“അമലയാള” സദസ്സിനു വന്ദനം!

 

 

 

 

എവിടെയോ ഒരമ്മയുടെ മകനായി അയാൾ ജനിച്ചു. വളർച്ചയിൽ അയാൾ അറിഞ്ഞു, തനിക്കൊപ്പം തന്നിൽ തന്റെ മാതൃഭാഷ ജനിച്ചു. എന്നാൽ തന്റെ ഭാഷ ആദ്യവർഷം മൌനിയായിരുന്നു. അമ്മയുടെ ചുടേറ്റ് അമ്മിഞ്ഞപ്പാൽ നുണയുന്ന തന്റെ പിഞ്ചു ചുണ്ടുകൾ ഉച്ചരിച്ച അർത്ഥമുള്ള ആദ്യവാക്ക് “അമ്മ” എന്നായിരുന്നു എന്നും അത് തന്റെ മാതൃഭാഷ ആയിരുന്നു എന്നും അയാൾ അറിഞ്ഞു! ഭാഷയോടുള്ള ബാല്യകാലപ്രണയം വളർച്ചക്കൊപ്പം ഒരു പ്രാണവായുവിനോടൊപ്പം അയാൾക്കൊരു കൂട്ടാളിയായി. വീടുവിട്ടിറങ്ങി ആകാശം കണ്ടപ്പോഴും, തെന്നൽ തൊട്ടു തഴുകിയപ്പോഴും, രാത്രിയിൽ വിരിഞ്ഞു പൂത്ത് നിന്ന നക്ഷത്ര ദീപങ്ങൾ ചിമ്മിയപ്പോഴും താൻ കണ്ടതും, കേട്ടതും തന്റെ മാതൃഭാഷയിലൂടെ ആയിരുന്നു. എന്നാൽ അയാളിലെ ഭാഷയുടെ വളർച്ച അയാളേക്കാൾ വേഗത്തിലായിരുന്നു. അതൊന്നു കൊണ്ട് തന്നെ സമജനനിയായ മാതൃഭാഷ അയാളിൽ പടർന്നു പന്തലിച്ചു. അവർക്കിടയിൽ സമകാലീകത നഷ്ടപ്പെട്ടു. അയാളിൽ ഭാഷയോടുള്ള പ്രണയം ഒരു ആരാധനയായി രൂപാന്തരപ്പെട്ടു. വയസ്സേറിയവരോടുള്ള അല്ലെങ്കിൽ ഗുരു സന്നിദ്ധിയോടുള്ള ഒരസാധാരണ ആരാധന അല്ലെങ്കിൽ ഭക്തിയുടെ വർണ്ണവിപര്യാസം.  അന്നു മുതൽ തന്നെ പിൻതുടർന്നിരുന്ന ഭാഷയെ അയാൾ പിന്തുടരാൻ തുടങ്ങി.

കൂട്ടുകാരറിയാതെ, വീട്ടിൽ ആരേയും അറിയിക്കാതെ അയാൾ ഭാഷയെ ആരാധിച്ചു. പഠനശേഷം ദേശീയഭാഷ ഉപകരിക്കുമെന്ന വീട്ടിലെ മൂത്തവർ വാക്കുകൾ അനുസരിക്കാതിരിക്കാൻ വഴി മുട്ടിയപ്പോൾ ഹിന്ദി എന്ന ഭാഷക്കടിമയായി വിദ്യാലങ്ങളിലെ ഔദ്യോഗിക പഠനമുറികളിൽ! അപ്പോഴൊക്കെയും ആരുമറിയാതെ മലയാളഭാഷ ക്ലാസുകളിൽ പിൻബെഞ്ചിൽ ഒരിടം കണ്ടെത്തുമായിരുന്നു രഹസ്യമായി ഒരു മാതൃഭാഷാന്വേഷകനായി. സെന്റ് ബെർക്മെൻസ് മുതൽ മഹാരാജാസ് വരെയുള്ള പഠനയാത്രയിൽ ഇരുണ്ട ക്ലാസുമുറികളിൽ അപരിചിതനായി മൂടുപടമണിഞ്ഞിരുന്നു ആസ്വദിച്ചിരുന്ന അയാളെ ഭാഷമാത്രം തിരിച്ചറിഞ്ഞു.

വർഷങ്ങൾ കൊഴിഞ്ഞു പോയ്ക്കൊണ്ടിരുന്നു. മാറ്റങ്ങൾക്കയാൾ ബന്ധങ്ങളുടേയും ബന്ധനങ്ങളുടേയും വില നൽകി. മലയാള മണ്ണിനോട് യാത്ര പറയാൻ സമയമായി. യാത്രക്കായി ബാഗുകളിൽ വസ്ത്രങ്ങൾ കുത്തി നിറച്ചപ്പോൾ, മറന്നില്ല മനസ്സിൽ മാതൃഭാഷ കുത്തിനിറക്കുവാനും, ചൊല്ലിയടുക്കുവാനും! വർഷങ്ങൾ കൊഴിഞ്ഞകന്നു. നൂറ്റാണ്ട് മാറിവന്നു. ഭാഷാസ്നേഹിയുടെ നാടുവിട്ടുള്ള പരദേശാടനം ജന്മനാടുമായുള്ള കടലുകളുടെ എണ്ണം കൂട്ടി. വർഷങ്ങളായി ഉള്ളിൽ കുത്തി നിറച്ചിരുന്ന മാതൃഭാഷാലിപികൾ അവന്റെയുള്ളിൽ ശ്വാസം മുട്ടി നിലവിളി കൂട്ടി. അവർ അവനോട് കേണു. അവരെ മഷിത്തണ്ടിലൂടെ താളുകളിലേക്ക് പകർന്ന് പുറം ലോകം കാട്ടാൻ! അടച്ചിട്ട മലയാള ലിപികളുടെ സ്വാതന്ത്യരോദനത്തിനു മുന്നിൽ അയാൾ അടിയറ പറഞ്ഞു. അവന്റെ മുന്നിൽ അവനെ തുറിച്ചു നോക്കി മൂന്നു മാദ്ധ്യമങ്ങൾ! മാസികകൾ, ടിവി മാദ്ധ്യമം, ഇന്റർനെറ്റ്! മൂവരും തമ്മിൽത്തമ്മിൽ പൊരിഞ്ഞ പോരാട്ടം. മാസികകൾ തോറ്റാൽ മാതൃഭാഷയായ മലയാളഭാഷയുടെ മരണമായിരിക്കും എന്നയാൾ ഊഹിച്ചു. എന്നാൽ അമരനല്ലാത്ത അയാൾക്ക് മരണത്തെ തടുക്കാനാവില്ലല്ലോ? അതുകൊണ്ട് ആ ഭാഷാസ്നേഹി ഭാഷയുടെ ഒരു പുനർജ്ജന്മത്തിനായി കേണു തപസ്സിരുന്നു. ത്രിമൂർത്തികൾ പ്രത്യക്ഷപ്പെട്ടു! സോജി ജോസഫ്-ബിനു മേലേടം- സിബു സി.ജെ അതായിരുന്നു ആ ത്രിമൂർത്തികൾ! ഒരു വരദാനമായി, വരപ്രസാദമായി “കലനയന്ത്ര”ത്തിലൂടെ “മാധുരി”, “വരമൊഴി” എന്ന കമ്പ്യൂട്ടർ മലയാളഭാഷയെഴുതുവാനുള്ള പ്രോഗ്രാമുകൾ അയാൾക്ക് നൽകി! കൊട്ടിയടച്ചിരുന്ന അയാളിലെ  ഭാഷാകളരി തുറന്നു. ശുദ്ധമലയാള ജന്യമായിരുന്ന പഴമയുടെ ആ ലിപികളെ ആധുനികഭാഷാ പ്രേമികൾ തിരിച്ചറിഞ്ഞില്ലെന്നു നടിച്ചു. എഴുത്തോലയുടെ വേദനയും മഷിത്തണ്ടിന്റെ രോദനവുമറിയുന്ന പഴമയുടെ ശുദ്ധർ ആശ്ചര്യത്തോടെ ആ ശുദ്ധലിപികളെ തിരിച്ചറിഞ്ഞു, തലോടി താലോലിച്ചു.

അയാളുടെ ദേശാടനം തുടർന്നു. വർഷങ്ങൾ വീണ്ടും കൊഴിഞ്ഞു. മേച്ചിൽ പാടങ്ങളിൽ പുതിയൊരിടത്ത് എത്തിച്ചേർന്നു. വളരെ വിചിത്രമായ ഒരു സമൂഹം! അന്യനാടോ അതോ അന്യഗ്രഹമോ എന്നറിയാതെ അയാൾ എല്ലാറ്റിൽ നിന്നും മറ തേടി. എന്നാൽ അയാൾ തിരഞ്ഞെടുത്ത മറ നട്ടുച്ചയിലെ കൂരിരുട്ടാണെന്ന് അയാൾ അറിയാൻ വൈകി. വടക്കു നിന്നും ആഞ്ഞടിച്ച കാറ്റിൽ അയാളുടെ മറ പാറിപ്പറന്നു പോയി. അയാളിൽ നിമഗ്നയായ ശുദ്ധഭാഷയെ കൂട്ടത്തിൽ തിരിച്ചറിവുള്ളവർ ഒരാവർത്തി കൂടി തിരിച്ചറിഞ്ഞു.

ആ നാട്ടിൽ അയാൾക്കുണ്ടായ ഒരനുഭവമാണ് ഈ കുറിമാനത്തിന് അയാളെ പ്രേരിപ്പിച്ചത്. ആ നാട്ടാരുടെ ഒരു സമൂഹസാംസ്കാരിക സമതി ആ ഭാഷാസ്നേഹിയെ അവരൊരുക്കിയ ഒരു കലാവിരുന്നിനു അദ്ധ്യക്ഷനായി ക്ഷണിച്ചു. ഭാഷയെ സ്നേഹിക്കുന്നവർ അവിടേയും ഉണ്ടല്ലോ എന്നോർത്ത് ഭാഷാസ്നേഹി സന്തോഷത്തോടെ ക്ഷണം സ്വീകരിച്ചു. സ്ഥലത്ത് എത്തിയ ഭാഷാസ്നേഹി കൂട്ടരേയും അവരൊരുക്കിയ വിരുന്നും കണ്ട് അമ്പരന്നു സ്തഭ്തനായി.

മുഖവും വേഷവും കണ്ടാൽ ദേശാന്വേഷണം ഇല്ലാതെ പറയുവാൻ സാദ്ധിക്കും കേരളക്കരയുടെ മക്കളാണെന്ന്. എന്നാൽ സകലർക്കും ഒരു പകർച്ചവ്യാധി. ചുമയിൽ നിന്നുൽഭവിച്ച ഒരു തരം “കുര”. അതും മാതൃഭാഷ പറയുമ്പോൾ മാത്രം! കേട്ടിട്ടുണ്ടാവും, “മലയാളം കുരച്ചു കുരച്ചു പറയും” എന്ന ധ്വനി! അതു തന്നെ ഇതും. “കഷണ്ഠിക്കും അസൂയയ്ക്കും ഈ കുരയ്ക്കും മരുന്നില്ല” ഭാഷാസ്നേഹി കുറിപ്പെഴുതി സ്വന്തം പോക്കറ്റിലിട്ടു.

കലാവിരുന്നു തുടങ്ങാറായി. എല്ലാവരും ഇരുപ്പുറപ്പിച്ചു. ഭാഷാസ്നേഹിയുടെ അടുത്ത് മകളേയും മടിയിൽ വെച്ചിരിക്കുന്നു ഒരു കൈരളീനാഥൻ! എന്തോ ചൊല്ലി പഠിപ്പിക്കുകയാണ് മകളെ.

വീണ്ടും ഉച്ചഭാഷിണിയിൽ നിന്നും ആരവം മുഴങ്ങി.

“ഗുഡീവിനിങ് എവരിബഡി. വീ ആർ ഹിയറ് ടുഡേ ഫൊർ മലയാള കവിത കോമ്പറ്റീഷൻ ആന്റ് അക്ഷരശ്ലോക കോമ്പറ്റീഷൻ”

ഭാ‍ഷാസ്നേഹി നിശ്ചലനായി സ്വയം മനസ്സിൽ പറഞ്ഞു, “മലയാളഭാഷയെ പ്രോത്സാഹിപ്പിക്കാൻ കൂടിയിരിക്കുന്ന സമൂഹം! അഭിവാദ്യം ചെയ്ത് മുകളിൽ പറഞ്ഞ വാക്യത്തിൽ ആകെയുള്ളത് രണ്ട് മലയാള പദങ്ങൾ അതും മാംഗ്ലീഷിന്റെ ചുവയിൽ!”

അതു മാത്രമോ?

തൊട്ടടുത്തിരുന്നിരുന്ന മാന്യനോട് തന്നെ പരിചയപ്പെടുത്തിയതിനു ശേഷം ഏറെ ഔത്സുക്യത്തോടെ ഭാഷാസ്നേഹി ചോദിച്ചു, “എന്താ കവിത ചൊല്ലി പഠിപ്പിക്കുകയായിരുന്നോ മകളെ?”

ആ പകൽ മാന്യൻ കൈയിലിരുന്ന കടലാസു തുറന്നു കാട്ടി മറുപടിയേകി, “യെസ് ഐ വാസ്!” ഭാഷാസ്നേഹിക്ക് പേപ്പറ് നീട്ടി.

ആ പേപ്പറിൽ നോക്കിയപ്പോൾ അയാൾ നന്നായൊന്നു ഞെട്ടി. പഠിപ്പിക്കാൻ എഴുതിയിരിക്കുന്ന മലയാള കവിത “മാംഗീഷിൽ”!

ഇംഗ്ലീഷ് ലിപികൾ കൂട്ടി ചേർത്ത് ഉണ്ടാക്കിയ വാചകങ്ങൾ! മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, “അമലയാള”ത്തിൽ! മലയാളത്തിൽ ഒരു പുതിയ വാക്കു കണ്ടു പിടിച്ചതിൽ ആ ഭാഷാസ്നേഹി ഒരല്പം ആശ്വസിച്ചു!

വീണ്ടും ഉച്ചഭാഷിണി മുഴങ്ങി. ഇക്കുറി അദ്ധ്യക്ഷനെ അരങ്ങിലേക്ക് മലയാളഭാഷയെ കുറിച്ചു അഭിസംബോധന ചെയ്ത് ചടങ്ങ് ഉദ്ഘാടനം നടത്തുവാനായിരുന്നു. ആ സ്വാഗതവും ഇംഗ്ലീഷിൽ തന്നെ.

ഭാഷാസ്നേഹി ആകെ കുഴങ്ങി! അരങ്ങും പ്രസംഗവും സുപരിചിതമായിരുന്നെങ്കിൽ ആ അരങ്ങിൽ അയാൾ ആദ്യമായി ഒന്നു പരുങ്ങി! കാരണം, ഭാഷയെ കുറിച്ചു എവിടെ തുടങ്ങണം? ഇവർക്കറിയുന്ന മലയാളം അയാൾക്കറിയില്ലെന്ന ജാള്യത മുഖത്ത് പ്രകടമായിരുന്നു. സദസ്യരോട് തന്നെ ചോദിക്കാമെന്നയാൾ തീരുമാനിച്ചു.

സഹൃദയരേ സന്മനസ്സുകൾക്ക് വന്ദനം,

“മലയാള ഭാഷയെ കുറിച്ച് ഒരല്പം സംസാരിക്കാൻ വിധേയനായിരിക്കുകയാണ് ഞാൻ. നിങ്ങൾക്കേവർക്കും വേണ്ടുന്ന മലയാളം എവിടെ തുടങ്ങണം എന്നു എനിക്കറിയില്ല. ഞാൻ സമൂഹത്തിൽ മിക്കവർക്കും അപരിചിതൻ. അതു കൊണ്ട് നിങ്ങൾ തന്നെ പറയു, ഞാൻ എവിടെ തുടങ്ങണം? മലയാള ഭാഷയുടെ ജനനം മുതൽ തുടങ്ങണോ, അതോ ഭാഷ എന്തെന്നതിൽ നിന്നും ആരംഭിക്കണമോ?

ഭാഷാസ്നേഹിയേക്കാൾ കൂടുതൽ സദസ്യർ ആശയക്കുഴപ്പത്തിലായ മട്ടാണ് അവരുടെ മുഖം കണ്ടിട്ട്. ക്ലോക്കിലെ ഘടികാര സൂചിയുടെ അനക്കം പോലും കേൾക്കാവുന്ന പൂർണ്ണ നിശബ്ദത! പതിനഞ്ചു മിനിട്ട് കടന്നു പോയി. അപ്പോൾ നിശബ്ദതയെ വെട്ടിമുറിച്ച് അവസാന നിരയിൽ നിന്നും ഒരു കുമാരന്റെ കുരച്ചു കൊണ്ടുള്ള വ്യാഖ്യാനമുയർന്നു!

മലയാലം ന്റെ അമ്മച്ചീടെ ലാങ്കുവേജാ. അത്രേം അറിയാം! ബാക്കി സാറു പറ”

ഭാഷാസ്നേഹി തന്റെ മനസ്സിനോട് വീണ്ടും, “അതു ശരി. അപ്പോൾ തന്റെ അമ്മയുടെ ഭാഷ തന്റെ മാതൃഭാഷ അല്ലെന്നോ അതോ അതറിയില്ലെന്നോ? യുവതലമുറ പേറുന്ന ആധുനികതയുടെ അടിമത്ത്വത്തിന്റെ മുഖഛായ”

ഒരു ചെറു ചിരിയോടെ അയാൾ ആ കുമാരനോട് ഇരിക്കാൻ പറഞ്ഞു. എന്നിട്ട് ഈ വിധം ആ സദസ്സിനായി ഭാഷാസദ്യ വിളമ്പി.

ആദ്യം നമുക്ക് ഭാഷ എന്തെന്ന് അറിയാം. നമുക്കുള്ളിൽ വിരിയുന്ന ചിന്തകളുടേയും, അനുഭവങ്ങളുടേയും, ആത്മാവിന്റെ മാദ്ധ്യമമാണ് ഭാഷ. അതേ സഹൃദയരേ, ചിന്തകളും, അനുഭവങ്ങളും ചിതലരിക്കാതെ കാക്കുന്ന ആത്മാവിന്റെ ഭാഷ! അത് മറ്റൊരു ഭാഷയുമല്ല, സംശയേന്യ പറയാം, അത് നമ്മുടെ മാതൃഭാഷ തന്നെ. സ്വന്തം അമ്മ പിറന്ന നാട്ടിലെ ഭാഷ. നമ്മൾ ഏതൊക്കെ വ്യത്യസ്ത ഭാഷാവിനിമയം നടത്തിയാലും, നമ്മൾ കേൾക്കുന്ന ഭാഷ അല്ലെങ്കിൽ വായിച്ചറിയുന്ന സംഭവങ്ങൾ രചിച്ചിരിക്കുന്നത് ഏതു ഭാഷയിലായിരുന്നാലും, അതു നമ്മൾ ഉൾക്കൊള്ളണമെങ്കിൽ, അല്ലെങ്കിൽ മസ്തിഷ്കം പദങ്ങളുടെ അർത്ഥം നമ്മെ ആത്മാവിലൂടെ മനസ്സിലാക്കി തരുന്നത്, അല്ലെങ്കിൽ നമ്മുടെ മസ്തിഷ്കത്തിൽ രേഖപ്പെടുത്തുന്നത് നാം ഏതു ഭാഷയെ മാതൃഭാഷയാക്കി ബാല്യത്തിൽ അഭ്യസിച്ചുവോ ആ ഭാഷയിൽ കൂടി ആയിരിക്കും. അതുപോലെ നമ്മൾ വിനിമയം ചെയ്യുമ്പോഴും. നമ്മൾ ഒരു അന്യഭാഷയിലാണ് സംസാരിക്കുന്നതെങ്കിലും ആ സംസാര പദങ്ങൾ ആദ്യം നമ്മുടെ മസ്തിഷ്കത്തിൽ നിന്നും മാതൃഭാഷയിലായിരിക്കും ജനിക്കുന്നത്. അതു നാം വിചാരിക്കാൻ പോലും സാധിക്കാത്ത വേഗതയിൽ തലച്ചോറ് മറുഭാഷയായി പുറത്തു കൊണ്ടു വരുന്നു!  പലരും ഇത് അറിയുന്നില്ല എന്നതാണ് സത്യം!

ആദ്യകാലങ്ങളിൽ മാതൃഭാഷയെന്ന് പറഞ്ഞാൽ മാതാവിന്റെ ജന്മഭാഷ എന്നതായിരുന്നു. എന്നാൽ കാലം മാറിയപ്പോൾ മാതൃഭാഷയുടെ പൊരുളും മാറി! ഇന്നു കുട്ടി പിറക്കുന്നതെവിടേയോ അവിടുത്തെ ഭാഷയായിരിക്കും പല മാതാപിതാക്കളും ആ പിഞ്ചു ചുണ്ടുകളിൽ ഓതിയുണർത്തുന്നത്! ഇതോർക്കുമ്പോൾ എവിടേയോ വായിച്ച വരികൾ ഗദ്ഗദമായി കണ്ഠത്തിൽ തടയുന്നു. ആധുനികയുഗത്തിലെ കേരളജനതയുടെ മാനസികമായ അടിമത്ത്വമാണ് മലയാളഭാഷക്കേറ്റ പ്രഹരത്തിന്റെ ചാട്ടവാറടികൾ! ഇപ്പറഞ്ഞതിന്റെ അർത്ഥം വളരെ ലളിതമായി മനസ്സിലാക്കി തരുന്നത്, കുഞ്ഞുണ്ണി മാസ്റ്ററുടെ ഒരു കുസൃതി കവിതയിലെ വരികളാണ്.

“ജനിക്കും നിമിഷം തൊട്ടെൻ

മകനിംഗ്ലീഷു പഠിക്കണം

അതിനാൽ ഭാര്യ തൻ പേറി-

ങ്ലണ്ടിൽ തന്നെയാക്കി ഞാൻ”

 

ആംഗ്ലേയഭാഷ പഠിക്കണം. വേണ്ടെന്നല്ല. അതാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ സ്വയവും, പരസ്പരവും പ്രയോഗിക്കുക. എന്നാൽ വിദ്യയുടെ ആരംഭം, അരിമണിയിലോ കുന്നിക്കുരുമണിയിലോ കുറിക്കുന്ന “ഹരി… ശ്രീ” എന്ന പദങ്ങളിൽ നിന്നാണെന്ന് നമ്മുടെ മാതൃഭൂമിയുടെ ഭാരതീയ സംസ്കാരം അനുമാനിക്കുന്നുണ്ടെങ്കിൽ വിദ്യയുടെ തുടക്കം കേരളീയന് എന്തുകൊണ്ട് മലയാളഭാഷയിൽ നിന്നായിക്കൂടാ?

ഈ നിമിഷം, ഭാഷയെ കുറിച്ചുള്ള വള്ളത്തോളിന്റെ വരികളാണ് ഓർമ്മയിൽ തികട്ടുന്നത്.

“മിണ്ടിത്തുടങ്ങാൻ ശ്രമിക്കുന്ന പിഞ്ചിളം

ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നിതൊന്നാമതായ്”

 

ഭാരതഭൂമിയുടെ അടിത്തുമ്പായി സ്ഥിതിചെയ്യുന്ന ഒരു ചെറിയ സംസ്ഥാനമാണ് കേരളം. അതു മറന്നിട്ടുണ്ടാവില്ല സദസ്സ് എന്നു അനുമാനിക്കുന്നു.  കേരങ്ങൾ (തെങ്ങുകൾ) നിറഞ്ഞ സ്ഥലം (ആളം) ആയതിനാൽ കേരളമെന്ന പേരു കിട്ടിയ ഒരു കൊച്ചു സംസ്ഥാനം. കേരളവാസികളായ കേരളീയരുടെ മാതൃഭാഷയാണല്ലോ “മലയാളം”. കേരളം എന്ന സംസ്ഥാനം രൂപം കൊള്ളുന്നതിനു വളരെ മുൻപു തന്നെ മലയാളഭാഷ രൂപം കൊണ്ടിരുന്നു. അതു കൊണ്ടാണോ കേരളഭാഷ എന്ന് നാമീകരണം കിട്ടാതെ പോയത് എന്ന് ഓർത്തിട്ടുണ്ടെങ്കിലും മലയാളഭാഷ എന്ന നാമീകരണം തന്നെയാണു ഉത്തമം. കാരണം മലകളും പുഴകളും നിറഞ്ഞ പ്രകൃതി രമണീയമായ പ്രദേശമാണു കേരളം. മലകളുടെ നാടിന്റെ ഭാഷ എന്നതിലുപരി മലയാളഭാഷയ്ക്ക് മലകളെപ്പോലെ തന്നെ ആഴവും, ഉയരവും, സൗന്ദര്യവും, സാന്ദ്രതയും ഏറെയാണ്. മലയാളഭാഷയോളം അർത്ഥവ്യാപ്തിയും, രസികത്വവും, ഊഷ്മളവും, വ്യത്യസ്ഥതയും, ശ്രുതിമനോഹരവും, മാധുര്യവുമുള്ള മറ്റൊരു ഭാഷയുണ്ടോ എന്നത് സംശയാസ്പദമാണ്. ഒരു സംസ്ഥാനത്തിന്റെ ഭാഷയാണെങ്കിലും ഇതര ജില്ലകളിൽ സംസാരിക്കുന്ന മലയാളഭാഷയുടെ ഉച്ചാരണത്തിലും, വാക്കുകളിൽ തന്നെയും ഉള്ള വ്യത്യാസങ്ങൾ അതിശയം ജനിപ്പിക്കുന്നതാണ്.

മലയാളഭാഷയുടെ ഉൽഭവത്തെക്കുറിച്ചു അനേകം പ്രമാണങ്ങൾ നിലവിലുണ്ട്. ഏതൊരു സംസ്കാരത്തിന്റെ ഉറവിടവും അതിന്റെ നീർചാലുകളുടെ ഗതിയും മിക്കപ്പോഴും ഭാഷയുടെ ഉൽഭവത്തിനു വെളിച്ചം പകരാറുണ്ട്. ആ വീക്ഷണപ്പാളിയിലൂടെ കണക്കാക്കിയാൽ, ആര്യവംശജരുടെ സമ്മർദ്ദത്താൽ തെക്കൻ ഭാരതത്തിലേക്ക് കുടിയേറിപ്പാർത്ത ദ്രാവിഡവംശജരുടെ ഭാഷയുടെ തുടക്കമായിരുന്നു മലയാളഭാഷ എന്നൊരു സിദ്ധാന്തം. തമിഴിന്റെ ചുവയും, സംസ്കൃതത്തിന്റെ ഗന്ധവുമുള്ളതു കൊണ്ട് മലയാളഭാഷയുടെ ഉൽഭവം ഇപ്പറഞ്ഞതിൽ നിന്നാണെന്ന് മറ്റൊരു കൂട്ടർ. പൂർണ്ണമായി  അസ്ഥാനമായി കാണാതെ വയ്യ. കടപ്പാടുകൾ ഒരംശം വരെ ഉണ്ടാവാം, അതിലപ്പുറം വെറും ഊഹം മാത്രം. മലയാളാഭാഷയിൽ എത്രയെത്ര ഇംഗ്ലീഷ് പദങ്ങൾ ഉണ്ട്. അതുകൊണ്ട്, മലയാളഭാഷയുടെ ഉൽഭവം ഇംഗ്ലീഷിൽ നിന്നുമാണു എന്ന് വാദിക്കുവാൻ സാദ്ധിക്കുമോ? മിശ്രഭാഷാജന്യവാദങ്ങൾ നിലവിലുണ്ടെങ്കിലും തൽക്കാലം നമുക്കു മലയാളഭാഷയെ അയൽഭാഷാകടപ്പാടിന്റെ ചാഞ്ചാട്ടമുള്ള ഒറ്റമൂലജന്യയായി കണക്കാക്കാം.

ഉൽഭവകാലത്തെ മലയാളഭാഷയെ ആധുനിക മലയാളാഭാഷയുമായി താരതമ്യപ്പെടുത്തിയാൽ ഭാഷയ്ക്കുണ്ടായ ആഴവും, സാന്ദ്രതയും അൽഭുതകരം തന്നെ. ഭാഷയ്ക്കുണ്ടായ ഭാവവ്യത്യാസങ്ങളുടെ തുടക്കം എഴുത്തച്ഛനിൽ കുറിക്കപ്പെട്ടിരിക്കുന്നു. അതു കൊണ്ട് തന്നെ എഴുത്തച്ഛനെ “മലയാളാഭാഷയുടെ പിതാവായി“ കണക്കാക്കപ്പെടുന്നു.

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമയണ പരിവർത്തനങ്ങളും, കിളിപ്പാട്ടുകളും ഇതിന്റെ അടിസ്ഥാനഘടകങ്ങൾ തന്നെ. എഴുത്തച്ഛൻ കാവ്യഭാഷയ്ക്ക് തുടക്കമിട്ടെങ്കിൽ, ശ്ലോകവും പദ്യവും ജനിച്ചത് കുഞ്ചൻ നമ്പ്യാരിൽ നിന്നുമത്രെ. “ജനങ്ങളുടെ കവി”യായി ആദ്യമായി അറിയപ്പെട്ടതും കുഞ്ചൻ നമ്പ്യാർ തന്നെ. അതിനു പുറകെ ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഉടലെടുത്തു.

മലയാളാഭാഷയുടെ മറ്റൊരു പ്രധാന വഴിത്തിരുവുകളായിരുന്നു മണിപ്രവാള പ്രസ്ഥാനവും, വെണ്മണി പ്രസ്ഥാനവും. കൃഷ്ണഗാഥ തന്നെ ആദ്യത്തെ മണിപ്രവാളഭാഷയുടെ ഒരു ഉദാഹരണമായി കണക്കാക്കാം. ഒരു  മിശ്രിതം എന്നു പറയാം. “മണിപ്രവാളം” എന്ന പദത്തിൽ തന്നെ ഇത് സ്പഷ്ടമാണ്. “മണി” എന്നത് മലയാളപദമായ “മാണിക്യ”ത്തേയും, “പ്രവാളം” എന്നത് സംസ്കൃതത്തിലെ “പവിഴം” എന്ന പദത്തേയും പ്രതിനിദ്ധാനം ചെയ്യുന്നു. സ്ത്രീ വർണ്ണനകളായിരുന്നു അടിസ്ഥാനം. ഉണ്ണിനീലിസന്ദേശം മറ്റൊരു മണിപ്രവാള സന്ദേശകാവ്യമാണ്. കൂത്ത്, കൂടിയാട്ടം ഇതൊക്കെ മണിപ്രവാള പ്രസ്ഥാനത്തിന്റെ സംഭാവനകളാണ്.

മണിപ്രവാളപ്രസ്ഥാനത്തിനു ശേഷം മലയാളത്തിനെ ഏറ്റവുമധികം സ്വാധീനിച്ച കാലയളവാണ് വെണ്മണിപ്രസ്ഥാനം. 1850-ൽ തുടങ്ങി എന്നു കരുതപ്പെടുന്നു. ഭാഷയുടെ രൂപഭാവത്തിൽ വ്യക്തമായ മാറ്റമുണ്ടാക്കിയ ഒരു നവോദ്ധാന പ്രസ്ഥാനമായിട്ടിതിനെ കണക്കാക്കുന്നു. കൊടുങ്ങല്ലൂർ വെണ്മണി മഠത്തിലെ അച്ഛനും മകനും കൂടി തുടങ്ങി വെച്ച പ്രസ്ഥാനം. “കൊടുങ്ങല്ലൂർ കളരി” എന്നും ഈ പ്രസ്ഥാനത്തിന് പേരുണ്ട്. വെണ്മണി മഹൻ, കുഞ്ഞിക്കുട്ടൻ തമ്പുരാൻ, നടുവത്തച്ഛൻ എന്നിവരുടെ കൂട്ടായ്മ മറക്കാവതല്ല.

വെണ്മണി പ്രസ്ഥാനത്തിന്റെ പിന്നോടിയായി ശോഭിച്ചത് പച്ചമലയാള പ്രസ്ഥാനമാണ്. പുരാണകഥകളുമായി ബന്ധമില്ല ഇതിന്. നിത്യജീവിതത്തിലെ സംഭവങ്ങൾ, സമകാലിക ജീവിതത്തിന്റെ ഒരു പകർപ്പ്. അതായിരുന്നു പച്ചമലയാള പ്രസ്ഥാനം.”

ഇത്രയും പറഞ്ഞു കഴിഞ്ഞു, അയാളൊന്നു നിർത്തി. ഒരല്പം വെള്ളം കുടിക്കാൻ വേണ്ടി മേശയിൽ ഇരിക്കുന്ന ക്ലാസെടുക്കാൻ കൈ നീട്ടി. ആ സമയം സമതിയിലെ ഒരു വാനരമാന്യൻ പുറകിൽ കൂടി വന്നു ചെവിയിൽ അയാളോട് പറഞ്ഞു, “ഭക്ഷണം ആറിത്തുടങ്ങിയിരിക്കുന്നു, ആളുകൾക്ക് വിശപ്പും. ഇനി പിന്നൊരു ദിവസം പോരേ ബാക്കി പുരാണം?”

ആയാൾക്ക് മനസ്സിലായി. താൻ അവരെ ബോറടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി തുടരണമെങ്കിൽ “മാങ്ലീഷ്: വേണം. അയാളുടെ കൈവശം അതില്ലതാനും. അതുകൊണ്ട്, വളരെ ചുരുക്കി ഇത്രയും പറഞ്ഞു.

“ഇനി അധികം നിങ്ങളെ വിരസരാക്കുന്നില്ല.  രണ്ടു വാചകത്തിൽ ഞാൻ അവസാനിപ്പിക്കാം. പച്ചമലയാള പ്രസ്ഥാനത്തിന്റെ പിൻഗാമിയായി നാടോടി സാഹിത്യം, വാമൊഴി, വരമൊഴി, തെക്കൻ പാട്ട്, വടക്കൻ പാട്ട്, മാപ്പിളപ്പാട്ട്, ശാസനഭാഷ പിന്നെ മിഷിനറിമാരുടെ മറക്കാനാവാത്ത സംബോധനകൾ ഇതൊക്കെയാണ് മലയാളഭാഷയെ ശുദ്ധീകരിച്ചെടുത്തതും, ഭാഷയുടെ ആഴവും, ഉയരവും കൂട്ടിയതും. ഈ അവസരത്തിൽ, ഞാൻ ആശാനേയും, ഉള്ളൂരിനേയും, വള്ളത്തോളിനേയും, വൈലോപ്പള്ളിയേയും, അക്കിത്തത്തിനേയും, എം.ടി വാസുദേവൻ നായരേയും. ഒ. വി വിജയനേയും, തോപ്പിൽ ഭാസിയേയും പ്രത്യേകം. ഓർമ്മിക്കുന്നു. ഇവർ മാത്രമല്ല. അനേകരുണ്ട് മലയാളഭഷയുടെ വളർച്ചയുടെ പിന്നിൽ. അതിനിയൊരിക്കൽ”.

അയാൾ പ്രസംഗം അവിടെ അവസാനിപ്പിച്ചു. അരങ്ങിൽ നിന്നിറങ്ങി.

ഭക്ഷണശാലയിലേക്ക് പോകുമ്പോൾ മുൻപ് അവസാന നിരയിൽ നിന്നും അഭിപ്രായപ്രകടനം നടത്തിയ കുമാരൻ വീണ്ടും! മുന്നോട്ട് നടക്കുന്നതിനിടയിൽ തല തിരിച്ചു ഒരു ചോദ്യം,

“സാറേ, പ്രസംഗം പൊളിച്ചടക്കി! സാറ് അവസാനം പറഞ്ഞവരൊക്കെ സാറിന്റെ കൂട്ടുകാരാ…? അടുത്ത വട്ടം വരുമ്പോൾ അവരെ കൂടി കൊണ്ടു വരണേ!”

അയാൾ വീണ്ടും തന്റെ മനസ്സിനോട് തന്നെ തന്റെ ആവലാതി പറഞ്ഞു, “കഷ്ടം.ഞാനെന്തു മറുപടി പറയാൻ ഈ പൈതലിനോട്. അവനുണ്ടോ ഞാൻ പറഞ്ഞാൽ മനസ്സിലാവുന്നു? അതു കൊണ്ട് അവനുള്ള മറുപടി നീ തന്നെ ഉള്ളിൽ സൂക്ഷിച്ചു വെച്ചു കൊള്ളുക. അയാൾ മനസ്സിൽ ചൊല്ലി അയാൾക്ക് അപ്പോൾ തോന്നിയ വരികൾ.

“ഉണ്ണിവളരാൻ വേണം മാതൃഭാഷ

ഉണ്ണിയറിവു വളരാനും മാതൃഭാഷ

ഞാനെന്നും വണങ്ങുമെൻ മാതൃഭാഷ

നേരേറി നെറികേട് മാറ്റുവാനായ്”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഇരുണ്ടഭൂഖണ്ഡത്തിന്റെ മാറില്‍ വലതുകാല്‍ വച്ച് – ഇരുപത്തിനാല്
Next articleവെയിൽത്തുള്ളികളും മഴച്ചൂടും -സ്നേഹദിനത്തിനായി…..
ജന്മനാല്‍ കപിലനൊരു ബ്രാഹ്മണന്‍. എന്നാല്‍ ഇന്നോ? ജീവിതത്തിന്‍റെ വഴിത്തിരുവുകളില്‍ അണിയിക്കപ്പെട്ട വിഭിന്ന മതാനുഷ്ഠാനങ്ങള്ക്ക് പാത്രീഭൂതനായി ജനിച്ച മണ്ണിന്റെ ഗന്ധം വെടിഞ്ഞു ഒരു പ്രവാസിയായി മാറിയ വെറുമൊരു മനുഷ്യജന്മം! ഈ ഇതളുകളിലെ സ്പന്ദനങ്ങള്‍ മാത്രം നികുഞ്ചത്തില്‍ ബാക്കി! ഒന്നുമാത്രം തോൾസഞ്ചിയിൽ നഷ്ടപ്പെടാതെ ഇത്രയും നാൾ കൊണ്ടു നടന്നു. എന്റെതെന്നു പറയാൻ എനിക്കിന്നും അവകാശപ്പെടുന്ന മഴിതീരാത്ത എന്റെ മഷിക്കുപ്പിയും, മഴിത്തണ്ടും പിന്നെ കുറേ എഴുത്തോലകളും. അക്ഷരാഭ്യാസം ശുദ്ധമായി തന്നെ അഭ്യസിപ്പിച്ച ആചാര്യന്മാരെ മനസ്സിൽ ധ്യാനിച്ച് വരദാനമായി കിട്ടിയ മഷിത്തണ്ടിൽ ബാക്കിയുള്ള മഷിത്തുള്ളികൾ ചാലിക്കുമ്പോൾ ഉതിരുന്ന അക്ഷരചിന്തകൾ ഇതാ എന്റെ എഴുത്തോലകളുടെ ഇതളുകളായി ഇവിടെ, മനസ്സിൽ കണ്ടത് മറക്കാതിരിക്കുവാൻ വേണ്ടി മാത്രം......

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here