അമീബ

 

 

 

 

 

ഞാന്‍ ഷീബ പറയാന്‍ ഇഷ്ടമല്ലാത്ത ഈ നഗരത്തില്‍ പേര് ഒട്ടും പറയാന്‍ ഇഷ്ടമില്ലാത്ത ഈ കോളേജില്‍ ( രണ്ടിഷ്ടമില്ലാ വാക്ക് വന്നൂല്ലേ സാരമില്ല സഹിച്ചോ!) ഒന്നാം വര്‍ഷ സുവോളജി വിദ്യാര്ത്ഥി പെണ്ണ് . ഇത്രയും പറഞ്ഞു കേട്ടതില്‍ നിന്നു തന്നെ എന്റെ ‘പെഴ്സണാലിറ്റി ‘ തിരിഞ്ഞിരിക്കുമല്ലോ അല്ലെ ? ( ഇനി തിരിഞ്ഞില്ലേലും എനിക്കു കുഴപ്പമൊന്നുമില്ല ഞാനത്ര ബോള്‍ഡ് ഒന്നും അല്ലെങ്കിലും ഒരു തൊട്ടാവാടിപ്പെണ്ണൊന്നും അല്ലെന്നു മനസിലാക്കില്ലോ , നിങ്ങള്‍)

ഇനീം എന്നെക്കുറിച്ചു ഒട്ടേറെ പറയാനുണ്ട് ( എന്നെക്കുറിച്ച് മറ്റാരു പറയാനാ എന്നു വച്ച് ഞാനിത് പറയുന്നത് എന്ന് വിചാരിക്കുന്നുണ്ടാകും നിങ്ങള് ! എന്നാല് അങ്ങനെ അല്ല ഞാന്‍ ഒരു പ്രത്യേക പെഴ്സണാലിറ്റി ആണ്. അത് പോകെപ്പോകെ നിങ്ങക്കു തിരിയും അങ്ങനെ ഉള്ള എന്നെക്കുറിച്ച് അന്യര് പറയേണേനും മുന്പ് ഞാന്‍ പറയണതല്ലേ നല്ലത്? അതെ അത്രക്കു കുപ്രസിദ്ധയാണ് ഞാന്‍ ! ക്രിമിനല്‍ ആണ് ഞാന്‍ എന്നല്ലാട്ടോ , ഇതിനര്‍ത്ഥം.)

എന്റെ പപ്പ ശ്രീമാന്‍ ടോമി ജോര്‍ജ്ജ് ( വാലായി ഒരു സ്ഥലപ്പേരുണ്ട് ഈ കുറുക്കന് ! അത് ഞാന്‍ പറയില്ല . ഇപ്പോ മനസിലായിക്കാണുമല്ലോ അത്ര നല്ല പഴ്സണാലിറ്റി ഒന്നും അല്ല അങ്ങോരെന്ന് ! അതും പോകെപ്പോകെ നിങ്ങള് അറിയും ) ഞാന്‍ പേരു പറയാന്‍ ഇഷ്ടപ്പെടാത്ത ഈ കോളേജിലെ പ്രഫസറാണ് . സുവോളജി അല്ല ഇംഗ്ലീഷാണ് എന്റെ തെണ്ടി പപ്പയുടേ വിഷയം( എന്റെ ഒരു ഭാഗ്യം അല്ലെ ആ പോങ്ങന്‍ ‘മോന്ത’ പകലെങ്കിലും – ഹോളിഡേ അല്ലാത്ത പകല്‍ കാണണ്ടല്ലോ . സ്വന്തം പപ്പയെ പറ്റി ഒരു മകള് ഇങ്ങനെ ഒക്കെ പറയാമോ ? അതിനു കാരണവും നിങ്ങള് പോകെ പോകെ അറിയും)

മറ്റുള്ളവരുടെ മുന്‍പില്‍ ഞാനും പപ്പയും താത – പുത്രീമര്‍ത്യര്‍! എങ്ങെനാന്നുവച്ചാല് ഒഴിവുവേളകളില്‍ എന്നെ പിടിച്ച് മടിയിലിരുത്തി ലാളിക്കുവാന്‍ വരെ മടിക്കില്ലായെന്ന വിധത്തില്‍ മാതൃക ഞാനല്ല എന്റെ പപ്പ എന്ന തെണ്ടിക്കുറുക്കന്‍ . ( എന്റെ മമ്മി മരിച്ചു പോയി എന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായിക്കാണൂമല്ലോ.

എനിക്കിഷ്ടമല്ല പപ്പയുടെ ഈ ലാളനകള്‍ അടക്ക ആണെങ്കില്‍ മടിയില് വയ്ക്കാം എന്നാല്‍ അടക്കാമരത്തെ അങ്ങിനെ ചെയ്യാന്‍ പാടുണ്ടോ? ഞാനെന്ന അടക്കാമരം എന്നു വിശേഷിപ്പിക്കാന്‍ കാരണമുണ്ട് എനിക്കു അത്രക്കുണ്ട് ‘ ഹൈറ്റ്’. എന്റെ പപ്പ ഒരാവറേജ് കുള്ളന്‍. കുള്ളന്മാരുടേ എല്ലാ സ്വഭാവദോഷവും എന്റെ പപ്പക്കള്ളനുണ്ട് . അങ്ങനുള്ള പപ്പ ഓരോ തവണ ലാളിക്കുമ്പോഴും എനിക്കു സത്യം പറഞ്ഞാല് ചര്‍ദ്ദി വരും. പപ്പയുടെ കലാപരിപാടി കഴിയുമ്പോള്‍ ഞാന്‍ ഒഴിഞ്ഞ സ്ഥലം നോക്കി പാഞ്ഞു ചെന്നു ‘വാളു’ വയ്ക്കും. ( വാളു വയ്ക്കാന്‍ മദ്യപിക്കണം എന്നാരാണു പറഞ്ഞത് ? ഞങ്ങള് പെണ്ണുങ്ങള്‍ക്ക് വെള്ളമടിക്കാതെയും വാളു വയ്ക്കാനറിയാം. മനസിലിരിക്കട്ടെ)

ഹോളിഡേയ്സിലും രാത്രിയും അങ്ങനെ എത്രവട്ടം വാളു വച്ച് തളര്‍ന്നിട്ടുണ്ടെന്നോ!

ഞാന്‍ പക്ഷെ ഇവിടെ പറയാനുദ്ദേശിക്കുന്നത് ഒരു ‘ ഇന്‍ട്രഡക്ഷന്‍’ എന്ന നിലക്കു പറഞ്ഞു എന്നേ ഉള്ളു ഇനിയാണ് സീരിയസ് മാറ്റര്‍.

കോളേജില്‍ എന്റെ ഇരട്ടപ്പേര് ‘ അമീബ’ ( പേര് പറയാന്‍ ഞാനിഷ്ടപ്പെടാത്ത ഈ കോളേജില്‍ എല്ലാവര്‍ക്കും ഉണ്ട് ‘ ഇരട്ടപ്പേര്’ ചിലര്‍ക്ക് ഒന്നിലധികവും ഉണ്ട്. പക്ഷെ എനിക്കു ഉള്ളത്ര പവറുള്ള ഒരിരട്ടപ്പേര് മറ്റാര്‍ക്കുമില്ല. അതാണ് ഷീബ. തന്തപ്പേര് ഇനി ഞാന്‍ പറയില്ല എന്നെ കൊന്നാലും പറയില്ല)

എങ്ങനെ പേരു വന്നു എന്ന് നിങ്ങള്‍ കൗതുകം കൊള്ളുന്നില്ലേ ഉണ്ടേങ്കിലും ഇല്ലെങ്കിലും ഞാന്‍ കാര്യം പറയാം. ഞാനെന്ന തന്നെ പ്രകാശിപ്പിക്കാന്‍ പോകയാണിപ്പോള്‍ ഇവിടെ ഇങ്ങനെ !

ചെറുപ്പം തൊട്ടേ ഞാനൊറ്റക്കാണ് എന്റെ കുള്ളന്‍ തന്ത കൂട്ടു കൂടി നടക്കാന്‍ എന്നെ അനുവദിച്ചിട്ടില്ല . ഒരു കാലത്തും ! കൂട്ടുകാരുടേയോ ബന്ധുക്കളുടേയോ വീട്ടില്‍ ഒറ്റ രാത്രി പോലും ഞാന്‍ തങ്ങിയിട്ടില്ല എന്ന് പറയുമ്പോള്‍ ഫീല് ചെയ്യുന്നില്ലേ എന്റെ ഭീകരാവസ്ഥ

ഞാന്‍ ഏതു സാഹചര്യത്തേയും അതിജീവിക്കാന്‍ തക്കത്ര കരുത്ത് നേടണം ഇങ്ങനെ ഒറ്റക്ക് നിന്ന് എന്നെല്ലാം ‘ ആര്‍ഗ്യൂ ‘ ചെയ്താണു കുള്ളന്‍ പപ്പയുടെ ഈ വക ഭരണ പരിഷ്ക്കാരങ്ങള്‍.

എനിക്കു എന്റെ സ്വന്തം വീട്ടില് ‘ പ്രൈവസി’ ഇല്ലാത്ത വിധം എന്തു കഷ്ടമാണ്. സ്വന്തമായി വാതിലടവുള്ള ഒരു റൂം പോലുമില്ല എനിക്ക് . ‘പാടില്ലാത്ത’ ദിവസങ്ങള്‍ പോലും പപ്പയുടെ കൈമുറുക്കത്തില്‍ ഞാന്‍ കിടക്കണം എന്ന് പപ്പക്കു വലിയ വാശി എന്തു കഷ്ടമാണല്ലേ എന്റെ കാര്യം!!

ചെറിയ ക്ലാസ് തൊട്ട് അതായത് ഈ സയന്‍സ്സൊക്കെ പഠിച്ചു തുടങ്ങുന്ന കാലം തൊട്ട് എനിക്കിഷ്ട കഥാപാത്രം – അമീബ- ‘ അയ്യേ’ എന്നു മൂക്കത്തു വിരല്‍ വയ്ക്കാന്‍ വരട്ടെ ഈ അമീബ അത്ര നിസാരകക്ഷി ഒന്നുമല്ല .

മൂപ്പരെ , അതോ മൂപ്പത്തിയാരോ , ശരിയായി വരക്കാന്‍ നിങ്ങള്‍ പാടു പെടും. നിങ്ങള്‍ എങ്ങിനെ വരക്കുന്നോ അതാകും അമീബയുടെ തത്സ്വരൂപം. ഒരല്പ്പം ‘ വിറ്റ്’ ഭാഷയില്‍ നമ്മുടെ ചില പൊളിറ്റിക്കല്‍ ലീഡേഴ്സില്ലേ അവരുടെ സ്വഭാവം ആണ് ശരിക്കു അമീബയുടെ ‘ ഫിഗറി’ ന്.

റെക്കോര്‍ഡ് വരയ്ക്കുമ്പോഴേ നിങ്ങള്‍ക്ക് അമീബയുടെ മഹത്വം മനസിലാകൂ. അങ്ങനെയുള്ള അമീബയെ എനിക്കു വലിയ ഇഷ്ടമാണ് .

അമല്‍ ജോണ്‍ വരച്ചാലും ( ഈ കക്ഷിയെ ഞാന്‍ പേരെടുത്ത് പറയുന്നത് ഇവന്‍ എനിക്കു ഒരു ലൈവ് ലറ്റെര്‍ എസ്. എം. എസ് ആയി സെന്റ് ചെയ്തിട്ടുണ്ട്. കുട്ടി ആയിരിക്കുമ്പോള്‍ എന്നതുകൊണ്ടാണ്. എന്റെ പപ്പ ഇത് കൈയോടെ പിടിച്ചു . അമലിന്റെ പപ്പയെ സ്കൂളിലേക്ക് വിളിച്ചു വരുത്തി എല്ലാവരുടെയും മുന്നില്‍ വച്ച് ഇന്‍സള്‍ട്ട് ചെയ്തു ബെല്‍റ്റൂരിയാ എല്ലാവരുടേയും മുന്നില്‍ വച്ച് അമലിന്റെ പപ്പ അവനെ പൊതിരെ തല്ലിയത്. പിന്നവന്‍ എന്റെ മുഖത്തു നോക്കിയിട്ടില്ല ) നിത്യ പി. ഹരന്‍ വരച്ചാലും ( ഇവള്‍ക്കെന്നെ കണ്ടാലപ്പോ വരും ചൊറിച്ചില്‍ എന്റെ ഫിഗറ്, സംസാരം, ഒക്കെ അവളുടെ മൈന്റിനു വലിയ അലര്‍ജി. ഞാനെന്താ ചെയ്യാനാ?) വയ്ക്കുന്ന ആര് നമ്മുടെ അമീബ .

അങ്ങനെ എന്റെ ഏറ്റവും വലിയ വിഷ് ഞാന്‍ പരസ്യമായി പറഞ്ഞു.

‘എനിക്ക് അമീബയാകണം .യെസ്, ഐ വാണ്ട് ടു ബി കം എ സിറ്റിസണ്‍ ഓഫ് അമീബിയാക് വേള്‍ഡ്’

പറഞ്ഞു തീരുമ്പോഴേക്കും ക്ലാസില്‍ പൂരച്ചിരി . ഇത്തിരി മതേതരത്വം കലര്ത്തി പറയുകാണെങ്കില് പെരുന്നാള്‍ച്ചിരി എന്നും പറയാം . ഒക്കെയും നിങ്ങളുടെ ഇഷ്ടം നിങ്ങളുടെ ‘ വില്‍’

ഇതിലിപ്പോ എന്താ ചിരിക്കാനിരിക്കുന്നു സയന്റിസ്റ്റാകണം, ഐ. എ. എസ്, ഐ. പി. എസ് എന്തിനു ഇന്ത്യന്‍ പ്രസിഡന്റാകണം എന്നൊക്കെ ഭാവി ‘ വിഷ് ‘ ചെയ്യണപോലെ ഒരു ‘ നോര്‍മല്‍’ കാര്യം ആയി എടുത്തു കൂടെ അമീബ ആവണം എന്നുള്ള എന്റെ ‘വിഷ്’

അതെ ഞാന്‍ തുറന്നു പ്രഖ്യാപിച്ചു ‘ എനിക്ക് ഒരു അമീബ പയ്യനെ – അത് കേവലം ഒരു കൂലിപ്പണിക്കാരനായാലും കുഴപ്പമില്ല അമീബ കാസ്റ്റ് ആവണം എന്നേ ഉള്ളു. കെട്ടി അവന്റെ കൊച്ചുങ്ങളേം ‘ ഡെലിവര്‍’ ചെയ്ത് അങ്ങനെ ജീവിക്കണം.
‘ അമീബപെണ്ണിന്റെ കൂടെ ‘ എനിക്ക് വേണാട്ടോ ( ലെസ്ബിയനിസം എനിക്കിഷ്ടമല്ല)

പിന്നെ കോളേജില്‍ ഞാന്‍ അന്യഗ്രഹ ജീവി. അടക്കിച്ചിരിപാത്രം. പോട്ടെ പുല്ല്, എനിക്കൊരു ചുക്കുമില്ല. ആരെന്തു പറഞ്ഞാലും എന്റെ ആഗ്രഹനിവൃത്തിക്ക് ഞാന്‍ ശ്രമിക്കും. എന്റെ ലൈഫ് തന്നെ അതിനു വേണ്ടി ഉള്ളതാ. യെസ് ഞാന്‍ ഒരമീബ ആവെന്നെ ചെയ്യും നോക്കിക്കോ.

എന്റെ കള്ളതെണ്ടി പപ്പ ഇതറിഞ്ഞു. പിന്നെ നടന്ന കാര്യാ എനിക്കിഷ്ടമാവാത്തെ. ഒരു പപ്പക്കു മോളോട് ഇത്ര സ്നേഹ വാത്സല്യങ്ങള്‍ വേണോ? എനിക്ക് ഇതത്ര ‘സിന്‍സിയര്‍’ ആയി തോന്നിയില്ല. എന്തവകാശത്തിലാ പപ്പ എന്റെ ചുണ്ടത്ത് ഉമ്മ വച്ചത്? അതും പരസ്യമായി… പപ്പ ഉദ്ദേശിച്ചത് നടത്തി പാട്ടിനു പോയപ്പോള്‍ ഞാനോടി കുറ്റിക്കാട്ടില്‍ ചെന്നിരുന്ന് വാളു വച്ചു.
അങ്ങനെ ഞാന്‍ വലിയ ദൈവവിശ്വാസിയായി. ഷീബ എന്ന പേരു വച്ച് എന്റെ ദൈവം വല്ല ക്രിസ്തുവോ കന്യാമറിയമോ അതല്ലങ്കില്‍ കുന്തവും പിടിച്ചു നില്ക്കണ ഏതെങ്കിലും പുണ്യാളനോ ആവുമെന്ന് നിങ്ങള്‍ കരുതിയെങ്കില്‍ തെറ്റ്, പൊട്ടതെറ്റ്. അമീബയാകാന്‍ കൊതിക്കുന്ന എന്റെ ദൈവം മറ്റൊരമീബ.

കന്യക ആയിരിക്കെ തന്നെ പ്രസവിച്ച് ഒരു അമീബ മാതാവ്, അതല്ലങ്കില്‍ കുരിശായ അമീബ കര്‍ത്താവ്, അതും അല്ലെങ്കില് കുന്തം പിടിച്ചു നില്ക്കണ ഏതേലും അമീബ പുണ്യാളന്‍.

‘ വട്ട്’ എന്നാവും നിങ്ങള്‍ മനസില്‍ പറയുന്നത്. എനിക്ക് ഒരു പുല്ലുമില്ല. എന്റെ ലോകം അതൊരു അമീബിയാക്ക് വേള്‍ഡ് ആണ്. ഇപ്പോതന്നെ ഒരു അമീബച്ചെക്കനൊപ്പമാണ് ഞാനുറങ്ങുന്നത് ( കള്ളത്തെമ്മാടി പപ്പ എന്റെ അമീബയെ എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ ഭയക്കുന്നു. എന്റെ ഉയിര് കൊടുത്തും ഞാന്‍ ഈ ‘ റോങ് അറ്റംപ്റ്റ്’ തടയും!)

അമീബയെ ‘ ഉമ്മിച്ച്’ എന്റെ ഒരു ദിവസം തുടങ്ങുന്നു. ഒടുങ്ങുന്നതും അങ്ങനെ തന്നെ. എങ്ങിനുണ്ട് ഒരു ‘ സ്പെഷ്യല്‍ ക്യാരക്ടര്‍’ തന്നെ അല്ലെ ഞാന്‍!

എന്റെ കള്ളത്തെമ്മാടി പപ്പയില്‍ നിന്ന് എന്റെ അമീബയെ എങ്ങനെ സേഫ്റ്റി ആക്കി നിര്ത്തും എന്നൊരു ചിന്ത എന്നെ സദാനേരവും അലട്ടുന്നു.

അങ്ങനെ കുറെ നാളു കഴിഞ്ഞു. ഒരു ദിവസം ഞാന്‍ ഭയന്നതു സംഭവിച്ചു. ‘ ഹോളിഡേയോ, നൈറ്റോ, ഒന്നും ആയിരുന്നില്ല അത്. ഒരു സാധാരണ വര്‍ക്കിംഗ് ഡേ. എനിക്കു കലശലായ തലവേദന. ഞാന്‍’ എക്സ്യൂസ് ‘ പറഞ്ഞ് ലീവ് ലെറ്ററും കൊടുത്ത് വീട്ടിലേക്കു പോന്നു . എന്റെ അമീബച്ചെക്കന്റെ കൈയും പിടിച്ച് ! അമീബ കൂടെ ഉണ്ടെങ്കില്‍ എനിക്ക് ഏതസുഖോം പുല്ലാ!

അങ്ങനെ ഞാനും അമീബയും കാപ്പിയുണ്ടാക്കിക്കുടിച്ച് കെട്ടിപ്പിടിച്ചങ്ങനെ കിടന്നു. ആ സമയം എന്റെ കള്ളത്തെണ്ടി പപ്പ വരുമെന്നു ഞാന്‍ സ്വപ്നേപി വിചാരിച്ചില്ല. ക്ലാസ് ടൈമില്‍ തെണ്ടി പപ്പ എന്തിനു വീട്ടില്‍ വന്നു?

പപ്പ വന്നത് ഞാനാദ്യം അറിഞ്ഞില്ല എന്തോ ഒരു ഭാരം എന്റെ മേലമര്ന്നപ്പോള്‍ ഞാന്‍ കണ്ണു തുറന്നു എനിക്കപ്പോ പോയ വേദന എന്റെ തലയില്‍ വിങ്ങി.

കണ്ണായാസപ്പെട്ട് തുറന്നു നോക്കുമ്പോള്‍ എന്റെ പപ്പ തെണ്ടി യുടെ ‘ കാല്‍കൂട്ടില്‍ ‘ എന്റെ അമീബച്ചെക്കന്‍. എനിക്കു ദേഷ്യം വന്നു. എന്റെ രോമങ്ങള്‍ മുള്ളന്‍ പന്നിയുടെ മുള്ള് കണക്കെ എഴുന്നു നിന്നു. എന്നെ എന്തു വേണമെങ്കിലും ചെയ്തോട്ടെ, പക്ഷെ എന്റെ അമീബപ്പയ്യന് എന്തെങ്കിലും പിണഞ്ഞാല്‍…… പപ്പത്തെണ്ടി അല്ല ആരായാലും ഞാന്‍ സഹിക്കില്ല.

” ഓഹ് , മൈ അമീബാഗോഡ് ഗീവ് മീ യുവര്‍ ഗ്രേറ്റ് പവര്‍’

ഞാന്‍ മനസറിഞ്ഞ് തലച്ചോറിന്റെ കൂടിളകും വിധം ഹൃദയം പൊട്ടി പ്രാര്‍ത്ഥിച്ചു . ഫലമുണ്ടായി , അതാണ് ഷീബ മനസിലായോ ഈ ഷീബേടെ പവര്‍.

അങ്ങനെ ഞാന്‍ ഗ്രേറ്റ് പവറായി ചാടിയെഴുന്നേറ്റു . എനിക്കു കൈയില്‍ മൂര്‍ച്ചയേറിയ ഒരു കത്തി കൈവന്നു. ഒറ്റച്ചാട്ടം. ഒറ്റ വീഴ്ച, എന്റെ പപ്പതെണ്ടിയുടെ കഴുത്തില്‍ ഞാന്‍ ഒറ്റ വര. ഒറ്റച്ചാട്ടം എനിക്കു രൂപമാറ്റം ഉണ്ടായി.

എന്റെ ഫിഗറിന്റെ ലിമിറ്റേഷന്‍ മൊത്തം അങ്ങില്ലാതായി. ആ നിമിഷം മുതല്‍ ഞാന്‍ സത്യം ഒരമീബപെണ്ണ്.

കഴുത്തില്‍ കുതിച്ചു ചാടുന്ന രക്തപ്രവാഹത്തിന് ആയാസപ്പെട്ട് കൈകൊണ്ടണ കെട്ടി വല്ലാതതിശയപ്പെട്ട് ചത്ത മീന്‍ നോട്ടത്തില്‍ എന്റെ തെമ്മാടി പപ്പ എന്നില്‍ കണ്ണുന്തി നില്‍ക്കെ, ഒരു അമീബ പെണ്ണായി തീര്‍ന്ന ഞാന്‍ എന്റെ അമീബച്ചെക്കന്റെ കയ്യും പിടിച്ച് സുവോളജി ടെക്സ്റ്റിലേക്ക് കയറിപറ്റി. എന്റെ ജീവിതം അപ്പോള്‍ അങ്ങനെ ശാശ്വത സമാധാനം അറിഞ്ഞു.

മനസിലായില്ലേ ഷീബ മരിച്ചു. മറ്റൊരമീബയായി ഉയിര്‍ത്തു അതാണ് ഞാന്‍ ഷീബ, അല്ല ഒരു പേരിന്റെ ഭാരവും ചുമക്കാത്ത ഒരമീബപെണ്ണ്!!

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here