തണലുവിരിച്ചു ശിരസ്സുമുയർത്തി –
ത്തെരുവിലെ വൻമരമന്നു നിവർത്തി-
ത്തന്നയിടത്തിൽ തന്നെയിരുന്നുര
-ചെയ്യും മാനവഹൃദയത്തിന്നുളളിൽ
കത്തും തിരിയായ് വെട്ട മുതിർത്തും
തിരയായലതെല്ലും കാന്തി അമര ജ്ജ്യോതി.
ഹിംസ ജയിക്കുന്നാസുരകാല-
ത്തായുധമല്ല, അഹിംസാ പരിചകളാ-
ണാവശ്യം എന്നോതാൻ മാനവ –
ലോകത്തേക്കായ് ജന്മമെടുത്തൊരു
സുന്ദര സൂനത്തിൻ ചിരി കണ്ടൊരു
ഭാരത മാതാവിൻ പതി ഗാന്ധി, അമരാകാന്തി.
തമ്മിൽ തല്ലി മരിക്കും മക്കളെ
യൊന്നിപ്പിക്കാൻ നോമ്പുകൾ നോറ്റു
ഉണങ്ങിയ ഉടലാൽ തെരുവുകൾ താണ്ടി
ശാന്തി ഗീതികൾ മെല്ലെ മൂളി
തമസ്സിൽ മിന്നിക്കത്തി നടന്നൊരു
മിന്നാമിന്നിക്കാന്തി മഹാത്മാഗാന്ധി.
ചോരച്ചാലുകൾ കൊണ്ടൊരു ഭൂമിക
നിലവിളികേട്ടു മയങ്ങും വേളകൾ
ഊണുമുറക്കും ത്യാഗം ചെയ്തൊരു
ആശ്രമ മുറിയിൽ വിങ്ങിപ്പൊട്ടി
ശാന്തിവരങ്ങൾ തേടി നടന്നു
തപസ്സുകൾ ചെയ്ത മനീഷി, മുനിയാം ഗാന്ധി.
നെഞ്ചു തകർത്തൊരു വെടിയുണ്ട
സ്വയം നെഞ്ചേറ്റി വിട കൊണ്ടൊരു നേരം
ഹേ റാം മന്ത്രമുറക്കെ മുഴക്കി
മാതൃ ധരിത്രിയിൽ ചോരയൊഴുക്കി
മന്ദം മന്ദം വിട ചൊല്ലി -പ്പോയൊരു
സത്യാന്വേഷി, രക്തസ്സാക്ഷി…