുടുത്ത കണ്ണൂകള്‍.

ശ്രീബുദ്ധന്റെ സമീപത്തെത്തിയപ്പോള്‍ അയാള്‍‍ പെട്ടന്നു നിന്നു. എന്നിട്ട് ഉറക്കെ ഒന്നു പൊട്ടിച്ചിരിച്ചു. ദിക്കെട്ടും പൊട്ടുമാറുള്ള ക്രുരമായ ചിരി.

എല്ലാമങ്ങനെ കണ്ടും കേട്ടും
തെല്ലിടെ നിന്നു ശ്രീബുദ്ധന്‍
ചുണ്ടില്‍ തത്തും പുഞ്ചിരിയോടെ
നിന്നു ഭഗവാന്‍ സാമോദം

ഒടുവിലാണ് അയാളുടെ കഴുത്തില്‍ കിടക്കുന്ന ഒരു വലിയ മാലയില്‍ ശ്രീബുദ്ധന്റെ കണുകള്‍ ചെന്നു പെട്ടത്. ആരു കണ്ടാലും നടുങ്ങിപ്പോകുന്ന ഒരു അസ്ഥിമാലയായിരുന്നു അത്. മനുഷ്യന്റെ അസ്ഥികള്‍ കോര്‍ത്തുണ്ടാക്കിയ മാല

പക്ഷെ അതുകൊണ്ടൊന്നും ബുദ്ധ ദേവന്‍ പതറിയില്ല. അദ്ദേഹം അയാളോടു പറഞ്ഞു.

” സോദരാ ഈ നട്ടുച്ച നേരത്ത് വളരെ ദൂരം നടന്നു വന്നതല്ലേ അല്പ്പനേരം ഇവിടെ ഇരിക്കു.

ബുദ്ധദേവന്റെ സാന്ത്വനവാക്കുകള്‍ അയാള്‍ക്ക് ഇഷ്ടമായില്ല.

കോപത്തോടെ ഭീകരരൂപന്‍
തുറിച്ചു നോക്കി ഭഗവാനെ
ആര്‍ത്തിപെരുത്തൊരു സിംഹത്തെപോല്‍
മിഴിച്ചു നോക്കി ഭഗവാനെ

അയാള്‍ ശ്രീബുദ്ധനെ നോക്കി ഉറക്കെ അലറി

” നീ ആരാണ്? എന്തിനിവിടെ വന്നു?”

” ഞാന്‍ നാടു ചുറ്റുന്ന ഒരു സന്യാസിയാണ്. ഭിക്ഷാംദേഹിയായ് അലഞ്ഞു തിരിഞ്ഞ് ഈ കാട്ടു പ്രദേശത്തെത്തിയതാണ്. നിനക്ക് എന്നില്‍ നിന്ന് എന്താണൂ വേണ്ടത്?” ബുദ്ധ ഭഗവാന്‍ വിനയത്തോടെ ചോദിച്ചു.

” ഹ ഹ ഹ എന്തു വേണമെന്നോ? നിനക്കത് മനസിലായില്ലേ? അസ്ഥികള്‍”‍ അയാള്‍ വീണ്ടും ഉച്ചത്തില്‍ അലറി.

അലര്‍ച്ചകേട്ടിട്ടോടിയൊളിച്ചു
കാട്ടുമൃഗങ്ങള്‍ പലവഴിയേ
പാട്ടു നിര്‍ത്തി കൂട്ടില്‍ക്കയറി
പക്ഷികളെല്ലാം ഭയമോടെ

പക്ഷെ അയാളുടെ അലര്‍ച്ച കൊണ്ടൊന്നും ശ്രീ ബുദ്ധനു ഭാവഭേദവും ഉണ്ടായില്ല. ഭഗവാന്‍ ശാന്തനായി തന്നെ ആ ഭീകരന്റെ മുന്നില്‍ നിന്നു.

അയാള്‍ തന്റെ കഴുത്തില്‍ കിടക്കുന്ന മാലയുടെ ഒരറ്റം ഉയര്‍ത്തിപ്പിടിച്ചു എന്നിട്ടു പറഞ്ഞു.

” ഞാനാരാണെന്നു നിനക്കു മനസിലായില്ലേ? ഞാനാണ് അംഗുലീമാലന്‍. ഈ മാലയില്‍ കോര്‍ത്തിരിക്കുന്നതെല്ലാം നിന്നേപ്പോലുള്ള മനുഷ്യരുടെ അസ്ഥികളാണ്. എല്ലാം കൈവിരലി‍ന്റെ അസ്ഥികള്‍”

ഭഗവാന്‍ സസൂക്ഷ്മം മാലയിലേക്കു നോക്കി. അയാള്‍‍ പറഞ്ഞതു സത്യമായിരുന്നു. കൈവിരലിലെ അസ്ഥികള്‍ മാത്രമാണ് ആ മാലയിലുണ്ടായിരുന്നത്.

” അപ്പോള്‍ എന്റെ അസ്ഥികള്‍കൂടി വേണമെന്നാണോ നീ പറയുന്നത്”? ബുദ്ധ ദേവന്‍ സാദരം അയാളെ നോക്കി.

”അതെ ഇപ്പോള്‍ എന്റെ മാലയില്‍ തൊള്ളയിരത്തി തൊണ്ണൂറ്റൊമ്പതു അസ്ഥികളാണുള്ളത് നിന്നെക്കൊന്ന് നിന്റെ അസ്ഥി കൂടി ഇതില്‍‍ ചേര്‍ത്താല്‍ ആയിരമാകും. ആയിരം അസ്ഥികള്‍ കോര്‍ത്ത ഈ മാല ഞാന്‍ എന്റെ മലങ്കാളിയമ്മയ്ക്കു കാഴ്ച വയ്ക്കും അമ്മ എന്നില്‍ പ്രസാദിക്കും”

അയാള്‍ ഒരു ഭ്രാന്തനേപോലെ തുള്ളിച്ചാടാന്‍ തുടങ്ങി
”കൊടുവാള്‍ വേഗം തേച്ചു മിനുക്കി
ദേവനെ വിട്ടിക്കൊല്ലാനായ്
അലറിക്കൊണ്ടു പതുക്കയടുത്തു
ദേവനെ വെട്ടിക്കൊല്ലാനായ്”

പക്ഷെ അപ്പോഴും ബുദ്ധദേവന്‍ പതറിയില്ല. വറ്റിപ്പോകാത്ത മന്ദഹാസത്തോടെ ദേവന്‍ പറഞ്ഞു.

” സോദരാ അംഗുലീമാലാ എന്റെ അസ്ഥി കൂടി കിട്ടിയാല്‍ നിന്റെ കാളിയമ്മ പ്രസാദിക്കുമെന്നോ അങ്ങനെയെങ്കില്‍ ഒട്ടും മടിക്കേണ്ട നീയെന്നെ കൊന്നുകൊള്ളുക”

” അതെ എന്റെ മലങ്കാളി‍ പ്രസാദിക്കും”

അംഗുലിമാലന്‍ വീണ്ടും കൊടുവാളൂയര്‍ത്തി.

” പക്ഷെ നിന്റെ ദേവി പ്രസാദിക്കണമെങ്കില്‍ നീ പുണ്യകര്‍മ്മങ്ങള്‍ ചെയ്യണം. അല്ലാതെ കണ്ണില്‍ കണ്ടവരെയൊക്കെ കൊല്ലുകയല്ല വേണ്ടത്” ശ്രീബുദ്ധന്‍ ഉപദേശിച്ചു.

”കൊന്നാലെന്താ ”? അംഗുലീമാല കോപത്തോടെ ചോദിച്ചു.

”കൊല്ലുന്നതു പാപമാണ് പാപം ചെയ്യാന്‍ ആര്‍ക്കും കഴിയും. ഒരു കത്തിയുണ്ടെങ്കില്‍ ആരെയും കൊല്ലാം. പക്ഷെ നിനക്ക് ഒരാളെങ്കിലും ജീവിപ്പിക്കാന്‍‍ സാധിക്കുമോ ?”

ബുദ്ധദേവന്‍ ചോദ്യഭാവത്തില്‍ അംഗുലീമാലന്റെ മുഖത്തേക്കു നോക്കി. ദേവന്റെ വാക്കുകള്‍ അയാളുടെ മനസില്‍ അഗ്നി ജ്വാലകള്‍ പടര്‍ത്തി.

ഇടിവെട്ടേറ്റതുമാതിരി നിന്നു
അംഗുലീമാലന്‍ കെങ്കേമന്‍
ഉത്തരമൊന്നും കിട്ടാതങ്ങനെ
പകച്ചു നിന്നു കെങ്കേമന്‍

അംഗുലീമാലന്റെ മുഖം വിവര്‍ണ്ണമായി. താന്‍ മഹാപാപമാണു ചെയ്തു വന്നതെന്ന് അയാള്‍ക്കു ബോധ്യമായി. അയാളു കണ്ണുകള്‍ നിറഞ്ഞു തുളുമ്പി.

ബുദ്ധദേവന്‍ അംഗുലീമാലന്റെ കണ്ണുകള്‍ തുടച്ചു. അദ്ദേഹം പറഞ്ഞു.

”സോദരാ കരയേണ്ട. ചെയ്തുപോയ തെറ്റിനെ കുറിച്ചു പശ്ചാത്താപിക്കുക. മേലില്‍ ഒരു സഹജീവികളെയും കൊല്ലാതിരിക്കുക. സഹജീവികളെ സ്നേഹിച്ചും അവര്‍ക്കു നന്മ ചെയ്തും ജീവിക്കുക. അപ്പോള്‍ ജീവിതം ധന്യമാകും.

ഓരോ വാക്കും മനസിനുള്ളില്‍
മുത്തുകള്‍ പോലെ പതിച്ചപ്പോള്‍
പുതിയൊരു മാനവനായി
തീര്‍ന്നു ഞൊടിയിടയില്‍

അംഗുലീമാലന്‍ ശ്രീബുദ്ധന്റെ പാദാരവിന്ദങ്ങളില്‍ കെട്ടിവീണു. അയാള്‍ തന്റെ കണീരുകൊണ്ട് ദേവന്റെ പാദങ്ങള്‍ കഴുകി. എന്നിട്ടു തന്റെ കഴുത്തില്‍ കിടന്ന അംഗുലീമാല ഊരിയെടുത്ത് ദേവന്റെ പാദങ്ങളില്‍ അര്‍പ്പിച്ചു. അയാള്‍ അപേക്ഷിച്ചു.

അങ്ങേക്കാലടീ പിന്‍ തുടരനായ്
നേര്‍വഴി കാട്ടിത്തന്നാലും
അങ്ങയൊടൊപ്പം ജീവിക്കാനായി
എനിക്കനുമതി തന്നാലും

ശ്രീബുദ്ധന്‍ തന്റെ നന്മയൊഴുകുന്ന കൈകള്‍ കൊണ്ട് അംഗുലീമാലനെ അനുഗ്രഹിച്ചു. അയാളങ്ങനെ വെളിച്ചത്തിന്റെ പുത്രനായി മാറി.

കൊല്ലും കൊലയും കളവും ചതിയും
നന്മവരുത്തില്ലൊരുനാളും
നല്ല പ്രവൃത്തി‍കള്‍ ചെയ്യേണം നാം
നല്ലവരായിത്തീരേണം .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here